Image

പുൽക്കൂട് (കവിത: വേണുനമ്പ്യാർ)

Published on 23 December, 2024
പുൽക്കൂട് (കവിത: വേണുനമ്പ്യാർ)

മൃതി തൻ പ്രശാന്തമാം താഴ്‌വരയിൽ
വിരിക്കുന്നു പച്ചപ്പട്ട് പ്രകൃതി
പുല്ലിലൊന്നുമില്ലെന്നു പാർത്തവർക്കും
അസ്ഥിമാടത്തറയിലതുതന്നെ മെത്ത!

പുല്ലിനു നിറം പച്ചയെന്നച്ഛൻ
പണ്ടോതിത്തന്നേ,നതിനാൽ
പച്ചയായ് വെറും പച്ചയായ്
കാണ്മൂ ഞാൻ 
പാതയോരത്തെ കറുകയെ.

വല്ലഭന്മാർക്ക്
പുല്ലുമൊരായുധമത്രെ!
യാദവവംശത്തെ മുച്ചൂടും മുടിച്ച 
ദ്വാപരയുഗത്തിലെയേരകപ്പുല്ലിന്റെ കഥയും ഓർക്കട്ടെയിന്നു ഞാൻ
പുല്ലോളം അവിശ്വാസം മതിയല്ലോ
നിറഞ്ഞ പുരിയെ കത്തിച്ചു
വെണ്ണീറാക്കീടുവാൻ.


പിരിഞ്ഞ രാവിൻ
തുടുമിഴിനീർത്തുള്ളി പോലൊരു
മഞ്ഞുകണം പേറി, യതിൽ
കിളിന്ത് പുൽക്കൊടി
അർച്ചിച്ചു വാങ്ങുന്നു
അർക്കന്റെ മായിക-വൈഡൂര്യച്ചിരി!


പച്ചപ്പുല്ല് തിന്നു കൊഴുത്തതാം,
ഏട്ടിലെ പശുവിന്റെയകിട്
ചുരത്തിയാൽ കിട്ടും
നല്ല വെളുത്ത പാൽ
പച്ചയെ വെളുപ്പിക്കും
രസതന്ത്രരഹസ്യം 
കറവക്കാരനറിയില്ല
പതഞ്ഞു തൂവാതെ നോക്കി
പാൽ തിളപ്പിച്ചാറ്റും
അമ്മയ്ക്കുമതറിയേണ്ട

കാച്ചിയ പാൽ കുടിച്ചുറങ്ങി
യാമങ്ങൾ നീങ്ങവെ
രാസ്വപ്നത്തിലൊരു 
മഞ്ഞപ്പശുവിനെ മേയ്ച്ചിടും 
നീലക്കണ്ണനെയപൂർണ്ണമായ് ക്കാണുമീ സ്വപ്നദർശിക്കുമറിയില്ലതിൻ പൊരുൾ.

പച്ചപ്പുല്ലിൽ മേയും
തുള്ളനും നിറം പച്ച
പച്ചയായതു കൊണ്ട് പച്ചയൊ
കേട്ടറിവിന്റെ പച്ചയൊ
പ്രാണനെ കാത്തുരക്ഷിപ്പാനുള്ളതാം
കവചപ്പുറംപച്ചയൊ?


ചുഴലിയിൽ കടപുഴകി
മാമരം നിലം പൊത്തവെ
തലയുയർത്തിപ്പിടിക്കുന്നു
കിളിന്ത് പുൽക്കൊടികൾ
ചെറുപോറൽ പോലുമേൽക്കാതെ!

പെരുത്ത ധാർഷ്ട്യത്താൽ 
വലുത് തകർന്നടിയുമ്പോഴും 
ലോകരാൽ തൃണവൽ-
ഗണിക്കപ്പെട്ടൊരു ചെറുതൃണം
സഹജമായുല്ലസിച്ചല്ലോ
കാഴ്ചവെക്കുന്നു 
നിത്യചൈതന്യത്തിൻ 
ഹരിതലഘുമുദ്രകൾ!

2

ഉണ്ണിയേശുവിൻ നറുംപാൽപ്പുഞ്ചിരിയലകൾ
ഏറ്റുവാങ്ങീടവെ
വീണ്ടും തളിർത്തു പോൽ
പുൽക്കൂട്ടിലെ ഉണങ്ങിയ
പുൽക്കൊടി;
അറിവിനുമപ്പുറത്തെ
ചമത്ക്കാരത്തെ
സ്വാംശീകരിച്ചവൻ
ജഡങ്ങളിലും പരത്തുമത്രെ
നവചൈതന്യത്തിൻ ചമത്ക്കാരം!
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക