Image

ചോര ഒഴുകിയ ഞായര്‍ (ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്റെ നാള്‍വഴികള്‍ ( നോവല്‍ അവസാന ഭാഗം - സാംസി കൊടുമണ്‍)

Published on 23 December, 2024
ചോര ഒഴുകിയ ഞായര്‍ (ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്റെ നാള്‍വഴികള്‍ ( നോവല്‍ അവസാന  ഭാഗം - സാംസി കൊടുമണ്‍)

ജോണ്‍ ലൂയിസിനെക്കുറിച്ച് ഇത്ര വിശദമായി പറയാന്‍ എന്തേ കാരണം.? ആന്‍ഡ്രു സ്വയം ചോദിച്ചു. ഒരു പക്ഷേ സമകാലീന രാഷ്ട്രിയവും, താന്‍ വളര്‍ന്നകാലത്തെ മുഖമ്മൂടിയിട്ട അമേരിക്കയെ തിരിച്ചറിയലുംഅതിലുണ്ടെന്ന ചിന്തയായിരിക്കാം. അതിലൊക്കെ ഉപരിയായി ഗാന്ധിജിയെ തിരിച്ചറിഞ്ഞ ഒരാള്‍...ഒരു പക്ഷേ നോണ്‍വയലന്‍സാണ് ലോകത്തിലെ ഏറ്റവും വലിയ ആയുധം, ഏതു ശത്രുവിനേയും തോല്‍പിക്കാന്‍ പറ്റിയ ആയുധം എന്നു തിരിച്ചറിഞ്ഞവന്റെ കഥ ഉള്ളില്‍ തിളയ്ക്കുന്നു എന്നു പറയുന്നതാകാം ശരി.എന്തുകൊണ്ട് ജോണ്‍ ലൂയിസിനു ശേഷമുള്ള തലമുറ ഗാന്ധിസം പഠിച്ചില്ല... ആയുധ ലോബിയുടെ പിടിയിലായ അമേരിക്ക ഇന്നും മോചനമില്ലാതെ ഭയത്തിന്റെ നിഴലില്‍ ആണ്. ആന്‍ഡ്രു ജോണ്‍ ലൂയിസിലേക്ക് മടങ്ങി.

മിസ്സസിപ്പി ജയിലില്‍ നിന്നും മോചിക്കപ്പെട്ടെങ്കിലും, നൂറുകണക്കിന്- അതില്‍ പകുതിയിലേറയും സ്ത്രികള്‍ - ആളുകള്‍ ജാക്‌സണ്‍ ജെയിലില്‍ അടയ്ക്കപ്പെട്ടിരുന്നു. തങ്ങള്‍ തുടങ്ങിവെച്ച സമരത്തിനു പിന്തുണയുമായി ഞങ്ങളൊടൊപ്പം ജയില്‍ എന്ന മുദ്രാവാക്യവുമായി വന്നവരായിരുന്നവര്‍.പലരും തികച്ചും നോണ്‍വയലന്‍സ് പരിശീലിച്ചവര്‍ ആയിരുന്നില്ല. അതിന്നല്‍ ചില്ലറ കുഴപ്പങ്ങള്‍ അവരില്‍നിന്നും ഉണ്ടാകുമ്പോള്‍, സമരക്കാരെ അടിച്ചൊതുക്കാന്‍ അധികാരികള്‍ അവരെ ആയുധമാക്കുന്നുണ്ടായിരുന്നു. വയലന്‍സിനെ വയലന്‍സുകൊണ്ടു നേരിടണം എന്നു വാദിക്കുന്നവരും ഒപ്പം കൂടാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ആള്‍ക്കൂട്ടത്തെ തിരിച്ചറിയാന്‍ കഴിയുകയില്ലല്ലോ..? സ്വാര്‍ത്ഥത മനുഷ്യ സഹജമെങ്കിലും ഒരു പ്രസ്ഥാനത്തെ നയിക്കുന്നവര്‍ക്ക് അതുണ്ടാകാന്‍ പാടില്ല. ഫോര്‍മാനേയും മൊത്തമായി വിശ്വസിക്കാന്‍ കഴിയുമോ എന്ന ചിന്ത ഉള്ളില്‍ ഉടക്കുന്നു. സുതാര്യതയില്ലെങ്കില്‍ അവര്‍ ഒളിച്ചുകളിക്കാരാകും. ഈ പ്രസ്ഥാനത്തെ പരാജയപ്പെടുത്താന്‍ ആരൊക്കയോ പരിശ്രമിക്കുന്നുണ്ടെന്നൊരു തോന്നല്‍. സത്യഗ്രം... അതില്‍ സത്യമുണ്ട്... അതുകൊണ്ടതു വിജയിക്കും. ജോണ്‍ ഉറച്ചു. വൈറ്റ് ഹൗസില്‍ കെന്നഡിമാര്‍ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. അവര്‍ക്ക് സമരങ്ങളെ പരസ്യമായി പിന്തുണയ്ക്കാന്‍ പറ്റില്ല. സൗത്തിലെ വോട്ടുകള്‍ അവര്‍ക്കാവശ്യമായിരുന്നു. അവര്‍ നിര്‍ദ്ദേശിച്ചത്; സമരങ്ങള്‍ നിര്‍ത്തി വോട്ട് രജിസ്റ്ററില്‍ കറുത്തവരെ ചേര്‍ക്കാനാണ്. ഡോ. കിംഗ് അതിനോട് പൂര്‍ണ്ണ പിന്തുണയുള്ളവനായിരുന്നു. പക്ഷേ ഈ സമരത്തിന്റെ ആത്മാവിനെ കൊല്ലാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. തുടങ്ങിവെച്ച സമരം അവസാനിക്കുന്നില്ല.

ബോബി കെന്നഡി നഷണല്‍ വോട്ടിങ്ങ് രജിസ്റ്ററേഷന്‍ എന്ന വിപുലമായ രാഷ്ട്രിയ നീക്കത്തിന്റെ ഒളിപ്പോരാളിയെപ്പോലെ പലവിധ ഗവണ്മെന്റു ഫണ്ടുകള്‍ അതിലേക്കായി വകതിരിച്ചു. കറുത്തവരുടെ വോട്ട് ആയിരിക്കും ലക്ഷ്യം. ഡയാനുള്‍പ്പെടെ ഗ്രൂപ്പില്‍ പെട്ട പലരും ഞങ്ങളുടെ സമരത്തെ വഴിതിരിച്ചുവിടാനുള്ള ഗവണ്മെന്റു തന്ത്രമായിട്ടാണതിനെ കണ്ടത്. പക്ഷേ ഇപ്പോഴത്തെ സമരപരിപാടികളില്‍ നിന്നും ഒളിച്ചോടാതെ വോട്ടര്‍ രെജിസ്റ്റ്രേഷനും ഒന്നുച്ചു കൊണ്ടുപോകേണ്ടിയിരിക്കുന്നു. അതായിരുന്നു എല്ലാവരും യോജിച്ചെടുത്തതീരുമാനം. ബെര്‍നാഡ് പറഞ്ഞതു ശരിയായിരുന്നു. 'ഒരു പക്ഷിക്ക് പറക്കാന്‍ രണ്ടുചിറകുകളും വേണം.' വോട്ടിങ്ങും ഒപ്പം കര്‍മ്മ പരിപാടിയെന്നും പെട്ടെന്നാണു തിരിച്ചറിഞ്ഞത്. വോട്ടിങ്ങ് രെജിസ്റ്റ്രേഷന്‍ അത്ര എഴുപ്പമായിരുന്നില്ല. കറുത്തവന്റെ വോട്ടിങ്ങ് അവകാശത്തെ എന്തു വിലകൊടുത്തും തടയുന്ന നിയമനിര്‍മ്മാണങ്ങള്‍വെളുത്തവന്‍ ചെയ്തുകൊണ്ടിരുന്നു. പോള്‍ ടാക്‌സ് എന്ന ഏര്‍പ്പാടിനൊപ്പം എഴുത്തും വായനയും അറിഞ്ഞിരിക്കണമെന്ന നിബന്ധന കറുത്തവനെ പോളിങ്ങ് ബൂത്തില്‍ നിന്നും അകറ്റി. (ഇങ്ങനെ ഒരു നിയമം രാജഭരണകാലത്ത് കേരളത്തില്‍ നിലനിന്നിരുന്നതായി എവിടെയോ വായിച്ച ഓര്‍മ്മ ആന്‍ഡ്രുവിലേക്കിറങ്ങി. അതു കീഴാളന്റെ അവകാശങ്ങള്‍ക്കു നേരെയുള്ള വാളായിരുന്നു.) 1958 ല്‍ ലൂസിയാനയില്‍ വോട്ട് ചെയ്യാന്‍ ശ്രമിച്ച കര്‍ഷകനായ ഹെന്ററിയെ മാരകമായി പരുക്കേല്പിപ്പിച്ചതിന്റെ ഫലമായി ജീവിതകാലം തളര്‍ന്നു കിടക്കേണ്ടിവന്നത് ചര്‍ച്ചയായി. വോട്ടിങ്ങ് രെജിസ്റ്റ്രേഷന്‍ ഒരു ആക്ഷന്‍ പദ്ധതിയായി മുന്നില്‍ തെളിഞ്ഞു. അറ്റ്‌ലാന്റയില്‍ രണ്ടു ലക്ഷം വാളന്റിയേഴ്‌സിനെ അണിനിരത്തി വോട്ടിങ്ങ് രെജിസ്റ്റ്രേഷനുള്ള പ്രസ്ഥാനം സതേണ്‍ റീജിനല്‍ കൗണ്‍സില്‍ എന്നപേരില്‍ തുടങ്ങിവെച്ചു. മറ്റു പല ഗ്രൂപ്പുകളേയും കോര്‍ത്തിണിക്കിയായിരുന്നു പ്രവര്‍ത്തനം.

ജോണ്‍ ലൂസിന്റെ ജീവിത കഥ പറയുന്നതിലും നല്ലത് അമേരിയ്ക്കയുടെ അറുപതുകളുടെ ചരിത്രം പറയുന്നതാണ്. അതില്‍ ജോണ്‍ ലൂയീസുണ്ട്.മറ്റനേകം സിവില്‍ റൈറ്റ് മുന്നണിപ്പോരാളികളുണ്ട്. അവരുടെ ഒക്കെ പോരാട്ട വീര്യങ്ങളുടെ കഥകള്‍ ഉണ്ട്. നാഷ്‌വില്ലിലെ സ്റ്റുഡന്റ് മൂവ്‌മെന്റിന്റെ വീറും വാശിയും ക്രമേണ ചോര്‍ന്നു. ഡയാനും ബ്രീവറും വിവാഹിതാരായി മിസ്സസിപ്പിയിലെ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിച്ചപ്പോള്‍ ലൂയിസ് തന്റെ മാസ്റ്റര്‍ ഡിഗ്രിക്കായി ഫിസ്‌ക്ക് യൂണിവേഴ്‌സിറ്റിയില്‍ ഫിലോസഫി സ്റ്റൂഡന്റായി ചേര്‍ന്നെങ്കിലും തന്റെ പൊതുപ്രവര്‍ത്തനത്തില്‍ ഒട്ടും കുറവുവരുത്തിയിരുന്നില്ല. വോട്ടേഴ് റെജിസ്റ്റ്രേഷന്‍ ആയിരുന്നു അന്നത്തെ മുഖ്യ പ്രവര്‍ത്തന മേഘല. മിസ്സിസിപ്പിയിലെ ഒരു സ്റ്റേറ്റ് ലെജിസ്ലേറ്റര്‍, ഒരു കൃഷിക്കാരനായ കറുത്തവന്‍ മറ്റുള്ളവരെ വോട്ടിങ്ങ് റെജിസ്റ്റ്രേഷനു സഹായിച്ചു എന്നപേരില്‍ തലയ്ക്കു വെടിവെച്ചു കൊന്ന്, കള്ളസാക്ഷികളെ നിരത്തി കേസില്‍ നിന്നും രക്ഷപെട്ടെങ്കിലും അതൊരു സമരമായി മറ്റുള്ളവര്‍ ഏറ്റെടുത്ത് ജയിലുകള്‍ നിറയ്ക്കാന്‍ തുടങ്ങി. ആല്‍ബനിയിലും വോട്ടവകാശത്തിനു സമരം മുറുകി. അവിടേയും ആയിരക്കണക്കിനാളുകളെ ജയിലില്‍ അടയ്ക്കുകയും ക്രുരമായ മര്‍ദ്ദനത്തിനു വിധേയമാക്കുകയും ചെയ്തുകൊണ്ടിരുന്നു. ഒരു ഗര്‍ഭിണിയുടെ ഗര്‍ഭം കലങ്ങിപ്പോകത്തക്കപോലെ പോലിസ്സ് തല്ലി. മറ്റൊരുവനെ തൂക്കിക്കൊന്നു.സമരം മറ്റൊരു തലത്തിലേക്ക് രൂപപ്പെടുകയായിരുന്നു.

ഡോ. കിംഗ് ആ സമരത്തിനു ആല്‍ബനിയില്‍ എത്തിയപ്പൊഴെ അറസ്റ്റു ചെയ്തു. പിന്നീട് അധികാരികള്‍ എഴുതിയ ഒത്തുതീര്‍പ്പു കരാര്‍ പ്രകാരം ജയില്‍ മോചിതാനയ കിംഗിനെ സ്വീകരിക്കാന്‍ എസ്സ്. എന്‍. സി. സി. നേതാക്കള്‍ മടിച്ചു. കാരണം ആ കരാറില്‍ മതിയായ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പലരിലേയും അഭിപ്രായ ഭിന്നതയാല്‍ സമരം തനിയെ എഴുനേറ്റു നടക്കാന്‍ വയ്യാതെ മുടന്തി. പലയിടങ്ങളിലും അങ്ങനെ സംഭവിക്കുന്നു. പരസ്പരം വിശ്വസിക്കാത്തവര്‍ പുതിയ പുതിയ സിവില്‍ റൈയിറ്റ് മൂവ്‌മെന്റ്കള്‍ സംഘടിച്ചു. ഏകീകൃത സമരസമതി ഇല്ലാതയെങ്കിലും, ഡോ. കിംഗിനെ പൊതുവെ അംഗീകരിച്ചവര്‍ ഏറെയുണ്ടായിരുന്നു. മിസ്സസ്സിപ്പിയിലെ പ്രവര്‍ത്തനം ഏറെ ഊര്‍ജ്ജം പകരുന്നതായിരുന്നു. സ്ത്രീകള്‍ ആ പ്രസ്ഥാനത്തിന്റെ പ്രധാന പോരാളികള്‍ ആയിരുന്നു എന്നതാണതിനു കാരണം. ഫെന്നി ലൂവിനെക്കുറിച്ച് ജോണ്‍ ലൂസ് ഓര്‍ത്തത് ചെറിയവരായവരുടെ വലിയ പ്രവത്തനങ്ങളെ അടയാളപ്പെടുത്താനയിരിക്കും. മിസ്സപ്പിയിലെ ഒരു ഷെയര്‍കോര്‍പ്പ് ഫാര്‍മറായിരുന്ന നാല്പത്തിനാലുവയസുകാരി എങ്ങനെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ളമുന്നണിപ്പോരാളിയായി. കേവലം നിമിത്തങ്ങല്‍ ആയിരിക്കാം. 20 മക്കളുള്ള ഒരു കുടുംബത്തിലെ പെണ്‍കുട്ടിക്ക് കഠിനവേലചെയ്ത് ജീവിക്കണം എന്നതൊഴിച്ച് മറ്റൊന്നും അറിയില്ലായിരുന്നു. മിസ്സസ്സിപ്പിയില്‍ കറുത്തവര്‍ക്ക് വോട്ടവകാശം ഉണ്ടന്നോ അതെന്തെന്നോ അറിയാതിരുന്ന ഫെന്നി ഒരു ദിവസം യാതൃശ്ചികമായിട്ടാണ് എസ്. എന്‍. സി. സി. മീറ്റിംഗില്‍ ചെന്നതും ബീവലിന്റെ പ്രസംഗം കേട്ടതും. ഉള്ളില്‍ വെളിച്ചം കടന്നവള്‍ പിന്നെ അടങ്ങിയിരുന്നില്ല. താന്‍ താമസിക്കുന്ന ഇന്‍ഢിയാനോള കൗണ്ടി കോര്‍ട്ട് ഹൗസില്‍ വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ ചെന്നു. അതായിരുന്നു വഴിത്തിരിവ്. അവള്‍ അറസ്റ്റുചെയ്യപ്പെട്ടു. അകെയുണ്ടായിരുന്ന വരുമാനമാര്‍ഗ്ഗമായ തൊഴിലില്‍ നിന്നും പിരിച്ചുവിടപ്പെട്ടു. ജെയിലില്‍ അതിക്രുരമായി മര്‍ദിക്കപ്പെട്ടു. ജയില്‍ വിമോചിതയായവര്‍ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയും, ഊര്‍ജ്ജവുമായി. അവരെപ്പോലെ ആയിരങ്ങളിലൂടെ വളര്‍ന്ന ഒരു പ്രസ്ഥാനത്തിന് ഒരൂ നേതാവിന്റെ പേരില്‍ ഉറയ്ക്കാന്‍ കഴിയില്ലായിരുന്നു. ഒരു കേന്ദ്രനേതൃത്തത്തില്‍ ഊന്നിയായിരുന്നില്ല ഒരോ പ്രദേശത്തേയും സമരം മുന്നോട്ടു പോയത്.

മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ജോണ്‍ ലൂയിസില്‍ തന്റെ അനുയായിയെ കണ്ടിരുന്നുവോ...പ്രത്യേകമായ സ്‌നേഹവും മമതയും കാണിച്ചിരുന്നു. മറ്റുള്ളവരുടെ അഭിപ്രായ വ്യത്യാസങ്ങളെ മറന്ന് പ്രസ്ഥാനത്തിന്റെ നേതൃപദവികളിലേക്ക് അവരോധിച്ചു. . നാഷ്‌വില്ലിലെ അതേ സമരവുമുറയുമായി തെക്കന്‍ സംസ്ഥനങ്ങളില്‍ ജോണ്‍ തന്റെ ഊര്‍ജ്ജവുമായി സമരങ്ങള്‍ സംഘടിപ്പിച്ചു. ക്രൂരമായ മര്‍ദനങ്ങളെ ഭയക്കാതെ ഗാന്ധിയന്‍ നോണ്‍വയലന്‍സില്‍ ഉറച്ചുള്ള പോരാട്ടം. പലര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു.നോണ്‍വയലെന്‍സ് എല്ലാവരിലേക്കും എത്തിച്ചേരുന്നില്ല. പുതിയ സമരസേനാനികള്‍ ചോരയ്ക്കു പകരം ചോര എന്ന ആശയവുമായി ഓരം ചേരുന്നുവോ എന്ന സംശയം ഉള്ളില്‍ ഉണരാന്‍ തുടങ്ങിയിട്ട് ഏറെനനാളുകളായി. അതിനെ ഊട്ടി വളര്‍ത്താനെന്നപോലെ വെളുത്തവന്‍ അവന്റെആവനാഴിയിലെ എല്ലാ ആയുധങ്ങളും പുറത്തെടുക്കുന്നു. മിസ്സസ്സിപ്പിയിലെ ഗുഡ്മാന്‍ ടൗണില്‍ കണ്ട ഒരു അജ്ഞാത ശവം ഒരു കറുത്തവന്റേതെന്നു മാത്രം തിരിച്ചറിഞ്ഞു.എവിടെ കെന്നഡിമാര്‍…? പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയും, സഹോദരന്‍ അറ്റോണി ജനറലുമായ ബാബ് കെന്നഡിയും ഇതൊന്നും അറിയുന്നില്ലെ എന്ന സന്ദേഹം ടെലഗ്രാമായി അദ്ദേഹത്തിന്റെ ഓഫീസിലേക്ക് പോയി. എന്നിട്ടും കറുത്തവംശജന്റെനേരെയുള്ള ആക്രമണങ്ങള്‍ തുടര്‍ന്നു. ഇല്ലിനോയിസിലെ കെയിറോ സിറ്റിയിലെ സ്വിമ്മിങ്ങ് പൂളിലെ അയിത്തം അവസാനിപ്പിക്കാനായി സംഘടിപ്പിച്ച സമരത്തിനുനേരെ വന്ന പിക്കപ്പ് ട്രക്ക് ഓടിച്ചരുന്ന വെള്ളക്കാന്‍ നിര്‍ത്താന്‍ ഭാവമില്ലെന്നു കണ്ടിട്ടും വഴിമാറാതിരുന്ന സമരക്കാരിയായ സ്റ്റുഡന്റിനെ ഇടിച്ചുവീഴ്ത്തി എല്ലാവരേയും നോക്കിച്ചിരിച്ചു പോയവന്റെ മനസ്സില്‍ എന്തായിരുന്നു. ആദ്യമായി മിസ്സസ്സിപ്പി യൂണീവേഴ്സ്റ്റിയില്‍ ചേര്‍ന്ന കറുത്തവനുനേരെ രണ്ടായിരത്തഞ്ഞൂറോളം വരുന്ന വെളുത്തവര്‍ നടത്തിയ അതിക്രമങ്ങളില്‍ പരുക്കേറ്റ മാര്‍ഷല്‍മാര്‍ എത്ര. ഒരു പത്രക്കാരനും, ഒരു തൊഴിലാളിയും മരിച്ചതൊന്നും ആരും അറിഞ്ഞിട്ടില്ലെ. ഇവിടെ അവകാശങ്ങള്‍ വെറുതെ കിട്ടിയതല്ല...പോരാടി പൊരുതി, ജീവന്‍ കൊടുത്തും നേടിയതാണ്. പക്ഷേ ഇന്നും പുതിയ നിയമങ്ങളാന്‍ അവന്റെ അകാശങ്ങളെ ചുരുക്കാന്‍ ശ്രമിക്കുന്ന കരിനിയമങ്ങളെ ചെറുക്കേണ്ടിയിരിക്കുന്നു.

ആന്‍ഡ്രുവിന്റെ മനസ്സില്‍ അങ്ങനെ തോന്നി. റീനയും അങ്ങനെതന്നെയാണു പറഞ്ഞത്. അന്നത്തെപ്പോലെ ഇന്നും കറുത്തവന്റെ ഇടയില്‍ ഒരുമയില്ല. അവര്‍ പഴയ പ്ലാന്റേഷനുകളില്‍ എന്ന പോലെ ഒറ്റപ്പെട്ടവരാണ്. ഒരു നേതാവിന്റെ കീഴില്‍ ഒരുമപ്പെടാന്‍ അവര്‍ക്കറിയില്ല. അതവരുടെ സ്വഭാവത്തിന്റെ അടിവേരാണ്. ജോണ്‍ ലൂയിസ് അതു തിരിച്ചറിഞ്ഞിരുന്നു. എസ്. എന്‍. സി. സി. യില്‍ ഒരു ശീതസമരം രൂപപ്പെടുകയായിരുന്നു. ഈ സംഘടനയില്‍ ധാരാളം വെളുത്തവര്‍ ആത്മാര്‍ത്ഥമായി സഹരിക്കുകയും, സമരങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു. കറുത്തവരുടെ സംഘടനയില്‍ ഇവിരെന്തിന് എന്നാതായിരുന്നു ചോദ്യം. ഈ ചോദിക്കുന്നവര്‍ക്കറിയില്ല കറുത്തവന്റെ മോചനത്തിനായി വെളുത്തവര്‍ നള്‍കിയ സംഭാവനകള്‍. അവരില്‍ പലരും ജിവന്‍ ബലിയര്‍പ്പിച്ചത് കറുത്തവനും വെളുത്തവനും എന്ന വേര്‍തുരുവിലല്ല. അനീതിക്കെതിരെയുള്ള പോരാട്ടം എന്ന നിലയിലാണ്. ജോണ്‍ ലൂയിസ് ഇതു പറയുമ്പോള്‍ അബോളീഷ് മൂവ്‌മെന്റുകളിലെ വെളുത്തവന്റെ കൈത്താങ്ങിനെ ഓര്‍ത്തിട്ടുണ്ടാകും. അവരില്ലായിരുന്നുവെങ്കില്‍ കറുത്തവന്റെ വിമോചനം (ഇത്രയെങ്കിലും) ഒരിക്കലും സാധിക്കുമായിരുന്നില്ല. ഒരു കറുത്തവനു വെളുത്തവനെ ഉള്‍ക്കൊള്ളാന്‍ കഴിയില്ലെങ്കില്‍, വെളുത്തവന്‍ കറുത്തവനെ ഉള്‍ക്കൊള്ളണമെന്ന് നമുക്കെങ്ങനെ പറയാന്‍ കഴിയും. ആദ്യം നമ്മുടെ ഉള്ളിലെ അയിത്തം നാം ഇല്ലാതാക്കണം. അതൊരു ഗാന്ധിയന്‍ ചിന്തയായിരുന്നു ജോണ്‍ ലൂയിസ് അന്നു കൂടിയ കമ്മിറ്റിയില്‍ പറഞ്ഞത്. അതുപോലെ ഫ്രീഡം റൈഡേഴ്‌സിനൊപ്പം നിന്ന് പീഡങ്ങള്‍ ഏറ്റുവാങ്ങിയ വെളുത്തവരായ ജിം പെക്ക്, ആല്‍ ബിഗ്‌ലോ, ജിം സൊവെര്‍ഗ് എന്നിവരെ നിങ്ങള്‍ എങ്ങനെ മറക്കും. പക്ഷേ പുതിയ ആളൂകളില്‍ പല ആശയവും ലക്ഷ്യവും ഉണ്ടാകാം. കമ്മ്യുണിസ്റ്റാശയക്കാര്‍ നമ്മുടെ ഇടയില്‍ ഞുഴഞ്ഞു കയറി നമ്മളെ കമ്മ്യുണീസ്റ്റ് ലേബലൊട്ടിച്ച് കുഴപ്പക്കാരെന്നു ചിത്രീകരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നത് തിരിച്ചറിയണം അങ്ങനെയുള്ളവരെ പുറത്താക്കണം.

1963 ജോര്‍ജ്ജ് വാലസ് അലബാമ ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ടു. പാറ്റേഴ്‌സനെക്കാള്‍ കടുത്ത വര്‍ണ്ണവെറിയന്‍.ഉല്‍ഘാടപ്രസംഗത്തില്‍ തന്നെ അയാള്‍ നയം വ്യക്തമാക്കി ഫ്രീഡം റൈഡേഴ്‌സ് സമരം ചെയ്തു നേടിയ അവകാശങ്ങളത്രയും ഇല്ലാതാക്കും. ഒരു നീഗ്രോ ഇന്നലയും, ഇന്നും, നാളയും എന്നു മാത്രമല്ല എന്നന്നേക്കും വിവേചനം അനുഭവിക്കുമെന്നു ഞാന്‍ ഉറപ്പാക്കും. നീണ്ട കൈയ്യടിയില്‍ ജനം ആര്‍ത്തപ്പോള്‍ എസ്. സി.. എല്‍. സി. നേതാക്കള്‍ ഇനി എന്തേ എന്നു മൂക്കത്തു വിരല്‍വെച്ച് പരസ്പരം നോക്കി. ഇപ്പോള്‍ തന്നെ ആല്‍ബനില്‍ തുടങ്ങിയ സമരം ഏതാണ്ട് ജയില്‍ നിറയ്ക്കാന്‍ ആളില്ലാതെ പരാജയപ്പെട്ട നിലയിലായിരുന്നു. അതില്‍ നിന്നും പിടിച്ചു കയറാന്‍ ഇനി ഒരു പുതു സമരമുഖം തുറന്നെമതിയാകു. ഫ്രെഡ് ഷട്ടില്‍വര്‍ത്ത് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിനോട് ആ കൂടിയാലോചനയില്‍ പറഞ്ഞു; ,നിങ്ങള്‍ ബിര്‍ഹിംഹാമില്‍ വരുമെങ്കില്‍ ജോണ്‍ വാലസിനെതിരെ ഒരു വലിയ സംരമുഖം തുറക്കാം ഞാന്‍ അതിന്റെ ചുമതല ഏറ്റെടുക്കാം.' കിംഗ് ആല്‍ബനിയിലെ സമരത്തില്‍ നിന്നും ജനശ്രദ്ധ തിരിച്ച് വീണ്ടും അലബാമയിലേക്ക് സമരം തിരിച്ചു വിടാന്‍ കിട്ടിയ അവസരം എന്ന് ഉറച്ച് സമ്മതിക്കുകയായിരുന്നു.

ബിര്‍മിന്‍ഹാം സൗത്തിലെ ഏറ്റവും വെറുപ്പിനെ വിളമ്പുന്ന പട്ടണം എന്ന്അറിയപ്പെടുന്നു. കറുത്തവന്റെ വീടുകള്‍, കടകള്‍, ആരാധനാലയങ്ങള്‍ എന്നിവ ബോംബിട്ടു തകര്‍ക്കപ്പെടുന്നു. രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിനു ശേഷം ഇങ്ങനെയുള്ള അറുപതോളം ബോംബ് സ്‌പോടനങ്ങള്‍ നടന്നിട്ടും, ഫ്രീഡം റൈഡേഴ്‌സിനെ ഏറെ വെറുത്ത പോലീസ് കമ്മിഷണറായിരുന്ന ബുള്‍ കോര്‍ണര്‍ ഇപ്പോള്‍ സിറ്റി സേഫ്റ്റി കമ്മിഷണര്‍ ആയതിനാല്‍ പരാതികള്‍ക്ക് വിലയില്ലായിരുന്നു. ഷട്ടില്‍ വര്‍ത്തിന്റെ നേതൃത്വത്തില്‍ സമരം തുടങ്ങുകയായിരുന്നു. അറുപത്തിയഞ്ചു രാത്രികളിലെ പാട്ടും പ്രാര്‍ത്ഥനയും എല്ലാവരേയും ഉണര്‍ത്തി. രാജ്യത്തിന്റെ പലഭഗത്തുനിന്നും നേതാകള്‍ എത്തി. ഡയാനും ബീവലും വന്നതോട് നാഷ്‌വില്‍ സമര രീതിയില്‍ വീണ്ടും തെരുവുകള്‍ നിറഞ്ഞു. ഡോ. കിംഗ് അറസ്റ്റു ചെയ്യപ്പെട്ടു. വെളുത്ത അനുഭാവികള്‍ കിംഗിനെ കുറ്റപ്പെടുത്തി രാജ്യത്തിന്റെ സമാധനത്തെ തകര്‍ക്കുന്ന ഒരു സമരം ഇപ്പോള്‍ വേണ്ടിയിരുന്നില്ല. കിംഗ് അവര്‍ക്കു മറുപടിയായി ജയിലില്‍ കിട്ടിയ തുണ്ടു കടലാസില്‍ എഴുതി കത്തില്‍ പറയുന്നു;' എനിക്ക് രണ്ടു കുംബസാരങ്ങള്‍ നടത്താനുണ്ട്; കഴിഞ്ഞ കുറെ വര്‍ഷങ്ങളായി എനിക്കുചുറ്റുമുള്ള പുരോഗമനവാദികള്‍ എന്നു പറയുന്ന വെളുത്തവര്‍, സാധാരണ വെളുത്തവരേക്കാളും, ക്ലാനുകളെക്കാളും, കറുത്തവനെതിരാണ്. അവര്‍ സമാധനത്തെക്കുറിച്ചു പറയുന്നു എങ്കിലും നീതിയെക്കുറിച്ച് മിണ്ടുന്നില്ല.'

ബീവര്‍ അടുത്തുള്ള സ്‌കൂളുകളില്‍ പോയി കുട്ടികളെ സിറ്റിന്‍ സമരങ്ങളൂടെ എ .ബി .സി ഡോക്കമെന്ററി കാണിച്ച് അവരെ സംഘടിപ്പിക്കാന്‍ ശ്രമിക്കുകയും, ആയിരക്കണക്കിനു കുട്ടികളെ തെരുവില്‍ ഇറക്കുകയും ചെയ്തു എന്നത് ഒരു ചെറിയ കാര്യമല്ല. സമരക്കാര്‍ക്കുനേരെ വേട്ടപ്പട്ടികളെ അഴിച്ചുവിട്ടും, ഫയര്‍ഹോസിലൂടെ വെള്ളം ചീറ്റിയും സമരക്കാരെ ഓടിക്കാന്‍ അധികാരികള്‍ ഒട്ടും മടിച്ചില്ല. കൊച്ചു കൂട്ടികളെ കടിച്ചു കീറുന്ന പട്ടികളുടെസീനുകള്‍ ലോകം മുഴുവന്‍ പത്രങ്ങളിലൂടെ കണ്ടു. ആരുടെയെങ്കിലും മനസാക്ഷി വിങ്ങിയോ... എന്തായാലും ഒരാഴ്ചകഴിഞ്ഞപ്പോള്‍ ഉണ്ടായ ഒത്തുതീര്‍പ്പിന്‍പ്രകാരം അയിത്താചരണം അവസാനിപ്പിക്കും എന്ന് കരാര്‍ ഉണ്ടാക്കി. എന്നാല്‍ പിറ്റെദിവസം ക്ലാനുകള്‍ നടത്തിയ റാലിയില്‍ അവര്‍ പ്രഖ്യാപിച്ചു മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ അന്ത്യാഭിലാഷം ഞങ്ങള്‍ ഇവിടെ കുറിക്കും. അവര്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിനായി ബുക്കുചെയ്തിരുന്ന ഹോട്ടല്‍ ബോംബിട്ടു. പുതിയ കലാപങ്ങളുടെ ആരംഭമായിരുന്നു. . 1963 ജൂണ്‍ പതിനൊന്നിന്, അതായത് കുട്ടികളെ വേട്ടനായക്കളെ വിട്ട് ആക്രമിച്ചതിന്ഒരുമാസം കഴിഞ്ഞ് പ്രസിഡന്റെ കെന്നഡി നാഷണല്‍ ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു; നാഷണല്‍ സിവില്‍ റൈറ്റ് ആക്ട് അദ്ദേഹം കോണ്‍ഗ്രസില്‍ പാസ്സക്കാന്‍ അയക്കും എന്ന്. അതൊരു വലിയ വാര്‍ത്തയായിരുന്നു.

ആ ബില്ലവതിരിപ്പിച്ച് പ്രസിഡന്റ് കെന്നഡി പറഞ്ഞു; 'രാജ്യം അതിന്റെ വാഗ്ദാനം നിറവേറ്റാന്‍ സമയമായിരിക്കുന്നു....'എന്ത് വാഗ്ദാനം...അടിമത്വം അവസാനിപ്പിച്ച് തുല്ല്യാവകാശമുള്ള പൗരന്മാരുടെ രാജ്യം. എബ്രഹാം ലിങ്കന്‍ പ്രഖ്യാപിച്ച ഇമാന്‍സിപ്പേഷന്‍ പ്രൊക്ലമേഷന്‍ (വിടുതല്‍ വിളമ്പരം) എല്ലാ അടിമകളും സ്വതന്ത്രര്‍ ആണ് എന്ന നിയമം പ്രഖ്യാപിച്ചിട്ടും ഇനിയും അതു പ്രാബല്ല്യത്തില്‍ വന്നുവോ. അതിനെക്കുറിച്ച് നൂറുവര്‍ഷങ്ങള്‍ക്ക് ശേഷം കെന്നഡി ബോധവാന്‍ ആകുകയാണ്. അതിനുള്ള കളം ഒരുങ്ങിയത് ഇപ്പൊഴായിരിക്കും. വര്‍ദ്ധിച്ചുവരുന്നഅവകാശസമരങ്ങള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളെ ഇനിയും വെച്ചുപൊറുപ്പിക്കാന്‍ കഴിയില്ല. അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവന്റെ ഉള്ളില്‍ വളരുന്ന തീ അശാന്തിയുടേയും, അവഗണനയുടെയും തീയായി എരിയുമ്പോള്‍ ഇനിയും അതിനെ കണ്ടില്ലെന്നു നടിക്കാന്‍ പറ്റില്ല. എല്ലാവര്‍ക്കും തുല്ല്യനീതി ലഭിക്കുന്ന വിപ്ലവകരമായ ഒരു മാറ്റത്തിന് ഈ രാജ്യം വഴിയൊരുക്കണം...ഇങ്ങനെയായിരുന്നുവോ ആ ബില്ലിന്റെ ഉള്ളടക്കം.ആന്‍ഡ്രു ജോണ്‍ ലൂയിസിനെ വായിക്കുന്നതിനൊപ്പം തന്റേതായ വഴിയിലൂടെ സഞ്ചരിക്കുന്നവനെപ്പോലെ ചിന്തിച്ചു.

ജോണ്‍ ലൂയിസ് ആത്മകഥ തുടരുമ്പോള്‍ ആ ഹൃദയമിടുപ്പ് ആന്‍ഡ്രു കേള്‍ക്കുന്നപോലെ. പ്രസിഡന്റിന്റെ പ്രസംഗം നടന്ന അതേദിവസം തന്നെ അലബാമ ഗവര്‍ണര്‍ ജോര്‍ജ് വാലസ്രണ്ടു കറുത്തവരെ,ഒരു ആണിനേയും, പെണ്ണിനേയും യുണിവേഷ്‌സിറ്റി ഓഫ് അലബാമ ഫോസ്റ്റര്‍ ആഡിറ്റോറിയത്തില്‍ പ്രവേശിക്കുന്നതു തടഞ്ഞു. അവര്‍ അടുത്ത സെമസ്റ്ററിലേക്ക് റെജിസ്റ്റര്‍ ചെയ്യാന്‍ വന്നവരായിരുന്നു. 'സ്റ്റാന്‍ഡ് ഇന്‍ ദ സ്‌കൂള്‍ ഹൗസ് ഡോര്‍' എന്നാണവര്‍ അതിനെ വിളിച്ചത്. അതു പ്രസിഡന്റിനുള്ള മറുപടിയായിരുന്നു. അതില്‍ വര്‍ഗ്ഗിയ വാദികളായ ചില ഫെഡറല്‍ ഉദ്യോഗസ്ഥരുടെ പിന്തുണ ജോര്‍ജ് വാലസിനു കിട്ടിരുന്നു. അതിലും ദാരുണമായിരുന്നു പിറ്റേദിവസത്തെ പത്രവാര്‍ത്ത. ജാക്‌സണില്‍ ആ രാത്രി എന്‍. എ. എ. സി. പി. മീറ്റിങ്ങു കഴിഞ്ഞു വന്ന ഒരു കറുത്തവനെ സ്വന്തം വീടിനുമുന്നില്‍ വെടിവെച്ചു കൊന്നു. വര്‍ഗ്ഗിയതയുടെ കൊമ്പ് എവിടെയും അശാന്തി പരത്തുന്നു. ഒപ്പം മനസ്സില്‍ വളരുന്ന ആശങ്കകളും. അതുവരേയും അലബാമയില്‍ നേരിട്ടിടപെടാതെ തന്നെ ഏല്പിച്ചിട്ടുള്ള മറ്റുപട്ടണങ്ങളില്‍ ആയിരുന്നു പ്രവര്‍ത്തനമേഘല. അറ്റ്‌ലാന്റയിലെ എസ്. എന്‍. സി. സി. ഹെഡ്‌കോര്‍ട്ടേഴ്‌സില്‍ നിന്നും അവിടെ അത്യാവശ്യമായി എത്തിച്ചേരണമെന്നു ടെലഗ്രാം കിട്ടിയപ്പോള്‍ കാര്യം ഊഹിച്ചിരുന്നു. സംഘടനയുടെ പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കാനുള്ള ശ്രമത്തിലായിരുന്നു. അവര്‍ ജോണ്‍ ലൂയിസിനെ തീര്‍ച്ചപ്പെടുത്തിയിരുന്നു എന്ന് മറ്റുള്ളവരില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. അച്ചടക്കമുള്ള സമരസേനാനി ആയിരിക്കുന്നതില്‍ കൂടുതല്‍ ഒന്നും ആഗ്രഹിച്ചിട്ടില്ലാത്തവന്റെ ഉള്ളില്‍ ഒരുകത്തല്‍. ഒരു പ്രസ്ഥാനത്തിന്റെ ചെയര്‍മാന്‍ ഒത്തിരി ഉത്തരവാദിത്വങ്ങള്‍ ഉള്ളവനാണ് എന്ന വീണ്ടു വിചാരമാണ്. ധാരളം ജെയില്‍ വാസമനുഭവിച്ചിട്ടുള്ള, ശാരീരിക പീഡകള്‍ അനുഭവിച്ച ഈ ജീവിതത്തില്‍ അധികാര സ്ഥാനങ്ങള്‍ ഒന്നും മോഹിച്ചിട്ടില്ല. അഹിംസയില്‍ ഉറച്ച സമരമാര്‍ഗ്ഗങ്ങള്‍ മാത്രമേ മനസ്സില്‍ ഉള്ളു. അവര്‍ തീരുമാനിച്ചുറച്ചപോലെ ചെയര്‍മാന്‍ എന്ന പദവിലേക്ക് അധികം ചര്‍ച്ചകളോ എതിര്‍പ്പുകളോ ഇല്ലാതെ തിരഞ്ഞെടുക്കപ്പെടുമ്പോള്‍ അറ്റ്‌ലാന്റയിലെ ഹെഡ്‌കോര്‍ട്ടേഴ്‌സിലേക്ക് താമസം മാറ്റാനും തീരുമാനമായി.

ആ തെരഞ്ഞെടുപ്പിനൊടുവില്‍ ഡോ. കിംഗ് വാഷിങ്ങിടന്‍ ഡി. സി. യിലേക്ക് ഒരു വലിയ മാര്‍ച്ച് പ്രഖ്യാപിച്ചു. ഇതുവരെ വാഷിംഗടന്‍ കണ്ടിട്ടില്ലാത്ത ആള്‍ക്കൂട്ടത്തെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രകടനം. ആ പ്രഖ്യാപനം ചില ചലനങ്ങള്‍ സൃഷ്ടിച്ചപോലെ ജൂണ്‍ 22ന് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിനെ പ്രസിഡന്റെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചിരിക്കുന്നു. ഈ മാര്‍ച്ച് ഡോ. കിംഗിന്റെ മാത്രം തലയിലുദിച്ച അശയം ആയിരുന്നില്ല. 1941 ല്‍ പ്രസിഡന്റ് റൂസ്‌വെല്റ്റിനോട് കറുത്തവന്റെ തൊഴില്‍ ഉറപ്പിനായി മാര്‍ച്ച് പ്രഖ്യാപിച്ച് റൂസ്‌വെല്‍റ്റുമായുള്ള ചര്‍ച്ചയില്‍ കരാറുണ്ടാക്കി മാര്‍ച്ച് പിന്‍വലിച്ച ഇപ്പോള്‍ എഴുപത്തഞ്ചോളം വയസുള്ള ഫിലിപ്പ് റഡോള്‍ഫും മറ്റുസുഹൃത്തുക്കളുമാണ് ഈ മാര്‍ച്ചിനുള്ള ആശയം മുന്നോട്ടു വെച്ചത്. പ്രസിഡന്റുമായുള്ള കൂടികാഴ്ചയില്‍ ഒഴിവാകപ്പെട്ട നേതാവ് നേഷന്‍ ഓഫ് ഇസ്ലാമിന്റെ നേതാവ് മാല്‍ക്കമെക്‌സ് മാത്രമായിരുന്നു. എന്തുകൊണ്ടോ അതൊരു സിവില്‍ റൈറ്റ് ഓര്‍ഗനൈസേഷന്‍ എന്നാരും കരുതിയിരുന്നില്ല. ജോണ്‍ ലൂയിസ് തന്റെ ആത്മകഥയില്‍ മാല്‍ക്കം എക്‌സിന്റെ മാര്‍ഗ്ഗത്തോടുള്ള എതിര്‍പ്പ് പ്രകടപ്പിക്കുന്നുണ്ടെങ്കിലും വ്യക്തി എന്ന നിയയില്‍ വിരോധമായി ഒന്നും പറയുന്നില്ല എന്ന് ആന്‍ഡ്രു പ്രത്യേകം ശ്രദ്ധിച്ചു. വൈറ്റ് ഹൗസിലെ മീറ്റിംഗില്‍ പ്രത്യക ഗുണമൊന്നും ഉണ്ടായില്ല. മാര്‍ച്ചുമയി മുന്നോട്ടുപോകാന്‍ തീരുമാനിച്ചു.

ബോബി കെന്നെഡി ഒരിക്കല്‍ ഒറ്റക്ക് കാണാന്‍ ഇടയായപ്പോള്‍ പറഞ്ഞു: 'ജോണ്‍ എസ്. എന്‍. സി. സി. യിലെ നിങ്ങളെപ്പോലെയുള്ള ചെറുപ്പാക്കാരില്‍ നിന്നും ഞാന്‍ ഒത്തിരി പഠിച്ചു. പ്രത്യേകിച്ചും നിങ്ങള്‍ എന്നിലെ എന്നെ മാറ്റിമറിച്ചിരിക്കുന്നു. ഇപ്പോള്‍ എനിക്ക് നിങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറെ മനസ്സിലാകുന്നുണ്ട്.' രാജ്യത്തിന്റെ അറ്റോര്‍ണി ജനറലാണു പറയുന്നത്. അതുപൊള്ളയായ വാക്കുകള്‍ ആയിരുന്നില്ല. ഉള്ളിന്റെ ഉള്ളില്‍ നിന്നും വരുന്ന വാക്കുകകളായിരുന്നു. വാഷിംഗടന്‍ മാര്‍ച്ച്‌ന് വൈറ്റ്ഹൗസ് പച്ചക്കൊടി കാണിച്ചത് ജാഥ സമാധാനപരം ആയിരിക്കണം എന്ന നിര്‍ദ്ദേശത്തോടെയാണ്. ഒരു പക്ഷേ സമരക്കാരുടെ ആവേശം തണുപ്പിക്കാനുള്ള ഒരു തന്ത്രമെന്ന് ഞങ്ങളില്‍ പലരും സംശയിച്ചുവെങ്കിലും ഒരു ജാഥ നല്‍കുന്ന പൊതുജന പങ്കാളിത്വം അതിന്റെ പ്രചാരകമണ്ഡലത്തെ വികസിപ്പിക്കുന്നു. ഒരു ലക്ഷം പേര്‍ പങ്കെടുക്കുന്ന ജാഥ എന്ന കണക്കുമായി മുന്നോട്ടുപോയി.ജീവിതത്തിലെ ഏറ്റവും വലിയ ജനാവലിയോട് പ്രസംഗിച്ചവന്‍ എന്നതിനപ്പുറം മനസ്സിലെ ആശങ്കകളും, നീരാശയും പങ്കുവെച്ച് ഉള്ളിലെ തീയത്രയും ആയിരങ്ങള്‍ക്കു പകര്‍ന്നു.ആ മീറ്റിംഗിലെ ഡോ. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ പ്രസംഗം...എനിക്കൊരു സ്വപ്നമുണ്ട്....അതു ചരിത്രമായി. ജോണ്‍ ലൂയിസും ആ ചരിത്രത്തിന്റെ ഭാഗമായി. പക്ഷേ നാലാം പക്കം ബിര്‍മിംഹാമില്‍ ഒരു ബോംബ് സ്‌പോടനത്തില്‍ നാലു കറുത്തകുട്ടികള്‍ മരിച്ചു. മഹാ സമ്മേളനങ്ങളും, മഹാത്തായ പ്രസംഗങ്ങളും ഒന്നും ഈരാജ്യത്തെ വര്‍ഗ്ഗിയവാദികളിലേക്ക് ഇറങ്ങുന്നില്ലെ...?

ഡോ. കിംഗിന്റെ ഗാന്ധിമാര്‍ഗ്ഗത്തില്‍ കൂടുതല്‍ പേര്‍ എതിര്‍പ്പുള്ളവരായിക്കൊണ്ടിരുന്നു. ഇവിടെ മരിച്ചു കിടക്കുന്ന കുട്ടികള്‍ അവരുടെ ഉള്ളങ്ങളെ കലക്കി. തോക്കിന്റെ മാര്‍ഗ്ഗത്തില്‍ പകരം ചോദിക്കണം... അവര്‍ മാല്‍ക്കം എക്‌സ് പറഞ്ഞ മാര്‍ഗ്ഗമാണു ശരി എന്നു പറയാന്‍ തുടങ്ങിയിരുന്നു. പക്ഷേ ആ കുട്ടികളുടെ അടക്കത്തിന് ഡോ. കിംഗ് പറഞ്ഞത്: 'നിങ്ങള്‍ക്ക് ഞങ്ങളുടെ ഭവനങ്ങള്‍ ബോംബിട്ടു തകര്‍ക്കാം...ഞങ്ങളുടെ ആരാധനാലയങ്ങള്‍ക്കു നേരെ ബോംബിടാം, ഞങ്ങളുടെ കുട്ടികളെ കൊല്ലാം.... എന്നാലും ഞങ്ങള്‍ നിങ്ങളെ സ്‌നേഹിക്കും.' ബോംബ് പൊട്ടിത്തെറിക്കുമ്പോള്‍ ഈ കുട്ടികള്‍ ചര്‍ച്ചിലെ സന്‍ഡേസ്‌കൂളില്‍ സ്‌നേഹത്തെകൂറിച്ചായിരുന്നു പഠിച്ചുകൊണ്ടിരുന്നത്. പരുക്കുപറ്റിയ ഇരുപത്തൊന്നു കുട്ടികളും അവരുടെ ജീവിതത്തില്‍ സ്‌നേഹത്തിന്റെ സന്ദേശവാഹകാരായോ...അതോ അവര്‍ തോക്കിന്റെ വഴിയെ പോയോ...അതായിരുന്നു ആന്‍ഡ്രു അപ്പോള്‍ ചിന്തിച്ചത്.

ഡയാനും ബീവറും വളരെ വൈകാരികമായി ആ സംഭവത്തെ കണ്ടു എന്നുവേണം കരുതാന്‍. ഡയാന്‍ കല്ല്യണശേഷം ഒരു കുട്ടിയും ആയപ്പോള്‍ പൊതുരംഗത്തുനിന്നും അല്പം മാറിനില്‍ക്കുകയായിരുന്നു. ഇപ്പോള്‍ മരിച്ചുകിടക്കുന്ന നാലുകുട്ടികളും അവരെ ബാധിച്ചിരിക്കുന്നു. ശവം അടക്കിനുശേഷം ഡോ. കിംഗുമായി നടന്ന കൂടിക്കാഴ്ചയില്‍ ഡയാന്‍ തന്നെ ഒരു സത്യഗ്രഹ മൂവ്‌മെന്റിന്റെ രൂപരേഖകള്‍ അവതരിപ്പിച്ചു. കിംഗ് അതിനു സമ്മതം മൂളുകയും ചെയ്‌തെങ്കിലും ആ തുടക്കം എവിടെനിന്നുവേണം എന്ന ആലോചനയില്‍ ആയിരുന്നു എല്ലാവരും. സെല്‍മ എന്ന പട്ടണത്തില്‍ ഒരുക്കിയ ചര്‍ച്ചു മീറ്റിംഗ് ആയിരങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കാനുള്ള അവസരമായി. അന്ന് പുറത്തുകൂടിയ പ്രതിക്ഷേതക്കാരെ നേരിടാന്‍ മെഷിന്‍ ഗണ്ണുകളുമായി പോലിസുണ്ടായിരുന്നു. ആ മീംറ്റിങ്ങില്‍ 'ഒരാള്‍ക്ക് ഒരു വോട്ട്' എന്ന നയപ്രഖ്യാപന പ്ലെക്കാര്‍ഡ് ഉയര്‍ത്തി പുതിയ ഒരു സമരമുഖം ജോണ്‍ ലൂയിസ് തുടങ്ങി. പക്ഷേ അറസ്റ്റുനടന്നു. ഇരുമ്പു കമ്പികള്‍ പഴുപ്പിച്ച് കടിപ്രദേശത്ത്, കന്നാലികള്‍ക്ക് ചാപ്പകുത്തുന്നപോലെ അവര്‍ പൊള്ളിച്ചു. 1963ലെ അമേരിയ്ക്ക അതായിരുന്നു.

ജോണ്‍ ലൂയിസ് ജയില്‍ വിമോചിതനായപ്പോഴേക്കും മുന്നോറോളം അറസ്റ്റുകള്‍ നടന്നിരുന്നു. എന്നിട്ടും വോട്ടിങ്ങ് റെജിസ്റ്ററേഷന് ആയിരക്കണക്കിന് ആളുകള്‍ എത്തിക്കൊണ്ടിരുന്നു. അവരെയൊക്കെ സിറ്റി ക്ലാര്‍ക്കും കൂട്ടരും ഉന്തിയും തള്ളിയും ഓടിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. കറുത്തവന്റെ ഭയം അകറ്റാനും, വിശപ്പും ദാഹവും മാറ്റാനുമായി അല്പം ആഹാരവുമായി ചെന്ന ജോണ്‍ ലുയിസിനും, വില്ല്യമിനും ഏറ്റ കൊടിയ പീഡനങ്ങള്‍ വായിക്കുമ്പോള്‍, ഇന്നും അമേരിയ്ക്കയിലെ സതേണ്‍സ്റ്റേറ്റിലെ നല്ല ഒരു ശതമാനം വെളുത്തവന്റെ യാഥാസ്ഥിതിക മനസിനു മാറ്റമൊന്നും വന്നിട്ടില്ലല്ലോ എന്നു കൂട്ടിവായിക്കും. 1920 ലെ പ്രസിഡന്‍ഷ്യല്‍ ഇലക്ഷനിലെ റിപ്പബ്ലിക്ക്ന്‍ തോല്‍വിക്കുശേഷം, കറുത്തവരുടെ വോട്ടുകള്‍ നിരാകരിക്കാനുള്ള നിയനിര്‍മാണങ്ങളില്‍ ആണവര്‍.ഇന്നും കറുത്തവന്‍ ഈ മണ്ണിന്റെ സ്വന്തം എന്നവര്‍ കരുതുന്നില്ല. വെളുത്തവന്റെ സര്‍വ്വാധിപത്യം സ്ഥാപിക്കാന്‍ ചെറുപ്പക്കരും മുന്‍ നിരയില്‍ അണിനിരക്കുന്നതു കാണുമ്പോള്‍ ഇവിടുത്തെ ജനാധിപത്യത്തിന്റെ മാനവീക രഹിത നിലപാടുകളെക്കുറിച്ചും നാം ചിന്തിക്കണം. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗും, ജോണ്‍ ലൂയിസും ഒക്കെ ഉയര്‍ത്തിക്കൊണ്ടുവന്ന നോണ്‍വയലന്‍സ് എന്തു കൊണ്ട് ഈ രാജ്യം നിരാകരിച്ചു. ഇപ്പോഴത്തെ ഇവിടുത്തെ ഗണ്‍ ലോബിയെ സഹായിക്കുന്ന രാഷ്ട്രിയക്കാര്‍ക്ക് ഫണ്ടുകള്‍ ലഭിക്കും എന്നതിനുപരി തോക്കിന്‍ മുനയില്‍ എല്ലാവരേയും നിശബ്ദരാക്കാം എന്ന പാഠം കയ്യേറ്റ കാലത്തേ അവരില്‍ അടിഞ്ഞുകൂടിയിട്ടുണ്ടാകും. നോണ്‍വയലന്‍സിന്റെ മാര്‍ഗ്ഗത്തില്‍ നിന്നും മാറാത്ത ജോണ്‍ ലൂയിസും കൂട്ടര്‍ക്കും പിന്നേയും അവകാശസമരങ്ങളുടെ പേരില്‍ ഏറെ സഹിക്കേണ്ടി വന്നില്ലെ. ആന്‍ഡ്രു തന്റെ വായനക്കിടയില്‍ സമകാലീന അമേരിയ്ക്കന്‍ രാഷ്ട്രിയം ഓര്‍ത്തു.

ജോണ്‍ എഫ്. കെന്നഡിയുടെ കൊലപാതകം പുരോഗമന പ്രസ്ഥാങ്ങള്‍ക്ക് ഏറ്റ വലിയ തിരിച്ചടിയായിരുന്നു. സിവില്‍ റൈറ്റ് മൂവ്‌മെന്റിനുവേണ്ട ഒത്താശകള്‍ രഹസ്യമായി ചെയ്യാന്‍ കെന്നഡി മടിച്ചിരുന്നില്ല എന്ന ഓര്‍മ്മയില്‍ ജോണ്‍ ലൂയിസ് കരഞ്ഞു. പ്രസ്ഥാനത്തില്‍ പലരും കെന്നഡിയെ ശത്രുവായി കണ്ടപ്പോഴും, സമാധാന പ്രേമികളായ കറുത്തവര്‍ അദ്ദേഹത്തെ ഇഷ്ടപ്പെട്ടു. എബ്രാഹാം ലിങ്കനേക്കാള്‍ കറുത്തവര്‍ കെന്നഡിയെ ഇഷ്ടപ്പെട്ടു. ഒട്ടു മിക്ക കറുത്തവന്റെയും വീടുകളുടെ ഭിത്തില്‍ തൂങ്ങുന്ന മൂന്നുചിത്രങ്ങളില്‍ ഒന്ന് ജീസസിന്റേയും, മറ്റൊന്ന് മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റേയും അയിരിക്കെ മൂന്നാമത്തെ ചിത്രം കെന്നഡിയുടേതായിരുന്നു എന്നു ജോണ്‍ ഓര്‍ക്കുന്നു. കെന്നഡിയുടെ മരണം തന്റെ ഗ്രാമത്തിലെ സ്‌കൂളിലും മൗനജാതയായി മാറിയപ്പോള്‍ അതില്‍ പങ്കെടുത്ത ആന്‍ഡ്രുവിന്റെ ഓര്‍മ്മകള്‍ സമാന്തരമായി സഞ്ചരിച്ചു.ലിണ്ടന്‍ ജോണ്‍സണ്‍ പ്രസിഡന്റായി ചുമതലയേറ്റപ്പോള്‍ സിവില്‍ റൈയിറ്റ് ആക്ട് കെന്നഡയുടെ സ്മരണാര്‍ത്ഥം അവതരിപ്പിക്കും എന്നു പറഞ്ഞെുവെങ്കിലും, അതു സംഭവിക്കും വരെ കാത്തിരിക്കാന്‍ തയ്യാറില്ലാത്ത ഞങ്ങള്‍ സമരത്തിന്റെ പല മുഖങ്ങള്‍ തുറന്നു. 1968 ജോണ്‍ എഫ്. കെന്നഡിയുടെ സഹോരനും, ബ്ലാക് മൂവ്‌മെന്റിനെ വൈറ്റ് ഹൗസില്‍ ഏറെ സഹായിച്ചിട്ടുള്ള, അറ്റോര്‍ണി ജനറലായിരുന്ന ബോബ് കെന്നഡിയും മരിച്ചു. പക്ഷേ സമരം ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരുരീതില്‍ തുടര്‍ന്നെ മതിയാകു.

ആന്‍ഡ്രുവിന്റെ ചിന്തയില്‍ ജോണ്‍ എഫ്. കെന്നഡിയുടെ മരണം ഒരു വേദനയായി വളരുന്നതിനൊപ്പം, ബോബി എന്നു വിളിക്കുന്ന അദ്ദേഹത്തിന്റെ സഹോദരന്‍ റോബര്‍ട്ട് കൊന്നഡിയും കടന്നുകൂടി. റോബര്‍ട്ട് സഹോദരന്‍ ജോണിന്റെ അറ്റോര്‍ണി ജനറലും, പ്രധാന ഉപദേശകനും, മാര്‍ഗദര്‍ശിയും ആയിരുന്നു. ജോണ്‍ എഫ്. കെന്നഡിയുടെ ഭരണമികവുകളില്‍ റോബര്‍ട്ടിന്റെ പങ്ക് വലുതായിരുന്നു. കറുത്തവനോടുള്ള അനുഭാവ തീരുമാങ്ങളിലൊക്കെ പരോക്ഷമായി റോബര്‍ട്ടിന്റെ പങ്കുണ്ടായിരുന്നു. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗുമായി നല്ല ബന്ധം ഉണ്ടായിരുന്ന റോബര്‍ട്ട് ഒരിക്കല്‍ പറഞ്ഞു ഇനി ഒരമ്പതു വര്‍ഷങ്ങള്‍ക്ക് ശേഷം നിങ്ങളുടെ പ്രസിഡന്റ് ഈ രാജ്യത്തിനുണ്ടായേക്കാം.അതൊരു പ്രവചനമായിരുന്നു. ബരാക്ക് ഒബാമ അമേരിയ്ക്കന്‍ പ്രസിഡന്റായപ്പോള്‍ അതാരെങ്കിലും ഓര്‍ത്തോ... റോബര്‍ട്ട് കെന്നഡിയും കൊല്ലപ്പെടുകയായിരുന്നു. കാലിഫോര്‍ണിയയില്‍ തന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വിജയ പ്രസം നടത്താനിരിക്കെ, ഹാളിന്റെ കിച്ചണില്‍ ഒരു പാലസ്തിന്‍ കാരന്റെ വെടിയേറ്റു മരിച്ചു. കാരണം പറയുന്നത് റോബര്‍ട്ട് ഇസ്രായേലിനെ പിന്താങ്ങുന്നവന്‍ എന്നതാണ്.റോബര്‍ട്ട് കെന്നഡി പ്രസിഡന്റായിരുന്നുവെങ്കില്‍ ഒരു പക്ഷേ അമേരിക്കയുടെയും, കറുത്തവന്റേയും ചരിത്രം മറ്റൊന്നാകുമായിരുന്നു എന്ന് ആന്‍ഡ്രു ഓര്‍ത്ത് കാലങ്ങള്‍ക്കിപ്പുറം ഒന്നു തേങ്ങി.

‘മിസ്സസിപ്പിയിലെ വലിയ സമരത്തിനുള്ള ഒരുക്കങ്ങള്‍ വിവിധ ഗ്രൂപ്പുകളുമായി യോജിച്ച് നടത്താന്‍ തുടങ്ങിയിട്ട് കുറെ നാളുകളായി.’ ജോണ്‍ തന്റെ സമര ചരിത്രം തുടരുകയായിരുന്നു.‘വിവിധ കോളേജുകളില്‍ നിന്നും സ്റ്റുഡന്റ്‌സിന്റെ പങ്കാളിത്തം ആവേശകരമായിരുന്നു. കറുത്തവരും വെളുത്തവരും നാലിലൊന്ന് എന്ന അനുപാതത്തില്‍ വരാന്‍ തുടങ്ങി. പെണ്‍കുട്ടികളുടെ പങ്കാളിത്വം പുത്തന്‍ ഉണര്‍വ് പകര്‍ന്നു. 'മിസ്സസ്സിപ്പിയില്‍ നിങ്ങളെ രണ്ടു ഭാഗങ്ങളായി തിരിക്കും. നിഗ്ഗേഴ്‌സും, നിഗ്ഗേഴ്‌സിന്റെ സ്‌നേഹിതരും...' വോളന്റേഴ്‌സ് എത്തിച്ചേര്‍ന്നപ്പൊള്‍ ബ്രൗണ്‍ പറഞ്ഞു. 'ഒരു പക്ഷേ നിഗ്ഗര്‍ ലൗവേഴ്‌സായ വെളുത്തവര്‍ ആയിരിക്കും കൂടുതല്‍ പീഡിപ്പിക്കപ്പെടാന്‍ പോകുന്നത്...അവരുടെ പകയത്രയും നിങ്ങളോടായിരിക്കും. നിങ്ങള്‍ ഞങ്ങളുടെ പക്ഷം ചേര്‍ന്നതിന്.' ബ്രൗണ്‍ കൂട്ടിച്ചേര്‍ത്തു. ഫോര്‍മന്‍ പറഞ്ഞത്:' ഒരു പക്ഷേ ഞാന്‍ കൊല്ലപ്പെടും, അതുപോലെ നിങ്ങളും.' ഒരോരുത്തരും അവരുടെ ആശങ്കകള്‍ അറീയ്ക്കുകയായിരുന്നു. നരഭോജികളായ ക്ലാനുകള്‍ എന്തു ക്രൂരതക്കും മടിക്കാത്തവര്‍ എന്നു പറയുകയായിരുന്നു. രാത്രിയും പകലും ഒരുപോലെ ഭയാനകമായിരുന്നു. വാളന്റിയേഴ്‌സില്‍ മൂന്നുപേരെ കാണാതായിരിക്കുന്നു. അവരുടെ കാര്‍ ചതിപ്പില്‍നിന്നും കണ്ടെടുത്തെങ്കിലും അവരുടെ ശവം ഇനിയും കിട്ടിയിട്ടില്ല. നീതിക്കായുള്ള മുറവിളി ആരുടേയും കാതുകളില്‍ എത്തുന്നില്ല.

1964 സംഘടനയിലെ ഒത്തൊരുമയും, അച്ചടക്കവും ഏറെ ചോര്‍ന്നു പൊയ്ക്കൊണ്ടിരുന്നു. വെളുത്തവരുടെ പ്രചരണായുധം കറുത്തവന്റെ സംഘടനയില്‍ ഏറെയും കമ്മ്യൂണിസ്റ്റുകാരാണന്നായിരുന്നു.(ഇന്നും സമാനമായ ആരോപണങ്ങള്‍ ഉയരുന്നത് ആന്‍ഡ്രു ഓര്‍ത്തു.) പക്ഷേ അതില്‍ സത്യം ഇല്ലായിരുന്നു. സംഘടനാ പ്രവര്‍ത്തകരുടെ പേരില്‍ സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിക്കപ്പെട്ടു. പിന്നെ കഞ്ചാവിന്റെ ഉപയോഗത്തില്‍ വെളുത്തവരും, കറുത്തവരും ഒരു പോലെ കുറ്റക്കാരായി. നേതാവെന്ന നിലയില്‍ ജോന്‍ ലൂയിസിന്റെ കാലുകള്‍ ഇടറുന്നുണ്ടായിരുന്നെങ്കിലും, അതു പുറത്തു കാണിക്കാതെ പുതിയ സമരപരിപാടികളിലേക്കിറങ്ങാനുള്ള ആലോചനയില്‍ മുഴുകി. ''സെല്‍മ' വോട്ടിങ്ങ് രെജിസ്റ്ററേഷനു ചെല്ലുന്നവര്‍ക്ക് ഏറെ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്ന സ്ഥലമായിരുന്നു. എഴുത്തും വായനയും അറിയുന്നവര്‍ക്കു മാത്രമേ വോട്ടവകാശം ഉള്ളായിരുന്നു. പള്ളിക്കുടത്തില്‍ പോകാന്‍ അവസരം ഇല്ലാതിരുന്ന കറുത്തവനെ എങ്ങനേയും ഒഴിവാക്കാനുള്ള തന്ത്രം. അങ്ങനെയാണ് സെല്‍മയിലേക്ക് നീങ്ങാന്‍ തീരുമാനിച്ചത്. ഡോ. കിംഗും അതാഗ്രഹിച്ചിരുന്നു. ഒപ്പം സഹകരണവും സഹായവും ഉറപ്പിച്ചു. നോബല്‍ സമ്മനം വാങ്ങി വന്ന ഡോ. കിംഗ് പ്രസിഡന്റ് ജോണ്‍സണുമായി കണ്ടു. സിവില്‍ റൈറ്റ് ബില്ലിനദ്ദേഹം അനുകൂലമായിരുന്നുവെങ്കിലും, സെനറ്റില്‍ പാസാകാന്‍ എത്ര കാലമെടുക്കുമെന്നറിയില്ല എന്ന സത്യസന്ധമായ മറുപടിയില്‍ ഡോ. കിംഗ് പറഞ്ഞത്; എന്റെ ജനം അത്രകാലം ക്ഷമയോട് കാത്തിരിക്കുമോ എന്നെനിക്കറിയില്ല എന്നായിരുന്നു. ആ കൂടിക്കാഴ്ചക്കു ശേഷമാണ്. ഡോ. കിംഗ് സെല്‍മ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചത്.

നാഷ്‌വില്ലിലെ ആദ്യ കുത്തിയിരുപ്പു സമരത്തിനു പോയ ദിവസത്തെപ്പോലെ ഇന്ന് ഇവിടെയും രാത്രി സ്‌നോ വീണുകിടക്കുന്നു. ആ മഞ്ഞുനിറഞ്ഞ തെരുവില്‍ കൂടി നടക്കുമ്പോള്‍ പല ഓര്‍മ്മകളും ഉണരുന്നു. ഒരു കൗമാരക്കാരനില്‍ നിന്നുമുള്ള വളര്‍ച്ചയുടെ പടവുകള്‍ അല്ല സമരങ്ങളുടേയും, സഹനങ്ങളുടേയും നാള്‍വഴികള്‍. ഡോ. കിംഗ,് ബ്രൗണ്‍ ചാപ്പല്‍ ആഫ്രിക്കന്‍ മെതൊഡിസ്റ്റ് എപിസ്‌കോപ്പല്‍ ചര്‍ച്ചില്‍ നടത്തുന്ന സമരപ്രഖ്യാപനത്തില്‍ പങ്കെടുക്കാനുള്ള തിരക്കില്‍ ജോണ്‍ ഓര്‍മ്മകളുമായി നടന്നു. നടക്കുമ്പോള്‍ പരിചിതമായ സിറ്റിയെ ഒന്നുകൂടി കണ്ടു. ടാറിട്ട് വൃത്തിയായി സൂക്ഷിക്കുന്ന റോഡുകളും, കടകളൂം, വീടുകളുമുള്ള ഭാഗം വെള്ളക്കാരുടെയും, ടാറിടാത്ത മണ്‍പാതവക്കിലെ പൊട്ടിയതും പൊളിഞ്ഞതുമായ പട്ടണഭാഗങ്ങള്‍ കറുത്തവന്റേയും ഇടങ്ങള്‍ ആയിരുന്നു.ആ പട്ടണത്തിലെ ഏറ്റവുംവലിയമൂന്നു നിലകെട്ടിടത്തിന്റെ അടിയിലെ നദിക്കരയില്‍ 1800 കളില്‍ ഒരോ ദിവസവും അഞ്ഞൂറിലധികം അടിമകളെ ലേലക്കച്ചവടം നടത്തിയിരുന്നു. കെട്ടുവള്ളങ്ങളില്‍ കെട്ടിനിറച്ചു കൊണ്ടുവരുന്ന പരത്തിക്കെട്ടുകളില്‍ കറുത്തവന്റെ ചോരപ്പാടുകള്‍ ഉണ്ടായിരുന്നു. അവിടെയുള്ള സംഭരണശാലയോടു ചേര്‍ന്ന നദിയും പാലവും ഒക്കെ ഓര്‍മ്മകളില്‍ വരുന്നു. 'എഡ്‌മെണ്ട് പെറ്റാസ് ബ്രിഡ്ജ്. കിഴക്കുനിന്നു വരുന്ന എല്ലായാത്രികരേയും സ്വീകരിക്കാനെന്നവണ്ണം കോണ്‍ഫഡറെറ്റ് ഫ്‌ളാഗിനൊപ്പം പാലത്തിന്റെ തൂണില്‍ സെല്‍മയിലേക്ക് ഏവര്‍ക്കും സ്വാഗതം എന്ന ബോര്‍ഡ്.

ജോണ്‍ ഡോ. കിംഗിനെ കേള്‍ക്കാന്‍ ചര്‍ച്ച് കവാടം കടക്കുമ്പോഴേക്കും അവിടം നിറഞ്ഞിരുന്നു. എഴുനൂറിലധികം ആളുകള്‍ കാണും. പോലീസ് ജനങ്ങളെ നിയന്ത്രിക്കുന്നുണ്ടങ്കിലും ആരേയും അറസ്റ്റുചെയ്യുന്നുണ്ടായിരുന്നില്ല. പക്ഷേ ഡോ. കിംഗ് അന്നു പറഞ്ഞു; ഞങ്ങളുടെ അവകാശം അനുവദിച്ചില്ലെങ്കില്‍ ആയിരങ്ങള്‍ അണിനിരക്കുന്ന പ്രതിക്ഷേധ ജാഥകള്‍ ഇവിടെ നടക്കും. ജയില്‍ ഞങ്ങള്‍ക്ക് പുത്തരിയല്ല. പിന്നീടുള്ള രണ്ടാഴ്ച കൂടിയാലോചനകളുടേയും ഒരുക്കങ്ങളുടേയും നാളൂകള്‍. 1965 ജാനുവരി 18ന് കിംഗിനൊപ്പം ജോണും ചേര്‍ന്നു നയിച്ച നാനൂറോളം പേരുടെ ജാഥ കോര്‍ട്ട് ഹൗസിന്റെ കവാടത്തില്‍ തടയപ്പെട്ടു. തടഞ്ഞവരുടെ കൂട്ടത്തില്‍, അമേരിയ്ക്കന്‍ നാസി പാര്‍ട്ടിയുടെ ഉപഞ്ജാതാവും, ചെയര്‍മാനുമായ ജോര്‍ജ് ലിങ്കണ്‍ റോക്കുവെല്ലും ഉണ്ടായിരുന്നു. പിന്നീടെന്നോ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ അയാളെ വെടിവെച്ചു കൊന്നു എന്നതും ചരിത്രത്തില്‍ രേഖയില്‍ ഉണ്ടാകുമോ...അത് ആന്‍ഡ്രുവിന്റെ ആശങ്കയായി ഉയര്‍ന്നെങ്കിലും, വീണ്ടും ജോണിനൊപ്പം കൂടി.

കോര്‍ട്ട് ഹൗസിന്റെ വാതിലില്‍, വോട്ടിങ്ങ് റെജിസ്റ്റര്‍ മുറിയുടെ മുന്നില്‍ വരിവരിയായി നില്‍ക്കാന്‍ അവര്‍ ആവശ്യപ്പെട്ട് അധികാരികള്‍ കണ്ണുകളടച്ചു. കോര്‍ട്ട്ഹൗസിനു ചുറ്റും വരിനിന്നവര്‍ ഉച്ചയോളം അവിടെ നിന്നു. ആരും ഒന്നും പറഞ്ഞില്ല. ഇവിടെ ഇതിനു മുമ്പും വന്നിട്ടുള്ളവര്‍ക്കാറിയാം, മുറിക്ക് പുറത്ത് പകലന്തിയോളം നിര്‍ത്തിയിട്ട് സമയം കഴിഞ്ഞു എന്നു പറഞ്ഞ് തിരിച്ചയക്കുന്ന അധികാരികളെ. രാവിലെ തന്നെ വാതിലിനു മുന്നില്‍ തൂക്കുന്ന ഊണു സമയം എന്ന ബോര്‍ഡ് അവിടെത്തന്നെ ഉണ്ടാകും. അഥവാ ആരെങ്കിലും വിളിച്ചാല്‍, വായിക്കാന്‍ അറിയില്ലെന്നു പറഞ്ഞവരെ തിരിച്ചുവിടും. വോട്ടര്‍ രെജിസ്റ്ററില്‍ പേരുചേര്‍ക്കാന്‍ വരുന്നവരുടെ നിത്യ അനുഭവം ഇങ്ങനെയൊക്കെയായിരുന്നു. ഇന്ന് ആരും പിരിഞ്ഞു പോയില്ല. ഉച്ചവരെ ആരേയും കോടതി മുറിയിലേക്ക് കടക്കാന്‍ കഴിയാത്തവണ്ണം അവിടെ നിന്നു. സമരക്കാരുടെ ശബ്ദം അരോക്കയോ തിരിച്ചറിഞ്ഞപോലെ. ഉച്ചയോടെ ഡോ. കിംഗ് തന്റെ ഹോട്ടല്‍ ലോബിയില്‍ എത്തിയപ്പൊള്‍ ഒരു കൂട്ടം ക്ലാനികള്‍ അവിടെയുണ്ടായിരുന്നു. ഇതിനുമുമ്പ് ഒരു നീഗ്രോയിക്ക് അവിടെ താമസം അനുവദിച്ചിരുന്നില്ല.അതില്‍ ഒരാള്‍ പേരുവിളിച്ച് ഡോ. കിംഗിനെ അടിക്കുകയും, നിലത്തിട്ട് ചവിട്ടുകയും ചെയ്യ്തപ്പോള്‍ കണ്ടു നിന്ന തന്റെ എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെടുന്നതായി ജോണ്‍ ലൂയിസ് രേഖപ്പെടുത്തുന്നു. ഇത്രനാളും പരിശീലിച്ച നോണ്‍വയലന്‍സ് കൈവിട്ടുപോകുമോ എന്ന ഭയം ഒരു നിമിഷം തന്നെ കീഴടക്കിയെങ്കിലും സ്വയം വീണ്ടെടുത്ത് ഡോ. കിംഗിനെ സംരക്ഷിക്കാനായി മുന്നോട്ടഞ്ഞപ്പൊള്‍ അവര്‍ക്ക് ഒരു എതിരാളിയെക്കൂടി കിട്ടിയതിന്റെ സന്തോഷത്തില്‍ ആയിരുന്നു.

വീണ്ടും ഒരു സമരത്തിന്റെ വഴികള്‍ തുറക്കുകയായിരുന്നു. കോര്‍ട്ട് ഹൗസില്‍ മിസിസ് ബോയിന്റോണിനു നേരെ ഉണ്ടായ ആക്രമണം പത്രങ്ങളില്‍ വലിയ വാര്‍ത്ത ആയി. സമരം തുടര്‍ന്നു. ഒപ്പം അറസ്റ്റും ജയിലും പതിവായി. ഒന്നിച്ചു പോകാതെ പല ഗ്രൂപ്പുകളായി ആളുകളെ നിയോഗിച്ചു. ഒരിക്കലും കോര്‍ട്ട് മോലാവികള്‍ക്ക് അവധികൊടുത്തില്ല. ഒരാഴ്ചത്തെ ജയില്‍വാസം കഴിഞ്ഞ് വീണ്ടും സമരത്തിനെത്തുമ്പോഴേക്കും ഒത്തിരിയേറെ ആളുകള്‍ ജയില്‍ നിറച്ചിരുന്നു. ഡോ. കിംഗ് അറസ്റ്റുചെയ്യപ്പെട്ടപ്പോള്‍ അതു കൂടുതല്‍ വാര്‍ത്ത ആയതോടൊപ്പം മാല്‍ക്കം എക്‌സ് സെല്‍മയില്‍ പൊതുയോഗത്തില്‍ ഡോ. കിംഗിന്റെ ഭാര്യയും മറ്റു പലരും പ്രസംഗിച്ച വേദിയില്‍ നടത്തിയ പ്രസംഗത്തില്‍, ഏതു വഴിയിലുടെയും അവകാശങ്ങള്‍ നേടിയെടുക്കണം എന്നു പറഞ്ഞപ്പോള്‍ പലരുടെയും നെറ്റി ചുളിഞ്ഞോ...? അതോ ആരുടെയോക്കയോ മനസ്സില്‍ ഉള്ളത് മാല്‍കം എക്‌സില്‍ നിന്നും കേള്‍ക്കുകയായിരുന്നുവോ....? ജോണ്‍ ലൂയിസിന്റെആത്മകഥയില്‍ മാല്‍ക്കമെക്‌സ് കടന്നുവരുന്നതിപ്പോള്‍ മാത്രം...അതിനു കാരണം അവരുടെ വഴികള്‍ രണ്ടായിരുന്നു എന്നുള്ളതായിരിക്കാം.വാഷിംഗ്ടനില്‍ നിന്നും ചില നേതാക്കള്‍ സല്മാ സന്ദര്‍ശിക്കുകയും, പ്രസിഡന്റ് ജോണ്‍സണ് വോട്ടിംഗ് റൈറ്റിനോട് അനുഭാവ മനോഭാവം ആണന്നറിയുകയും ചെയ്തിട്ടും അതാരുടേയും ബോധമണ്ഡലത്തിലേക്കു കടന്നില്ല. കൗണ്ടി ഷെറിഫ് ജിം ക്ലാര്‍ക്ക് അയാളുടെ എല്ല ക്രൗര്യങ്ങളും പുറത്തെടുത്തവനെപ്പോലെ സമരക്കാരെ പെരുമാറി. പതിഞ്ചു വയസിനു താഴെയുള്ള കുട്ടികളെപ്പോലും ലാത്തികൊണ്ട് തലപൊളിക്കുന്നതില്‍ മൃഗീയ്മായ ആനന്ദം കണ്ടെത്തി.

നാനൂറുപേരോളം വരുന്ന സമര സേനാനികളെ രാത്രിയുടെ ഇരുളില്‍ ലാത്തികൊണ്ടും, ഇരുമ്പു കെട്ടിയ ചാട്ടകൊണ്ടും അടിച്ച് തലയും പുറവും പൊളിച്ച് അവകാശങ്ങള്‍ക്കായി പോരാടുന്നവരെ നിശബ്ദരാക്കന്‍ ശ്രമിക്കുന്ന അധികാരികള്‍ക്കൊപ്പം കൂടിയ ക്ലാനുകളില്‍ ആരോ വെച്ചവെടി കൊണ്ട് ജാക്‌സണ്‍ എന്ന ചെറുപ്പക്കാരന്‍ തന്റെ രക്തശാക്ഷി ദിനവും കാത്തു കിടക്കെ, ന്യൂയോര്‍ക്കില്‍ ഹാര്‍ലത്തില്‍ മാല്‍ക്കം എക്‌സ് വെടിയേറ്റു മരിച്ചു. ഒരു കറുത്ത മുസ്ലീം അറസ്റ്റു ചെയ്യപ്പെട്ടെങ്കിലും പിന്നില്‍ ആരായിരുന്നു. കറുത്തവന്റെ ശബ്ദമാണു നിലച്ചത്. ആശയപരമായ പൊരുത്തക്കേടുകള്‍ ഉണ്ടായിരുന്നുവെങ്കിലും, ലോകം എമ്പാടുമുള്ള നീഗ്രോയുടെ ശബ്ദമാണൂ നിലച്ചത്. അതു കഴിഞ്ഞ് അഞ്ചു ദിവസം കഴിഞ്ഞപ്പോള്‍ ഫെബ്രുവരി 26ന് ജിമ്മി ലീ ജാക്‌സണ്‍ കറുത്തവന്റെ അവകാശ സമരത്തിന്റെരക്തസാക്ഷിയായി. വളരെ കൂടിയാലോചനക്കൊടുവില്‍ പ്രധിക്ഷേത റാലിക്കുള്ള ആഹ്വാനം ഡോ. കിംഗിന്റെ കയ്യൊപ്പോടെ എല്ലായിടവും പറന്നു നടക്കുമ്പോഴും, കൂട്ടഴ്മകള്‍ തമ്മിലുള്ള പടലപ്പിണക്കത്താല്‍ പലരും മാറിനിന്നു. കറുത്തവന്റെ അവകാശങ്ങള്‍ എല്ലാവരുടേയും അവകാശം എന്ന നിലയില്‍ ജോണ്‍ ലൂയിസ് താന്‍ ചെയര്‍മാനായിരിക്കുന്ന സംഘടനയുടെ എതിര്‍പ്പിനെ മറികടന്ന്ആ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു. 'ഐ വാണാ മാര്‍ച്ച്' അതായിരുന്നു ഹൃദയത്തെനയിച്ച ചേദോവികാരം. അവകാശങ്ങള്‍ക്കുവേണ്ടിയുള്ള സമരത്തെഅടിച്ചമര്‍ത്താന്‍ എത്രനാള്‍ ... എന്റെ ജനമേ ഇനി എത്രനാള്‍ ...

1965 മാര്‍ച്ച് 7, ബ്ലെഡി സന്‍ഡേ എന്നു ചരിത്രത്തില്‍ രേഖപ്പെടുത്തിയ രക്തം ചീന്തിയ ഞായര്‍. ആ ദിവസം മറ്റെല്ലാ സമരദിവസങ്ങളെപ്പോലെയാണു തുടങ്ങിയതെങ്കിലും അണിയറയില്‍ സമരത്തിനെതിരായിഒരുക്കങ്ങള്‍ നടക്കുന്നുണ്ടാകും എന്നല്ലാതെ ഇത്ര ക്രൂരമായ ആക്രമണം ഭരണകൂടം ഒരുക്കുമെന്നു കരുതിയിരുന്നില്ല. തെളിഞ്ഞ ആകാശത്തില്‍ അങ്ങിങ്ങായി പറന്നു നടക്കുന്ന ചെറിയ മേഘശലകങ്ങള്‍ മറ്റു സൂചനകള്‍ ഒന്നും തന്നിരുന്നില്ല. പന്ത്രണ്ടുമണിയോടെ സമരത്തിന്റെ തുടക്കമായബ്രൗണ്‍ ചാപ്പലിന്റെ മുറ്റത്തും അകത്തുമായി അഞ്ഞൂറിലധികം ആളുകള്‍ പരസ്പരം അടക്കം പറയുകയും, സമരത്തിന്റെ ആവേശം പരസ്പരം പകരുകയും ചെയ്യുന്നു. പലരും ചര്‍ച്ച് വസ്ത്രങ്ങളിലാണ്. അമ്പത്തിനാലു മൈല്‍ ഹൈവേ കയ്യേറി മൊണ്ടോമറിയിലേക്കുള്ള മാര്‍ച്ച് പ്രായോഗികമോ....ഇവര്‍ അത്രദൂരം നടക്കുമോ...എല്ലാം ആശങ്കകളായിരുന്നു. ആ ആശങ്കകളെ ഊതി പെരിപ്പിക്കാനെന്നപോലെ അവസാന നിമിഷത്തില്‍ ഡോ. കിംഗ് മാര്‍ച്ചില്‍ പങ്കെടുക്കുന്നില്ലെന്നും, മുന്‍നിശ്ചയ പ്രകാരം അറ്റ്‌ലാന്റയിലെ ചര്‍ച്ചില്‍ ബലിയര്‍പ്പണവും മറ്റുപരിപാടികളും ഉണ്ടെന്നും മായിരുന്നു അറീയിച്ചു. വേണമെങ്കില്‍ വേറൊരു ദിവസത്തേക്ക് മാര്‍ച്ച് മാറ്റിവെയ്ക്കാം എന്ന നിര്‍ദേശം എല്ലാവരിലും നിരാശയുടെ കാര്‍മേഘങ്ങള്‍ വിതറി.

എന്തുകൊണ്ട് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് അവസാന നിമിഷംസമരത്തില്‍ നിന്നും പിന്മാറി. സ്വയം ആഹ്വാനം ചെയ്ത ഈ സമരം കിംഗിനെ ഭയപ്പെടുത്തിയിരുന്നുവോ...? മരണഭയം എപ്പോഴും ചുറ്റും നൃത്തമാടുന്ന ഒരാളില്‍ നിന്നും ഇതു പ്രതീക്ഷിക്കാം.... ഒരോ ദിവസവും ഒന്നിലധികം ഭീക്ഷണി കത്തുകള്‍ ലഭിച്ചുകൊണ്ടിരുന്നവനും, ഒന്നിലധികം പ്രാവശ്യം കൊലയാളികളുടെ ശ്രമത്തില്‍ നിന്നും രക്ഷപെട്ടവന്‍ എങ്ങനെ മറിച്ചു ചിന്തിക്കും. ആന്‍ഡ്രു അങ്ങനെയാണതിനെ ഇപ്പൊള്‍ വിലയിരുത്തുന്നത്. കിംഗിന്റെ കഥയില്‍ അദ്ദേഹത്തിന് അന്നേ ദിവസം സുഖമില്ലാതിരുന്നതുകൊണ്ടാണ് ആ സമരത്തില്‍ പങ്കെടുക്കാതിരുന്നതെന്ന് വായിച്ചിട്ടുണ്ട്. പക്ഷേ ജോണ്‍ ലൂയിസിന്റെ കഥയില്‍ പറഞ്ഞിരിക്കുന്നതു വിശ്വസിക്കാന്‍ ആന്‍ഡ്രു ഇഷ്ടപ്പെടുന്നത് സാഹചര്യ തെളിവുകളുമായി അത് കൂടുതല്‍ പൊരുത്തപ്പെടുന്നു എന്നതിനാലാണ്

. മരണം എല്ലവരേയും ഭയപ്പെടുത്തുന്നു. എന്നിട്ടോ ഓടിയൊളിയ്ക്കാന്‍ സ്ഥലമില്ലാത്തവനായി മരണത്തിന്റെ മുന്നില്‍ അവന്‍ എത്തപ്പെടുന്നു. ഡോ. കിംഗ് മരണത്തെ ഭയപ്പെട്ടിരുന്നുവോ....? . അഹിംസയെ ജീവിത വൃതമാക്കിയ ഗാന്ധിയും, കിംഗും താരതമ്മ്യം ചെയ്യപ്പെടുമ്പോള്‍...ഗാന്ധി ഒന്നിനേയും ഭയപ്പെട്ടിരുന്നില്ല എന്നു വിലയിരുത്താം... ആന്‍ഡ്രു, ജോണ്‍ ലൂയിസിന്റെ ആത്മകഥക്കിടിയില്‍ പറയാതെപോയ കാര്യം പൂരിപ്പിക്കാനായി തെല്ലിട നിന്നു. പൂരിപ്പിക്കാതെ പോയി എന്നു പറയുന്നതു ശരിയല്ല... ജോണ്‍ ലൂയിസ് ഡോ. കിംഗിനെ തികഞ്ഞ ആദരവോടെയാണു രേഖപ്പെടുത്തിയിരിക്കുന്നുന്നതെന്ന് ഓര്‍ത്ത് ആന്‍ഡ്രു കഥയിലേക്കു മടങ്ങി.

ജോണ്‍ ലൂയിസ് പറയുന്നു; അവസാന നിമിഷം ഡോ. കിംഗ് ജാഥയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നു പറഞ്ഞതിന്റെ കാരണം, ഞയറാഴ്ച ആരാധനയില്‍ പങ്കെടുക്കണമെന്നും, ഒന്നു രണ്ടു പൊതു പരിപാടികള്‍ ഒഴിവാക്കാന്‍ കഴിയില്ല എന്നുമാണ്. അതില്‍ ന്യായികരണം ഒട്ടും ഇല്ല. സമരംഒരുദിവസംകൂടി കഴിഞ്ഞ് നാളത്തേക്കു മാറ്റിവെയ്ക്കണമെന്നു പറഞ്ഞപ്പോള്‍, അവിടെ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ചര്‍ച്ചില്‍ പോയ നല്ല ഉടുപ്പുകളോടും, ഹീലുള്ള ചെരുപ്പുകളുമായി എത്തിയിരിക്കുന്നവര്‍ ഈ ജാഥയുടെ ഗൗരവം മനസ്സിലാക്കിയോ...? അഞ്ഞൂറോളം മൈല്‍ ഹൈവേയിലൂടെ നടക്കുക എന്നത് സാദ്ധ്യമോ?ഇനി കിംഗ് വന്നില്ല എന്നതിന്റെ പേരില്‍ ഈ മാര്‍ച്ച് മാറ്റിവെച്ചാല്‍ ഈ കൂടിവന്നവരുടെ ഒക്കെ മനസ്സില്‍ മറ്റൊരു സമരാഹ്വാനത്തെ എങ്ങനെ സ്വീകരിക്കപ്പെടും.ആര് സമരത്തെ നയിക്കും. 12മണിക്ക് തുടങ്ങണ്ട മാര്‍ച്ച് നാലുമണിവരേയും നേതാക്കളുടെ ഇടയിലെ സന്ദേഹത്താല്‍ തുടങ്ങാന്‍ പറ്റിയില്ല. ഒടുവില്‍ ഫോണില്‍ കൂടി കിംഗിന്റെ നിര്‍ദ്ദേശപ്രകാരം തന്നോടൊപ്പം സമരം നയിക്കാന്‍ ആണ്ടി, ഹൊസേ, ബീവല്‍ എന്നിവരില്‍ ഒരാളെ നിയമിക്കാന്‍ പറഞ്ഞപ്പോള്‍ അവര്‍ ചീട്ടിട്ട് ഹൊസേ തീരുമാനിക്കപ്പെട്ടു. തന്നോടൊപ്പം ഹൊസേയും ആ ചരിത്രത്തില്‍ ചേര്‍ക്കപ്പെട്ടു. നാലുമണിക്ക് മാര്‍ച്ച് തുടങ്ങുമ്പോള്‍ എല്ലാവരുടെയും മനസ്സില്‍ ആശങ്കകള്‍ ഉണ്ടായിരുന്നു. അതിക്രുരമായ മര്‍ദ്ദനം പ്രതീക്ഷിച്ചു. ജാഥ എത്ര ദൂരം മുന്നോട്ടു പോകും എന്നതിനും ഉറപ്പില്ലായിരുന്നു. എന്തായാലും പുറകോട്ടില്ല എന്ന തന്റെ ഉറച്ച തീരുമാനം ജാഥാ അംഗങ്ങളെ ആവേശിപ്പിച്ചപോലെ ജോണിനു തോന്നി. മുന്നില്‍ മരണം പത്തിവിടര്‍ത്തി നില്‍ക്കുന്നതായി തോന്നിയെങ്കിലും ഒരു കറുത്തവന്റെ അവകാശസമരത്തെ നയിക്കാന്‍ നിയോഗിക്കപ്പെട്ടവന്റെ ആവേശവുമായി മുന്നോട്ടു നടന്നു.

ആയിരക്കണക്കിനു സമരങ്ങളില്‍ പങ്കെടുത്തവന്... ഈ ജാഥയെ നയിക്കുന്നവന്... പങ്കെടുക്കുന്നവര്‍ക്കെന്നപോലെ ഉള്ളില്‍ അകാരണമായ ഒരു ഭയം അലയടിക്കുന്നപോലെ. ഒരു സമരത്തിന്റെ ആവേശം ആരിലും കണ്ടില്ല. മുദ്രാവാക്യം വിളിയോ, പാട്ടു പാടുകയോ ചെയ്യാന്‍ മറന്നവരെപ്പോലെ റോഡില്‍ രണ്ടു വരിയായിഒരു ശവമടക്കിനെന്നപോലെ നടക്കുന്നു. എവിടെയോ വെളുത്തവന്‍ ഒരുക്കുന്ന കെണിയെക്കുറിച്ചുള്ള ഭയം അലയടിക്കുന്നു. ഡോ. കിംഗിന്റെ അഭാവം പലരേയും ആശങ്കപ്പെടുത്തുകയും, നാഥനില്ലാത്ത ഒരു സമരത്തെക്കുറിച്ചുള്ള വേവലാതിയും അവരെ മൗനികളാക്കിയിട്ടുണ്ടാകും. കറുത്തവന്റെ ആവാസ ഇടങ്ങളില്‍ റോഡരുകില്‍ കൂടിയവര്‍ ക്രിസ്തുവിന് ഓശാന പാടിയവരെപ്പോലെ അവര്‍ക്കുനേരെ കൈവീശുകയും, സമരഗാനങ്ങള്‍ ആലപിക്കുകയും ചെയ്‌തെങ്കിലും, അവരുടെ പാര്‍പ്പിടങ്ങള്‍ കഴിഞ്ഞപ്പോള്‍ നിശബ്ദതബാധിച്ചവരപ്പോലെ അവരുടെ കാല്പാടുകളുടെ താളം മാത്രം കോട്ടുകൊണ്ടവര്‍ നടന്നു. അവിടെ ജോണ്‍ രണ്ടു കാര്യങ്ങള്‍ ഓര്‍ത്തു; ഗാന്ധിയുടെ ദണ്ഡി യാത്രയും, ഡോ. കിംഗിന്റെ വചനങ്ങളും'; ഉറച്ച കാലുകളോടെ നടക്കുന്നവന്റെ കാലടികളുടെ താളത്തേക്കാള്‍ ശക്തമായ ഒന്നും ഒരു പോരാളിയെ പ്രചോദിപ്പിക്കില്ല. ആ താളമായിരുന്നു അപ്പോള്‍ അവരെ നടത്തിയത്.കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തതയായിരുന്നതെന്നവര്‍ അറിഞ്ഞില്ല. 'എഡ്മന്‍ഡ് പെറ്റസ് ബ്രിഡ്ജ്' കടന്ന് റൂട്ട് 80 യില്‍ കടക്കുന്നതിനു മുമ്പ് അവര്‍ തടയണ പണിതിരിക്കുന്നു. ആര്‍ച്ച് ബ്രിഡ്ജിന്റെ മറുകരയില്‍ നീല യൂണിഫോമിട്ട സ്റ്റേറ്റ് ട്രുപ്പേഴ്‌സിന്റെ കടല്‍. മനസ്സിലെ ആശങ്കകള്‍ നേരായിരിക്കുന്നു. പാലത്തിനടിയില്‍ ഒഴുക്കില്ലാത്ത കലങ്ങിയ വെള്ളത്തില്‍ സന്ധ്യയുടെ ചെറുകാറ്റിന്റെ ഓളം. തിരിഞ്ഞോടാന്‍ കഴിയില്ല. അതു സമരത്തിന്റെ വഴിയല്ല. ഹൊസെ ചെറുചിരിയോട് ചോദിക്കുന്നു നിനക്ക് നീന്തല്‍ അറിയാമോ... ഹൊസയുടെ മനസ്സില്‍ എന്തായിരുന്നു... നീന്താന്‍ അറിയാത്ത രണ്ടു സമരനേതാക്കള്‍ പരസ്പരം നോക്കി, തങ്ങളുടെ പിന്നിലെ സമരസേനാനികള്‍... മുന്നിലെ സൈനീകര്‍ .... പരസ്പരം ഒന്നും പറയാതെ അവര്‍ ചിരിച്ചു. എന്നിട്ട് മുന്നോട്ടു നോക്കി ... നമുക്ക് പോയേ മതിയാകു. അതു നേതാവിന്റെ തീരുമാനമായിരുന്നു.

പാലം തീരുന്നതിനു മുമ്പായി സ്റ്റേറ്റ് ട്രൂപ്പേഴ്‌സിന്റെ മേധാവി അവര്‍ക്കു മുന്നറീപ്പു നല്‍ക്കി. അനധിക്കൃതമായ സമരത്തില്‍ നിന്നും പിന്‍തിരിയുക.പക്ഷേ സമരത്തിന് മുന്നോട്ടുള്ള വഴിയെ അറിയു എന്ന മറുവാദം അവര്‍ പ്രതീക്ഷിച്ചപോലെ അവര്‍ ഒന്നു ചിരിച്ചു. കാര്യങ്ങള്‍ അവരുടെ വഴിക്കെന്നവര്‍ കണക്കു കൂട്ടി. പെട്ടന്ന് ഉള്ളില്‍ ഉദിച്ച ഒരു വെളിച്ചത്താല്‍ എന്നപോലെ ഈ നിഷ്‌ക്കളങ്കാരായവരെ ഈ വേട്ടപ്പട്ടികളുടെ മുന്നിലേക്കെറിഞ്ഞു കൊടുത്താലത്തെ അവസ്ഥ.... അതിലേറയും വേഷം മാറിയ ക്ലാനുകള്‍ എന്ന തിരിച്ചറിവ് മുന്നനുഭവങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞിരുന്നു. പോലീസ് മേധാവി തന്ന തിരിഞ്ഞോടാനുള്ള രണ്ടു മിനിറ്റ് തീരാന്‍ തുടങ്ങുന്നു. ഇനി ഒരു അവസരം അവര്‍ അനുവദിക്കില്ല എന്നും മുന്നനുഭവങ്ങള്‍ പഠിപ്പിക്കുന്നു. പെട്ടെന്ന് ഹൊസയോടു പറഞ്ഞു എല്ലാവരും മുട്ടുകുത്തി പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെടാന്‍. ആ പാലം ഒരു പ്രാര്‍ത്ഥനാലയമായി കണ്ട് എല്ലാവരും മുട്ടുകുത്തി.പിന്നെ നടന്നതൊന്നും ഓര്‍മ്മിച്ചെടുക്കാന്‍ കഴിയുന്നില്ല. മുട്ടികുത്തി പാലത്തില്‍ ദൈവത്തിനായി കാത്തവര്‍ക്കിടയിലേക്ക് സ്റ്റേറ്റ് ട്രൂപ്പേഴ്‌സ് കയറി നിരങ്ങി എന്നു പറഞ്ഞാല്‍ ആ ക്രൂരതെയെ മുഴുവന്‍ ആവാഹിക്കാന്‍ കഴിയുമോ. ജോണ്‍ ലൂയിസിന്റെ തല ലാത്തികൊണ്ട് അടിച്ച് പിളര്‍ത്തിയവന്‍ കലിതീരാതെ തലങ്ങും വിലങ്ങും അടിച്ചു. അടി ഒരാളിലേക്ക് ഒതുക്കിയില്ല. അടികൊണ്ട് വീണവരുടെ മേല്‍ കുതിരകളെ കയറ്റി ചവിട്ടിച്ചു. കൈയ്യും കാലും ഒടിഞ്ഞവര്‍, തലപിളര്‍ന്നവര്‍, കുതിരയുടെ കുളമ്പിനാല്‍ മുഖം പൊളിഞ്ഞവര്‍, ടീയര്‍ ഗാസിനാല്‍ കണ്ണുകാണാത്തവര്‍, മനഃപ്പിരട്ടലിനാല്‍ ഛര്‍ദിക്കുന്നവര്‍. ചോരയാല്‍ മൂടിയ കണ്ണുകളില്‍ ഒരു കുട്ടിയുടെ പിളര്‍ന്ന തല ജോണിന്റെ ചേതനയെ മരവിപ്പിക്കുന്നു. സ്വാതന്ത്ര്യ യാത്രയുടെ ബാക്കി പത്രങ്ങള്‍.... മുറിവുകളെ വകവെയ്ക്കാതെ എങ്ങനെയോ യാത്ര തുടങ്ങിയ ചര്‍ച്ചില്‍ എത്തിച്ചേര്‍ന്നു. പത്ര റിപ്പോര്‍ട്ടേഴ്‌സിന്റെ വാര്‍ത്ത്കളില്‍ നിന്നും അറിഞ്ഞ പീഡ്‌ന പര്‍വ്വത്തില്‍ മനസ്സു നൊന്തില്ല.സ്വാതന്ത്ര്യത്തിനുവേണ്ടി ഒരൊരുത്തരും താന്താങ്ങളുടെ പങ്കുവഹിക്കട്ടെ..... ഗവര്‍ണര്‍ ജോര്‍ജ് വാലസ് ക്രൂരതയുടെ പര്യായമായി ചരിത്രത്താളുകളില്‍ ഇടം പിടിക്കാതിരിക്കില്ല.

ജോണ്‍ ലൂയിസിന്റെ ആത്മകഥ ആന്‍ഡ്രുവിന്റെ മനസ്സിനെ നോവിച്ചു. രാത്രി ഏറെചെന്നിട്ടും, പുസ്തകം മടക്കി ഉറക്കത്തെ കാത്ത് കണ്ണടക്കുമ്പോഴേക്കും ആയിരങ്ങളുടെ നിലവിളി അന്തരീക്ഷത്തില്‍, കിരാതരുടെ അട്ടഹാസങ്ങളെ മറികടന്ന് മുഴങ്ങുന്നു. ജോണിന്റെ സമരങ്ങളും, ഏറ്റ പീഡനങ്ങളുടെ കഥകളും ഇവിടെ അവസാനിക്കുന്നില്ല. നാളെത്തെ കഥപറച്ചില്‍ റീന ഏറ്റെടുക്കട്ടെ.. ഒരിയ്ക്കല്‍ക്കുടി ആന്‍ഡ്രു ഉറപ്പിച്ചു.. ജോണിനെ പൂര്‍ണ്ണമായി അവതരിപ്പിക്കാന്‍ തനിക്കു കഴിയില്ല എന്നൊരു തോന്നല്‍. സമരങ്ങളുടെ കാലം കഴിഞ്ഞപ്പോള്‍ അറ്റ്‌ലാന്റയില്‍ നിന്നുള്ള സ്റ്റേറ്റ് റെപ്രസന്റേറ്റിവായി് ദീര്‍ഘകാലം സേവനം ചെയ്ത ജോണ്‍ ലൂയിസിന്റെ പേരില്‍ ഒരു സിവില്‍റൈറ്റ് ആക്റ്റ് സഭയില്‍ പാസാക്കാന്‍ സമ്മതിക്കാത്ത റിപബ്ലിക്കന്‍ പാര്‍ട്ടി പഴയ സെഗ്രിഗേഷന്‍ മനോഭാവത്തില്‍ തന്നെയെന്ന് ആന്‍ഡ്രു ഓര്‍ത്തു..

''2020 ജൂലൈ 17ന് ചരിത്ര രേഖയിലെ ഒന്നാമത്തെ ലിഖിതം ജോണ്‍ ലൂയിസിന്റെ മരണവാര്‍ത്തയായിരിക്കുമോ...? ചിലപ്പോല്‍ ആയിരിക്കില്ല. അറ്റ്‌ലാന്റയില്‍ നിന്നുള്ള ഒരു കോണ്‍ഗ്രസ് അംഗം എന്നുമാത്രം അടയാളപ്പെടുത്തി ചരിത്രം മാറിനില്‍ക്കുമോ.... കറുത്തവന്റെ അവകാശ സമരങ്ങളുടെ നെടും തൂണായി, അഹിംസയുടെ ഒന്നാം നിരക്കരനായി, ഏറ്റുവാങ്ങിയ പീഡങ്ങള്‍ രേഖപ്പെടുത്തുമോ.... ക്യാന്‍സറായി മരിക്കുന്നതുവരേയും സമരങ്ങളുടെ മുന്‍പന്തിയില്‍ നിന്നവനെ സ്വന്തം ജനതയും മറക്കുമോ....കാറ്റിനൊപ്പം ജീവിച്ചവനെ കാലം എങ്ങനെയൊക്കെ അടയാളപ്പെടുത്തുമെന്ന് കാലം പറയട്ടെ....''ആന്‍ഡ്രു ഉച്ചസമയത്തെ കഥാവേളയില്‍ ആരൊടെന്നില്ലതെ പറഞ്ഞ് റീനയെ നോക്കി. റീന എന്തു പറയണം എന്നറിയാതെ സാമിനേയും , തെരേസയേയും, ലെമാറിനേയും ഒക്കെ മാറിമാറി നോക്കിയതെയുള്ളു. ജോണ്‍ ലൂയിസിനെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ഗാന്ധിയേയും, അഹിംസയേയും മുറികെപ്പിടിച്ചവനെന്നവര്‍ക്ക് അറിയില്ലായിരുന്നു. കറുത്ത വംശജരുടെ നേതാവായി ഡോ. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍ എന്നേ എല്ലാവരും അറിയു.ആന്‍ഡ്രു ജോണ്‍ ലൂയിസിനെക്കുറിച്ചു പറഞ്ഞതൊക്കെ പുതിയ അറിവുകളായിരുന്നു. പുതിയ കാലത്തില്‍ മാത്രമല്ല പഴമയിലും കറുത്തവര്‍ സ്വയം നിര്‍മ്മിതനായിരുന്നു. കൂട്ടാഴ്മയിലുടെയുള്ള പൊതുപ്രവര്‍ത്തനത്തില്‍ ഇറങ്ങുമ്പോഴും സ്വന്തം ലാഭത്തില്‍ ഊന്നിയുള്ള ചിന്തയിലായിരിക്കും അവന്റെ മനസ്സ് ഉടക്കികിടക്കുന്നത്. ഒരിയ്ക്കലും ഒരു നേതാവിന്റെ പിന്നില്‍ അവര്‍ അണിനിരന്നിട്ടുണ്ടോ....? അമേരിയ്ക്കയുടെ ചരിത്രത്തിലെ ഏറ്റവും പേരുകേട്ട രണ്ടു ജനകീയ നേതാക്കളുടെ പേരു പറയാന്‍ അവര്‍ക്കു കഴിയുമോ...? തീര്‍ച്ചയായും മാല്‍ക്കം എക്‌സും മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറും വലിയ നേതാക്കള്‍ തന്നെയായിരുന്നു. രണ്ടുപേരുടെയും മാര്‍ഗ്ഗം രണ്ടായിരുന്നു. ഒരാള്‍ ആയുധത്തെ സ്‌നേഹിച്ചപ്പോള്‍ മറ്റേയാള്‍ അഹിംസയുടെ വഴികള്‍ തേടി. രണ്ടു പേരും കൊല്ലപ്പെട്ടു. പ്ലന്റേഷനുകളില്‍ ഒറ്റപ്പെട്ടവരുടെ ജീവിതം ശീലിച്ചവരുടെ പിന്‍ഗാമികള്‍ക്ക് പൊതുവായതൊന്നും ഇല്ലായിരുന്നു. അവരുടെ പൊതു ഇടം ഇടവകപള്ളികളായിരുന്നു. പാസ്റ്റര്‍ പറയുന്നതില്‍ കവിഞ്ഞ് അവര്‍ക്ക് മറ്റൊന്നില്ലായിരുന്നു. ഈ വിലയിരുത്തല്‍ പൂര്‍ണ്ണമോ...? ആന്‍ഡ്രു തന്റെ മനസ്സിലെ ചിന്തകള്‍ ആരോടും പറയാതെ വെറുതെ വിദൂരതയില്‍ എവിടെയോ നോക്കി.

1860 ലും, 1960 ലും, 2020 ലുംചരിത്രത്തിന്റെ ആവര്‍ത്തനങ്ങള്‍ ആണെല്ലോ എന്ന് ആന്‍ഡ്രു ഖേദപ്പെട്ടു. ഇപ്പോള്‍ അമേരിയ്ക്ക കടന്നു പോകുന്ന ചരിത്ര നിയോഗങ്ങളുടെ സാക്ഷിയാകുക എന്ന വേഷവും തനിക്കവകാശപ്പെട്ടതോ... കഴിഞ്ഞ നാലഞ്ചുവര്‍ഷമായി ഈ രാജ്യത്തിന്റെ രാഷ്ടീയ ചരിത്രം ഏതൊ ദശാസന്ധിയിലൂടെ കടന്നുപൊയിക്കൊണ്ടിരിക്കുന്നു. ഒരു ദുഷ്ടഗ്രഹം ഈ നാടിന്റെ ശാപമായി, ഇവിടുത്തെ ജനാധിപത്യത്തെ ഇല്ലാതാക്കാന്‍ ഗൂഡാലോചന നടത്തിക്കൊണ്ടേയിരിക്കുന്നു. ക്രിസ്ത്യന്‍ വര്‍ഗ്ഗീയതയാണ് അവര്‍ക്ക് കൂട്ട്. ഇന്ത്യയില്‍ ഹിന്ദു വര്‍ഗ്ഗിയതയും, ഗള്‍ഫു നാടുകളില്‍. മുസ്ലീം വര്‍ഗ്ഗീയതയും ഇതേ കര്‍മ്മത്തില്‍ ഏര്‍പ്പെട്ട്, എല്ലാവര്‍ഗ്ഗിയതയും പരസ്പരം സഹായിക്കുന്നു. അവരുടെ നേതാവ്. സ്വയം രക്ഷകന്‍ എന്നു വിളിയ്ക്കുന്നു. അവനെ പിന്തുണയ്ക്കാന്‍ ഏകാധിപത്യം കൊതിക്കുന്നവര്‍ പിന്നാലെയുണ്ട്. ഹിറ്റ്‌ലറാണവരുടെ ആരാധനാമൂര്‍ത്തി. ജനാധിപത്യത്തെ കുരുതികൊടുക്കാന്‍ തല്പരരായ ഏറെപ്പേര്‍ അവനൊപ്പം ഉണ്ട്. ജനുവരി 6ന് കലാപത്തിലൂടെ രാജ്യഭരണം പിടിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും അതു പരാജയപ്പെട്ടതില്‍അവര്‍ അസ്വസ്ഥരാണ്. അമേരിക്കന്‍ ജനാധിപത്യം പരാജയപ്പെടുമോ...? എങ്കില്‍ ലോക സംവിധാനമാകെ തകിടം മറിയും. ഏകാതിപത്യവാദികാളായി ഭുമിയിലെ രാജാക്കന്മാരാകാന്‍ കൊതിക്കുന്നവരുടെ ഒരു നീണ്ട നിരതന്നെയുണ്ടാകും.

അമേരിയ്ക്കയുടെ മനസ്സിനെന്തു പറ്റി. അതു വര്‍ഗ്ഗീയതയുടെ പാതയിലിലേക്കു ചുവടു മാറ്റുകയാണോ? ജോണ്‍ ലൂയിസിന്റെ കാറ്റിനൊപ്പം നടന്നവന്റെ ആത്മകഥ എഡ്മണ്ട് പീറ്റസ് ബ്രിഡ്ജിലെ ബ്ലെഡി സന്‍ഡെയുടെ ഓര്‍മ്മകളില്‍ എത്തിയപ്പോള്‍.... മനുഷ്യന്‍ എന്ന വാക്കിനു പുതിയ അര്‍ത്ഥം പകരുന്ന കിരാതന്മാരുടെ വര്‍ണ്ണവെറിയില്‍ നോവുന്ന മനസ്സുമായി കഥപറയാന്‍ ഇരുന്ന ആന്‍ഡ്രുവിന്റെ മനസ്സ് മരവിച്ചു നിന്നു. അടികൊണ്ടുവിണവന്റെ ദേഹത്തൂടെ കുതിരകളെ കയറ്റിവിട്ടവരെ എങ്ങനെ അവതരിപ്പിക്കണം എന്നറിയില്ല.

2021 ജനുവരി 6ലെ കലാപം വിജയിക്കാതെ പോയെങ്കിലും അമേരിയ്ക്കന്‍ ജനാധിപത്യം ഇപ്പോഴും തുലാസില്‍ ആണ്.കുടിയേറ്റക്കാരുടെ ഭൂമിയായ അമേരിയക്കയുടെ ജനാധിപത്യം സംരക്ഷിക്കപ്പെടെണ്ടത് തന്റേയും തലമുറകളുടെയും ആവശ്യമാണ്. ക്യുന്‍സി തോട്ടത്തില്‍ ആദ്യമായി കഴുവേറിയ ഗ്രെഗറിയുടെ ആത്മാവില്‍ തുടങ്ങിയ ചരിത്രം ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ കഴുത്തില്‍ അമര്‍ന്ന മുട്ടുകാലിന്റെ ഏഴുമിനിറ്റില്‍ ഒത്തിരിയേറേ ആത്മാക്കളുടെ നിലവിളി കേള്‍ക്കുന്നില്ലെ. ഇനി നീണ്ടുവരുന്ന അവരുടെ തോക്കുകളോ, കാല്‍മുട്ടുകളോ ഞങ്ങളുടെ തലമുറകളുടെ നേരെ എന്നാണാവോ ഇറങ്ങിവരുക. ആന്‍ഡ്രുവിന്റെ കണ്ണുകള്‍ നിറയുന്നതിന്റെ പൊരുള്‍ തിരിയാതെ റീന അയാളെ നോക്കി.

“റീന സമരങ്ങള്‍ തീരുന്നില്ല…!” ആന്‍ഡ്രു പറഞ്ഞു. റീന സാമിനെ ചാരി കിതച്ചു.

ശുഭം

അവസാനിച്ചു

Read More: https://emalayalee.com/writer/119


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക