Image

സിനിമ - വചനം (എന്റെ പാട്ടോർമ്മകൾ . 17: അമ്പിളി കൃഷ്ണകുമാർ.

Published on 23 December, 2024
സിനിമ - വചനം  (എന്റെ പാട്ടോർമ്മകൾ . 17:  അമ്പിളി കൃഷ്ണകുമാർ.

റേഡിയോയിലൂടെ കേൾക്കുന്ന ചലച്ചിത്ര ഗാനങ്ങൾ ആസ്വാദ്യകരമായ കൗമാര കാലഘട്ടം. 

അന്നൊക്കെ ഞാനേറ്റവും കൂടുതൽ തവണ ശ്രദ്ധിച്ചു കേട്ടിട്ടുള്ള ചില പാട്ടുകളിലൊന്നാണ് വചനം എന്ന ലെനിൽ രാജേന്ദ്രൻ സിനിമയിലെ ,

 'നീർമിഴിപ്പീലിയിൽ നീർമണി തുളുമ്പി '

എന്നു തുടങ്ങുന്ന ഗാനം. അതിനു കാരണങ്ങൾ പലതാണ്. ഒന്നാമതായി ഇതൊരു റൊമാന്റിക് മെലഡി ഈണത്തിലുള്ളതാകയാൽ .. റൊമാന്റിക്ക് പാട്ടുകളെ കൂടുതലിഷ്ടപ്പെടാൻ തുടങ്ങിയ കാലഘട്ടമായിരുന്നല്ലോ അത്. ചലച്ചിത്ര ഗാനങ്ങളിലെ വരികൾ ശ്രദ്ധിക്കുന്ന ശീലമുണ്ടായിരുന്ന എനിക്ക് അതിലെ ആദ്യവരികൾ എത്ര കേട്ടിട്ടും എന്തോ ഒരപാകത തോന്നി.

            തീരെച്ചെറുതും കുഴിയിലായിപ്പോയതുമായ കണ്ണുകളുള്ള എന്നെ , സ്കൂൾ ക്ലാസിലെപ്പൊഴോ ഒരു കുട്ടി തമാശക്ക്  'കുഴിയങ്കണ്ണി ' എന്ന് ഇരട്ടപ്പേര് (വട്ടപ്പേര്) വിളിച്ചത് എന്നെ അപകർഷതാബോധത്തിന്റെ പടുകുഴിയിലേക്കെടുത്തെറിയപ്പെട്ടിട്ടുണ്ടായിരുന്നു. നല്ല കണ്ണുകളാണ് ഒരു പെൺകുട്ടിയുടെ ഐശ്വര്യം  ' എന്ന അവളുടെ വാക്കുകളിൽ, പിന്നെ ഏതു നല്ല വിടർന്ന ഭംഗിയുള്ള കണ്ണുകളുള്ള പെൺകുട്ടിയെ കണ്ടാലും കൊതിയോടെ, തെല്ലസൂയയോടെ മാറി നിന്ന് ആരാധനയോടെ നോക്കുമായിരുന്നു. അതിനാൽത്തന്നെ കണ്ണുമായി ബന്ധപ്പെട്ടതെന്തും വളരെ ആകാംക്ഷയോടെ ശ്രദ്ധിക്കുന്ന ഒരു ശീലം കാരണമാകാം ഞാനാ വരികളെ ഇത്ര മനസ്സിലിട്ടു താലോലിച്ചതെന്നു തോന്നുന്നു. പക്ഷേ...,നീർമിഴിപ്പീലിയിൽ പിന്നെയുമെങ്ങിനെയാണ് നീർമണി തുളുമ്പുന്നതെന്ന സംശയം മാത്രം ബാക്കി നിന്നു .  'നീൾമിഴി ' എന്നായിരുന്നെങ്കിലതെന്നാലോചിച്ചു പോയി. പാട്ടെഴുതിയ ഒ.എൻ.വി ക്ക് എന്തായാലും തെറ്റുപറ്റില്ല ഉറപ്പ്. ഇനിയെന്റെ മനസ്സിൽ 'നീൾമിഴി ' ഇങ്ങനെ നിറഞ്ഞു നിൽക്കുന്ന കാരണം എനിക്കതാണു ശരിയെന്നു തോന്നുന്നതായിരിക്കുമോ..? അല്ലാതെ വരാൻ വഴിയില്ല. എന്തായാലും സിനിമാ ചർച്ചയും പാട്ടുചർച്ചയുമെന്നും നടത്താൻ പറ്റിയ  'ഇട 'ങ്ങൾ അന്നില്ലാതിരുന്ന കാരണം എന്റെയാ സംശയം ഞാനുമെവിടെയോ ഉപേക്ഷിച്ചു. അല്ലെങ്കിലും സിനിമ കാണുന്നതും പാട്ടുകേൾക്കുന്നതും പോലും അന്ന് വീട്ടിൽ  'നല്ലകുട്ടി ' യുടെ ശീലങ്ങളിൽപ്പെടുന്ന കാര്യങ്ങളല്ലാത്തതിനാൽ അതിന്റെ ചർച്ചകളും നടത്താൻ നിർവ്വാഹമില്ലായിരുന്നു.

                ഒരുപാടു വർഷങ്ങൾക്കുശേഷം, ഞാനിപ്പോൾ എന്റെ പാട്ടോർമ്മകളെ ഓരോന്നായി കുറിച്ചിടാൻ തുടങ്ങി. ഞാൻ നടന്ന വഴികളിലൂടെ എന്റെയൊപ്പം സഞ്ചരിച്ച ആ പാട്ടുകളെ അടയാളപ്പെടുത്തിയപ്പോൾ ആ വരികൾ എന്നിൽ നിറച്ച സന്തോഷം, ആഹ്ളാദം, പ്രണയം, ദുഃഖം, വിരഹം, വാത്സല്യം, എല്ലാമെല്ലാം ഒന്നിനുപിറകേ ഒന്നായി പെയ്തിറങ്ങാൻ വെമ്പി.. അന്നെന്നെയൊരുപാടു കരയിപ്പിച്ച , എനിക്കില്ലാതെ പോയ അച്ഛൻ സ്നേഹത്തിന്റെ വാത്സല്യം നിറഞ്ഞ 'പാഥേയം ' എന്ന സിനിമയിലെ 'ചന്ദ്രകാന്തം കൊണ്ടു നാലുകെട്ട്'    എന്ന പാട്ടിലെ മാസ്മരികത , അതെന്നിലുണ്ടാക്കിയ വികാരങ്ങൾ ഒക്കെ ഞാനെഴുതിയത് വായിച്ച ഒരു മാഡം എന്നെ മലയാളം ഫിലിം ചേമ്പറിന്റെ ഒരു വെബിനാറിൽ ഗാനനിരൂപണം ചെയ്യാൻ അതിഥിയായി വിളിച്ചു. എന്റെ മറ്റെഴുത്തുകൾ വായിച്ചിട്ടുള്ളതിനാൽ എനിക്ക് ഗാന നിരൂപണവും വഴങ്ങുമെന്നവർ കണ്ടെത്തി. പ്രശസ്ത ഗാനരചയിതാക്കളായ ശ്രീ മുരുകൻ കാട്ടാക്കട, ബീയാർ പ്രസാദ് , ശ്രീ റഫീക്ക് അഹമ്മദ് എന്നിവരായിരുന്നു മുഖ്യ അതിഥികൾ. അവരുടെ ഓരോ ഗാനങ്ങൾ അവർക്കു മുന്നിൽ അവലോകനം ചെയ്യുക എന്നതായിരുന്നു എന്റെ ദൗത്യം. പാട്ടെഴുതിയവരുടെ മുന്നിൽ അവരെഴുതിയ പാട്ടിന്റെ വരികളെ ഞാൻ കീറിമുറിച്ച് അവലോകനം ചെയ്യുമ്പോൾ അവരുദ്ദേശിച്ച അർത്ഥമായിരിക്കുമോ ഞാൻ പറയുന്നത് എന്നൊക്കെയുള്ള ആശങ്കകളുണ്ടായിരുന്നു. എന്നാൽ എന്റെ നിരൂപണം കഴിഞ്ഞപ്പോൾ വളരെ നല്ല അഭിപ്രായമാണവരുടെ ഭാഗത്തു നിന്നുണ്ടായത്.

 "ഇതിപ്പോ ഞങ്ങൾ എഴുതിയതാണോന്ന് തന്ന സംശയം .  ഈ പാട്ടിനിത്രയും സൗന്ദര്യമുണ്ടെന്ന് അമ്പിളി പറഞ്ഞപ്പോഴാണ് ഞങ്ങൾക്കു തന്നെ മനസ്സിലായത്. " 

എന്ന അവരുടെ മറുപടി എനിക്കു കിട്ടിയ വലിയ ഒരു അവാർഡായി മനസ്സിൽ സൂക്ഷിക്കുന്നു. ഹൃദയം നിറഞ്ഞ അവാർഡ്.! ഒപ്പം എന്റെയെഴുത്തിൽ എനിക്കുള്ള ആത്മവിശ്വാസവും കൂടുതലെഴുതാനുള്ള പ്രചോദനവുമായി.

                 പാട്ടെഴുത്തിന്റെ വിവിധ രീതികൾ, അനുഭവങ്ങൾ, വിവിധ തലങ്ങൾ, കുട്ടനാടൻ ഗ്രാമീണ പശ്ചാത്തലം പാട്ടെഴുത്തിൽ ചെലുത്തിയ സ്വാധീനങ്ങൾ ഒക്കെ ആ വെബിനാറിൽ ശ്രീ ബീയാർ പ്രസാദ് സർ വളരെ പ്രയോജനകരമായ ഒരുപാടു കാര്യങ്ങൾ പങ്കുവച്ചു. കൂട്ടത്തിൽ, വചനം എന്ന സിനിമയിലെ  'നീർമിഴിപ്പീലിയിൽ ' എന്നു തുടങ്ങുന്ന പാട്ട് യഥാർത്ഥത്തിൽ 'നീൾമിഴിപ്പീലിയിൽ' എന്നാണ് ശ്രീ ഒ എൻ.വി.  എഴുതിക്കൊടുത്തതെന്നും യേശുദാസ്  അത് തെറ്റായി ഉച്ചരിച്ച് പാടിയതാണെന്നും പറഞ്ഞു. പിന്നെയത് ശ്രദ്ധയിൽപ്പെട്ടപ്പോൾ തിരുത്താനവസരം കിട്ടാതെ, (യേശുദാസ്  റെക്കോഡിംഗ് കഴിഞ്ഞുടനെ അമേരിക്കയിലേക്കുപോയ കാരണം, ) അതങ്ങനെ തന്നെ സിനിമയിലുൾപ്പെടുത്തേണ്ടി വന്ന കഥയും പറഞ്ഞു. വർഷങ്ങളായി ഞാൻ തേടിയ ചോദ്യത്തിനുത്തരം കിട്ടിയ സന്തോഷമായിരുന്നെനിക്ക് അതു കേട്ടപ്പോൾ. അല്ലെങ്കിലും നീർമിഴിപ്പീലിയിൽ വീണ്ടും നീർമണി തുളുമ്പേണ്ട കാര്യമില്ലല്ലോ എന്ന ചോദ്യത്തിനുത്തരം കിട്ടിയ സന്തോഷ നിമിഷം. പിന്നെ ഞാൻ ഒ.എൻ വി യുടെ പഴയ ഒരിന്റർവ്യൂ കേൾക്കാനിടയായി. ആ വരികൾ തെറ്റായി പാടിയത് കേൾക്കുമ്പോൾ വളരെയധികം വിഷമം തോന്നിയിരുന്നുവെന്ന്. 

                       ആദ്യവരിയിലെ ഉച്ചാരണപ്പിശകോടെ, അങ്ങനെ ആ ഗാനമിറങ്ങിയെങ്കിലും ആ പാട്ടിന്റെ സ്വീകാര്യതയെ അതൊട്ടും തന്നെ ബാധിച്ചില്ലാ എന്നത് ഒരു ഭാഗ്യമായി. അധികമാരും അതറിഞ്ഞില്ല. കാരണം അത്രയും സുന്ദരമായി റൊമാന്റിക് ഈണം കൊടുത്ത് മോഹൻ സിത്താര ഈ പാട്ടിനെ മനോഹരമാക്കിയിരുന്നു.

              പ്രപഞ്ചത്തിലെ മൗനം മുഴുവനുമൊളിപ്പിച്ച ആ നീൾ മിഴിപ്പീലികളിൽ തുളുമ്പി നിൽക്കുന്ന നീർക്കണങ്ങൾക്കെന്തൊരു തിളക്കമാണ്..! അവരുടെ ഉൾപ്പൂവിന്റെ തുടിപ്പുകളറിഞ്ഞ സഹയാത്രികർ. ഉള്ളിലെ സ്നേഹപ്രവാഹം ഒരു തുള്ളി പോലും വെളിയിലേക്കു തുളുമ്പാതെ മാനസ ഭാവങ്ങളെയെത്ര ഭംഗിയായി മൗനത്തിലൊളിപ്പിച്ചു വച്ചിരിക്കുന്നുവെന്നു നോക്കൂ.. നീൾമിഴിയെന്ന കവിഭാവനയെത്ര മനോഹരം..! കണ്ണുനീർ തുടയ്ക്കാതെയുള്ള അവളുടെയാ നിൽപ്പിന് അർത്ഥതലങ്ങളേറെയാണ്.

              പരസ്പരം പറയാതെ , അറിയാതെ , നിറഞ്ഞ കണ്ണുനീർ തുള്ളിയിലാണ് കവി ആ വാക്കുകളെ ഒളിപ്പിച്ചു വച്ചിരിക്കുന്നത്. കണ്ണുനീർ തുടയ്ക്കാതെയുള്ള അവളുടെയാ നിൽപ്പിനെന്തൊരഴകാണ്.

 അവിടെ കവി മൗനത്തെ നോട്ടം കൊണ്ടാണ് വാചാലമാക്കുന്നത്. ആ അർത്ഥവത്തായ നോട്ടങ്ങളെ സിത്താരയും സുരേഷ് ഗോപിയും ജയറാമും അർത്ഥവത്താക്കി ഭംഗിയായി ചെയ്തിരിക്കുന്നത് നോക്കൂ. ആ ഗാന ചിത്രീകരണ പശ്ചാത്തലവും അവരുടെ മൗനങ്ങളെ ഉൾക്കൊള്ളുന്നതായി കാണാം. കുന്നിൻ ചരിവുകളും മന്ദമാരുതനാൽ പതുക്കെയുലയുന്ന ചെറു ചെടികളും , ജയറാമിന്റെ ഗിത്താറും ഒക്കെക്കൂടിച്ചേർന്ന് ആ ഗാനത്തെ സമ്പന്നമാക്കുന്നുണ്ട്.

                'നാമറിയാതെ നാം കൈമാറിയ മോഹങ്ങൾ, നൊമ്പരങ്ങൾ '

എന്ന വരികൾ കേൾക്കുന്നവരും കൂടി അതിൽ ലയിച്ചിരുന്നു പോകും. മൗനമാണ് കവിതയെഴുതാൻ ഏറ്റവും നല്ലതെന്നും മൗനത്തിലൂടെ എങ്ങനെ കവിതയെഴുതാമെന്നും ആ വരികളിലൂടെ ഒ.എൻ വി നമുക്കു കാട്ടിത്തരുന്നു. ഇങ്ങനെയുള്ള ഒരുപാട് നല്ല നല്ല വരികൾ നമുക്കാസ്വദിക്കാനായി തന്നിട്ട് കവി എന്നന്നേക്കുമായി നിത്യ മൗനത്തിന്റെ വല്മീകത്തിൽ ചേക്കേറിയിരിക്കുന്നു. അവിടെയാ നക്ഷത്രക്കൂട്ടങ്ങൾക്കിടയിലിരുന്ന് ഭൂമിയിലേക്കു നോക്കുന്നുണ്ടാവുമിപ്പോൾ. കാരണം ഭൂമിയെ ഇത്രമേൽ സ്നേഹിച്ച ആ കവിക്കിങ്ങോട്ടു നോക്കാതിരിക്കാനാവില്ലല്ലോ. . . 

കവിക്ക് നിത്യ പ്രണാമം നേർന്നുകൊണ്ട് ...

  ------------------------

 നീള്‍മിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി..നീയെന്നരികില്‍ നിന്നൂ ..

കണ്ണുനീര്‍ തുടയ്ക്കാതെ..ഒന്നും പറയാതെ..

നിന്നൂ ഞാനുമൊരന്യനെപ്പോല്‍ വെറും അന്യനെപ്പോല്‍ .. (നീള്‍മിഴിപ്പീലിയില്‍)

ഉള്ളിലെ സ്നേഹപ്രവാഹത്തില്‍ നിന്നൊരു തുള്ളിയും വാക്കുകള്‍ പകര്‍ന്നീല്ലാ..

ഉള്ളിലെ സ്നേഹ പ്രവാഹത്തില്‍ നിന്നൊരു തുള്ളിയും വാക്കുകള്‍ പകര്‍ന്നീല്ലാ..

മാനസഭാവങ്ങള്‍ മൌനത്തില്‍ ഒളിപ്പിച്ചു മാനിനീ ഞാനിരുന്നൂ.. (നീള്‍മിഴിപ്പീലിയില്‍)

അജ്ഞാതനാം സഹയാത്രികന്‍ ഞാന്‍ നിന്റെ ഉള്‍പ്പൂവിന്‍ തുടിപ്പുകള്‍ അറിയുന്നു..

അജ്ഞാതനാം സഹയാത്രികന്‍ ഞാന്‍ നിന്റെ ഉള്‍പ്പൂവിന്‍ തുടിപ്പുകളറിയുന്നൂ..

നാമറിയാതെ നാം കൈമാറിയില്ലെത്ര  മോഹങ്ങള്‍..നൊമ്പരങ്ങൾ.. (നീള്‍മിഴിപ്പീലിയില്‍)

Read More:  https://emalayalee.com/writer/297

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക