മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ഓർമ്മയായി .ഡൽഹിയിൽ എയിംസിൽ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു മൻമോഹൻ സിംഗിന്റെ അന്ത്യം. കോൺഗ്രസ് മുതിർന്ന നേതാക്കളുൾപ്പെടെയുള്ളവർ ആശുപത്രിയിലെത്തിയിരുന്നു . അവിഭക്ത ഇന്ത്യയിൽ പാക്ക് പഞ്ചാബ് പ്രവിശ്യയിൽ ഗഹ് വില്ലേജിൽ ഗുരുമുഖ് സിങ്ങിന്റെയും അമൃത് കൗറിന്റെയും മകനായി 1932 സെപ്‌റ്റംബർ 26നാണു മൻമോഹന്റെ ജനനം.
പഞ്ചാബ് സർവകലാശാലയിൽനിന്ന് ധനതത്വശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം നേടി. കേംബ്രിജ്, ഓക്സ്ഫഡ് സർവകലാശാലകളിൽ ഉപരിപഠനം. 1966 വരെ പഞ്ചാബ് സർവകലാശാലയിലും പിന്നീട് ഡൽഹി സർവകലാശാലയിലും അധ്യാപകൻ. ഇതിനിടെ 3 വർഷം യുനൈറ്റഡ് നേഷൻസ് കോൺഫറൻസ് ഒാൺ ട്രേഡ് ആൻഡ് ഡവലപ്മെന്റിന്റെ സാമ്പത്തിക വിദഗ്ധനായി.
1991ൽ നരസിംഹറാവു പ്രധാനമന്ത്രി ആയപ്പോഴാണ് റിസർവ് ബാങ്ക് ഗവർണറായിരുന്ന മൻമോഹനെ ധനമന്ത്രിയാക്കിയത്. ഇന്ത്യൻ സാമ്പത്തികരംഗം തകർച്ചയിലേക്കു താഴ്ന്നുകൊണ്ടിരിക്കുകയായിരുന്നു അപ്പോൾ. മൻമോഹൻ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്കരണ നടപടികൾ രാജ്യത്തെ മുന്നോട്ടു നയിച്ചു.
2004 മുതൽ 2014 വരെ പ്രധാനമന്ത്രിയായിരുന്ന സിംഗ് 2024ൽ 33 വർഷം നീണ്ട രാഷ്ട്രീയജീവിതം അവസാനിപ്പിച്ച് രാജ്യസഭയിൽ നിന്ന് വിരമിച്ചിരുന്നു. പി വി നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ 1991 ജൂണിൽ ധനമന്ത്രിയായി. രാജ്യസഭയിലേക്കുള്ള അദ്ദേഹത്തിന്റെ രംഗപ്രവേശവും 1991ലായിരുന്നു. ഉപരിസഭയിൽ അദ്ദേഹം അഞ്ച് തവണ അസമിനെ പ്രതിനിധീകരിച്ച് എത്തിയിരുന്നു. 2019ൽ രാജസ്ഥാനിലേക്ക് മാറി. നോട്ട് നിരോധനത്തിനെതിരായായിരുന്നു അദ്ദേഹത്തിന്റെ അവസാന ഇടപെടൽ. 'സംഘടിതവും നിയമവിധേയമാക്കപ്പെട്ടതുമായ കൊള്ള' എന്നായിരുന്നു അദ്ദേഹം നോട്ട് നിരോധനത്തിന് നൽകിയ വിശേഷണം. ഇന്ത്യയുടെ പതിമൂന്നാമത്തെയും, പതിനാലാമത്തെയും പ്രധാനമന്ത്രിയും, രാജ്യാന്തരതലത്തിൽ ശ്രദ്ധേയനായ സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്നു ഡോ. മൻമോഹൻ സിംഗ് ഈ വർഷം ആദ്യം രാജ്യസഭയിൽ നിന്ന് വിരമിച്ചിരുന്നു.
മൻമോഹൻ സിംഗിന്റെ വേർപാടിൽ ഇന്ത്യ ദുഃഖിക്കുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറിച്ചത്. ഇന്ത്യയുടെ പ്രധാനമന്ത്രിയെന്ന നിലയിൽ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനായി അദ്ദേഹം വിപുലമായ ശ്രമങ്ങൾ നടത്തിയെന്നും പ്രധാനമന്ത്രി കുറിക്കുകയുണ്ടായി . നിങ്ങളുടെ വിവേകവും വിനയവും ഈ രാജ്യത്തിനായി ചെയ്തതൊക്കെയും എന്നെന്നും ഓർമിക്കപ്പെടും,' എന്നാണ് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ വിയോഗത്തിൽ അനുശോചിച്ചുകൊണ്ട് മമ്മൂട്ടി കുറിച്ചത്.