Image

പുതുവർഷം ഹിമസാഗർ എക്‌സ് പ്രസ് കേരളത്തിൽ നിന്ന് ശ്രീനഗർ വരെ (കുര്യൻ പാമ്പാടി)

Published on 29 December, 2024
പുതുവർഷം ഹിമസാഗർ എക്‌സ് പ്രസ് കേരളത്തിൽ നിന്ന് ശ്രീനഗർ വരെ   (കുര്യൻ പാമ്പാടി)

ജനുവരി 26 നു  റിപ്പബ്ലിക്  ദിനത്തിൽ  ഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്കുള്ള ആദ്യ ട്രെയിൻ ഉദ്ഘാടനം ചെ യ്യുന്നതോടെ  കന്യാകുമാരിയിൽ നിന്നു കേരളത്തിലൂടെ ജമ്മുവിനപ്പുറം കത്ര വരെപോകുന്ന ഹിമസാഗർ എക്പ്രസ് ശ്രീനഗറിലേക്കു നീട്ടാനുള്ള സാധ്യത വർധിച്ചു. കന്യാകുമാരി-ശ്രീനഗർ  ദൂരം 3097  കിമീ.  ഡൽഹി വരെ 3127, അവിടെനിന്നു 800.

നാൽപതു വർഷം  മുമ്പ് 1984 ഒക്ടോബർ 3നു സർവീസ് ആരംഭിച്ച ഹിമസാഗർ  ഇന്നും ആഴചയിൽ ഒരു ദിവസം വെള്ളിയാഴ്ച-മാതമേ  ഓടുന്നുള്ളൂ. തിങ്കളാഴ്ച്ചകളിൽ മടക്ക യാത്രയും. ദാൽ തടാകത്തിനരികിലുള്ള മൈൽകുറ്റിയിൽ കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള ദൂരം കാണിച്ചിട്ടുണ്ടെങ്കിലും ഹിമസാഗർ എക്പ്രസിനു മാറ്റമൊന്നുമില്ല.


ശ്രീനഗറിലേക്കു വഴി തുറന്ന ചെനാബ് ഉരുക്കു പാലം

ഇല്ലെന്നില്ല. തുടങ്ങിയ കാലത്ത് ജമ്മു-തവി വരെ ഓടിയിരുന്ന ട്രെയിൻ പിന്നീട ഉധംപൂർ വരെ നീട്ടി. അടുത്ത കാലത്ത് പുതിയ പാത തീർന്നതോടെ  വൈഷ്ണോദേവി ക്ഷേത്രം വരെ പോകാൻ ഉതകുന്ന കത്ര  വരെ ദീർഘിപ്പിച്ചു. ജമ്മു-തവിയിൽ നിന്ന് കത്ര വരെ 78 കി മീ.

എന്നിരുന്നാലൂം ഹിമസാഗറിനു 1984 ഒക്ടോബർ 3 നു ഉദ്‌ഘാടനം ചെയ്യുമ്പോൾ  ലഭിച്ച ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽ റൂട്ട് എന്ന എന്ന ബഹുമതി വീണ്ടെടുക്കാൻ  കഴിയില്ല. പക്ഷെ ഹിമാലയത്തെ  ഇന്ത്യൻ മഹാസമുദ്രവുമായി ബന്ധിപ്പിക്കുന്ന ട്രെയിൻ എന്ന നിലയിൽ അതിന്റെ പ്രധാന്യം എന്നും നിലനിൽക്കും.  

ജനുവരിയിൽ കന്നി യാത്രക്കൊരുങ്ങുന്ന -ന്യൂ ഡൽഹി-ശ്രീനഗർ വന്ദേ ഭാരത്

കന്യാകുമാരിയിൽ നിന്ന് ആസാമിൽ ചൈന അതിർത്തിയിലുള്ള ദിബ്രൂഗർ  വരെ പോകുന്ന വിവേക്  എക്സ്പ്രസിനാണ് ഒന്നാം സ്ഥാനം-4188  കിമീ. തിരുവനന്തപുരത്തു നിന്ന് ആസാമിലെ സിൽച്ചർ വരെ ഓടുന്ന അരോണായ്‌ സൂപ്പർ ഫാസ്റ് രണ്ടാംസ്ഥാനത്ത്-3918 കിമീ.

രാജ്യതലസ്ഥാനത്തുനിന്നു ശ്രീനഗറിലേക്കു ഒരു വന്ദേഭാരത് ട്രെയിനും ഒരു എയർകണ്ടീഷൻ സ്ലീപ്പർ ട്രെയിനും ഓടിക്കുമെന്നാണ് ആദ്യറിപ്പോർട്ടുകളിൽ പറഞ്ഞിരുന്നത്. സ്ലീപ്പർ ട്രെയിനിന്റെ കാര്യം ഉറപ്പായി. വന്ദേ ഭാരതിനെപ്പറ്റിയുള്ള അവസാന തീരുമാനം വരുന്നതേയുള്ളു.

ആസേതുഹിമാചലം ഹിമസാഗർ; ജമ്മു-കാശ്മീരിലെ സ്റ്റേഷനുകൾ

ഡൽഹിയിൽ നിന്നു 13  മണിക്കൂർകൊണ്ട്  ശ്രീനഗറിൽ എത്താമെന്നാണ് റെയിൽവേ മന്ത്രാലയം ഉറപ്പു നൽകുന്നത്. ഹിമവൽ പർവ്വതനിരകൾ പടർന്നു നിൽക്കുന്ന ഈമേഖലയിലൂടെ റെയിൽപാത തുറക്കാൻ 37,000 കോടിയിലേറെ രൂപയാണ് ചെലവഴിച്ചത്. 119 കി മീ നീളമുള്ള 38  തുരങ്കങ്ങൾനിർമ്മിക്കേണ്ടി വന്നു. ഏറ്റവും നീളം കൂടിയത് 12.77 കിമീ.

ചെനാബ്  നദിക്കു കുറുകെ ഏറ്റവും ഉയരംകൂടിയ റെയിൽ പാലം നിർമ്മിച്ചുവെന്നതാണ്  ഏറ്റവും വലിയ നേട്ടം. 1.3 കിമീ നീളമുള്ള പാലം നദി യിൽ നിന്ന് 359 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. കുത്തബ് മിനാറിനും ഐഫേൽ ടവറിനും ന്യൂയോർക്കിലെ സ്റ്റാ റ്യു ഓഫ് ലിബർട്ടിക്കും ഉള്ളതിനേക്കാൾ ഉയരം. 30,000 താൻ ഉരുക്കു വേണ്ടിവന്നു.

കന്യാകുമാരി, ശ്രീനഗർ സ്റ്റേഷനുകൾ  

വന്ദേ ഭാരത് ഡൽഹിയിൽ നിന്ന് വൈകുന്നേരം 7 നു പുറപ്പെട്ടു രാവിലെ 8 നു  ശ്രീനഗറിൽ എത്തും. യാത്രാ സമയം 13  മണിക്കൂർ. ടിക്കറ്റു നിരക്ക് 2,000 മുതൽ 3,000 വരെ.  അംബാല കന്റോൺമെന്റ്, ലുധിയാന, കത്തുവ, ജമ്മു-തവി, കത്ര വൈഷ്ണോദേവി, സംഗൽദാൻ, ബനിഹാൽ എന്നിവയായിരിക്കും ഇടക്കുള്ള സ്റ്റോപ്പുകൾ.  

കേരളത്തിൽ നിന്ന് പോകുന്ന ഒരു ടൂറിസ്റ്റിനു ഡൽഹിയിൽ നിന്ന് ഹിമസാഗർ പോലുള്ള ഒരു ട്രെയിനിൽ ഏറ്റവും കുറഞ്ഞത് 335 രൂപയ്ക്കു സ്‌ളീപ്പറിൽ  യാത്രചെയ്യാനാകും. തേർഡ് എസിക്ക്  910, സെക്കൻഡ് സിക്ക് 1290, ഫസ്റ്റ് ക്ലാസിനു 2150.  

ഹിമസാഗർ ഇപ്പോൾ യാത്ര അവസാനിപ്പിക്കുന്ന കത്ര സ്റ്റേഷൻ

പാക് അതിർത്തിയിലെ തന്ത്രപ്രധാനമായ പൂഞ്ചിലും ബാരാമുളയിലും സിയാച്ചിനിലും പോരാടുകയും വീരമൃത്യു വരിക്കുകയും ചെയ്ത നൂറുകണക്കിന് മലയാളികളെ നാം അറിഞ്ഞിട്ടുണ്ട്. ജമ്മു വരെ  ട്രെയിൻ ഓടിയിരുന്ന കാലങ്ങളിൽ അവിടെനിന്നു എത്ര കഷ്ട്ടപെട്ടാണ് ജവാന്മാരും ടൂറിസ്റ്റുകളും കശ്മീർ താഴ് വരയിൽ എത്തിപെട്ടിരുന്നത്!


ഏതാനും വർഷം  മുമ്പ് ഗുജറാത്തിലെ കച്ചിൽ നിന്നു ബസും  ട്രെയിനും മാറിക്കയറി ജമ്മുവിൽ എത്തിയ  എനിക്ക് ശ്രീനഗറിലെ ബന്ദു മൂലം അവിടേക്കുള്ള ബസ് സർവീസ് റദ്ദാക്കിയെന്നു കേട്ടപ്പോൾ ഉണ്ടായ നിരാശ പറഞ്ഞറിയിക്കാൻ ആവില്ല. എന്നിട്ടും 175 രൂപയ്ക്കു പകരം  ആയിരം രൂപയ്ക്കു ആളുകളെ കുത്തിനിറച്ച് കൊണ്ടു പോകുന്ന  ഒരു സുമോ വാൻ  കിട്ടി.

ജമ്മു ബസ് സ്റ്റേഷനിൽ സഹയാത്രികനൊപ്പം

തണുത്ത വൈകുന്നേരം ശ്രീനഗറിലെ നടുമുറ്റത്ത് ആകാശവാണിക്കടുത്ത് അഞ്ഞൂറു  രൂപക്കു  ഒരു രണ്ടാം നില മുറിയും അവിടെ ചൂട് വെള്ളവും തരമായി. രാവിലെ ചായകുടിക്കാൻ പുറത്തിറങ്ങിയപ്പോൾ മുക്കിനു മുക്കിനു പട്ടാള ബന്തവസ്,. പക്ഷെ ബന്ദ് നാട്ടുകാർക്ക് നിത്യ സംഭവം. റസ്റ്റോറന്റുകൾ എല്ലാം പ്രവർത്തിക്കുന്നുണ്ടെന്നും പിന്നിലെ വാതിൽ തുറന്നിട്ടുണ്ടാവുമെന്നും ഒരു നാട്ടുകാരൻ അടക്കം പറഞ്ഞു.

അങ്ങിനെയൊരു ഭക്ഷണ ശാലയിൽ ഒരു മേശക്കു മുമ്പിൽ തനിച്ചിരുന്നു പിസാ തിന്നുന്ന  ഒരു നാട്ടുകാരനെ കണ്ടുമുട്ടി. ടേബിളിൽ എതിർവശത്തെ കസേര ഒഴിഞ്ഞു കിടക്കുന്നു. ഇവിടെ ഇരിക്കാമോ എന്നുചോദിച്ചപ്പോൾ അദ്ദേഹം പുഞ്ചിയോടെപറഞ്ഞു "യേസ് യേസ്,  യു ആർ വെൽകം".

ബനിഹലിൽ നിന്ന് ശ്രീനഗറിലേക്കു പ്രകൃതിയോടൊപ്പം

അതിർത്തിയിലെ കുപ് വാരയിൽ  ജോലി ചെയ്യുന്ന  ഗവ. ഡോക്ടറാണ് ചണ്ഡിഗറിൽ പി ജി ചെയ്ത സയ്യദ് മിർസ. ഭാര്യ വീട് ശ്രീനഗറിലാണ്. വാരാന്ത്യത്തിൽ അവരോടൊപ്പം ഭാര്യവീട്ടിൽ വന്നതാണ്. 'എന്നോടൊപ്പം ഒരു പിസ കഴിക്കുമോ ?'എന്ന് ചോദിച്ചു ഒരെണ്ണത്തിന് ഡോക്ടർ ഓർഡർ നൽകി.

കാശ്മീരിൽ ജോലിയും വരുമാനവും ഉള്ളവരെല്ലാം ഇന്ത്യയുടെ പക്ഷത്തതാണെന്നും ജോലിയും കൂലിയുമില്ലാ
തെ തെണ്ടിത്തിരിയുന്നവരിൽ പലരുമാണ് ആയുധം എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 'കേരളം മനോഹരമാണെന്ന്  കേട്ടിട്ടുണ്ട്. എന്റെകൂടെ പഠിക്കാൻ കേരളീയർ ഉണ്ടായിരുന്നു. ഒരിക്കൽ വരണമെന്നുണ്ട്' അദ്ദേഹം പറഞ്ഞു.

ശ്രീനഗറിനടുത്ത് നിന്ന് ബാരാമുള  വരെപോകുന്ന ട്രെയിനിൽ കയറാൻ വേണ്ടിയാണ് ഞാൻ കഷ്ട്ടപെട്ടു എത്തിയതെന്നതാണ് സത്യം. ഒരു ബങ്കിൽ പെട്രോൾ അടിക്കുന്ന ആർമി വക ഒരു ജിപ്സി കണ്ടു. മുമ്പിൽ ഇരുന്ന ഓഫീസറോട് വിനയത്തോടെ ചോദിച്ചു, 'സ്റ്റേഷൻ വരെഒരു ലിഫ്റ്റ് തരുമോ?'. അദ്ദേഹത്തിനു ഒരു മലയാളി കട്ട്  ഉണ്ടായിരുന്നു. സ്റ്റേഷന് സമീപം ബസ് കിട്ടുന്ന കവലയിൽ അദ്ദേഹം എന്നെ എത്തിച്ചു. അവിടെനിന്നു വേറൊരുവഴിക്കു അദ്ദേഹത്തിന് പോകണം.

 ശ്രീനഗർ ട്രെയിനിൽ ഒരു യാത്രികൻ

രണ്ടോ മൂന്നോ കി മീ അകലെയുള്ള സ്റ്റേഷനിലേക്ക് അഞ്ചു മിനിറ്റിനകം ബസ് കിട്ടി. അതിലുണ്ടായിരുന്ന
വരിൽ മിക്കവരും കുഞ്ഞുകുട്ടികൾ അടക്കം സ്റേഷനു മുമ്പിൽ  ഇറങ്ങി. പുതുതായി നിർമ്മിച്ച ചെമ്മൺ പാതയിലൂടെ ഇരുനൂറു വാര നടക്കണം സ്റ്റേഷനിലേക്ക്.

പോകും വഴി തണുപ്പ് കാലത്തെ കുപ്പായം ധരിച്ച ഒരു യുവാവിനോട് ചോദിച്ചു. 'രാവിലെ ട്രെയിൻ എപ്പോഴാണെന്നറിയാമോ?,'എപ്പോഴാണെങ്കിലും ഞാൻ ചെന്നിട്ടേ  ട്രെയിൻ വിടൂ,' എന്നായിരുന്നു മറുപടി. അസിസ്ടന്റ്  സ്റ്റേഷൻ മാസ്റ്ററാണ്. മുപ്പതു കി മീറ്റർ തെക്കു സാഫ്രൺ കൃഷിചെയ്യന്ന ഒരു ഗ്രാമത്തിൽ നിന്ന് കൂട്ടുകാരന്റെ ബൈക്കിൽ വനിറങ്ങിയതാണ്.

എനിക്കൊരു ചായ വാങ്ങിത്തരാതെ അദ്ദേഹം വിട്ടില്ല. ട്രെയിൻ പത്തു കിമീ അകലെ നിന്ന് വന്നെത്താൻ ഇനിയും സമയമെടുക്കും. സ്റ്റേഷനിൽ നല്ല തിരക്ക്. കുട്ടികളും മുതിർന്നവരും തട്ടമിട്ട സ്ത്രീകളും. പലരും ട്രെയിൻ കണ്ടിട്ടേയില്ല. ആകെപ്പാടെ ഒരുആഘോഷത്തിമിർപ്പ്. സ്റ്റേഷനിൽ ഇൻസാസ് എന്ന ഇന്ത്യൻ നിർമ്മിത യന്ത്ര തോക്കുമായി കാവൽ നിൽക്കുന്ന പത്തനംതിട്ടക്കാരൻ സിആർപിഎഫ് ജവാനെ ഞാൻ പരിചയപെട്ടു. താൻ കാണാതെചിത്രം എടുത്തുകൊള്ളാൻ അദ്ദേഹം സമ്മതിക്കുകയും ചെയ്‌തു.

ശ്രീനഗറിനടുത്ത നൗഗാമിൽ ട്രെയിനിൽ കയറിയ മുഖ്യമന്ത്രി മെഹ്ബൂബ

ട്രെയിൻ യാത്ര അവസാനിപ്പിക്കുന്ന ബാരാമുള്ള വരെ പോയ ഞാൻ അതെ ട്രെയിനിൽ മടങ്ങി വരികയും ചെയ്തു. വീണ്ടും നഗരഹൃദയത്തിൽ എത്തി ദാൽ തടാകത്തിനരികിലൂടെ നടക്കുമ്പോൾ തീരത്തുള്ള ചെറിയ മതിലിൽ  ഇരുന്നു ബീഡി വലിക്കുന്ന കുറേ ജവാന്മാരെകണ്ടു.  രണ്ടുപേർ പേർ മലയാളികളാണ്. 'കാശ്മീർ മുതൽ കന്യാകുമാരിവരെ' എന്നെഴുതിയ ഒരു നെടുങ്കൻ മൈൽകുറ്റി ചൂണ്ടിക്കാട്ടിക്കൊണ്ടു  ഒരാൾ ചോദിച്ചു: 'എന്റെ ജീവിതകാലത്തു ട്രെയിനിൽ കൊട്ടാരക്കര വരെ പോകാൻ ഒക്കുമോ?"

'ഒക്കും സഖാവേ കന്യാകുമാരിയിൽ നിന്ന് ഹിമസാഗർ ശ്രീനഗർ വരെ ഒന്നെത്തിക്കോട്ടെ!'  

പതിമൂന്നു വർഷം  മുമ്പ് 2011 നവംബർ 19 നു ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാതയിൽ കന്യാകുമാരി-ദിബ്രുഗർ ട്രെയിനിന്റെ ഉദ്ഘാടന യാത്രയിൽ പങ്കെടുക്കാനും  എനിക്ക് ഭാഗ്യമുണ്ടായി. ദി ഹിന്ദു ദിനപത്രത്തിന്റെ ഫോട്ടോഗ്രാഫർ കുമാറും കൂട്ടിനുണ്ടായിരുന്നു. ചെന്നെയിൽ പോകാതെ കാട് പാടി വഴി വടക്കോട്ടു നീങ്ങിയ ട്രെയിൻ ഹൗറ സ്പർശിക്കാതെ അസൻസോൾ, ദുർഗാപൂർ, മാൽഡ, ന്യൂ ജൽപൈഗുരി, ഗുവാഹത്തി വഴി ദിബ്രുഗറിലെത്തിയത് അഞ്ചാം ദിവസം രാവിലെ.

വിവേക് എക്സ്പ്രസിന്റെ കന്നി യാത്രയിൽ  ദി ഹിന്ദുവിന്റെ കുമാർ, വലത്ത്  ലേഖകൻ

സ്വാമി വിവേകാനന്ദന്റെ നൂറ്റമ്പതാം ജന്മവാർഷികം പ്രമാണിച്ച് ആരംഭിച്ച നാലു  വിവേക് എക്പ്രസുകളിൽ ഒന്നാണിത്. ഇപ്പോൾ വേഗം കൂട്ടിയിട്ടുണ്ട്. നാലാം ദിവസം  രാത്രി എത്തും. അതിഥി തൊഴിലാളികളുടെ തിരക്ക് മൂലം ട്രെയിൻ ഇപ്പോൾ എല്ലാ ദിവസവും ഓടുന്നു.

ഈയിടെ കൊച്ചിയിൽ നിന്ന് എയർഏഷ്യ വിമാനത്തിൽ ഞാൻ ഗുവാഹത്തി വരെ പോയി. ഇടയ്ക്കു ബാംഗളൂരിൽ ഇറങ്ങിയ വിമാനം ആകെ എടുത്തതു  മൂന്നു മണിക്കൂർ. ടിക്കറ്റിനു  7500. വിമാനം നിറയെ അതിഥി തൊഴലിലാളികൾ ആയിരുന്നു.  
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക