Image

ശബ്ദമുള്ളവരുടെ ശബ്ദം! (വിജയ് സിയെച്ച്)

Published on 30 December, 2024
ശബ്ദമുള്ളവരുടെ ശബ്ദം!  (വിജയ് സിയെച്ച്)

ജീവിത സായാഹ്നത്തിലെ ഒറ്റപ്പെടലിൽനിന്നു രക്ഷ നേടുവാൻ, വ്യത്യസ്ത സാമൂഹിക ചുറ്റുപാടുകളിൽ നിന്നുള്ള രണ്ടു മുതിർന്ന വ്യക്തികൾ പുനർവിവാഹം ചെയ്തു പുതിയൊരു കുടുംബജീവിതം നയിക്കാൻ തുടങ്ങിയാൽ സമൂഹം എങ്ങനെ പ്രതികരിക്കുമെന്നതാണു അഭിജിത്ത് അശോകൻ സംവിധാനം ചെയ്ത 'ജനനം 1947 പ്രണയം തുടരുന്നു' എന്ന പടത്തിൻ്റെ കഥാതന്തു. നല്ലതെന്നു പ്രേക്ഷകരും നിരൂപകരും വിലയിരുത്തിയ ചലച്ചിത്രത്തിലെ നായികയ്ക്കു ശബ്ദം നൽകി മികച്ച ഡബ്ബിംങ് ആർട്ടിസ്റ്റിനുള്ള 2024-ലെ സംസ്ഥാന പുരസ്കാരം നേടിയ സുമംഗല സുനിലിൻ്റെ വാക്കുകളിലൂടെ...

🟥 യദൃച്ഛയാ ഡബ്ബിംങ്ങിൽ

ഒരു അഡ്വർടൈസിങ് കമ്പനിയിൽ പ്രോഗ്രാം കോർഡിനേറ്ററായി ജോലി ചെയ്തിരുന്ന കാലത്താണു ഡബ്ബിംങ് ഫീൽഡിലേയ്ക്കു അറിയാതെ എത്തിയത്. വോയ്സ് ആർട്ടിസ്റ്റുകളെ വിളിച്ചു പരസ്യങ്ങൾക്കു വേണ്ടി അവരുടെ ശബ്ദം റിക്കാർഡുചെയ്യുന്നതും എൻ്റെ ജോലിയുടെ ഭാഗമായിരുന്നു. ആ ഇടയ്ക്കാണ് റേഡിയോ സ്റ്റേഷനിലേയ്ക്കു അടിയന്തിരമായി എത്തിക്കേണ്ടിയിരുന്ന ഒരു പരസ്യത്തിനു ഡബ്ബു ചെയ്യാൻ വോയ്സ് ആർട്ടിസ്റ്റിനെ വിളിച്ചിട്ടു കിട്ടാതെ വന്നത്. കൂടുതൽ ആലോചിക്കാൻ സമയമില്ലാത്തതിനാൽ ആ പരസ്യത്തിനു പറയേണ്ട വാചകങ്ങൾ ഞാൻ തന്നെ പറഞ്ഞു. പരസ്യം കേട്ട കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥൻമാർ ഞാൻ നന്നായി ചെയ്തിട്ടുണ്ടല്ലോയെന്നു അഭിപ്രായപ്പെട്ടു. പ്രക്ഷേപണം ചെയ്യപ്പെട്ടതു ശ്രദ്ധിച്ചവരും കൂട്ടുകാരുമെല്ലാം ശബ്ദം കൊള്ളാമെന്നു എന്നോടു പറയുകയും ചെയ്തു. ഈ ഫീൽഡിൽ എനിയ്ക്കു നല്ല ഭാവിയുണ്ടെന്നു പലരും എന്നെ വിളിച്ചറിയിച്ചു. അപ്രതീക്ഷിതമായി വന്നുചേർന്ന ഒരു അവസരം അങ്ങനെ ഒരു വഴിത്തിരിവായി മാറുകയായിരുന്നു! ആ ലളിതമായ തുടക്കമാണ് ഇന്നു 'ജനനം 1947 പ്രണയം തുടരുന്നു' എന്ന പടത്തിലെ പ്രധാന കഥാപാത്രമായ ലീലാ സാംസൺ മേഡത്തിനു (പ്രശസ്ത തമിഴ് നർത്തകി) ശബ്ദം നൽകി സംസ്ഥാന പുരസ്കാരം നേടാനുള്ള ഭാഗ്യത്തിലെത്തിയത്!

🟥 വോയ്സ് ഡബ്ബിംങ് പേഷൻ

പതിനേഴു വർഷമായി വോയ്സ് ഡബ്ബിംങ് മേഖലയിൽ സജീവമാണ്. വോയ്സ് ആർട്ടിസ്റ്റിൻ്റെ ജോലി തുടക്കത്തിൽ കഷ്ടപ്പാടുള്ളതായി തോന്നിയിരുന്നുവെങ്കിലും, ഇന്ന് അതൊരു പേഷനായി മാറിയിരിക്കുകയാണ്. കഥാപാത്രത്തിൻ്റെ ആകാരത്തിനു പറ്റിയ ശബ്ദത്തിലാണ് സംസാരിക്കേണ്ടത്. അങ്ങനെയല്ലെങ്കിൽ വോയ്സ് ആർട്ടിസ്റ്റ് പരാജയപ്പെടും. കൂടാതെ കഥാപാത്രത്തിൻ്റെ വൈകാരികത യാഥാർത്ഥത്തിൽ ഉള്ളതിനേക്കാൾ കൂടുതൽ അളവിൽ ശബ്ദത്തിൽ പ്രകടമാക്കണം. പരിചയക്കുറവു മൂലം തുടക്ക കാലങ്ങളിൽ ഈ മേഖലയിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ശബ്ദം ശരിയാക്കിയെടുക്കാൻ ചിലപ്പോൾ മൂന്നും നാലും ടേക്കുകൾ വരെ ആവശ്യമായി വന്നിട്ടുണ്ട്. വീട്ടിൽ സിനിമകൾ പ്ലേ ചെയ്തു, ശബ്ദം മ്യൂട്ടാക്കി, നടിയുടെ ഡയലോഗ് അഭിനയത്തോടൊപ്പം പറഞ്ഞു പരിശീലിക്കുമായിരുന്നു. ചുണ്ടുകളുടെ ചലനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. കഥാപാത്രങ്ങളുമായി പെട്ടെന്നു തന്നെ പൊരുത്തപ്പെട്ടുപോകാൻ ഈ പതിവ് വളരെ സഹായിച്ചിട്ടുണ്ട്. സൗണ്ട് എൻജിനിയേർസും, പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിൽ പ്രവർത്തിക്കുന്ന പലരും എന്നെ ഡബ്ബിംങ് വേളയിൽ വളരെ സഹായിക്കുകയും ചെയ്തിട്ടുണ്ട്.

🟥 കഠിനാധ്വാനം

ലീലാ സാംസൺ മേഡം തമിഴു കലർന്ന മലയാളത്തിലാണു സംസാരിച്ചിരുന്നത്. സ്വാഭാവികമായും അഭിനയിക്കുമ്പോൾ ഉച്ചാരണത്തിൽ അത്ര ശ്രദ്ധിക്കാൻ അഭിനേത്രിയ്ക്കു കഴിയില്ലല്ലൊ, ഭാവങ്ങൾക്കാണല്ലൊ അവർ പ്രാധാന്യം കൊടുക്കുക. അതേ സമയം, വോയ്സ് ആർട്ടിസ്റ്റ് മലയാള പദങ്ങളുടെ ഉച്ചാരണം യാതൊരു പിഴവുമാല്ലാതെ പറയണം. ഇക്കാരണത്താൽ സ്ക്രിപ്റ്റ് ശരിയായ രൂപത്തിൽ തന്നെ ഡെലിവർ ചെയ്യാൻ കുറച്ചു ബുദ്ധിമുട്ടേണ്ടിവന്നിട്ടുണ്ട്. പല തവണ പറഞ്ഞു കേട്ടുനോക്കി നന്നാക്കിയെടുക്കുകയായിരുന്നു. സഹപ്രവർത്തകരുടെ പിൻതാങ്ങ് ശരിയ്ക്കും ഉണ്ടായിരുന്നു. ലീലാ സാംസൺ മേഡം അവതരിപ്പിക്കുന്ന ഗൗരി ടീച്ചർ എന്ന കഥാപാത്രമായി മാറാൻ ഞാൻ ഏകദേശം നാലു ദിവസത്തെ സമയമെടുത്തു. ഓരോ വാക്കും തനതായ രീതിയിൽ തന്നെ പഠിച്ചുണ്ടാക്കി പറയാൻ അത്രയും സമയം എനിയ്ക്കു വേണ്ടിവന്നു. ഗൗരി ടീച്ചറുടെ സംഭാഷണങ്ങളെല്ലാം ആത്മസംഘർഷങ്ങൾ നിറഞ്ഞതാണ്.

🟥 പ്രണയത്തിനു പ്രായമില്ല

ഡബ്ബിംങ്ങിനിടയിൽ ചില രംഗങ്ങൾ എന്നെ വല്ലാതെ ആകർഷിച്ചിരുന്നു. ഗൗരി ടീച്ചറും, ജയരാജ് ചേട്ടൻ അവതരിപ്പിക്കുന്ന ശിവൻ എന്ന നായക കഥാപാത്രവും തമ്മിലുള്ള ചില വർത്തമാനങ്ങൾ പ്രണയത്തിൻ്റെ തീവ്രത വ്യക്തമാക്കുന്ന ചില സന്ദർഭങ്ങളായിരുന്നു. വളരെ ഹൃദയഹാരിയായിരുന്നു അത്തരം മുഹൂർത്തങ്ങൾ. എഴുപതു കഴിഞ്ഞ ദമ്പതിമാർ ടീനേജിലുള്ള കമിതാക്കളെപ്പോലെ സംസാരിക്കുന്നതു കേൾക്കുന്ന ഞാനുൾപ്പെടെയുള്ള പ്രേക്ഷകർക്കു ബോധ്യപ്പെടും പ്രണയമെന്ന വികാരത്തിനു പ്രായമൊരു പ്രതിബന്ധം ആകുന്നില്ലെന്ന്! ഗൗരി ടീച്ചർ വൃദ്ധസദനത്തിലെ അന്തേവാസിയും, ശിവ൯ അവിടത്തെ അടുക്കള ജീവനക്കാരനുമായിരുന്നു. പ്രണയമെന്ന അവസ്ഥയിലൂടെ കടന്നുപോകാത്തവരായി ആരുമില്ല; എൻ്റെയും പ്രണയവിവാഹമായിരുന്നു. എഴുപതു കഴിഞ്ഞ നായികയും നായകനും പരസ്പരമുള്ള പ്രണയം വ്യക്തമാക്കാൻ ശരിക്കും പാടുപെടുന്നുണ്ട്. ആ സമയങ്ങളിലെല്ലാം എൻ്റെ ശബ്ദം മുഖേന, അറുപത്തിയൊന്നുകാരിയായ ഞാനും പതിനെട്ടുകാരിയായി മാറുകയായിരുന്നു! പ്രണയ സന്ദർഭങ്ങൾ പൊലിപ്പിച്ചെടുക്കണമായിരുന്നല്ലൊ. വളരെ ആസ്വദിച്ചു ചെയ്ത ഒരു വർക്കാണു 'ജനനം 1947 പ്രണയം തുടരുന്നു'വിലെ ഡബ്ബിംങ്!

🟥 ഷീലാമ്മയ്ക്കും ശബ്ദം നൽകി 

സ്വന്തം ശബ്ദത്തിൽ ഡബ്ബു ചെയ്യുന്ന ചുരുക്കം ചില നടിമാരിൽ ഒരാളാണ് ഷീലാമ്മ. അതുകൊണ്ടു അവരുടെ ശബ്ദം യാതൊരു വ്യത്യാസവുമില്ലാതെ അനുകരിക്കാൻ സാധിച്ചില്ലെങ്കിൽ കേട്ടതു ഷീലാമ്മയുടെ ശബ്ദമല്ലെന്നു പ്രേക്ഷകർ ഉടനെ പറയും! എന്നാൽ, 'അമ്മച്ചിക്കൂട്ടിലെ പ്രണയകാലം' എന്ന പടത്തിനു വേണ്ടി ഷീലാമ്മയ്ക്കു എത്താൻ കഴിയാതെ വന്നപ്പോൾ, ശബ്ദം നൽകിയതു ഞാനാണ്. പടം കണ്ടതിനു ശേഷം ഷീലാമ്മ ഫോണിൽ വിളിച്ചു എന്നെ അഭിനന്ദിച്ചു. "അസ്സലായിട്ടുണ്ട്, എൻ്റെ ശബ്ദം തന്നെ"എന്നു അവർ എടുത്തുപറഞ്ഞു! ആറു പതീറ്റാണ്ടിലേറെ നീണ്ട ചലച്ചിത്ര ജീവിതത്തിൽ ആദ്യമായി ഒരാൾ ഷീലാമ്മയ്ക്കു വേണ്ടി ഡബ്ബുചെയ്യുകയായിരുന്നു! ഷീലാമ്മയുടെ അഭിനന്ദനം ഡബ്ബിംങ് മേഖലയിൽ എനിയ്ക്കു ലഭിച്ച മറ്റൊരു വിലയേറിയ പുരസ്കാരമായി ഞാൻ കരുതുന്നു. നിലമ്പൂർ ആയിഷയുടെ ജീവിതം ആസ്പദമാക്കി 2023-ൽ ഇറങ്ങിയ 'ആയിഷ'യിൽ പല ദൃശ്യങ്ങളിലും പരസ്പരം സംസാരിക്കുന്ന രണ്ടു കഥാപാങ്ങൾക്ക് വിഭിന്നമായ ശബ്ദം നൽകിയതു വേറിട്ടൊരു അനുഭവമാണ്. 

ഒരേ ചിത്രത്തിൽ രണ്ടു വ്യത്യസ്തമായ ശബ്ദങ്ങൾ നൽകിയ അനുഭവങ്ങൾ വേറെയുമുണ്ട്. മോണകൾ ചേർത്തുപിടിച്ചു സംസാരിച്ചിരുന്ന സുബ്ബലക്ഷ്മി ചേച്ചിയ്ക്കു നിരവധി സിനിമകളിലും സീരിയലുകളിലും ശബ്ദം നൽകി. കമൽ സംവിധാനം ചെയ്ത 'ആമി'യിൽ 90 വയസ്സായ വള്ളി എന്ന കഥാപാത്രത്തിനു ശബ്ദം നൽകിയതും വേറിട്ടൊരു അനുഭവമായിരുന്നു. രഞ്ജിലാൽ ദാമോദരൻ സംവിധാനം ചെയ്തു, 2006-ൽ തിയേറ്ററുകളിലെത്തിയ 'എന്നിട്ടും' ആകുന്നു വോയ്സ് നൽകിയ പ്രഥമ ചലച്ചിത്രം. ഇതുവരെ നൂറിലേറെ പടങ്ങളിലെ കഥാപാത്രങ്ങൾക്കു ശബ്ദം നൽകിയിട്ടുണ്ട്. നിരവധി ടെലിവിഷൻ സീരിയലുകളിലെ നടിമാർക്കു വേണ്ടിയും ഡബ്ബു ചെയ്തു. 2024-ൽ ശബ്ദം നൽകിയ പടങ്ങളിൽ ചിലതാണു 'മലയാളി ഫ്രം ഇന്ത്യ'യും 'ഗുരുവായൂർ അമ്പലനടയി'ലും. 'മലയാളി ഫ്രം ഇന്ത്യ'യിൽ രണ്ടു കഥാപാത്രങ്ങൾക്കു ശബ്ദം നൽകിയിട്ടുണ്ട്.

🟥 കുടുംബ പശ്ചാത്തലം

എറണാകുളം ജില്ലയിലെ കാക്കനാട് പാലച്ചുവടിലാണ് താമസം. ഭർത്താവ്, കെ.ജി.സുനിൽ. സനൂപ് കൃഷ്ണനും, ശ്രീകുമാറും മക്കൾ. സുനിൽ ടാറ്റയിലായിരുന്നു മുമ്പു ജോലി ചെയ്തിരുന്നത്. ഇപ്പോൾ VRS എടുത്തു കടവന്ത്രയിൽ പ്രൈവറ്റ് സെക്യൂരിറ്റി ഏജൻസി നടത്തിവരുന്നു. പിതാവ്, ഹാസ്യസാഹിത്യകാരനും, ഹാസ്യചിത്രകാരനുമായിരുന്ന കാർട്ടൂണിസ്റ്റ് സുകുമാർ കഴിഞ്ഞ വർഷം അന്തരിച്ചു. 

ശബ്ദമുള്ളവരുടെ ശബ്ദം!  (വിജയ് സിയെച്ച്)ശബ്ദമുള്ളവരുടെ ശബ്ദം!  (വിജയ് സിയെച്ച്)ശബ്ദമുള്ളവരുടെ ശബ്ദം!  (വിജയ് സിയെച്ച്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക