എത്രയോ എഴുത്തുകാരുടെ സൃഷ്ടികളാൽ ശ്രേഷ്ഠമായിത്തീർന്ന മലയാള ഭാഷയിൽ,
ഒരൊറ്റ വ്യക്തിയുടെ നാമത്തിലേ ഒരു പ്രത്യേക പ്രയോഗമുള്ളൂ -- എംടിയ്ക്കു
പഠിയ്ക്കുക!
മറ്റൊരു സാഹിത്യകാരനെപ്പോലെ ആകണമെന്നോ, എഴുതണമെന്നോ
ഉദ്‌ബോധിപ്പിയ്ക്കുന്ന ഇതുപോലെയൊരു വാക്യം മലയാളത്തിൽ വേറെയില്ലെങ്കിൽ
എംടി എന്ന ഇഷ്ട നാമത്തിൽ അറിയപ്പെടുന്ന മാടത്ത് തെക്കെപ്പാട്ട് വാസുദേവൻ
നായർ നമ്മുടെ ഭാഷയിലെ വേറിട്ടൊരു പ്രതിഭ. ഭാഷാപിതാവിനോ, കേരളത്തിലെ മറ്റു
നാല് ജ്ഞാനപീഠ ജേതാക്കൾക്കോ, പ്രാചീന കവിത്രയങ്ങൾക്കോ, ആധുനിക
കവിത്രയങ്ങൾക്കോ ലഭിയ്ക്കാത്തൊരു മാതൃകാ പദവിയാണിത്.
നിളയുടെ തീരത്ത് വർഷങ്ങൾക്കു മുമ്പെ നടന്ന ഒരു സൗഹൃദ സംഭാഷണത്തിൽ,
'പാവങ്ങൾ' വാങ്ങി വായിക്കണമെന്ന് അദ്ദേഹം ഈ ലേഖകനെ ഓർമ്മപ്പെടുത്തി.
ഫ്രഞ്ച് സാഹിത്യകാരനും മനുഷ്യാവകാശ പ്രവർത്തകനുമായിരുന്ന വിക്ടർ യൂഗോ
രചിച്ച Les Misérables എന്ന പുസ്തകത്തിൻ്റെ മലയാള പരിഭാഷയാണ് 'പാവങ്ങൾ'.
തങ്ങളുടെ പുസ്തകങ്ങൾ വായിക്കൂ എന്നു പറയുകയോ, കയ്യൊപ്പിട്ട കോപ്പികൾ
സമ്മാനിച്ചു വായിക്കാൻ പ്രചോദിപ്പിക്കുകയോ ചെയ്യാറുള്ള എഴുത്തുകാരിൽ
നിന്ന് വിഭിന്നനാണ് എംടി എന്നറിഞ്ഞപ്പോൾ ആശ്ചര്യമല്ല, ആരാധനയാണ്
തോന്നിയത്.
സ്വന്തം രചനകളായ 'നാലുകെട്ടും', 'അസുരവിത്തും', 'മഞ്ഞും', 'കാലവും',
'രണ്ടാമൂഴവും' മറ്റും ഞാൻ മുമ്പേ തന്നെ വായിച്ചുകാണുമെന്ന് കരുതിയതു
കൊണ്ടായിരിയ്ക്കുമോ, മറ്റൊരാളുടെ സൃഷ്ടി വായിക്കണമെന്ന് അദ്ദേഹം എന്നോട്
പറഞ്ഞത്? സാധ്യതയില്ല, 'പാവങ്ങൾ' തീർച്ചയായും ഓരോ മലയാളിയും
വായിച്ചിരിക്കേണ്ടൊരു പുസ്തകമാണെന്ന്
അദ്ദേഹം കരുതുന്നതിനാൽ തന്നെയാണ്.
എംടി വൃത്യസ്തനാണെന്നു കരുതാൻ എനിയ്ക്ക് ഇനിയുമേറെ കാരണങ്ങളുണ്ട്.
പത്തുമുപ്പത്തഞ്ചു വർഷമായി അദ്ദേഹത്തെ അടുത്തറിയാം. വാസ്വേട്ടൻ എന്നു
വിളിയ്ക്കാനുള്ള സ്വാതന്ത്ര്യം ആ ബാന്ധവത്തിൽ നിന്നു ലഭിച്ചതുമാണ്.
ഇരുപത്തിമൂന്നാം വയസ്സിലെഴുതിയ പ്രഥമ നോവലിന് കേരള സാഹിത്യ അക്കാദമി
പുരസ്കാരം നേടിയ എഴുത്തുകാരൻ വേറിട്ടൊരു സർഗധനനെന്ന് അസന്ദിഗ്‌ദ്ധമായി
തന്നെ പറയാം.
പാലക്കാട് വിക്റ്റോറിയ കോളേജിൽ ബിരുദത്തിനു പഠിക്കുമ്പോൾ തന്നെ ‘രക്തം
പുരണ്ട മൺതരികൾ’ എന്ന ആദ്യത്തെ കഥാസമാഹാരവുമായെത്തിയ കൂടല്ലൂർകാരൻ, പഴയത്
പുതിയത് എന്ന വ്യത്യാസമില്ലാതെ, എല്ലാ തലമുറയിൽപ്പെട്ടവരുടെയും
ആരാധനാബിംബമായി മാറി. കഥാപാത്ര നിർമ്മിതിയിൽ എംടി പ്രദർശിപ്പിയ്ക്കുന്ന
അത്ഭുതകരമായ ക്രാഫ്റ്റ്സ്മാൻഷിപ്പ് സ്കിൽ എന്നതൊന്നാണ് അദ്ദേഹത്തിൻ്റെ
കഥകൾ ജനപ്രിയമാകാനുള്ള പ്രാഥമികമായ കാരണം. 'നാലുകെട്ടി'ലെ അപ്പുണ്ണിയോ,
'മഞ്ഞി'ലെ വിമലയോ, 'ഇരുട്ടിൻ്റെ ആത്മാവി'ലെ വേലായുധനോ, 'പള്ളിവാളും
കാൽച്ചിലമ്പി'ലെ വെളിച്ചപ്പാടോ, 'അസുരവിത്തി'ലെ ഗോവിന്ദൻകുട്ടിയോ,
'കുട്ട്യേടത്തി'യിലെ കുട്ട്യേടത്തിയോ, 'ഓപ്പോളി'ലെ ഓപ്പോളോ,
'രണ്ടാമൂഴ'ത്തിലെ ഭീമനോ വായനക്കാരുടെ ഉള്ളിൽ നിന്ന് ഓർമ്മയുള്ള ഇടത്തോളം
കാലം കുടിയിറങ്ങാത്ത കഥാപാത്രങ്ങളാണ്.
നൈനിറ്റാലിൻ്റെ പശ്ചാത്തലത്തിൽ രചിച്ച മഞ്ഞാണ് ഈ ലേഖകനെ ഏറ്റവും കൂടുതൽ
ആകർഷിച്ച എംടിയുടെ നോവൽ. പ്രതീക്ഷയും വിറങ്ങലിപ്പും മനുഷ്യ മനസ്സിനെ ഒരേ
അളവിൽ സ്വാധീനിയ്ക്കുന്ന മറ്റൊരു കഥയും നമ്മുടെ ഭാഷയിൽ
പിറവികൊണ്ടിട്ടില്ലെന്നു തന്നെ പറയാം. സ്വന്തം പിതാവിനെ ഒരു നോക്കു കാണാൻ
കാത്തിരിക്കുന്ന തോണിക്കാരൻ ബുദ്ദുവും, ചിരി ഒരു അത്ഭുത സിദ്ധിയാണെന്ന്
വായനക്കാരെ അനുസ്മരിപ്പിച്ചു അകന്നുപോയ സർദാർജിയും, നല്ലവനെങ്കിലും ഒരു
സ്ത്രീക്കു വിലപ്പെട്ടതെല്ലാം കവർന്നെടുത്തു അപ്രത്യക്ഷനാകുന്ന സുധീർ
കുമാർ മിശ്രയും, മേൽചുണ്ടിനുമേൽ നനുത്ത നീല രോമങ്ങളുള്ള വിമലയും
തീർക്കുന്ന മഞ്ഞുലോകം നമ്മുടെ ഉള്ളിൽ ശാന്തിയുടെയും, വേദനയുടെയും, അതേ
സമയം ഒളിമങ്ങാത്ത പ്രത്യാശയുടെയും അലകളാണ് ഉയർത്തുന്നത്. ഒരിയ്ക്കലും
തിരിച്ചുവരാത്ത പ്രിയപ്പെട്ടവനു വേണ്ടി കോടമഞ്ഞിൻ്റെ മരവിപ്പില്ലാതെ വിമല
കാത്തിരിക്കുന്നു. താൻ വഞ്ചിക്കപ്പെട്ടിരിയ്ക്കുന്നുവെന്ന് തിരിച്ചറിയാൻ
മനസ്സുവരാതെ അവൾ പറഞ്ഞുകൊണ്ടേയിരിയ്ക്കുന്നു, "വരും, വരാതിരിക്കില്ല."
വായനക്കാരുടെ ഹൃദയതാളവും വിമലയുടെ ഈ വാക്കുകളാണ്.
പിതാവിൻ്റെ വേർപാടിൽ ഒന്നു കരയാൻ പോലും കഴിയാത്ത വിമലയുടെ വിധി, ഈ സീസണിൽ
അല്ലെങ്കിൽ അടുത്ത സീസണിലെങ്കിലും തൻ്റെ അച്ഛൻ ഇങ്ങെത്തും എന്ന് കരുതുന്ന
ബുദ്ദുവിൻ്റേതിനേക്കാൾ പരുക്കനാണെന്ന യാഥാർഥ്യം വായനക്കാരെ ശരിക്കും
അലോസരപ്പെടുത്തും. എന്നിരുന്നാലും, തോണി പുറപ്പെടാൻ സമയമായിട്ടും ഒരു
യാത്രക്കാരനെ പോലും കടവത്ത് കാണാതിരുന്ന ബുദ്ദുവിൻ്റെയും, 'വരും,
വരാതിരിക്കില്ല'യെന്ന വിശ്വാസം വിമലയുടേതു പോലെ വളരെ സുശക്തമാണ്.
യഥാർത്ഥത്തിൽ, ആ വിശ്വാസം മഞ്ഞും, നൈനിത്താലും, എംടി സൃഷ്ടിച്ച ലോകവും
പിളർന്നെത്തുന്നൊരു പ്രത്യാശയുടെ കിരണം പേറുന്ന സാർവലൗകിക സന്ദേശമായി
മാറുകയാണ്.
മണ്ണെണ്ണ സുലഭമല്ലാതിരുന്ന തൻ്റെ കുട്ടിക്കാലത്തു, രാത്രിയിൽ അധിക
നേരമിരുന്നു വായിക്കാൻ പോലും കഴിയാതിരുന്ന എംടി, ഇത്രയും ശക്തിയേറിയ
കഥാപാത്രങ്ങളെ വരച്ചിടാൻ പോകുന്നൊരു എഴുത്തുകാരനായിത്തീരുമെന്നു അന്നാരും
കരുതിക്കാണില്ല! പാലക്കാട് ജില്ലയുടെ പടിഞ്ഞാറെ അതിർത്തിയിൽ, നിളാനദിയുടെ
തീരത്ത്, അന്നും ഇന്നും നാട്ടിൻപുറമായി നിലകൊള്ളുന്ന കൂടല്ലൂരിൽ
മഹാനായൊരു സാഹിത്യകാരൻ ജന്മം കൊണ്ടതു മലയാണ്മയുടെ മാത്രമല്ല, ഈ
ലോകത്തിൻ്റെ തന്നെ പൊതു സുകൃതമാണ്. നിരവധി എഴുത്തുകാർക്ക് പ്രചോദനമായ
നിള, എംടിയ്ക്കു നൽകിയ സർഗചേതന അളവറ്റതു തന്നെയെന്നതിൻ്റെ
സാക്ഷ്യപത്രങ്ങളാണ് അദ്ദേഹമെഴുതിയ ഒമ്പതു നോവലുകളും, പതിനെട്ടു
ചെറുകഥാസമാഹാരങ്ങളും, അറുപതോളം വരുന്ന തിരക്കഥകളും.
നിളയുടെ കഥാകാരൻ എന്നറിയപ്പെടുന്ന എംടി അഭ്രപാളിയിൽ രചിച്ച കവിതകൾ
അദ്ദേഹത്തിൻ്റെ നോവലുകളെക്കാളോ ചെറുകഥകളെക്കാളോ മനം കവരുന്നവയാണെന്നു
കരുതുന്നവരും ധാരാളം. അദ്ദേഹത്തിൻ്റെ തിരക്കഥയിൽ പിറന്ന 'ഇടവഴിയിലെ പൂച്ച
മിണ്ടാപ്പൂച്ച', 'പഞ്ചാഗ്നി', 'നഖക്ഷതങ്ങൾ', 'അമൃതം ഗമയ', 'ആരൂഢം',
'ആൾക്കൂട്ടത്തിൽ തനിയെ', 'ഋതുഭേദം', 'വൈശാലി', 'ഒരു വടക്കൻ വീരഗാഥ',
'പെരുന്തച്ചൻ', 'സുകൃതം', 'പരിണയം', 'പഴശ്ശിരാജ' മുതലായ സിനിമകൾ
ചലച്ചിത്രമെന്ന ആവിഷ്കാര കലയുടെ ഭാഷ്യം തന്നെ തിരുത്തിയെഴുതി!
-----------------------------------------------------------
“ബീജം ഏറ്റുവാങ്ങുന്ന ഗർഭപാത്രങ്ങൾ, വിത്തുവിതയ്ക്കാൻ മാത്രമായ വയലുകൾ,
പിന്നെ എന്തെല്ലാം! നിങ്ങൾ ഈ സ്ത്രീയെ കണ്ടില്ല. എൻ്റെ അമ്മയെ!” -- എംടി,
രണ്ടാമൂഴം (കഥാകാരൻ്റെ ഏറ്റവും കൂടുതൽ ഉദ്ധരിക്കപ്പെട്ട വരികളിൽ ചിലത്).