ഡിസംബർ 22 ഞായറാഴ്ച ഒരു വിവാഹത്തിന് പോയി
അദ്ദേഹത്തിന്റെ മരണശേഷം ആദ്യമായി ഇവിടെ നിന്നു കുറച്ചു ദൂരെ പോയി കൂടിയ വിവാഹം. വരന്റെ അമ്മ എന്റെ അനുജത്തിയുടെ കൂട്ടുകാരി. പിന്നെ നാരായണീയ സമിതിയിലും മറ്റും ഞങ്ങൾ ഏറെ പ്രിയപ്പെട്ടവർ. 8 മണിക്ക് റെഡി ആയി പമ്പ് ഹൗസ് ജംഗ്ഷനിൽ എത്തി അവിടുന്നു ബസ് പുറപ്പെട്ടു.
സ്ഥലത്തെത്തി. ചടങ്ങുകൾ ഭംഗിയായി കഴിഞ്ഞ ഉടൻ തന്നെ ഹാളിൽ ഇരുന്നവർ ഒട്ടും വൈകാതെ നേരെ ഊട്ട് പുരയിലേക്ക് കുതിച്ചു. ഒപ്പം ഞാനും. അവിടെ ഒരു കസേര ഒഴിഞ്ഞു കിടന്നിരുന്നു. അവിടിരുന്ന മോൾ അവളുടെ അമ്മയ്‌ക്കോ മറ്റൊ പിടിച്ചിട്ട സീറ്റിൽ ഞാൻ കയറിക്കൂടി. ഊണ് കഴിഞ്ഞ് ഒറ്റക്കുതിപ്പിന് വീണ്ടും എല്ലാവരും ബസിലേക്ക്.
" കെട്ടു കഴിഞ്ഞു, തീറ്റയും കഴിഞ്ഞു ഇനി വീട്ടീപ്പോകാം "
ആരോ ഇടയ്ക്ക് തമാശ പറഞ്ഞതും കേട്ടു ഞാനും കൂടെ ഓടി. അദ്ദേഹം ഒപ്പം ഉള്ളപ്പോൾ ഊണിനു ശേഷം തിരികെ മണ്ഡപത്തിൽ കയറി നവദമ്പതികളെ ആശീർവദിക്കുന്ന പതിവ് ഉണ്ടായിരുന്നുവല്ലോ അത് നടന്നില്ലല്ലോ എന്ന് ഞാൻ ഓർത്തു നിന്നപ്പോൾ ഒരു ബസ് മുരണ്ടു കൊണ്ട് "ഇതിലെ വാ" എന്ന് പറഞ്ഞു.. എങ്കിലും ഞാൻ ഏറെ സീറ്റ് ഒഴിഞ്ഞു കിടന്ന മറ്റേ ബസിലേക്ക് കയറി. സീറ്റുകൾ നിറയാതെ ആ വണ്ടി പുറപ്പെടില്ല. അതിനു കാത്തു കിടന്നേ പറ്റു. അബദ്ധം മനസിലായി എങ്കിലും അനങ്ങാതെ ഇരുന്നു. കുറച്ചു കഴിഞ്ഞു മുൻസീറ്റിൽ ഇരുന്ന ചേട്ടൻ പറഞ്ഞു
"എന്റെ നാരായണാ... പത്തായത്തിൽ കുല പഴുക്കാൻ വെച്ചോണം ആയല്ലോ. ഡ്രൈവർ വന്നാലല്ലേ AC ഇടാൻ പറ്റു....എന്നാ ചൂടാ...ഇനി ഇത്തിരി പുക കൂടി ഇട്ടാൽ മതി... എന്നാലും നിനക്ക് എന്നാ ഭാഗ്യമാ.. ഒരു ദിവസം എത്ര പേരാ നിന്റെ പേര് വിളിക്കണേ നാരായണ നാരായണാ "
"അത് ഈ പേരിട്ട എന്റെ അച്ഛന്റെ ഗുണമാ.."എന്ന് നാരായണൻ ചേട്ടൻ.
"എന്റെ പേര് ഗംഗാധരൻ ന്നാ.. അത് വിളിക്കാൻ വല്യ പാടാ.. അതിനല്ലേ അപ്പു ന്നു വിളിക്കുന്നെ എല്ലാരും " എന്ന് തമ്മിൽ തമ്മിൽ അവർ പറഞ്ഞ തമാശകൾക്ക് ഞാൻ കാതോർത്തിരുന്നു.. വൈകാതെ തമാശ ഗൗരവമുള്ള കാര്യങ്ങളിലേക്ക് വഴി മാറി. നാരായണൻ ചേട്ടൻ ഗോശാലയിൽ കൊണ്ട് പോയ പശുക്കളെപ്പറ്റി ആകുലപ്പെട്ടു. അപ്പോഴാണ് ആ മറുപടി വന്നു ഹൃദയത്തിൽ തൊട്ടത്
"എന്റെ പേരക്കിടാങ്ങളെ മക്കൾ വന്നു കൊണ്ട് പോയപ്പോൾ 22 ദിവസം രാത്രി ഞാൻ ഉറങ്ങീല്ല... രാവിലെ മഴയത്തു കുട ഇല്ലാതെ നടക്കാൻ പോകും. എന്തിനാ... കണ്ണുനീർ ഒഴുകുന്നത് മഴയിൽ നനഞ്ഞു പോകുമ്പോ ആരും കാണൂല്ലല്ലോ."
നെഞ്ചിൽ സൂചിമുന പോലെ കുത്തിയ വാക്കുകൾ. എത്രയോ അന്വർത്ഥമായ ഒരു ജീവിത യാഥാർഥ്യം. അരികിൽ ഒരു കുഞ്ഞുണ്ടെങ്കിൽ നാം മറ്റെല്ലാം മറക്കും. അവർ നമ്മുടെ ആകാശവും ആനന്ദവും അഭയവും ഔഷധവും ആകും. അവർ അകലേക്ക് പോയാൽ ആ ശൂന്യത നമ്മളെ വല്ലാതെ അലട്ടും. പെട്ടെന്ന് വാർദ്ധക്യം വന്നു നമ്മളെ മൂടും പോലെ തോന്നും.
പാടിയും ആടിയുമുള്ള മടക്കയാത്ര ഒക്കെ രസകരമായിരുന്നു എങ്കിലും മഴയിൽ കണ്ണീർ കാണാതിരിക്കാൻ കുട ചൂടാതെ നടന്നു പോകുന്നവരുടെ എണ്ണം ഈ തലമുറയിൽ ഏറെയല്ലേ എന്ന ചിന്ത കണ്ണുകളെ നനച്ചു.. എല്ലാ ആയില്ല്യ പൂജക്കും ആ അപ്പു ചേട്ടനോടൊപ്പം വിരൽത്തുമ്പിൽ തൂങ്ങി വരാറുള്ള കുഞ്ഞുങ്ങളെ പോലെ അമ്മുവും ഇന്നയും എന്റെ ഓർമ്മ വിരലിൽ തൂങ്ങി. അവരും ഇപ്പോൾ അകലെയാണല്ലോ . ഇടയ്ക്ക് എന്റെ കണ്ണുകളും ഇങ്ങനെ നിറഞ്ഞു തൂവുന്നുണ്ടല്ലോ. ചില സത്യങ്ങളെ നിഷേധിക്കാൻ ആർക്കാണ് കഴിയുക?
തനിച്ചായാൽ ചുറ്റിനുമുള്ള ആൾക്കൂട്ടത്തിനിടയിലും ഒറ്റപ്പെടാനും, ഏതിരുൾ വഴിയിലും ഒരു തുള്ളി വെളിച്ചം കാത്തു സൂക്ഷിക്കാനും, ഒറ്റയ്ക്ക് സഞ്ചരിക്കാനും കൂടി പഠിക്കുക. അങ്ങനെ ഉള്ളവർ ജീവിതത്തിൽ ഒരിക്കലും പരാജയപ്പെടില്ല.
വാൽക്കഷണം.. വൈകുന്നേരം അങ്ങോട്ട് റിസപ്ഷൻ കൂടാൻ പോയപ്പോൾ കൂടെ വന്നവർ ഒക്കെ നാലുപാടും ചിതറി പോയതോടെ തിരികെ ആദ്യം ട്രിപ്പ് അടിച്ച ബസിൽ കയറി നാൽക്കവലയിൽ ഇറങ്ങുമ്പോൾ ആണ് വിജനമായ അമ്പലമുറ്റം പിന്നിട്ട് വീട്ടിലെത്താൻ ഉള്ള ഇത്തിരി ദൂരം കുറുവ കള്ളന്മാരുടെ താവളമായി മാറിയ വെള്ളൂരിൽ തന്നെ ആണല്ലോ എന്നോർത്തത്. (അദ്ദേഹം ആർക്കും ലിഫ്റ്റ് കൊടുക്കുന്ന കാര്യത്തിൽ ഒട്ടും പിശുക്ക് കാണിച്ചിട്ടില്ല എങ്കിലും ലിഫ്റ്റ് കിട്ടാനും ഒരു യോഗം വേണം അത് അത്ര എളുപ്പമല്ല പ്രത്യേകിച്ചും തനിച്ചായപ്പോൾ) വണ്ടി ഇറങ്ങിയപ്പോൾ ഇനി വല്ലതും സംഭവിച്ചാൽ "കുറുവ കള്ളന്മാരുടെ ആക്രമണത്തിൽ വീട്ടമ്മക്ക് പരിക്ക് എന്നോ മരിച്ചു എന്നോ മറ്റൊ പിറ്റേന്ന് പത്രത്തിൽ വരുമൊ "എന്ന ആശങ്ക പങ്കു വെച്ചപ്പോൾ വണ്ടിയിൽ ഇരുന്ന പുരുഷന്മാർ "ഒന്നും പേടിക്കേണ്ട ചേച്ചീ പൊയ്ക്കോളൂ "എന്ന് പ്രോത്സാഹിപ്പിച്ചു. "ആരെങ്കിലും ഒന്ന് കൂടെ വരാമോ?" എന്ന് ഞാനും അവർ " കൂടെ വരണോ ചേച്ചീ" എന്നും ചോദിച്ചില്ല. നടക്കാൻ കാലിന് അല്പം പ്രയാസം ഉള്ള കൂട്ടുകാരി "ചേച്ചി നടന്നോളു ഞാൻ ആ വളവു കഴിയും വരെ വരെ ഇവിടെ നോക്കി നിൽക്കാം നമ്മുടെ ദൈവങ്ങൾ ഇല്ലേ കൂട്ടിന് "എന്ന് ആശ്വസിപ്പിച്ചപ്പോൾ സന്തോഷം തോന്നി. കണിക്കൊന്ന കരിഞ്ഞെങ്കിലും "ഞാൻ ഇവിടിരുന്നു കുഴലൂതുന്നുണ്ട് നീ പേടിക്കണ്ട " എന്ന് ആരോ എന്റെ മനസിലും ഇരുന്നു മന്ത്രിക്കുന്നുണ്ടായിരുന്നു. അത് ആരാണെന്ന് ഞാൻ പറയാതെ തന്നെ അറിയാമല്ലോ. ഇത്തിരി ദൂരം വളരെ പെട്ടെന്ന് പിന്നിടുമ്പോൾ എന്നിട്ടും ഞാൻ യക്ഷിത്തറയിലേക്ക് ചുമ്മാ ഒന്ന് ഒളിഞ്ഞു നോക്കി.. അവിടെ ങ്ങാനും യക്ഷിയെ കാണാൻ വന്നിട്ടുണ്ടോ ചുണ്ടോട് ചേർത്തു മുകർന്നാൽ മുത്തിനുള്ളിൽ നിന്നു പുറത്ത് വരുന്ന ഗന്ധർവ്വൻ. ഉണ്ടെങ്കിൽ കൂട്ടിന് വിളിക്കാം എന്ന അത്യാഗ്രഹം തന്നെ ആയിരുന്നു കാരണം കേട്ടോ. ഇതിനിടയിൽ എവിടുന്നോ ആരോ നടക്കുന്നത് പോലെ കരിയില ഞെരിഞ്ഞ ഒരൊച്ച കേട്ടതും ഞാൻ മുട്ട് വേദന ഒക്കെ മറന്ന് നൂറിൽ ഒരൊറ്റ വിടലിൽ വീട് അണഞ്ഞതും ആരും അറിയാത്ത കഥ... പറഞ്ഞിട്ടും കാര്യമില്ലാത്ത കഥ..തനിച്ചായാൽ ചിലപ്പോഴെങ്കിലും സന്ദർഭം അനുസരിച്ചു ജാൻസിറാണിയും സീതയും, ലക്ഷ്മിയും ഒക്കെ ആകേണ്ടി വരുന്ന ഓരോ പെണ്ണിന്റെയും വീരകഥ.