അങ്ങനെ രണ്ടായിരത്തിയിരുപത്തിയഞ്ച് ഇതാ പടിവാതിൽക്കൽ. ഓരോ വർഷം വന്നുപോകുമ്പോഴും മനുഷ്യർ മാറിക്കൊണ്ടിരിക്കയാണ്. ഒരു നമ്പൂതിരി ഫലിതം ഓർമ്മവരുന്നു. മുഴുവൻ സമയവും ഇന്റർനെറ്റിൽ ചാറ്റ് ചെയ്തുകൊണ്ടിരിക്കുന്ന മകനെപ്പറ്റി നമ്പൂതിരി പറഞ്ഞു ‘കാലത്തിന്റെ മാറ്റങ്ങളേ.. അക്കാലത്തൊക്കെ രാഹുവിന്റെ അപഹാരമായിരുന്നെങ്കിൽ ഇന്നത്തെ ചെറുപ്പക്കാർക്ക് യാഹുവിന്റെ അപഹാരമാണ്.”പണ്ട് ചിലന്തികൾ പുതുവത്സരം വരുമ്പോൾ വലയിൽ ചിലവഴിക്കുന്ന സമയം കുറയ്ക്കുമെന്ന് പ്രതിജ്ഞ എടുത്തിരുന്നു അത് അവരുടെ വയറ്റത്തടിക്കുമെങ്കിലും. കാരണം വല വിരിച്ചാണ് അത് ഇരയെ പിടിക്കുന്നത്. മനുഷ്യരും പുതുവർഷാരംഭത്തിൽ അവരുടെ വലയിൽ (web) ചിലവഴിക്കുന്ന സമയം കുറയ്ക്കുമെന്നു ഓരോ ശപഥങ്ങൾ എടുക്കണം.
വർഷങ്ങൾ പെയ്തോഴിഞ്ഞുകൊണ്ടിരിക്കുന്നു. ഓരോ വർഷവും അന്തരീക്ഷത്തിൽ നില നിർത്തുന്ന മഴത്തുള്ളികളിലൂടെ സൂര്യരസ്മികൾ കടന്നുപോകുമ്പോൾ അവ ഏഴു വർണ്ണങ്ങളായി മാരിവിൽ ഉണ്ടാക്കുന്നു.നമ്മൾ ഒരു വർഷത്തോട് വിട പറയുമ്പോൾ ആ വർഷം വിട്ടുപോകുന്ന നന്മകളുടെ മാരിവിൽ നമുക്ക് അനുഭവപ്പെടും. ഓരോ വർഷവും പോയ വർഷത്തിന്റെ പിന്തുടർച്ചയാണ്. പുതുവർഷത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യാം.
പുതുവത്സരത്തിന്റെ പ്രത്യേകത അത് നമുക്ക് 365 ദിവസം മുന്നിലുണ്ട് എന്ന ഉറപ്പു തരുന്നു. ആ ദിവസങ്ങളെ ഒരു ചീട്ടു കെട്ടായി കരുതുക. ചീട്ടു കളിക്ക് അമ്പത്തിരണ്ട് കാർഡുകൾ ഉപയോഗിക്കുന്നു. കളിക്കാർ ഒന്നോ രണ്ടോ ആണെങ്കിൽ അവർക്ക് ഏഴു ചീട്ടു വീതം കിട്ടും. അപ്പോൾ നമുക്ക് 365 നെ 52 കൊണ്ട് ഹരിച്ചാൽ ഏഴിൽ ചില്ലാനം ആണ്. അത് വീട്ടിലെ ഭാര്യയും ഭർത്താവും ഇന്നത്തെ അവസ്ഥയിൽ ഒരു സന്താനവും കൂടി കളിക്കുക. ഏഴു ദിവസം ഒരാഴ്ച്ച, 52 ദിവസം ഒരു വർഷം 365ദിവസങ്ങൾ . 52 നെ ഏഴുകൊണ്ടു ഗുണിക്കുമ്പോൾ 364 കിട്ടും. അങ്ങനെ "ദുഃഖങ്ങൾക്ക് അവധി കൊടുത്തു സ്വർഗ്ഗത്തിൽ മുറിയെടുക്കുക". "വിധിയും നമ്മളും ഒരു കൂട് ചീട്ടുമായി വിളയാടാനിരിക്കുക".അപ്പോൾ "അപ്സരരമണികൾ സ്വപനങ്ങൾ ചുറ്റും അത്ഭുത പാനപാത്രം നിറയ്ക്കും". അങ്ങനെ "മനുജജീവിത മലർപൊതി ഇത് വരെ അനുഭവിക്കാൻ ഒക്കാത്തവർക്ക്" അവസരവുമായി പുതുവർഷം വരുന്നു. തുരുമ്പ് പിടിച്ച, പൂപ്പൽ പിടിച്ച ആദർശങ്ങളും ഉപദേശങ്ങളും വലിച്ചെറിയുക. പുതുവർഷം ഒരു മായാജാലവും കാണിക്കുകയില്ല. മനുഷ്യർ അതിനെ എങ്ങനെ കാണുന്നു സ്വീകരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു ഒരു വർഷത്തിന്റെ വിജയവും പരാജയവും.
ഒരു തലമുറക്ക് അപരിചിതമായ കാര്യങ്ങൾ പുതിയ തലമുറ ചെയ്യുമ്പോൾ അവർ പരിഭ്രമിക്കുന്നു. നമ്പൂതിരി ഉപയോഗിച്ച അപഹാരം ഒരു ജ്യോതിഷവാക്കാണ്. ഓരോ നാളുകാർക്കും ഓരോ ദശകളുണ്ട്. അതുപ്രകാരമുള്ള അപഹാരങ്ങളും. ഇങ്ങനെ പുതുവർഷം പിറക്കുമ്പോൾ ജ്യോതിഷം അറിയുന്നവർക്ക് ചാകരയാണ്. ഇരുപത്തിയേഴ് നാളുകളാണുള്ളത്. അതിൽ ഒമ്പത് നാളുകാർക്ക് ഈ വർഷം കേമമാണത്രെ. ഈ ഒമ്പത് നാളുകാരിൽ ഈ ലേഖകൻ ഉൾപ്പെടുന്നതുകൊണ്ട് പല ഫോൺ വിളികളും വന്നു. കാരണം ആ ഒമ്പതിൽ കൂടുതൽ മെച്ചം എന്റെ നാളുകാർക്കാണ്. ഗർഭിണികളായ സ്ത്രീകൾ ആ നാളിൽ പ്രസവിച്ചാൽ മതിയെന്ന് തീരുമാനിച്ച് സിസ്സേറിയൻ മുൻകൂട്ടി ബുക്ക് ചെയ്തിരിക്കയാണ്. അന്ധവിശ്വാസങ്ങൾ ഒരു ഉത്സവം പോലെ ജനം ആഘോഷിക്കുന്നത് കഷ്ടം തന്നെ. അത്തരം ആഘോഷങ്ങളിൽ പങ്കെടുക്കുന്നത് വിനോദമായേ കണക്കാക്കാവു. അതിന്റെ ഉല്പത്തിയും സ്വാധീനവും അറിയുന്നതും നേരമ്പോക്കാണ്. അക്കം പതിമൂന്നു അശുഭമായി കരുതുന്നുണ്ട്. അതിനു കാരണം യേശുവിന്റെ ഒടുവിലത്തെ തിരുവത്താഴത്തിനു പതിമൂന്നാമത്തെ അതിഥിയായി ഇരുന്നത് ജൂഡാസ് ആയതുകൊണ്ടാണത്രെ.
ഭാവി എന്താണെന്നറിയാനുള്ള ഉത്ക്കണ്ഠ എല്ലാവര്ക്കും ഉണ്ട്. പ്രത്യേകിച്ച് ഒരു പുതിയ വർഷം ആരംഭിക്കുമ്പോൾ.അതുകൊണ്ടാണ് ഭാവിഫലം പറയുന്നയാളെ തേടി ജനം പോകുന്നത്. റോമൻകാർക്ക് ഒരു ദേവനുണ്ട്. അദ്ദേഹമാണ് ജാനസ്. മുന്നോട്ടും പിറകിലോട്ടും മുഖമുള്ള ദേവൻ. ഇദ്ദേഹം വാതായനങ്ങളുടെയും പടിവാതിലുകളുടെയും ദേവനായി ആരാധിക്കപ്പെടുന്നു. തുടക്കം ഇദ്ദേഹത്തിൽ നിന്നായതുകൊണ്ട് തുടക്കങ്ങൾ എല്ലാം ഇദ്ദേഹത്തിന്റെ ആരാധനയോടെ നടത്തുന്നു. തുടക്കം നന്നായാൽ എല്ലാം നന്നാകുമെന്ന മനുഷ്യന്റെ സുപ്രതീക്ഷ. ഇങ്ങനെ ഒരു ദേവൻ നമുക്ക് ഭാരതീയർക്കുമുണ്ട്. അദ്ദേഹമാണ് ഗണപതി. വിഘ്‌നങ്ങളെയൊക്കെ ഒഴിവാക്കി മാർഗ്ഗം തെളിയിക്കുന്നു ആനത്തലയുള്ള ഈ ദേവൻ. ഈ ദേവനും എല്ലാ കാര്യങ്ങളിലും പ്രഥമഗണനീയനാണ്.
ഗ്രീക്ക് പുരാണത്തിൽ ക്രോണോസ് എന്ന ഒരു ദേവനെപ്പറ്റി പറയുന്നുണ്ട്. ഇദ്ദേഹം രാശിചക്രങ്ങൾ തിരിച്ചുകൊണ്ടിരിക്കുന്നു. സമയത്തെ അരിവാൾ കൊണ്ട് അരിഞ്ഞു വീഴ്‌ത്തുന്ന ജോലിയാണ് ഈ ദേവൻ ചെയ്യുന്നത്. ഇദ്ദേഹത്തെ ഭാരതത്തിലെ ശനിദേവനോട് താരതമ്യം ചെയ്യുന്നുണ്ട്. ഭാരതീയരുടെ ശനിദേവൻ വാസ്തവത്തിൽ പ്രതിബന്ധങ്ങൾ നമുക്ക് മുന്നിൽ തീർക്കുകയാണ്. എന്നാൽ ഈ പ്രതിബന്ധങ്ങൾ നാം ശീലിക്കുന്ന പരിചയിക്കുന്ന സ്വഭാവമാണ്, ജീവിതരീതികളാണ് എന്ന് മനസ്സിലാക്കണം. മദ്യപാനത്തിനടിമയായി ആരോഗ്യവും പണവും നഷ്ടപ്പെടുത്തുന്ന ഒരാളുടെ മുന്നിലെ പ്രതിബന്ധം അയാളുടെ സ്വഭാവമാണ്. അതേപോലെ നമ്മൾ പ്രതിബന്ധങ്ങൾ എന്ന് പേടിക്കുന്ന പലതും നമ്മുടെ തന്നെ സൃഷ്ടിയാണ് അല്ലെങ്കിൽ നമ്മളോട് ബന്ധപ്പെട്ടവർ തീർക്കുന്നതാണ്. അത് കാലാകാലങ്ങളിൽ അതായത് പഴയ കാലം പോയി പുതിയത് വരുമ്പോൾ മാറ്റേണ്ടതുണ്ട്. അതിനു ഒരു തുടക്കം ആവശ്യമാണ്. തുടക്കം നന്നാകുന്നതിനായി ജാനസ് ദേവനെയും ഗണപതി ഭഗവാനെയും ജനം ആശ്രയിക്കുന്നു. പുതുവർഷത്തിൽ എടുക്കുന്ന തീരുമാനങ്ങൾ ആ വിശ്വാസത്തിൽ നിന്നാണ്. നിങ്ങൾ ദൈവ വിശ്വാസിയാണോ അല്ലയോ എന്നുള്ളതിന് പ്രസക്തിയില്ല. കാലം നമുക്ക് വേണ്ടി കാത്തുനിൽക്കാതെ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുമ്പോൾ മാറ്റങ്ങൾ അനിവാര്യമാണെന്ന് എല്ലാവര്ക്കും തോന്നുന്നു. ചില തീരുമാനങ്ങളും പ്രതിജ്ഞകളും ചെയ്യുന്നു.
എന്നാൽ പുതുവത്സര പ്രതിജ്ഞകൾ അൽപ്പായുസ്സോടെ ലംഘിക്കപ്പെടുന്നു. എന്താണ് അതിനു കാരണം. സുഖലോലുപതക്ക് അടിമയായ നമ്മുടെ മനസ്സിന് അപരിചിതമായത് എന്തും കൈക്കൊള്ളാൻ വിമുഖതയാണ്. എന്തെങ്കിലും സുഖം അത് അനുഭവിച്ചുകൊണ്ടിരിക്കുന്നെങ്കിൽ അതിൽ നിന്നും വിട്ടുമാറാൻ ഇഷ്ടം കാണിക്കുകയില്ല. ഒരു പക്ഷെ അതിനേക്കാൾ സുഖകരമായ അനുഭൂതി വേറെയിടത്ത് കിട്ടുമെങ്കിലും. അതുകൊണ്ട് അത് നമ്മളെ ഉലച്ചുകൊണ്ടിരിക്കും. മൂപ്പർക്ക് ഇഷ്ടമുള്ള വാക്ക് "ഒരു പക്ഷെ". എന്നാണു. ഇപ്പോഴത്തെ അവസ്ഥയിൽ നിന്നും വേറൊന്നു സ്വീകരിച്ചാൽ ശരിയാകുമോ? ഭവിഷ്യത്തുകൾ ഉണ്ടായാൽ പ്രതിവിധിയെന്തു? മനസ്സ് ഒരാളെ വിജയിപ്പിക്കുകയും പരാജയപ്പെടുത്തുകയും ചെയ്യും. പലപ്പോഴും അറിവുള്ളവരോട് അഭിപ്രായം ആരായുന്നതും സഹായകമാകണമെന്നില്ല. ഒരിക്കൽ ചാർളി ചാപ്ലിൻ മാനസികമായി വളരെ തളർന്നു ചികിത്സ തേടി ഡോക്ടറുടെ അടുത്ത് ചെന്നു. മുന്നിലിരിക്കുന്നത് ചാർളി ചാപ്ലിനാണെന്നു മനസ്സിലാകാതിരുന്ന ഡോക്ടറുടെ ചികിത്സ "നിങ്ങൾ ഏതെങ്കിലും ചാർളി ചാപ്ലിൻ സിനിമ കാണു" എന്നായിരുന്നു.
ഒരു വർഷത്തോട് വിട ചൊല്ലി പുതിയ വർഷത്തെ എതിരേൽക്കുമ്പോൾ ഉണ്ടാകണം തീരുമാനങ്ങൾ, ആഗ്രഹങ്ങൾ, പ്രതീക്ഷകൾ, വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള ശക്തിയും, അറിവും. എന്നും അദൃശ്യനായി നിൽക്കുന്ന പ്രപഞ്ച ശില്പി എന്തെങ്കിലും കരുണ കാണിക്കുമെന്ന വിശ്വാസവും.
ശുഭം