Image

മടക്കം (രമാ പിഷാരടി)

Published on 31 December, 2024
മടക്കം (രമാ പിഷാരടി)

ഒടുവിലത്തെ ദിനമാണിതേ-

വഴിക്കിടവഴി തിരി-

ഞ്ഞെത്രപേർ  യാത്രയായ്

പിറവിയിൽ നിന്നൊരിത്തിരി-

ക്കയ്പിൻ്റെ മധുരനെല്ലിക്ക

പോലുള്ള ജീവിതം

കനലിലിട്ടതും വെന്തതും

പച്ചിലത്തരിമരുന്നായ്

കുടിച്ചങ്ങ് തീർത്തതും

എഴുതിയാളിപ്പടർന്നതും

മഞ്ഞിൻ്റെ തരികളിൽ

വീണുറഞ്ഞങ്ങ് പോയതും

ഇരുളിലാകെ പകച്ച്

ദു: സ്വപ്നങ്ങളെഴുതുമേതോ

പെരുങ്കോട്ട കണ്ടതും

തിരികെയാത്മീയസാധകം

ചെയ്യുന്ന കവിതയിൽ മുങ്ങി-

ധ്യാനത്തിലായതും

മിഴികൾ മെല്ലെത്തുറക്കവേ

മുന്നിലായ് വഴിപിരിഞ്ഞ്

പോകുന്നൊരാൾ കഥകൾക്ക്

കനലുമാധിയും കണ്ണീരുമേകിയോൻ

*നിളകടന്നതാ പോകുന്നു

കൂട്ടിനായ് *തബല

വായിച്ച് മറ്റൊരാൾ

ഈ *നിശയ്ക്കിവിടെ-

യന്ത്യമെന്നഭ്രലോകത്തിൻ്റെ

ഹൃദയമൊന്നായ്

കടഞ്ഞ് തീർക്കുന്നൊരാൾ..

 

ഒടുവിലത്തെ ദിനമാണ്

കണ്ണിലെ നനവ് തൂത്ത്

നടക്കുകയാണവർ

തിരികെ നോക്കാതെ

പോകുന്നവർ

വഴിക്കിരുവശത്തും

കരഞ്ഞ കൺപീലികൾ

പുകപടർന്ന പോൽ

മഞ്ഞ് വീഴുന്നപോൽ

ജനിമൃതിക്കൊരാൾ

*നന്ദി ചൊല്ലുന്ന പോൽ

*ജനുവരിക്കമ്മയോർമ്മ-

യാണാദിനം വഴിപിരിയൽ

അതേ, മടക്കം തന്നെ. ..

 

=================================================================
 

*എം ടി, സാക്കിർ ഹുസൈൻ, ശ്യാം ബനഗൽ ഇവരുടെ വിടപറയൽ

*2020 ഡിസംബർ  23ന് ലോകം വിട്ട് പോയ സുഗതകുമാരി ടീച്ചറുടെ

നന്ദി എന്ന കവിത

*ഡിസംബർ 31ന് ഭൂമിയിൽ നിന്ന് മടങ്ങിയ അമ്മയുടെ സ്മൃതി.

=================================================================

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക