Image

ഫെലിസ് ആഞ്യോ നുഎവോ (ചെറുകഥ: ചിഞ്ചു തോമസ്)

Published on 31 December, 2024
ഫെലിസ് ആഞ്യോ നുഎവോ (ചെറുകഥ: ചിഞ്ചു തോമസ്)

റോസിയോ ഹെല്പ് ഡെസ്ക്കിനു മുന്നിൽ സൂട്ടണിഞ്ഞു നിൽക്കുകയാണ്. അവളുടെ മുടി ബോയ്കട്ട് ചെയ്തിരിക്കുന്നു. മുഖം റോമൻ ശിൽപ്പങ്ങളുടേത്‌ പോലെ നീളമുള്ളതും അഴകുള്ളതുമാണ്. അവൾ മുഖത്തു ചായം പൂശിയിരുന്നു.ചുണ്ടുകൾ ചുമപ്പിച്ചിരുന്നു.അവൾ മുഖത്തു പൂശിയിരുന്ന ചായത്തിന്റെ കൂടെ ഗൗരവം ചാലിച്ചിരുന്നു. മെറീനയും കുടുംബവും സമീപത്തെത്തിയപ്പോഴേക്കും ഞൊടിയിടകൊണ്ടവൾ പ്രസന്നവദനയായി. അവൾ ചോദിച്ചു,“hi, how can i help you?”

സ്പെയിനിൽ സെവിൽ എന്ന സ്ഥലത്തുള്ള  ബാർസെലോ ഹോട്ടലായിരുന്നു അത്. സൂഷം പറഞ്ഞാൽ രണ്ടായിരത്തിയിരുപത്തിമൂന്ന് ഡിസംബർ മാസം മുപ്പത്തിയൊന്നാം തീയതി ഉച്ചക്ക് രണ്ടുമണിക്ക് മെറീനയും കുടുംബവും റോസിയോയുടെ മുന്നിൽ നിൽക്കുകയാണ്. ന്യൂഇയറിന് സെവിലിൽ എവിടെയാണ് ആഘോഷം നടക്കുന്നത് എന്നറിയാനായിരുന്നു മെറീന അവൾക്കു മുന്നിൽ ചെന്നത്. സെവിൽ സിറ്റിയുടെ വലിയ ഒരു മാപ്പ് റോസിയോ അവർക്കു മുന്നിൽ വിടർത്തി വെച്ചു. 

അവിടെയുള്ള പ്ലാസ നുഏവ സ്ട്രീറ്റിൽ എല്ലാ പുതുവർഷവും പരിപാടികൾ സംഘടിപ്പിക്കാറുണ്ടെന്നും അതുപോലെ അന്നും പരിപാടികൾ ഉണ്ടാകുമെന്നും റോസിയോ വിശദീകരിച്ചു.പ്ലാസ നുഏവയിൽ ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഉണ്ടാകുമോയെന്ന് മെറീന തിരക്കി.ആ  ചോദ്യം കേട്ട് റോസിയോ ഒ.. ഒ.. എന്ന് ശബ്ദിച്ചു രണ്ടു നിമിഷം എന്തു പറയണമെന്ന് ചിന്തിച്ചു, എന്നിട്ടു തുടർന്നു; ഞങ്ങൾ സെവിലുകാർക്ക് പുതുവത്സരം വളരെ പ്രധാനപ്പെട്ടതാണ്. ഞങ്ങൾ ഫാമിലിയോടൊപ്പം വീഞ്ഞുകുടിച്ചും  ഭക്ഷണം കഴിച്ചുമാണ് ആഘോഷിക്കുന്നത്. അതുകൊണ്ട് ഉച്ചയാകുമ്പോഴേ ഒരുമാതിരിപ്പെട്ട എല്ലാ കടകളും കമ്പോളങ്ങളും അടയ്ക്കും. ടാക്സിയും ലഭിക്കില്ല.ഞങ്ങളെല്ലാവരും ന്യൂയിയർ വീടുകളിൽ ആഘോഷിച്ചു കഴിഞ്ഞ് വെളുപ്പിനെ ഒരുമണിയാകുമ്പോഴൊക്കെയേ സെവിൽ സിറ്റിയിലേക്ക് ഇറങ്ങുകയുള്ളൂ. അപ്പോഴേ ടാക്സിയും ഓടിത്തുടങ്ങുകയുള്ളൂ. 

റോസിയോ പറയുന്നതുകേട്ട് മെറീന ആകെ പെട്ടുപോയി. സ്പെയിനിൽ പുതുവത്സരം ആഘോഷിക്കാൻ പോയിട്ട് വിജനമായ വഴികളും അടഞ്ഞുകിടക്കുന്ന ഭക്ഷണശാലകളും കാണേണ്ടിവരുമോ! അഞ്ചു ദിവസം മുന്നേ നടന്ന ക്രിസ്തുമസ് ആഘോഷം  മെറീനയോർത്തു;എന്തായിരുന്നു അന്ന്! മഞ്ഞുമൂടിയ വിജനമായ തെരുവ്. അവിടെ മനുഷ്യർ പ്രവേശിച്ചിട്ടു വര്ഷങ്ങളായ മട്ട്. തലേ ദിവസം തിരക്കുകൾക്കിടയിലൂടെ കടന്നുപോയ തെരുവായിരുന്നു അത്. എന്നാൽ ക്രിസ്തുമസ് ദിനം ആളുമില്ല  അനക്കവുമില്ല. അവർ ക്രിസ്തുമസ് സ്പെഷ്യൽ ഫുഡ്‌ തെരുവുകളിൽ നിന്നുമാകാമെന്നുകരുതി കിടുകിട വിറയ്ക്കുന്ന  വെളുപ്പാംകാലത്ത് പോർച്ചുഗൽ തെരുവീഥിയിൽ ഹോട്ടലിൽനിന്നും ടാക്സിയിൽവന്ന് നിൽക്കുകയാണ് വെറുംവയറോടെ! മെറീനയുടെയും കുടുംബത്തിന്റെയും ഭാഗ്യത്തിനോ  നിർഭാഗ്യത്തിനോ  അവിടെയൊരു ചെറിയ ബേക്കറി തുറന്നിരിക്കുന്നത് കണ്ടു.തണുത്തു മരവിച്ച പലതരം ക്രുസ്സാന്റ് നിരത്തിവെച്ചിരിക്കുന്നു.അതുകൂടാതെ രണ്ടു പുഴുങ്ങിയ മുട്ടയും കണ്ടു. പ്രായംചെന്ന് കണ്ണുപിടിക്കാത്ത ഒരു പോർച്ചുഗീസ് അപ്പച്ചൻ  കുനിഞ്ഞു നിന്നു മുട്ടകളെ നോക്കിനിൽക്കുകയായിരുന്നു.മെറീന മുട്ടകൾക്ക്  ഓർഡർ കൊടുക്കുംമുന്നേ അപ്പച്ചൻ  ഓർഡർ കൊടുത്തു. ഇനിയും മുട്ട ഇല്ല എന്ന് കടയുടമകൾ പറഞ്ഞു.മെറീന ചുറ്റിനും  നോക്കി.കുറേ പ്രായമായവർ. വീടും കുടിയുമില്ലാതെ  തെരുവുകളിൽ താമസിക്കുന്നവരാണ് അവരെല്ലാമെന്നു അവൾക്ക് തോന്നി.അവർക്കു വേണ്ടി തുറന്നു വെച്ചിരിക്കുന്ന കടയാകുമത്. കടികൊള്ളാത്ത  ക്രുസാന്റ് ആകൃതിയിലുള്ള  വെന്ത മാവ് ഭക്ഷണമാണെന്ന് അവർ പറഞ്ഞതുകൊണ്ടുമാത്രം അത് വിശ്വസിച്ചു മെറീനയും ഭർത്താവായ ലൂയിയും കഴിച്ചു.അവരുടെ മകൻ തീമോത്തി  അവിടെനിന്നും ഒരു ചുക്കും കഴിച്ചില്ല.അവന് കഴിക്കാൻ വേണ്ടി മാത്രം ഇരുപതുമിനിട്ടു  ടാക്സിയിലിരുന്നു  റിറ്റ്സ് കാൾറ്റനിൽ പോയി ബുഫെ ഓർഡർ ചെയ്തതോർത്തു മെറീനയും ലൂയിയും റോസിയോയുടെ മുന്നിൽനിന്ന്  നെടുവീർപ്പിട്ടതിൽ തെറ്റു പറയാൻ പറ്റുമോ?അന്നത്തെ വിശപ്പും വിജനതജയും അന്ധാളിപ്പായി അവരുടെ മുഖത്തു തെളിഞ്ഞു തെളിഞ്ഞു വന്നു.
നിങ്ങൾ വിഷമിക്കേണ്ട,റോസിയോ തുടർന്നു; പ്ലാസ നുഏവയിൽ ന്യൂയിയർ പരിപാടിയും കാണും ചില ഭക്ഷണശാലകളൊക്കെ വൈകിട്ടുവരെയും കാണും.

മെറീന അത് വിശ്വസിക്കാതെ വാടിയമുഖത്തോടെ മുന്നിലിരുന്ന മാപ്പ് മടക്കി പോക്കറ്റിൽ വെച്ചു.രണ്ടു ദിവസം മുന്നേ ഫ്ലമിങ്കോ നൃത്തകലകാണാൻ റോസിയോ അവരെ ഉപദേശിക്കുകയും മൂന്ന് സീറ്റ്‌ ബുക്ക്‌ ചെയ്തു കൊടുക്കുകയും ചെയ്തിരുന്നു. ആണിയടിച്ച ഷൂസിട്ട കാലുകൾ കൊണ്ട് താളമടിച്ചു നൃത്തം ചെയ്യുന്ന സ്ത്രീയും പുരുഷനും മെറീനക്ക് അത്ഭുതമായി. നൃത്തം ചെയ്യുമ്പോൾ  അവർ വരുത്തുന്ന ദൃഢമായ മുഖഭാവം അവളെ ആകർഷിച്ചു.ആ നൃത്തം കണ്ടതിൽപ്പിന്നെ  മെറീന സെവിൽ തെരുവീഥികളിലൂടെ പറ്റുമ്പോഴൊക്കെ കാലുകൾക്കൊണ്ടു താളമടിച്ചു മുകൾവശം ഞെളിച്ചുവെച്ചു തല അങ്ങോട്ടുമിങ്ങോട്ടും വെട്ടിച്ചു കൈ വസ്ത്രത്തിൽ പിടിച്ചു നൃത്തമാടി.റോസിയോയോട് ഫ്ളമിങ്കോ നൃത്തരൂപം കാണാൻ  ഉപദേശിച്ചതിൽ കാൽത്താളമടിച്ചുകൊണ്ടവൾ നന്ദി പറഞ്ഞ് ഒട്ടും സമയം കളയാതെ പ്ലാസ നുഏവയിലേക്ക്  യാത്രയായി.

ടാക്സി ഒരിടത്തുനിർത്തി മെറീനയേയും കുടുംബത്തേയും ഇറക്കിയിട്ടു ഡ്രൈവർ പറഞ്ഞു, ‘നേരെ നടന്നാൽ പ്ലാസ നുഏവയിലെത്താം ഇന്നിവിടെ ടാക്സി നിയന്ത്രണമാണ്!’ അവർ മുന്നോട്ടുള്ള വഴിയേ മറ്റുള്ള സഞ്ചാരികളെപ്പോലെ നടന്നു. അപ്പോൾ സമയം മൂന്നുമണിയായിട്ടുണ്ടാകും.

റോഡിന്റെ ഇരുഭാഗത്തും ഓറഞ്ച് മരങ്ങൾ വരിവരിയായി നിൽക്കുന്നു. മരങ്ങളിൽ  നിറയെ ഓറഞ്ച് വളർന്നു വലിപ്പം പ്രാപിച്ചിരിക്കുകയാണ്. മെറീന ഒരെണ്ണം ചാടിപിടിച്ചു വലിച്ചു കൈക്കുള്ളിലാക്കി. നല്ല മണമുണ്ട്.ആർത്തിയോടെ ഓറഞ്ച് പൊളിച്ച് ഒരല്ലി വായിലിട്ടു. മെറീനയുടെ ഓരോ അവയവങ്ങളും പുളിച്ചുപോയി.ഓറഞ്ച് കഴിക്കാൻ പാകമായിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടാകും ആരും തൊടുമെന്നുള്ള  പേടികൂടാതെ ഓറഞ്ച് സധൈര്യം നിറഞ്ഞു നിൽക്കുന്നത്!അവർ നടക്കുന്ന വീഥിയിൽ ട്രാം പോകാനുള്ള റെയിൽ റോഡിന്റെ ഒത്ത നടുവിലൂടെ കടന്നു പോകുന്നുണ്ട്. നടപ്പാത നിറഞ്ഞ് മനുഷ്യർ റോഡിൽക്കൂടെയും പോകുകയാണ്. വഴിയിൽ അങ്ങിങ്ങായി ചെസ്റ്റ്നട്ട് പുഴുങ്ങി വിൽക്കുന്ന വഴിയോരക്കച്ചവടക്കാരെ  കാണാം. ചെസ്റ്റ്നട്ട് പുഴുങ്ങുമ്പോളുണ്ടാകുന്ന പുക ആകാശത്തേക്ക് ഉയർന്നുപോകുന്നു. കോച്ചും തണുപ്പിൽ ആളുകൾ സിഗാർ പുകയ്ക്കുന്നുണ്ട്. റോഡിന്റെ ഇരുവശങ്ങളിലായി ഭക്ഷണശാലകൾ കാണാം. മനുഷ്യർ വൈനും ബിയറും മറ്റു ഹോട്ട് ഡ്രിങ്ക്സും കഴിക്കുന്നുണ്ട്. ഭക്ഷണം ഉണ്ട് എന്ന് കണ്ടപ്പോൾത്തന്നെ അവർക്കു സമാധാനമായി. ആ വീഥിയിലുള്ള മരിയ ലിമോനെസ് എന്ന കടയിൽ ടബ്ബിനുള്ളിൽ മലർന്നു കിടക്കുന്ന ജെലാറ്റോ അവർ വാങ്ങി.മെറീന അവിടെയുള്ള ഓറഞ്ച് മരം ചാരിനിന്ന് ടുൻസി ടെ ലെച്ചെ എന്ന് പേരുള്ള ജെലാറ്റോ കഴിച്ച്‌ രണ്ടായിരത്തിയിരുപത്തിമൂന്നിനോട് വിടപറയാൻ തയ്യാറെടുത്തു. ഫെലിസ് ആഞ്യോ നുഎവൊ..ഫെലിസ് ആഞ്യോ നുഎവൊ (പുതുവത്സരാശംസകൾ ) എന്ന് മുഴങ്ങിക്കേൾക്കാൻ അവിടുത്തെ അന്തരീക്ഷം ഇടമൊരുക്കാൻ തുടങ്ങി.മൂടിയ കാലാവസ്ഥയിൽ സഞ്ചാരികൾ വിലയേറിയ വൂളൻ വസ്ത്രങ്ങൾ ധരിച്ച്‌ ആ നാടിന്റെ ഭംഗിയും ഊഷ്മളതയും സംസ്കാരവും ഭക്ഷണവും വീഞ്ഞും അനുഭവിക്കുകയാണ്.

അവർക്ക് വിശക്കാൻ തുടങ്ങി.അവർ വഴിയരികിൽക്കണ്ട  ആഡംബര ഭക്ഷണശാലയിൽ കയറിയിരുന്നു.ലൂയി  ഭക്ഷണത്തിന് ഓർഡർ കൊടുക്കാൻ ഒരുങ്ങിയപ്പോഴാണ് ഭക്ഷണം മൂന്നു മണി വരയേയുള്ളൂ എന്നറിയുന്നത്. അവിടെ ഇനി ഡ്രിങ്ക്സ് മാത്രമേയുള്ളൂ.മദ്യലഹരിയിൽ  ബോധം നഷ്ട്ടപ്പെട്ട  മാതാപിതാക്കളോടൊപ്പം രണ്ടു കുട്ടികൾ അവിടെയിരിക്കുന്നത് മെറീന ശ്രദ്ധിച്ചു.ആ കുട്ടികൾ  മെറീനയെ ദയനീയമായി  നോക്കുന്നു. പത്തു വയസ്സു തോന്നിക്കുന്ന പെൺകുട്ടിയും അഞ്ചു വയസ്സു തോന്നിക്കുന്ന ആൺകുട്ടിയുമായിരുന്നു അവർ.അവരുടെ മുന്നിൽ ഭക്ഷണമില്ല. അവർക്ക് വിശക്കുന്നുണ്ടാകുമോ? മെറീന ചിന്തിച്ചു. അവൾ അവരെ നിസ്സഹായയായി നോക്കി കടന്നുപോയി. ആ തെരുവോരത്തുള്ള കടകളിൽ മൂന്നു മണിക്ക് ഭക്ഷണം വിളമ്പൽ നിലച്ചു. ഇനിയുള്ളത് രാത്രിയിൽ! ഉച്ചക്ക് എന്തേലുമൊന്നു കഴിക്കാൻ കിട്ടിയിരുന്നെങ്കിൽ എന്നുമാത്രമായിരുന്നു അപ്പോൾ അവരുടെ ചിന്ത. അവിടെയുള്ള സ്ട്രീറ്റുകളിലെല്ലാം നടന്നു ക്ഷീണിച്ച്‌ ഒടുക്കം അതാ ദൈവദൂതനെപ്പോലെ അമേരിക്കൻ ഭക്ഷ്യശൃഖലയായ ബർഗർ കിംഗ് അവരെ മാടി വിളിക്കുന്നതുകണ്ടു.ആഗോളവൽക്കരണം നടപ്പാക്കിയതിൽ അന്നാദ്യമായ് മെറീന അനന്തമായി സ്മരിക്കപ്പെടുന്ന സർവ്വസൃഷ്ട്ടാവിനോട്  നന്ദി പറഞ്ഞു.അവർ ഓരോ ബർഗർ വാങ്ങിക്കഴിച്ചു വെള്ളവും കുടിച്ചു. എന്നാലും പൈസ മുടക്കി സ്പെയിൻ കാണാൻ വരുന്ന ലക്ഷോഭലക്ഷം ജനങ്ങളുടെ നേരെ, ‘ഞങ്ങൾ ഭക്ഷണം മൂന്നുമണിക്കു ശേഷം വിളമ്പുന്നില്ല’ എന്ന് എങ്ങനെ ഈ ജനതയ്ക്ക് പറയാൻ തോന്നുന്നു എന്ന് ബർഗർ കഴിച്ചുകഴിഞ്ഞതിനുശേഷം വിശദമായി സമയമെടുത്തു മെറീന ചിന്തിച്ചു. 
പിന്നെയവർ നിറഞ്ഞ വയറോടെ മുന്നോട്ട് നടന്നു.അവരുടെ ലക്ഷ്യം മറ്റു സഞ്ചാരികളുടേതുപോലെ ന്യൂഇയർ ആഘോഷസ്ഥലത്തു ചെന്നെത്തുക എന്നുള്ളതായിരുന്നു. 

പച്ച തത്തമ്മക്കൂട്ടം പാട്ടുംപാടി പറന്നു നടക്കുകയാണ് അവിടെങ്ങും. വഴിയരികിൽ ഒരാൾ നീളത്തിലുള്ള രണ്ട് കമ്പിളിനൂലിന്റെ രണ്ടറ്റവും ചെറിയ രണ്ട് കമ്പിനോട് കെട്ടി അത് ഇരുകൈകളിലും പിടിച്ചു സോപ്പു വെള്ളം നിറച്ച  ബക്കറ്റിൽ മുക്കിയെടുത്തു വീശി പല ആകൃതിയിലുള്ള കുമിളകൾ ഉണ്ടാക്കുന്നത് കണ്ടു. അയാളുടെ കൈവശം അങ്ങനെയുള്ള അനേകം ബക്കറ്റുകളും കമ്പുകളും വിൽക്കാനുണ്ട്.ധാരാളം കുട്ടികൾ പത്തു യുറോ കൊടുത്തു ബക്കറ്റു വാങ്ങി കുമിളകൾ ഉണ്ടാക്കി കളിക്കുന്നുണ്ട്. തീമോത്തിയും ഒരു ബക്കറ്റ് വാങ്ങി കളിതുടങ്ങി. ബോധംകെട്ട മാതാപിതാക്കളോടൊപ്പം കണ്ട കുട്ടികൾ അവിടെനിന്ന്  കുമിളകൾ പൊട്ടിച്ചു കളിക്കുകയാണ്. ആ പെൺകുട്ടി മെറീനയെ ഇടയ്ക്ക് നോക്കുന്നുണ്ട്.  അവളുടെ  മുഖത്ത് സുരക്ഷിതത്വമില്ലായ്മയിൽനിന്നുണ്ടാകുന്ന ഭയം നിഴലിച്ചു കണ്ടു.ആ കുഞ്ഞു പെൺകുട്ടി അനുജനെയും അടുത്തുപിടിച്ചു അവർക്ക് ആരൊക്കെയോ ഉണ്ട് എന്ന് ആരെയോ തോന്നിപ്പിക്കാൻ  അവിടെ കളിച്ചുകൊണ്ടിരുന്ന ഓരോ കുടുംബത്തിന്റെയുമൊപ്പം മാറി മാറി നിന്നു.
ഇവിടെ ആർക്കും ആരേയും അറിഞ്ഞുകൂടാ. ആ കുട്ടികളുടെ മാതാപിതാക്കൾ  ബോധരഹിതരായി കുട്ടികളെ ശ്രദ്ധിക്കാതെയിരിക്കുന്നു എന്നറിഞ്ഞു  അവരുടെ കൈപിടിച്ച്‌ ആരെങ്കിലും കൊണ്ടുപോയാൽ അവർ എതിർക്കാത്ത പക്ഷം ആരും അറിയില്ല. അവർ കുട്ടികളല്ലേ. പേടിച്ച് എതിർത്തില്ലങ്കിലോ? മെറീന തീമോത്തിയുടെ ബക്കറ്റെടുത്തു ആ കുട്ടികളുടെ അടുത്തു വെച്ചു. ആ പെൺകുട്ടി  അപ്പോൾമുതൽ  സമാധാനത്തോടെ  കളിച്ചു. അവൾ കളിച്ചുകൊണ്ടിരിക്കുമ്പോൾ ഇടയ്ക്കിടയ്ക്ക്  മെറീനയെ നോക്കുന്നുണ്ട്.മെറീനയ്ക്ക് പെൺകുട്ടിയില്ല. എങ്കിലും അവൾ പെണ്ണായതുകൊണ്ട് പെൺകുട്ടികൾ ആഗ്രഹിക്കുന്ന സുരക്ഷിതത്വത്തെപ്പറ്റി അവൾക്കറിയാം.
റോഡിന്റെ ഇരുവശത്തുമുള്ള സ്ട്രീറ്റ് ലൈറ്റിനോടുചുറ്റി റോഡിന് മുകളിലായി  തൂങ്ങിക്കിടക്കുന്ന നീലയും സ്വർണ്ണവും ചുവപ്പും വെള്ളയും നിറങ്ങളുള്ള മിന്നുംവെളിച്ചം തെളിഞ്ഞു. വഴിയോരത്ത് സ്വർണ്ണ നിറത്തിലുള്ള നെടുനീളൻ  ക്രിസ്തുമസ് ട്രീ മനോഹരിയായി പ്രകാശംപൂണ്ടു.നെടുതായി ചതുരാകൃതിയിൽ വെട്ടി നിർത്തിയിരിക്കുന്ന അനേകം വൃക്ഷങ്ങൾ മിന്നാമിനുങ്ങുകൾപോലെ വെള്ളനിറമണിഞ്ഞു. തണുത്തുറഞ്ഞ മങ്ങിയ സായംസന്ധ്യ വർണങ്ങളാൽ അലംകൃതമായി. 

അയാൾ അക്ഷമനായി.അൽപ്പം അകലെയായ് നിന്നിരുന്ന  മനുഷ്യനെ അയാൾ തിരിഞ്ഞു നോക്കി.അവർ എന്തോ സന്ദേശം കൈമാറിയപോലെ മെറീനക്ക്‌  തോന്നി.അയാൾ എഴുന്നേറ്റ് ആ പെൺകുട്ടിയുടെ അടുക്കലേക്ക് നടന്നുവന്നു. മെറീന പെൺകുട്ടിയുടെ അടുത്തുതന്നെ അയാൾ ശ്രദ്ധിക്കാതെ നിൽക്കുന്നുണ്ടായിരുന്നു. അയാൾ അടുത്തെത്തി. പെൺകുട്ടിയോട് ചിരിച്ചുകൊണ്ട് സ്പാനിഷിൽ എന്തോ പറഞ്ഞു.അയാൾ അവളുടെ ചേട്ടൻ എന്നു തോന്നിക്കുന്ന ശരീരഭാഷ. അവൾ അയാളോട് സ്പാനിഷിൽ എന്തോ പറഞ്ഞിട്ട് കളിച്ചുകൊണ്ടുനിന്ന അനുജന്റെ കൈപിടിച്ചു. മെറീനക്ക്‌ അവർ രണ്ടുപേരും പറയുന്നത് മനസ്സിലാകുന്നുണ്ടായിരുന്നില്ല. ആ കുഞ്ഞു പെൺകുട്ടിയുടെ പേടിച്ചരണ്ട ഭാവം,ലഹരിയിൽ ബോധംകെട്ടുകിടക്കുന്ന  മാതാപിതാക്കൾ ഇത്രെയും മാത്രമായിരുന്നു മെറീനയുടെ ആകെയുള്ള അവളെക്കുറിച്ചുള്ള അറിവ്.മെറീന രണ്ടും കല്പ്പിച്ചു പോലീസ് വണ്ടി കിടക്കുന്ന ഭാഗത്തേക്ക്‌ നോക്കി.ദൂരം കണക്കുകൂട്ടി. ഉറക്കെ അലറി വിളിക്കാൻ തയ്യാറെടുത്തു. ആ പെൺകുട്ടിയുടെ അടുത്തു നിന്ന് അവളോട്‌ പിന്നെയും എന്തോ ചോദിക്കുന്ന ആ ചെറുപ്പക്കാരനോട്, who are you? Why are you bothering her? എന്നവൾ ചോദിച്ചു. ആരും ശ്രദ്ധിക്കുന്നില്ല  എന്ന് കരുതിയിട്ട് അപ്രതീക്ഷിതമായുള്ള ചോദ്യം കേട്ട് അയാൾ വിവർണനായി.അയാൾ സ്പാനിഷിൽ മറുപടികൊടുത്തു. ആ കുട്ടികൾ അയാളുടെ ആരോ ആണ് എന്ന് ആംഗ്യം കാണിക്കുകയും ചെയ്തു. ‘No way. I know their parents‘,എന്ന് മെറീന മറുപടി നൽകി.അയാൾ ഞൊടിയിടയിൽ അവിടെനിന്നും ഓടി മറഞ്ഞു.ആ പെൺകുട്ടി മെറീനയെ കെട്ടിപ്പിടിച്ചു. മെറീന ആ കുട്ടിയുടെ തോളിൽ കൈവെച്ചുകൊണ്ട്  അവളെ ചേർത്തുപിടിച്ചു.
കുട്ടികൾ കുമിളകളുണ്ടാക്കിക്കളിച്ചുകൊണ്ടിരുന്നു. ബക്കറ്റിൽ കുമിള തീരുന്നതിനനുസരിച്ചു പുതിയ കുട്ടികൾ ആ സ്ഥാനത്തേക്ക് വന്നു. തീമോത്തിയുടെ ബക്കറ്റും കാലിയായി. മെറീനയും കുടുംബവും ആ കുട്ടികളുടെ മാതാപിതാക്കൾക്ക്‌ ബോധം വരുന്നതുവരെ അവർക്ക് കൂട്ടിരുന്നു.അവരുടെ മാതാപിതാക്കൾ ബോധംകെട്ടിരുന്നത് മെറീനക്ക് മുന്നിലുള്ള ഭക്ഷണശാലയിലായിരുന്നു. അവർ വന്ന് മക്കളെ കെട്ടിപ്പിടിച്ചു ന്യൂഇയർ ആഘോഷങ്ങൾ കാണാൻ നടന്നുനീങ്ങി. ആ പെൺകുട്ടി മെറീനയെ സ്നേഹത്തോടെ നോക്കി പുഞ്ചിരിച്ചു. അവളുടെ കുഞ്ഞു കൈ വീശി യാത്ര പറഞ്ഞു.സമയം എട്ടുമണിയായിരുന്നു അപ്പോൾ.

മെറീനയും കുടുംബവും  സാന്റാ മരിയ കത്തീട്രലിൽ കയറിയിരുന്നു പ്രാർത്ഥിച്ചു. അവിടുത്തെ കൈപ്പണികൾകണ്ട് ശാന്തമായ അന്തരീക്ഷത്തിൽ സമാധാനത്തോടെ അല്പനേരമിരുന്നു.
അവർ കഴിച്ച ബർഗർ ദഹിച്ച്‌ വിശപ്പായിത്തുടങ്ങിയിരുന്നു. രാത്രിയിലത്തെ ഭക്ഷണമോർത്തവർ വ്യാകുലപ്പെട്ടു തുടങ്ങി.അവർ തെരുവീഥികളിൽക്കൂടി തെക്കുവടക്കു നടന്നു.ടേബിൾ എല്ലാം പ്രീബുക്ക്‌ ചെയ്തിരിക്കുന്നു! ഒരു ഭക്ഷണശാലയിലെ മെനു ബോർഡ് വായിച്ചിട്ട്  ആളുകൾ പുറകോട്ട് മാറുന്നു. മെറീന സീറ്റ്‌ പോകാതെ ഓടിച്ചെന്നു. ത്രീ കോഴ്സ് ഡിന്നറായിരുന്നു അവിടെയുള്ളത്. ഒരാൾക്ക് എഴുപതു യൂറോ ആകും.അവർ സീറ്റിലിരുന്ന് രണ്ടുപേർക്കുള്ള ഡിന്നറിന് ഓർഡർ കൊടുത്തു.‘ന്യൂയിയറിനു പൈസ മുടക്കി വന്ന ടൂറിസ്റ്റുകളെ ഇങ്ങനെയും പിഴിയാമോ ഇവിടുത്തുകാർ’ എന്നോർത്ത് വെയ്റ്റർ ഒഴിച്ചുകൊടുത്ത വൈൻ കുടിച്ചുകൊണ്ട് മെറീന അങ്ങനേയിരുന്നു. ഭൂമിയിൽ ഒളിചിന്തും നിശീഥിനി.ചിരിക്കും മുഖങ്ങൾ.ശാന്തസുന്ദരമായ ചുറ്റുപാട്. ഒരുമണിക്കൂറോളം  അവർ അവിടെയിരുന്ന് കഴിച്ചു കുടിച്ചു.

ന്യൂഇയർ ആഘോഷം ആരംഭിക്കുന്നതിന്റെ  മുന്നോടിയായി  ശബ്ദഘോഷങ്ങൾ മുഴങ്ങിത്തുടങ്ങി.ഒരു സ്റ്റേജിന്റെ മുന്നിൽക്കണ്ട ആൾക്കൂട്ടത്തിന്റെ  മുൻനിരയിൽ അവർ സ്ഥാനം പിടിച്ചു.ലൈവ് ഡിജെ ആസ്വദിച്ചുകൊണ്ട് എല്ലാവരും നൃത്തമാടി. പന്ത്രണ്ടു മണിയാകാറായപ്പോൾ  പോലീസുകാർ അവിടെയുള്ള  സഞ്ചാരികൾക്ക് പന്ത്രണ്ട് മുന്തിരിങ്ങായടങ്ങിയ പ്ലാസ്റ്റിക് ഗ്ലാസ്സ് വിതരണം ചെയ്തു.പന്ത്രണ്ടു മണിക്ക് പന്ത്രണ്ടു സെക്കൻഡ്‌സ് ഉള്ളപ്പോൾ കൗണ്ട്ഡൗൺ മണിമുഴക്കത്തോടെ തുടങ്ങും. ഓരോ മണിയടിക്കുമ്പോഴും ഓരോ മുന്തിരിങ്ങ കഴിക്കണം. അങ്ങനെ മണി പന്ത്രണ്ടടിക്കുമ്പോൾ മുന്തിരിങ്ങ തീരും ന്യൂഇയറാകും.വർഷം ആയിരത്തിത്തൊള്ളായിരം മുതൽ തുടങ്ങിയ ഈ സമ്പ്രദായം ഇപ്പോഴും തുടർന്നു പോകുന്നു. വരുന്ന വർഷത്തിലെ പണ്ട്രണ്ടു മാസങ്ങളും ഭാഗ്യംചെന്നതാകാനാണ് ഇങ്ങനെ മുന്തിരിങ്ങാ കഴിക്കുന്നത്‌. അവിടെ കൂടിയ ജനങ്ങൾ ആർത്തുല്ലസിച്ചുകൊണ്ട് കൗണ്ട്ഡൗൺ സമയത്തു മുന്തിരി കഴിച്ചു.എല്ലാവരും തിന്നു തൃപ്തരായി  പുതുവർഷത്തെ വരവേറ്റു. 
ആഘോഷം കഴിഞ്ഞ് മെറീനയും കുടുംബവും ബാർസെലോ ഹോട്ടലിലെത്തി. അവർ പുറത്തുകിടന്നിരുന്ന ബെഞ്ചിൽ കുറച്ചുനേരമിരുന്നു.പരന്ന ഭൂപ്രദേശമായിരുന്നു അവിടം.അങ്ങകലെ ഭൂമിയിൽനിന്നും പൊങ്ങിവിരിഞ്ഞ സ്വർണ്ണ നിറത്തിലുള്ള പൂത്തിരി  കൺകുളിർക്കെക്കണ്ടിരുന്നു.

ആ രാത്രി ഉറങ്ങിയെഴുന്നേൽക്കുമ്പോൾ മെറീനയും കുടുംബവും അവിടെനിന്നും പോകുകയാണ്.മെറീനക്ക് അവിടെക്കിട്ടുന്ന ബ്രെഡും ജാമും അവസാനമായി ഒന്നുംകൂടെ  കഴിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു.
അവർ രാവിലെ കുളിച്ചൊരുങ്ങി  ബ്രേക്ക്‌ഫാസ്റ്റിനെത്തി.
തീമോത്തി  ബ്രെഡും ജാമും കണ്ടിട്ട്,‘എനിക്ക് ഇത് വേണ്ടാ..ഹോട്ട്ഡോഗ് മതി’ എന്നും പറഞ്ഞു ഏണേകോണേയിരുന്നു ഞെളിപിരി കൊള്ളുകയാണ്. മെറീന അവനോട് ആ നേരം ഒരു കഥ പറഞ്ഞു കൊടുത്തു.നടന്ന ഒരു കഥ:
തൊണ്ണൂറ്റിനാല് വയസ്സുള്ള  അമ്മച്ചിയില്ലേ..അന്നു കണ്ട...നീ ഓർക്കുന്നുണ്ടോ? തീമോത്തി പറഞ്ഞു, ങ്ഹാ ഓർക്കുന്നുണ്ട്..

ഓക്കേ.ആ അമ്മച്ചിക്ക് അറുപത്തിയാറ്.. അറുപത്തിയേഴ് വയസ്സുണ്ടായിരുന്ന സമയത്ത്‌.. എനിക്ക് 10 വയസ്സ്.. ആ കാലത്ത്‌ അമ്മച്ചി നല്ല ജാം ഉണ്ടാക്കി വെക്കുമായിരുന്നു.അമ്മച്ചി ജാം ഉണ്ടാക്കുന്ന കാര്യം ഒരു ദിവസം അമ്മച്ചിയുടെ വീട്ടിൽ വെക്കേഷന് താമസിക്കാൻ പോയപ്പോഴാണ് അറിഞ്ഞത്.ഓരോ ഡബ്ബയും തുറന്ന് ഉള്ളിൽ എന്താ എന്ന് നോക്കുന്ന സമയത്തായിരുന്നു ജാം ഡബ്ബയിൽ കൈ ഇട്ടത്.രുചിച്ചു നോക്കിയപ്പോൾ ജാം.ഒന്നാന്തരം ജാം.കൈ ഡബ്ബായിൽ ഇട്ട് ജാം മുഴുവൻ കോരി തിന്നു. ഒരു തരി പോലും ബാക്കി വെക്കാതെ വിരൽ കൊണ്ടും തോണ്ടി എടുത്തു തിന്നു.നാക്ക് ഡബ്ബക്കുള്ളിൽ  ഇടാൻ നോക്കി,നടന്നില്ല.അങ്ങനെ ഡബ്ബാ കാലി.കാലി ഡബ്ബാ അടച്ചു അതേ പോലെ അതേ സ്ഥാനത്ത് തിരിച്ചു വെച്ചു.ജാം തീർന്ന കാര്യമോ ജാം ഡബ്ബായിൽ ഉണ്ടായിട്ടും തന്നില്ലല്ലോ എന്നോ ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്തില്ല.നമ്മൾ എന്തിനാ വേണ്ടാത്തത് പറയാൻ പോകുന്നത്! 
‘മമ്മാ എന്തിനാ സ്റ്റീൽ ചെയ്തത്?’ തീമോത്തിക്ക്‌ സംശയം.
കുട്ടികൾ ചോദിക്കാതെ കഴിക്കുന്നത്‌ സ്റ്റീലിംഗ് അല്ല.ആക്രാന്തമാണ്.മോന്റെ മുന്നിൽ ഇപ്പോൾ ഇരിക്കുന്നത്  അമ്മച്ചി അന്ന് ഉണ്ടാക്കിയപോലെയുള്ള ജാം ആണ്.മോൻ കഴിക്ക്.തീമോത്തി കൊതിയോടെ ജാം തോണ്ടി വായിൽവെച്ചു.

 

 

Join WhatsApp News
ശാന്തിവിള ദിനേശൻ 2025-01-03 16:42:07
I was walking with you
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക