മലയാള നോവൽ സാഹിത്യത്തിന്റെ ആകാശത്തിൽ വേറിട്ടു ജ്വലിക്കുന്ന നക്ഷത്രം തന്നെ ആണ് ശ്രീ. എം. ടി വാസുദേവൻ നായരുടെ രണ്ടാമൂഴം എന്ന് നിസംശയം പറയാം. ഇതിഹാസത്തിലെ അർഥപൂർണമായ മൗനത്തെ ശബ്ദങ്ങളാൽ നിറയ്ക്കുകയാണ് അദ്ദേഹം ഈ നോവലിൽ.
വ്യാസന്റെ മൗനത്തെ തൂലികയിൽ നിന്നുതിർന്നു വീണ വാക്കുകളുടെ വിസ്‌മയത്താൽ പ്രഭാപൂരിതമാക്കുകയാണ് എം. ടി ഈ നോവലിൽ. ഭീമൻ അസാധാരണമായ ആത്മബലം കൈമുതലായുള്ള ഒരു പോരാളിയാണ് നമ്മുടെ മനസ്സിൽ. പക്ഷെ രണ്ടാമൂഴത്തിൽ ഭീമൻ ആർക്കും തോല്പിക്കാനാവാത്ത ഒരു ശരീര പ്രത്യക്ഷത മാത്രമല്ല. ഇതിഹാസകഥ ശബ്ദങ്ങളുടെ വന്യതയാൽ നിറഞ്ഞ ഒരു ഭൂമികയാണ്. അവിടെ ഭീമന് സ്വയം തന്നിലേക്ക് എത്തിച്ചേരാൻ വഴികളോ വേറിട്ടൊരു ശബ്ദമോ ഇല്ല. പക്ഷെ രണ്ടാമൂഴത്തിലെ ഭീമന് വേറിട്ടു സഞ്ചരിക്കാൻ ഒരു വീഥിയുണ്ട്. വായനക്കാരൻ ആ വഴിയിലൂടെ ഭീമനെ അനുയാത്ര ചെയ്യുന്നു. ഓരോ വിജയത്തിനുമൊടുവിൽ ആർക്കും തടഞ്ഞു നിർത്താനാവാത്ത വിധം ഒരു കണ്ണീരുറവായി ഭീമൻ മാറുന്നു. ആ വ്യഥകൾ വേറിട്ടു പറയപ്പെടുന്നു.
ഇതിഹാസകഥയുടെ ഒരു വൈകാരിക പക്ഷം ആണ് ഈ കൃതി. ഭീമന്റെ ആത്മഗതങ്ങളിലൂടെ ഈ പുസ്തകത്തിന്റെ താളുകൾ മറിയുമ്പോൾ വായനക്കാരൻ വൈകാരികതയുടെ കൊടുമുടികളിൽ എത്തിപ്പെടുന്നു. ഇവിടെ ഓരോ വാക്കിലും നാം ഈശ്വരന്റ കൈയൊപ്പ് പതിഞ്ഞ ഒരു കലാകാരന്റെ ഹൃദയസ്പന്ദനങ്ങൾ തിരിച്ചറിയുന്നു.
ആർത്തലക്കുന്ന ഇരുണ്ട കടൽത്തിരകളുടെ അട്ടഹാസം കേട്ടു കൊണ്ട് നിൽക്കുന്ന പാണ്ഡവരെയാണ് വായനയുടെ തുടക്കത്തിൽ നാം കാണുന്നത്. അവർ മഹാപ്രസ്ഥാനത്തിനു പുറപ്പെടുകയാണ്. ഒരു കൊട്ടാരവും, ഒരു മഹാനഗരവും കടൽ വിഴുങ്ങുകയാണ്.. പ്രതാപം കൊടി കുത്തി വാണിരുന്ന ദ്വാരക ഇനി ഒരു ഓർമ മാത്രം. ബലിമണ്ഡപത്തിലെ നിർജീവമായ ശരീരങ്ങൾ പോലെ ആയിരിക്കുന്നു ആ പ്രതാപത്തിന്റെ അവശിഷ്ടങ്ങൾ..
അപ്പോൾ അർജുനൻ ഓർമിച്ചതു കൃഷ്ണദ്വൈപായനന്റെ വാക്കുകൾ ആയിരുന്നു " ആരംഭത്തിനെല്ലാം അവസാനമുണ്ട് " കടൽത്തിരകളുടെ അഹങ്കാരം കലർന്ന അട്ടഹാസം യദുവംശത്തിന്റെ ചരിത്രത്തെ തുടച്ചെറിയുകയാ യിരുന്നു. യുദ്ധഭൂമിയിൽ പതറി നിന്നപ്പോൾ തനിക്കു ഗീതോപദേശങ്ങൾ പകർന്ന കൃഷ്ണൻ ആണ് ആ മനസ്സാകെ അപ്പോൾ വന്നു നിറഞ്ഞത്. എല്ലാം ഉപേക്ഷിച്ചു മഹാപ്രസ്ഥാനത്തിനു പുറപ്പെട്ട യുധിഷ്ഠിരന്റെ സമയോചിതമായ തീരുമാനത്തെയും അർജുനൻ നന്ദിയോടെ ഓർത്തു. പിന്നിട്ട വഴികളിലേക്ക് ഇനി ഒരു തിരിഞ്ഞു നോട്ടമില്ല. പാഞ്ചാലി സ്വന്തം കാൽക്കീ ഴിലേക്കു മാത്രമാണ് മിഴി നട്ടു നിന്നത്. കറുത്ത കടൽ വിഴുങ്ങുന്ന ദ്വാരകയുടെ ഒരു അകലക്കാഴ്ച പോലും അവളുടെ കണ്മുന്നിൽ അപ്പോൾ ഇല്ലായിരുന്നു.
മഹാപ്രസ്ഥാനത്തിനു പാണ്ഡവർ പുറപ്പെടുമ്പോൾ ആ യാത്രക്കിടയിലും ഭീമൻ കുട്ടിക്കാലത്തു താൻ ഓടി കളിച്ചു നടന്നപ്പോഴെല്ലാം അമ്മയെ പോലെ താലോലിച്ച ശതശൃംഗത്തെ തിരയുകയായിരുന്നു.
എം. ടി. യുടെ വരികളിൽ പറഞ്ഞാൽ "കൊഴിഞ്ഞു വീണ പൂങ്കുലകളുടെ ഗന്ധം തങ്ങി നിന്ന മധുകമരച്ചുവടുകൾ നിറഞ്ഞ വരണ്ട കാടുകളിലായിരുന്നു ഭീമൻ തന്റെ ബാല്യം തിരഞ്ഞത് . ഒപ്പം തന്നെ യൗവനത്തിന്റെ ഉത്സവത്തിമിർപ്പുകളിൽ തന്റെ മനസ്സിൽ വന്നു നിറഞ്ഞ ഒരു കറുത്ത സുന്ദരിയുടെ ഓർമ്മകളും. പൂത്ത കുടകപ്പാലകളുടെ ഗന്ധമുള്ള അവൾക്കൊപ്പം യൗവനം ആഘോഷമാക്കിയപ്പോൾ തന്റെ "നഗ്ന പൗരുഷം നോക്കി കണ്ണു പൊത്തിച്ചി രിച്ചു നിന്ന പേരറിയാക്കാടുകളെയും" അദ്ദേഹം ചുറ്റിനും തേടുന്നുണ്ട്.
യാത്രയിൽ മുന്നിൽ കാണാനു ണ്ടായിരുന്നത് മുൾച്ചെടികൾ വളർന്നു നിൽക്കുന്ന വരണ്ട പ്രദേശം മാത്രമാ യിരുന്നു. വിദൂരതയിലെ പർവതങ്ങളുടെ അതിർരേഖകൾ മറി കടന്നാൽ യാത്രയുടെ അവസാനമാകുന്നു.
യാത്രയ്ക്കിടയിൽ പിന്നിൽ തളർന്നു വീണു കിടന്ന ദ്രൗപദിയുടെ നേർത്ത തേങ്ങലിനു കാതോർത്തു നിന്നത് ഭീമൻ മാത്രമായിരുന്നു. മറ്റുള്ളവർ ഓരോരുത്തരും ചുണ്ടിൽ ജപമന്ത്രവുമായി അവളെ മറികടന്നു പോകുകയാണ് ചെയ്തത്. അവരെക്കാൾ ആർദ്രമനസ്ക്കനായ ഭീമനെയാണ് നമുക്കിവിടെ കാണാൻ കഴിയുന്നത്. ഭൂമിയെ ചുംബിച്ചു കിടന്ന ദ്രൗപദിക്കരികിൽ ഭീമൻ മുട്ട് കുത്തി മൗനമായിരുന്നു. എല്ലാ യുദ്ധങ്ങളിൽ നിന്നും അകന്നു ശാന്തിതീരങ്ങൾ തേടി പോയവരുടെ പാദമുദ്രകൾ പോലും കാറ്റിൽ മാഞ്ഞു പോയത് ദ്രൗപദി കണ്ടു. ഭീമന് ചോദിക്കാനുള്ളതെല്ലാം മൗനത്തിൽ വഴി മുട്ടി നിന്നു.
യഥാർത്ഥത്തിൽ ദ്രൗപദിയുടെ ചുണ്ടുകളിൽ നിന്നും ഉതിർന്നു വീണത് എന്താണ്? പ്രാർഥനയോ, നന്ദിയോ, ശാപമോ അതോ ക്ഷമാപണമോ?. ഭീമന് ഒന്നും തിരിച്ചറിയാൻ കഴിഞ്ഞില്ല. ഭീമന്റെ ചിന്തകളിൽ അപ്പോൾ വന്നു നിറഞ്ഞതു എന്നോ കേട്ടു പരിചിതമായ ചില ശബ്ദങ്ങളാ. യിരുന്നു. താൻ പിന്നിട്ട യുദ്ധഭൂമികൾ, വനവീഥികൾ, കൊട്ടാരമുറ്റങ്ങൾ. ദ്രൗപദി മിഴികൾ തുറക്കാൻ ഭീമൻ കാത്തിരുന്നു. ഓർമയുടെ തേർചക്രങ്ങൾ വീണ്ടും പിന്നോട്ട് ഉരുണ്ടുകൊണ്ടിരുന്നു.
(തുടരും )
വേർപിരിഞ്ഞു പോയത് എത്ര മാത്രം മനസ്സിനോട് ചേർത്തു പിടിച്ച ഒരാൾ ആയിരുന്നു എന്ന് ഇപ്പോൾ ബോധ്യമാകുന്നു. ഇടയ്ക്ക് വല്ലപ്പോഴും കോഴിക്കോട് മോന്റെ അടുത്തു ഞാൻ പോകുമായിരുന്നു. വഴികൾ പരിചയം കുറവായതു കൊണ്ടും കുട്ടികളുടെ ജോലിത്തിരക്ക് കൊണ്ടും പുറത്ത് പോകാൻ സാധിക്കാറില്ല എങ്കിലും അവിടെ ഉണ്ടായിരുന്നു എങ്കിൽ എങ്ങനെയും അദ്ദേഹത്തെ അവസാനമായി ഒരു വട്ടം കാണാമായിരുന്നു. സാധിച്ചില്ല. ടി വി യിൽ കണ്ട ആ നിശ്ചല ശരീരത്തിലെ പാദങ്ങളിൽ തൊട്ടു തൊഴുതു. അദ്ദേഹത്തിന്റെ ഏറ്റവും ഇഷ്ടപ്പെട്ട വീണ്ടും വീണ്ടും വായിപ്പിച്ച രണ്ടാമൂഴം എന്ന കൃതിക്കു എന്നോ ഞാൻ കുത്തി ക്കുറിച്ച ഒരു ചെറിയ ആസ്വാദനം ആ ഓർമ്മകൾക്ക് മുന്നിൽ സമർപ്പിക്കട്ടെ.