Image

സ്‌മോക്കി മൗണ്ടൻ ഇങ്ങെടുത്തു (യാത്രാ വിവരണം : സുനിൽ വല്ലാത്തറ ഫ്ലോറിഡ)

Published on 06 January, 2025
സ്‌മോക്കി മൗണ്ടൻ ഇങ്ങെടുത്തു (യാത്രാ വിവരണം : സുനിൽ വല്ലാത്തറ ഫ്ലോറിഡ)

പതിവുള്ള വിന്റെർ വെക്കേഷൻ യാത്രയ്ക്കായി ഞാനും കുടുംബവും പ്രിയ സുഹൃത്ത്‌ ഗ്രഹാമും കുടുംബവും ഇപ്രാവശ്യം തെരെഞ്ഞെടുത്തത് അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ സ്‌മോക്കി മൗണ്ടൻ ആയിരുന്നു.

കൊളറാടോ എയർഫോഴ്‌സ്‌ അക്കാഡമിയിലെ ഫൈനൽ ഇയർ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ ഞങ്ങളുടെ മൂത്ത മകൻ ഇമ്മാനുവൽ ഫ്ലോറിഡായിലെ ടാമ്പയിലെ ഞങ്ങളുടെ വീട്ടിൽ അവധിക്ക്‌ എത്തിയശേഷം ഞാനും അനിതയും ഇമ്മാനുവും സാമൂവും ഗ്രഹാമും ബബിതയും റിയമോളും ജോഷ്കുട്ടനും അടങ്ങുന്ന സംഘം ഒരു എട്ടു സീറ്റുള്ള വാഗനീർ വാനിൽ ഡിസംബർ ഇരുപത്തിഒന്ന് ശനിയാഴ്ച രാവിലെ എട്ടു മണിയോട് കൂടി വീട്ടിൽ നിന്നും പുറപ്പെട്ടു

ഹൈവേ 75 നോർത്തിൽ കൂടിയുള്ള ഞങ്ങളുടെ യാത്രാ വളരെ ആനന്ദകരവും ആസ്വാദ്യകരവും ആയിരുന്നു  യാത്രായ്ക്കിടയിൽ ആദ്യം ഉറക്കത്തിൽ ആയിരുന്ന സാമും ജോഷ് കുട്ടനും എണീറ്റത്തോടെ ഒച്ചപ്പാടും ബഹളവുമായി ഇരുവരും കളം നിറഞ്ഞു. ഏതാണ്ട് നാലു മണിക്കൂർ ഡ്രൈവിന് ശേഷം വിശ്രമത്തിനായി ഹൈവേയിലെ ഒരു റസ്റ്റ്‌ ഏരിയയിൽ കയറിയ ഞങ്ങൾ വീടുകളിൽ നിന്നും പാചകം ചെയ്തു കൊണ്ടുവന്ന ഉച്ചഭക്ഷണം അവിടെ ഇരുന്നു കഴിച്ചു

ഏതാണ്ട് ഒരു മണിക്കൂർ റസ്റ്റ്‌ ഏരിയയിൽ ചിലവഴിച്ച ശേഷം യാത്ര തുടർന്നപ്പോൾ അതുവരെ വാഹനം ഓടിച്ച ഗ്രഹാമിനു വിശ്രമം കൊടുത്തു കൊണ്ടു ഞാൻ ഡ്രൈവിംഗ് സീറ്റിലായി അന്നു ഞങ്ങൾ താമസിക്കുവാൻ എടുത്തിരുന്നത് അറ്റ്ലാന്റായ്കടുത്തു സ്റ്റോൺ മൗണ്ട്ടൻൽ ഉള്ള ഒരു വീടായിരുന്നു. ഏതാണ്ട് അഞ്ചരയോടു കൂടി ഞങ്ങൾ താമസ സ്‌ഥലത്തെത്തി

എയർബിൻബി യുടെ വീടായിരുന്നത് കൊണ്ടു പാചകം ചെയ്യുവാൻ എല്ലാ സൗകര്യവും ഉണ്ടായിരുന്നത് കൊണ്ടു വീട്ടിൽ നിന്നും പറിച്ചു കൊണ്ടുവന്ന ഉദ്ദേശം 15 പൗണ്ടോളം ഉള്ള ഒരു ചുവടു കപ്പയുടെ കുറച്ചു എടുത്തു പുഴുങ്ങുകയാണ് ആദ്യം ചെയ്തത്

ഞങ്ങളുടെ ട്രിപ്പിന്റെ രണ്ടാം ദിവസം ഞങ്ങൾ ആദ്യം പോയത് ജോർജിയയിലെ പ്രശസ്തമായ സ്റ്റോൺ മൗണ്ട്ടൻ കാണുവാൻ ആണ്. വലിയ ഉയരത്തിൽ ഉള്ള ഈ സംഭവം ബബിതയും അനിതയും അല്പം പിറകിൽ പോയെങ്കിലും ഹൈകിങ്ങും വാക്കിങ്ങും കൂടുതൽ ഇഷ്ടപ്പെടുന്ന എനിക്കും ഗ്രഹാമിനും നന്നേ പിടിച്ചു

തുടർന്ന് അറ്റ്ലാന്റാ ഡൌൺ ടൌൺ മുഴുവൻ കറങ്ങി വേൾഡ് ഫേമസ് കൊക്കോ കോളയും സന്ദർശിച്ച ശേഷം ഞങ്ങൾ അവിടെനിന്നും ലഞ്ചിനു ശേഷം നാലു മണിക്കൂർ ഡ്രൈവുള്ള ഞങ്ങളുടെ അടുത്ത താമസ സ്‌ഥലമായ സ്‌മോക്കി മൗണ്ട്ടൻ നോട് ചേർന്നുള്ള നോർത്ത് കരോളിനയിലെ വെയൻസ് വില്ലയിലേക്ക് പുറപ്പെട്ടു.

ഞങ്ങളുടെ തുടർന്നുള്ള മൂന്നു ദിവസത്തെ താമസ സ്‌ഥലമായ വെയൻസ് വില്ലയിലെ കാബിനിൽ എത്തിയപ്പോൾ കടുത്ത തണുപ്പായിരുന്നു. പക്ഷേ പെട്ടെന്ന് തന്നെ ബബിതയും അനിതയും കൂടി നല്ല കുത്തരി കഞ്ഞിയും ചമ്മന്തിയും പപ്പടവും പയർ ഉലത്തിയതും ഉണ്ടാക്കി ആ തണുപ്പിനെയും അതിജീവിച്ചു

ഞങ്ങളുടെ മൂന്നാം ദിവസം ഞങ്ങൾ കാണുവാൻ തെരെഞ്ഞെടുത്തത് സ്‌മോക്കി മൗണ്ട്ടൻ ആയിരുന്നു എങ്കിലും കനത്ത ഐസ് വീഴ്ച മൂലം റോഡുകൾ ബ്ലോക്ക്‌ ചെയ്തിരുന്നതു കൊണ്ടു ഞങ്ങൾക്ക് പോകുവാൻ സാധിച്ചില്ല പകരം നോർത്ത് കരോലിനിയിൽ നിന്നുള്ള സ്‌മോക്കിയുടെ അടിവാരം ആയ ചിറോക്കിയുടെ പരിസര പ്രദേശവും പ്രശസ്തമായ ജുനെലെസ്കാ ലേക്കും കണ്ട് തിരിച്ചു കാബിനിൽ എത്തി ക്രിസ്മസ് ആഘോഷിച്ചു.

നാലാം ദിവസം രാവിലെ എട്ടുമണിയോട് കൂടി പുറപ്പെട്ട ഞങ്ങൾക്ക്‌ ന്യൂ ഫൗണ്ട് ഗ്യാപ് റോഡ് ഓപ്പൺ ആണെന്ന ഇൻഫർമേഷൻ ലഭിച്ചതിനെ തുടർന്ന് ഞങ്ങൾ ടെന്നെസ്സിയിലേക്ക് യാത്ര ചെയ്തത് ചിറോക്കിയിൽ നിന്നും 100 മൈലോളം സ്‌മോക്കിയുടെ താഴ്‌വാരത്തിൽ കൂടി രണ്ടര മണിക്കൂർ യാത്രാ ചെയ്തു കേഡ്സ് കോവിൽ ലേക്കാണ്

11 മൈലുകൾ മാത്രം ഉള്ള കേഡ്സ് കോവ് ചുറ്റി കാണുവാൻ ഞങ്ങൾക്ക് രണ്ടര മണിക്കൂർ എടുത്തു. വലിയ മൃഗങ്ങളെ കാണുവാൻ സാധിച്ചില്ലെങ്കിലും ഒരു പാട് മാനുകളും മ്ലാവുകളും യാത്രയിൽ ഉടനീളം കാണുവാൻ സാധിച്ചത് കുട്ടികളെ ഹരം പിടിപ്പിച്ചു. യാത്രയിൽ വിദേശ സഞ്ചാരികളെയും ധാരാളമായി കണ്ടു

തുടർന്ന് ടെന്നസിയിൽ നിന്നുള്ള സ്‌മോക്കിയുടെ ഗേറ്റ് വേ ആയ മനോഹര നഗരം ഗാറ്റ്ലിൻബർഗിൽ എത്തിയ ഞങ്ങൾ ഒരു ക്രിസ്മസ് ടൌൺ ന്റെ മനോഹാരിത മുഴുവൻ കണ്ടാസ്വദിച്ചു

തിരിച്ചു വൈകിന്നേരത്തോട് കൂടി ന്യൂ ഫൗണ്ട് ഗ്യാപ് റോഡിൽ കൂടി ചിറോക്കി ലക്ഷ്യം ആക്കി യാത്രാ തിരിച്ച ഞങ്ങൾക്ക് ഫോഗിന്റെ പ്രശ്നം ഉണ്ടായില്ലെങ്കിലും ഏതാണ്ട് ഒരുമണിക്കൂർ മൗണ്ടന്റെ മുകളിൽ കൂടിയുള്ള യാത്രയിൽ റോഡിന്റെ സൈഡിൽ നിറയെ ഐസ് കട്ടകൾ ഉണ്ടായിരുന്നു. വളരെ സാഹസികമായ ആ യാത്ര ആസ്വദിച്ചു ഞങ്ങൾ ഏഴുമണിയോടു കൂടി കാബിനിൽ എത്തി

ഇരുപത്തിഅഞ്ചാം തിയതി ബുധനാഴ്ച ഞങ്ങളുടെ പാക്ക്അപ്പ്‌ ആയിരുന്നു രാവിലെ ബ്രേക്ക് ഫാസ്റ്റിനു ശേഷം സാമു ലീഡ് ചെയ്ത പ്രയർ കഴിഞ്ഞു 10 മണിക്ക് ക്യാബിൻ ചെക്ക് ഔട്ട്‌ ചെയ്തു ഏതാണ്ട് 10 മണിക്കൂർ നീളുന്ന ടാമ്പായിലേക്കുള്ള യാത്രയ്ക്കായി ഞങ്ങൾ പുറപ്പെട്ടു

കഴിഞ്ഞ അഞ്ചു ദിവസം നീണ്ട യാത്രയെ പറ്റിയും കാഴ്ചകളെ പറ്റിയും സംസാരിച്ചും ചിരിച്ചും വൈകിട്ടു 8 മണിയോടുകൂടി വീട്ടിൽ തിരിച്ചു എത്തിയപ്പോൾ ജോഷ് കുട്ടൻ പറയുകയാണ് സ്‌മോക്കി മൗണ്ടൻ ഇങ്ങെടുത്തു എന്നു. ഇതോടു കൂടി ഞങ്ങളുടെ ചിരി കൂട്ട ചിരിയായി

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക