ടൊറൻ്റോ: പ്രവാസികൾക്ക് തലവേദനയായി ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI)
കാർഡിലെ പുതിയ മാറ്റങ്ങൾ. OCI അടുത്തിടെ അപേക്ഷയ്ക്കുള്ള ഫീസ്
വർധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു മാറ്റം കൊണ്ട്
വന്നിരിക്കുന്നത്. പുതുതായി OCI യ്ക്ക് അപേക്ഷിക്കുമ്പോൾ അപേക്ഷകർ
ഇന്ത്യയിലെ വോട്ടർ ഐഡി കാർഡ് കാൻസൽ ചെയ്തതിൻ്റെയും റേഷൻ കാർഡിൽ നിന്ന്
പേര് നീക്കം ചെയ്തതിൻ്റെയും പ്രൂഫ് സൈറ്റിൽ അപേക്ഷ സമർപ്പിക്കുമ്പോൾ അപ്
ലോഡ് ചെയ്യേണ്ടതുണ്ട്.
വളരെ വര്ഷങ്ങള്ക്കു മുൻപ് നാട് വിട്ടവർ ഇവയൊക്കെ എങ്ങനെ
സംഘടിപ്പിക്കുമെന്ന് വ്യക്തമല്ല.
കൂടാതെ ഇനി വിദേശത്ത് ജനിച്ച കുട്ടിയ്ക്കാണ് OCI യ്ക്ക്
അപേക്ഷിക്കുന്നതെങ്കിൽ മാതാപിതാക്കളുടെ വോട്ടർ ഐഡി കാർഡ് കാൻസൽ
ചെയ്തതിൻ്റെയും റേഷൻ കാർഡിൽ നിന്ന് പേര് നീക്കം ചെയ്തതിൻ്റെയും പ്രൂഫ്
വെബ്സൈറ്റിൽ അപേക്ഷ സമർപ്പിക്കുമ്പോൾ അപ് ലോഡ് ചെയ്യണമെന്നും
നിർദ്ദേശിക്കുന്നു.
ഇതൊന്നും അറിയാതെ ഈ കൊടുംതണുപ്പിൽ മണിക്കൂറുകൾ കാത്ത് നിന്ന് കാനഡയിലെ
ബ്രാംപ്ടണിലെ BLS സെൻ്ററിൽ അപേക്ഷ സമർപ്പിക്കാൻ എത്തുന്ന അപേക്ഷകർ
മടങ്ങുന്ന കാഴ്ച വേദനജനകമാണ്. പലപ്പോഴും കൃത്യമായ വിവരങ്ങൾ അപേക്ഷ
സമർപ്പിക്കുന്ന വെബ്സൈറ്റിൽ ഇല്ലാത്തതാണ് ആളുകളെ വലയ്ക്കുന്നത്. കൂടുതൽ
വിവരങ്ങൾക്ക് BLS വെബ്സൈറ്റ് പരിശോധിക്കാനാണ് അധികൃതർ പറയുന്നത്.
അതുപോലെ മറ്റൊരു പാര യാത്ര ചെയ്യുമ്പോൾ വന്നിട്ടുണ്ട്. ഓ.സി.ഐ.
സ്റ്റാമ്പ് ചെയ്ത പഴയ പാസ്പോർട്ട് കൈവശം വേണമെന്നാണ് ഇപ്പോൾ ചില
എയർലൈനുകൾ പറയുന്നത്. യാത്രക്ക് ഓ.സി.ഐ. കാർഡ് മാത്രം കൈവശം മതി
എന്നായിരുന്നു ഇതുവരെയുള്ള ചട്ടം. ഓ.സി.ഐ. സ്റ്റാമ്പ് ചെയ്ത പഴയ
പാസ്പോർട്ട് വേണ്ട എന്ന തീരുമാനം വന്നത് തന്നെ ഏറെ മുറവിളിക്കു ശേഷമാണ്.
ഇപ്പോൾ വീണ്ടും പഴയ സ്ഥിതി കൊണ്ടുവന്നത് എന്ന് മുതലാണ് എന്നോ ആരാണ്
അത് മാറ്റിയതെന്നോ ഒരു വിവരവുമില്ല. ഇക്കാര്യം മുൻകൂട്ടി ജനത്തെ
അറിയിക്കാൻ പോലും ഉദ്യോഗസ്ഥർ മെനക്കെട്ടില്ല.
അമേരിക്കൻ പാസ്‌പോർട്ട് പത്തുവർഷം കൂടുമ്പോൾ പുതുക്കുന്നു. പഴയ
പാസ്പോർട്ടിലായിരിക്കും ഒസിഐ അറ്റാച്ച് ചെയ്തിട്ടുണ്ടാവുക. ഈ
സാഹചര്യത്തിൽ യാത്ര ചെയ്യുമ്പോൾ പഴയ പാസ്‌പോർട്ടും പുതിയതും കയ്യിൽ
വേണമെന്നാണ് ചില എയർലൈനുകൾ പറയുന്നത്. ചിലർ പഴയ പാസ്പോർട്ട് എടുക്കാൻ മറക്കുന്നത് പ്രശ്നമാകും. പുതിയ പാസ്‌പോർട്ടിൽ ഒസിഐ ലിങ്ക് ആകാത്തതിന്റെ പേരിൽ സൗദി എയർലൈൻസിലും കുവൈറ്റ് എയർലൈൻസിലും ഈയിടെ പലരും വിഷമത്തിലായി.