Image

ചിത്രം - ബാലേട്ടൻ (എന്റെ പാട്ടോർമ്മകൾ . 18: അമ്പിളി കൃഷ്ണകുമാർ)

Published on 08 January, 2025
ചിത്രം - ബാലേട്ടൻ (എന്റെ പാട്ടോർമ്മകൾ . 18: അമ്പിളി കൃഷ്ണകുമാർ)

ഒട്ടും പ്രതീക്ഷിക്കാതെ ഒരു മരണ വാർത്തയെത്തുക..! ! സ്വാഭാവികമായ , അയത്നലളിതമായ അഭിനയത്തികവിന്റെ മികവിലൂടെ കൊടുമുടികൾ കീഴടക്കിയ ഒരു നെടുമുടിക്കാരൻ ..! അതേ .., മലയാളത്തിന്റെ സ്വന്തം
വേണുച്ചേട്ടൻ . അദ്ദേഹം ഒരു സിനിമയിലെന്നപോലെ കാലയവനികയ്ക്കുള്ളിലേയ്ക്കു
കയറിപ്പോയ വാർത്ത .! പക്ഷേ ഈ പോക്ക് , അഭിനയിച്ച വേഷങ്ങളും
ചായക്കൂട്ടുകളുമെല്ലാം അഴിച്ചുവച്ച ശേഷമായിരുന്നു എന്നു മാത്രം . എന്നാൽ
അദ്ദേഹത്തിനു മലയാളക്കര വിട്ട് അങ്ങനെയങ്ങു പോകാൻ കഴിയുമോ..? ഇല്ല..
അദ്ദേഹത്തിന്റെ ആത്മാവു മാത്രമേ പോയിട്ടുള്ളൂ .. ബാക്കിയെല്ലാമിവിടെ
ഉണ്ട് .  വല്യേട്ടനായും, അച്ഛനായും ഭർത്താവായും, കാമുകനായും ,
അദ്ധ്യാപകനായും, സംഗീതജ്ഞനും, മുതുമുത്തച്ഛനുമായൊക്കെയായി ...

വേണു ച്ചേട്ടൻ അഭിനയിച്ച എന്നു പറഞ്ഞാൽ ശരിയാവില്ല ,
ജീവിച്ച എത്രയോ സിനിമകൾ,.... കഥാപാത്രങ്ങൾ, പാട്ടു രംഗങ്ങൾ.. പക്ഷേ
അദ്ദേഹത്തിന്റെ വിയോഗ വാർത്ത കേട്ടപ്പോൾ മുതൽ ഒരേയൊരു പാട്ടു മാത്രമേ
എന്റെ മനസ്സിലേക്കു കയറി വന്നുള്ളൂ.. കയറി വരുക മാത്രമല്ല , അതെന്നെ
വിടാതെ പിൻതുടരുക കൂടി ചെയ്തതോടെ എനിക്കത് എഴുതാതെ തരമില്ലെന്നായി .
അങ്ങനെ എന്റെ പാട്ടോർമ്മയിലേക്ക് തള്ളിക്കയറി  വന്നൊരു പാട്ട് ..

" ഇന്നലേ എന്റെ നെഞ്ചിലേ കുഞ്ഞു മൺവിളക്കൂതിയില്ലേ... കാറ്റെൻ മൺവിളക്കൂതിയില്ലേ..."

ഈ പാട്ട് അതിന്റെ പരിപൂർണ്ണതയിലെത്തിയ പോലെ .
കത്തിക്കൊണ്ടിരുന്ന ഒരു വിളക്ക് എന്നു പറഞ്ഞാൽ,  ചുറ്റിനും പ്രകാശം
പരത്തിയിരുന്ന അതു പെട്ടെന്ന് കാലമാകുന്ന കാറ്റ് ഊതി അണച്ചിരിക്കുന്നു..
അതേ  'നിയതി' എന്ന കാറ്റിന് എല്ലാവരേയും ഊതി അണച്ചേ മതിയാകൂ . എന്നാലും
അതണയുന്നതു മൂലം പെട്ടെന്നുണ്ടാകുന്ന കൂരിരുളിൽ ചുറ്റിനു മുള്ളവർ പകച്ചു
പോകും .

" കൂരിരുൾക്കാവിന്റെ മുറ്റത്തെ മുല്ലപോൽ ഒറ്റയ്ക്കു
നിന്നില്ലേ ഞാനിന്നൊറ്റയ്ക്കു നിന്നില്ലേ..."

ജീവിച്ചിരിക്കുമ്പോൾ നമ്മെ സ്നേഹം കൊണ്ടു പൊതിയുന്ന ഒരു കരം ഒരു
നാൾ പെട്ടെന്ന് ഇല്ലാണ്ടായാൽ അപ്പോൾ മനസ്സിലാകും നമ്മൾ എത്രത്തോളം ഈ
ഭൂമിയിൽ ഒറ്റപ്പെട്ടു എന്ന് .

ജീവിതം കവിതയാക്കിയ എഴുത്തുകാരുടെ തൂലികത്തുമ്പിൽ നിന്നും
ഇത്തരം വരികൾ പിറക്കും . ഗിരീഷ് പുത്തഞ്ചേരിയുടെ വരികളിലൂടെ ,
മരണത്തിലേക്കു നടന്നുപോയ അച്ഛനെ കാണാൻ കഴിയുന്ന എഴുത്തു വിസ്മയം .!!
നെഞ്ചിനകത്തിരുന്ന് കുത്തി നോവിക്കുന്ന  ജയചന്ദ്ര സംഗീതം .!
ഗാനഗന്ധർവ്വന്റെ മാസ്മരിക ശബ്ദത്തോടൊപ്പം മോഹൻലാലും വേണുച്ചേട്ടനും
ജീവിക്കുകയാണിതിൽ .!

" ജീവിതപ്പാതകളിൽ, ഇനി എന്നിനി കാണും നാം.. മറ്റൊരു ജന്മം
കൂടെ ജനിക്കാൻ പുണ്യം പുലർന്നിടുമോ..?"

 നിരർത്ഥകമായ ഈ ചോദ്യം നമ്മിൽ പലരും മനസ്സിൽ ഒരുപാടു തവണ
നമ്മുടെ പ്രിയപ്പെട്ട മരണങ്ങളോടു ചോദിച്ചിട്ടുണ്ടാവും . എല്ലാവരും
ഉണ്ടായിട്ടും ഒറ്റയ്ക്കാകുന്ന നിമിഷം ഈ പാട്ട് ഒരു സാന്ത്വനമാണ് .

ഓരോ വ്യക്തിയുടേയും മരണം അവരുടെ അച്ഛന്റെ മരണത്തോടെ
ആരംഭിക്കുന്നു . ഒരു ആയുസ്സിന്റെ സ്വപ്നങ്ങൾക്ക് ചിറകു വച്ചു തന്നിട്ട്
ഒറ്റയ്ക്കു നടക്കാൻ പറഞ്ഞാൽ ജീവിതത്തിന്റെ ഏതറ്റം വരെ പോയാലും തിരിഞ്ഞു
നോക്കിയാൽ കൂട്ടായി തൊട്ടു പിറകേ തന്ന കാണും .

കുഞ്ഞിലേ തന്നെ മൺവിളക്ക് അണഞ്ഞു പോയ നെഞ്ചുമായി ജീവിച്ച ബാല്യ
കൗമാരമായിരുന്ന എനിക്ക് ഈ വിയോഗത്തിന്റെ ആഴവും പരപ്പും എത്രയെന്ന്
ഊഹിക്കാൻ കഴിയും . എത്ര വലുതായാലും അത് ജീവിതത്തിന്റെ ഒരു പകുതി
നഷ്ടപ്പെടുന്നതു പോലെ തന്നെയാണ് . പിന്നെയുള്ള കാലം ആ ചിതയുടെ
പുകച്ചുരുളുകളിൽ നീറിനീറി കഴിയേണ്ടി വരും .

"ചന്ദന പൊൻ ചിതയിൽ എന്റെ അച്ഛനെരിയുമ്പോൾ മച്ചകത്താരോ
പാറിപ്പറക്കുന്നതമ്പല പ്രാവുകളോ...?"

ശ്വാസം പോലും നിലച്ചു പോകുന്ന വരികൾ. !
ഗിരീഷ് പുത്തഞ്ചേരി ഉണ്ടായിരുന്നെങ്കിൽ ഇതുപോലെ എത്രയെത്ര ഗാന വസന്തങ്ങൾ
മലയാളത്തിന് ഇനിയുമുണ്ടായനെ.
മഹാനടന് നിത്യ പ്രണാമം നേർന്നുകൊണ്ട്.

------------

ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍ വിളക്കൂതിയില്ലെ
കാറ്റെന്‍ മണ്‍ വിളക്കൂതിയില്ലെ
കൂരിരുള്‍ കാവിന്റെ മുറ്റത്തെ മുല്ല പോൽ  ഒറ്റക്കു നിന്നില്ലെ
ഞാനിന്നൊറ്റക്കു നിന്നില്ലെ..(ഇന്നലെ..)

ദൂരേ നിന്നും പിന്‍ വിളിക്കൊണ്ടെന്നെ ആരും വിളിച്ചില്ല.
കാണാക്കണ്ണീരിന്‍ കാവലിന്‍ നൂലിഴ ആരും തുടച്ചില്ല(2)
ചന്ദനപ്പൊന്‍ ചിതയില്‍ എന്റെ അച്ഛനെരിയുമ്പോള്‍
മച്ചകത്താരൊ തേങ്ങിപ്പറക്കുന്നതമ്പലപ്രാവുകളോ..(ഇന്നലെ ..)


ഉള്ളിന്നുള്ളില്‍ അക്ഷരപ്പൊട്ടുകള്‍ ആദ്യം തുറന്നു തന്നു
കുഞ്ഞിക്കാലടിയോരടി തെറ്റുമ്പൊള്‍ കൈത്തന്നു കൂടെ വന്നു (2)
ജീവിത പാതകളില്‍ ഇനി എന്നിനി കാണും നാം
മറ്റൊരു ജന്മം കൂടെ നടക്കാൻ പുണ്യം പുലര്‍ന്നീടുമൊ
പുണ്യം പുലര്‍ന്നീടുമൊ..(ഇന്നലെ..)

Read More: https://emalayalee.com/writer/297

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക