വലിയ ശബ്ദത്തിൽ പാത്രങ്ങൾ വീഴുന്നതിന്റെയും, കുഴഞ്ഞതും എന്നാൽ ഉച്ചത്തിലുമുള്ള ചീത്ത വിളികളും കേട്ടാണ് ഉറങ്ങുകയായിരുന്ന ഞാൻ പായയിൽ നിന്നും ചാടി എഴുന്നേറ്റത്. ബഹളം തുടർന്ന് കൊണ്ടിരുന്ന അടുക്കള ഭാഗത്തേക്ക് ഒറ്റ ചാട്ടത്തിനെത്തിയപ്പോൾ കണ്ടത് താഴെ ഒഴുകി നടക്കുന്ന ഉള്ളിത്തീയലാണ്, അതിൽ ഒരു ഭാഗം അമ്മയുടെ നൈറ്റിയിലും, കുറച്ചു ഭിത്തിയിലുമായി പടർന്നു കിടന്നു. ചെറിയുള്ളി കൂടുതൽ ഇട്ട്, സ്റ്റവിന്റെ ചുവട്ടിൽ ഏറെ നേരം നിന്ന്, തേങ്ങാ നല്ല മൂപ്പിച്ച് അമ്മ ഉണ്ടാക്കിയതാണ് താഴെ പരന്നു കിടക്കുന്നത്, കണ്ണ് നീറി പിടഞ്ഞു എങ്കിലും ഞാനും പൊളിച്ചു കൊടുത്തിരുന്നു കുറച്ചു ചെറിയുള്ളി. ആ കഷ്ടപ്പാടിനൊന്നും ഒരു വിലയും കല്പിക്കാതെയാണ് കുടിച്ച്, നിലത്തുറക്കാത്ത കാലുകളും, പാതി മറഞ്ഞ ബോധവുമായി വന്ന അച്ഛൻ അതെടുത്തു എറിഞ്ഞത്, മദ്യപാനാസക്തി കൂടി തല പ്രാന്തെടുക്കുന്ന കുടിയന്മാർ ചെയ്യുന്ന കാര്യങ്ങൾ.
"ഇറങ്ങി പോടീ ഇവിടന്ന്..അവൾ വലിയ ഉദ്യോഗക്കാരി, ഇത് എന്റെ വീടാണ് (അധ്വാനിച്ചുണ്ടാക്കിയതല്ല, സ്വന്തം അച്ഛനും അമ്മയും മോനും കുടുംബവും വഴിയിൽ കിടന്ന് പോകണ്ട എന്ന് കരുതി ദാനം കൊടുത്തതാണ് ആ രണ്ട് മുറി മാത്രമുണ്ടായിരുന്ന വീട്), എനിക്കിഷ്ടമുള്ളത് ഞാൻ ചെയ്യും, നീ ആരാടി ചോദിയ്ക്കാൻ...." പിന്നെയും ഏതോ പാത്രം ഒറ്റ ക്ഷണത്തിനു കൈയിൽ എടുത്തു അച്ഛൻ നിലത്തെറിഞ്ഞു, ഇനിയും ഇതേ പോലെ മറ്റു പാത്രങ്ങളും ബാക്കി ഉള്ള കറികളും താഴെ പോയാലോ എന്ന് പേടിച്ചു അച്ഛന്റെ കൈ വാക്കിന് ഇരുന്നതെല്ലാം ഞാൻ പെട്ടെന്ന് മാറ്റി വെച്ചു. കേട്ടാലറക്കുന്ന ചീത്തകളും വിളിച്ചു ആടിയാടി അച്ഛൻ കിടക്കാൻ പോയി, അമ്മയും വിട്ടു കൊടുക്കാതെ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു, അമ്മ ഓരോന്ന് പറയുന്നതിന് അനുസരിച്ചു കൃത്യം കൃത്യം ചീത്തകൾ അകത്തു നിന്നും മുറക്ക് വന്നു കൊണ്ടിരുന്നു. ഇങ്ങനെയുള്ള വരവും, വഴക്കും ഒക്കെ പേടിച്ചു ഉറങ്ങാതെ ഞാൻ കിടന്നതായിരുന്നു പക്ഷെ എപ്പോഴാണ് ഉറങ്ങിപ്പോയതെന്നു അറിയില്ല. "അമ്മക്കൊന്നു മിണ്ടാതിരുന്നു കൂടെ, എന്തെങ്കിലും കാണിക്കട്ടെ, എത്ര ഉപദേശിച്ചാലും വഴക്കു കൂടിയാലും നന്നാകില്ല എന്നറിയാം പിന്നെയും എന്തിനാ വഴക്ക് കൂടുന്നത്..", എല്ലാം കഴിഞ്ഞപ്പോൾ എന്നും ചോദിക്കുന്ന ചോദ്യം ഞാൻ അമ്മയോട് ചോദിച്ചു, അത് കൊണ്ട് ഒരു പ്രയോജനവുമില്ല എങ്കിലും. "ഇനി മേലാൽ ഈ വീട്ടിൽ ഞാൻ തീയൽ ഉണ്ടാക്കില്ല , കഷ്ടപ്പെട്ട് ഉണ്ടാക്കുന്നതൊക്കെ എടുത്തു ഒരേറാണ്, എന്തോരു ജീവിതം ദൈവമേ..", അമ്മയുടെ മറുപടി അതായിരുന്നു.
ഇത് നടക്കുന്നത് ഏകദേശം ഇരുപത്തി എട്ടോളം കൊല്ലങ്ങൾക്ക് മുൻപാണ്, അന്ന് പറഞ്ഞത് പോലെ പിന്നെ ഒരുപാട് കാലം അമ്മ വീട്ടിൽ തീയൽ ഉണ്ടാക്കിയില്ല, മറ്റു പല കറികളും ഇത് പോലെ കുടിച്ചു വന്നു അച്ഛൻ എടുത്തെറിഞ്ഞിട്ടുണ്ട് എങ്കിലും തീയൽ ഉണ്ടാക്കില്ല എന്ന് അമ്മക്ക് വാശിയായിരുന്നു, കാരണം അച്ഛന് ഏറ്റവും ഇഷ്ടമുള്ള കറിയായിരുന്നു അത്.
ഞങ്ങളുടെ കുട്ടിക്കാലവും, കൗമാരവും, ഒരു കാലം വരെയുള്ള യൗവ്വനവും മുങ്ങി ശ്വാസം മുട്ടി കിടന്നിരുന്നത് അച്ഛന്റെ ഒരു നിയന്ത്രണവുമില്ലാത്ത മദ്യപാനാസക്തിയിലായിരുന്നു. കുടിക്കുക മാത്രമല്ല, അത് കഴിഞ്ഞു വന്നു ബഹളം ഉണ്ടാക്കുക, അമ്മയെ അടിക്കുക,ഇടയിൽ കയറുന്ന ഞങ്ങൾക്കും അടി തരുക, കൈയിൽ കിട്ടുന്നതൊക്കെ എടുത്തെറിയുക, കേട്ടാലറക്കുന്ന പല പല വെറൈറ്റി ചീത്തകൾ വിളിക്കുക ഇതെല്ലാം ഉൾപ്പെട്ട സംഭവബഹുലമായൊരു കാലമായിരുന്നു ഞങ്ങൾക്ക് അച്ഛൻ സമ്മാനിച്ചത്. ഞങ്ങളുടെ വീടിന്റെ പരിസരത്തെങ്ങും തന്നെ അത് പോലെയൊരു മദ്യപാനി ഇല്ലായിരുന്നു, ഇനി ഉണ്ടെങ്കിൽ തന്നെ ആരുമറിയാതെ അവർ മദ്യപിച്ചു പോന്നു, അല്ലെങ്കിൽ കുടുംബം കൂടി നന്നായി നോക്കിയിട്ട് മദ്യപിച്ചു. അച്ഛനെ പോലെ, കുടുംബം നോക്കാതെ, കുടിക്കണം കുടിക്കണം എന്ന ഒറ്റ വിചാരത്തോടെ നടന്നത് ഞങ്ങളുടെ അറിവിൽ, ഞങ്ങളുടെ കുടുംബത്തിൽ, അച്ഛൻ മാത്രമായിരുന്നു. ഞങ്ങളുടെ വീട്ടിലെ ബഹളങ്ങളും വഴക്കുമൊക്കെ നിശബ്ദമായി, ശാന്തതയോടെ കഴിയുന്ന ആ പരിസരത്തെ എല്ലാ വീടുകളിലും കേൾക്കുമായിരുന്നു. കുറച്ചു കാലം മുൻപിറങ്ങിയ ഒരു മലയാള സിനിമയിലെ ചീത്തകൾ മുഴുവനും വളരെ കുഞ്ഞിലേ ഞങ്ങൾക്ക് മനഃപാഠമായിരുന്നു, അതിന്റെ ഒക്കെ അർത്ഥമെന്താണ് എന്ന് വരെ അമ്മയോട് ചോദിച്ചിട്ടുണ്ട് എന്നാണ് ഓർമ്മ.
ജോലിയുണ്ടായിരുന്ന കാലത്തു കിട്ടിയ ശമ്പളം മുഴുവൻ കുടിച്ചു തീർത്തു, ലോൺ വരെ എടുത്ത് മദ്യപിച്ചു. ജോലി പോയ സമയത്ത് അമ്മയുടെ പഴ്സിൽ നിന്നും പലപ്പോഴും കട്ടെടുത്തും, ഉണ്ടായിരുന്ന പൊട്ടും പൊടിയുമായ സ്വർണ്ണങ്ങൾ വിറ്റും കുടിച്ചു. വിൽക്കാൻ കഴിയുന്ന വീട്ടു സാധനങ്ങൾ പലതും ഞങ്ങൾ ഇല്ലാത്ത സമയത്തു വിറ്റു കുടിച്ചു, അതും പോരാഞ്ഞു നല്ല നിലയിൽ ജീവിക്കുന്ന സഹോദരിയുടെ അടുത്ത് പോയി നൂറും ഇരുനൂറും ഇരന്നു വാങ്ങിയും കുടിച്ചു. എത്രയോ പ്രാവശ്യം അപ്പുറത്തെയും ഇപ്പുറത്തെയും വീടുകളിൽ കടം ചോദിക്കാൻ ഞങ്ങളെ നിർബന്ധിച്ചു വിട്ടിട്ടുണ്ട്, നാണം കെട്ട്, സങ്കടപ്പെട്ട് ഞങ്ങൾ പോയി ചോദിച്ചിട്ടുണ്ട്. പല രാത്രികളിലും വഴിയിൽ കിടന്നിരുന്ന അച്ഛനെ ആരൊക്കെയോ ചേർന്നാണ് വീട്ടിൽ എത്തിച്ചിരുന്നത്. ഇതിനിടയിൽ ഞാനും അനിയത്തിയും എങ്ങനെയൊക്കെയോ പഠിച്ചു, വളർന്നു, ജോലി നേടി.
അന്നൊക്കെ തൊട്ടടുത്ത ശിവന്റെ അമ്പലത്തിൽ പോയി എന്നും ഞാൻ പ്രാർത്ഥിക്കുമായിരുന്നു, "ഇന്നു അച്ഛൻ കുടിക്കാതെ വരണെ", എന്ന്, ആ പ്രാർത്ഥന എവിടെയും എത്താതെ ആയപ്പോൾ ഞാൻ പ്രാർത്ഥിച്ചു തുടങ്ങി, "അച്ഛൻ പെട്ടെന്ന് മരിക്കണെ," എന്ന്. അച്ഛന്റെ മരണത്തിലൂടെ മാത്രമേ സ്വസ്ഥവും സമാധാനവുമുള്ള ഒരു ജീവിതം ഞങ്ങൾക്ക് കിട്ടുകയുള്ളു എന്ന് നന്നേ ചെറിയ പ്രായത്തിലെ ഞാൻ മനസിലാക്കിയിരുന്നു. ഈ രണ്ടു പ്രാർത്ഥനകൾക്ക് വേണ്ടി മാത്രം അമ്പലത്തിൽ പോയിക്കൊണ്ടിരുന്ന എന്നെ കാണുമ്പോൾ അടുത്ത വീട്ടിലെ സമപ്രായക്കാരൻ, "പഠിക്കാതെ പരീക്ഷക്ക് ജയിക്കണേ എന്ന് പ്രാർത്ഥിച്ചാൽ ദൈവം ജയിപ്പിക്കുകയൊന്നുമില്ല", എന്ന് പറഞ്ഞു കളിയാക്കുമായിരുന്നു, അന്നൊക്കെ ഞാൻ എഴുതിയിട്ടും എഴുതിയിട്ടും തോറ്റുകൊണ്ടിരുന്ന ഏറ്റവും വലിയ പരീക്ഷ ഞങ്ങളുടെ ജീവിതം തന്നെയായിരുന്നു.
വല്ല വിഷവും കഴിച്ചു ചാവാം, അങ്ങേരു കുടിച്ചു കുടിച്ചു ജീവിക്കട്ടെ എന്ന് അമ്മ പറയുമ്പോൾ, "ഞങ്ങൾക്ക് ജീവിക്കണം, മരിക്കണ്ട", എന്ന് പറഞ്ഞു ഞങ്ങൾ തർക്കിക്കുമായിരുന്നു, എന്തോ അന്നൊക്കെ വലിയ പ്രതീക്ഷയായിരുന്നു നമുക്ക് നല്ലൊരു ജീവിതം എന്നെങ്കിലും ദൈവം തരുമെന്ന്. ഞാൻ ഒളിച്ചോടാൻ ആഗ്രഹിച്ചിരുന്നത് മരണത്തിലേക്കല്ല എവിടെയോ എന്നെയും കാത്തിരിക്കുന്ന ഒരു സമാധാനപൂർണ്ണമായ ജീവിതത്തിലേക്കായിരുന്നു. "അച്ഛൻ മരിച്ചു പോകണേ," എന്ന് ആഗ്രഹിച്ച, പ്രാർത്ഥിച്ച കാലങ്ങളിൽ ഒന്നും തന്നെ അച്ഛന്റെ ശരീരത്തിൽ ഒരു മുള്ളു പോലും കൊണ്ടില്ല, എന്നാൽ, "അച്ഛന് ഇപ്പൊ ഒന്നും സംഭവിക്കല്ലേ, ഒരു മൂന്ന് ദിവസം കൂടി കഴിഞ്ഞിട്ട് എന്ത് വേണേലും ആയിക്കോ," എന്ന് മുട്ടിപ്പായി പ്രാർത്ഥിച്ചപ്പോൾ അച്ഛനെ ഉടനെ കൊണ്ട് പോകുവേം ചെയ്തു. അനിയത്തിയുടെ കല്യാണത്തിനു ഒരു തടസ്സവും വരാതെ ഇരിക്കാൻ വേണ്ടി പ്രാർത്ഥിച്ചത് നേരെ തിരിച്ചായി. "പോയോര് പോയി, കല്യാണം നടക്കണം", എന്ന നിർബന്ധം വളരെ കുറച്ചു പേർക്കെങ്കിലും ഉണ്ടായിരുന്നത് കൊണ്ട് അത് നടന്നു.
ഒരു മടിയും കൂടാതെ, ആരെയും പേടിക്കാതെ ഞാൻ എപ്പഴും പറയുന്ന കാര്യമാണ്, "അച്ഛൻ മരിച്ചതിനു ശേഷമാണു വീട്ടിൽ സമാധാന അന്തരീക്ഷം രൂപപ്പെട്ടത്" എന്ന്. "അവനെ കൂട്ടുകാരാണ് നശിപ്പിച്ചത്", എന്നൊക്കെ ജീവിച്ചിരുന്ന കാലത്തു അച്ഛന്റെ അമ്മ പറഞ്ഞു കരയുമായിരുന്നു, "എന്തിനാ കൂട്ടുകാരെ കുറ്റം പറയുന്നത്?, നന്നാവണമെങ്കിൽ എപ്പഴെ നന്നാവാം, അപ്പൊ നല്ല കൂട്ടുകാരുണ്ടാകും, കുടിക്കാരുടെ കൂട്ട് എപ്പഴും അങ്ങനെ ഉള്ളവർ തന്നേയാകും, അവനോന് നന്നാവണം എന്ന് വിചാരിച്ചാൽ അതൊക്കെ നടക്കും, വേണ്ട എന്ന് വിചാരിച്ചാൽ കുടിച്ചു ചാവും, അത്ര തന്നെ.." ഞാൻ ഇങ്ങനെ പലതും ഒക്കെ തിരിച്ചു അമ്മുമ്മയോട് വാദിച്ചു കൊണ്ടിരിക്കേം ചെയ്യുമായിരുന്നു. ഭാര്യയെ ചീത്ത വിളിച്ച്, അടിച്ച്, ഇറങ്ങി പോ, എന്നൊക്കെ പറഞ്ഞു പറഞ്ഞു അവസാനം കിടന്നു പോയപ്പോൾ അമ്മ മാത്രമുണ്ടായി അച്ഛനെ നോക്കാൻ. "വയ്യാതെ കിടന്നാൽ, ഞാൻ എങ്ങും നോക്കില്ല പറഞ്ഞേക്കാം, അസുഖം വന്നാൽ തന്നെ അനുഭവിച്ചോളണം, ഞാൻ എന്റെ പാട് നോക്കി പോകും," എന്ന് ഞാൻ എപ്പോഴും പറയുമായിരുന്നു അച്ഛനോട്, അത് ഞാൻ പാലിച്ചു, വയ്യാതെ കിടന്നപ്പോൾ എന്നെ കൊണ്ടാകുന്നത് പോലെ ഞാൻ നോക്കിയില്ല, അതിനെന്താ?, എപ്പഴോ, എന്നോ, അച്ഛൻ ചെയ്ത ഒരു ചെറു പുണ്യത്തിന്റെ ഫലം മരുമകന്റെ രൂപത്തിൽ അച്ഛന് കിട്ടിയത് കൊണ്ട് അവസാന കാലത്തു ആ സ്നേഹവും കരുതലും ആവോളം കിട്ടിയിട്ടാണ് പോയത്.
കുടിയന്മാരോടാണ് ഇനി പറയുന്നത്- സോഷ്യൽ, ഒക്കേഷനൽ ഡ്രിങ്കിങ്കാരോടല്ല - മുഴുക്കുടിയന്മാരോട്, കുടിക്കണം എന്ന ഒറ്റ ചിന്തയിൽ നടക്കുന്ന, നാടിനും വീടിനും കൊള്ളാത്ത, കിട്ടുന്നതെന്തായാലും അത് വിറ്റു വരെ കുടിക്കണം എന്ന് മാത്രം വിചാരിച്ചു നടക്കുന്നവരോട് - നിങ്ങൾക്കറിയാം എന്നാലും ഞാൻ പറയാം - നിങ്ങൾ ഭാര്യ - മക്കൾ, ഒക്കെ ഉള്ളവരാണെങ്കിൽ തീർച്ചയായും അവർ പ്രാർത്ഥിക്കുന്നത് ഒന്നുകിൽ എന്നെന്നേക്കുമായി അവരെ ഉപേക്ഷിച്ചു നിങ്ങൾ പോയെങ്കിൽ അല്ലെങ്കിൽ നിങ്ങൾ മരിച്ചു പോയെങ്കിൽ എന്നായിരിക്കും. മക്കൾക്ക് നിങ്ങളെ അവരുടെ കൂട്ടുകാരുടെ മുന്നിൽ പരിചയപ്പെടുത്താൻ തീരെ ഇഷ്ടമില്ലായിരിക്കും, പേരെന്റ്- ടീച്ചർ മീറ്റിംഗുകളിൽ നിങ്ങളെ കൊണ്ട് പോകാൻ അവർ ഒരു ശതമാനം പോലും ആഗ്രഹിക്കില്ല (നിങ്ങളും അതൊന്നും അന്വേഷിക്കാറ് പോലുമില്ലായിരിക്കും), നിങ്ങളെ കാണുന്നതോ നിങ്ങളോട് സാംസാരിക്കുന്നതോ പോലും അവർക്ക് ഇഷ്ടമല്ലായിരിക്കും. നാട്ടുകാർ നിങ്ങളെക്കുറിച്ചു പറയുന്നത്, "അവനോ അവൻ മുഴുക്കുടിയാണ്, ആ പെണ്ണും പിള്ളേരും അവനെ കൊണ്ട് പൊറുതി മുട്ടി, കുടിച്ചു എവിടെയെങ്കിലും കിടന്ന് ചത്താലെങ്കിലും അവർ രക്ഷപെട്ടേനെ", എന്നൊക്കെ ആവാം, മറിച്ചാവാൻ ഒരു തരവുമില്ല. ഒന്നുകിൽ എങ്ങനെയെങ്കിലും കുടി നിർത്തി നന്നാവുക, അല്ലെങ്കിൽ വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ അവരുടെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോവുക, നിങ്ങൾക്ക് അവർക്ക് കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ സമ്മാനം അതാകും. നിങ്ങൾ ഏറ്റവും കൂടുതൽ തള്ളി പറയുന്ന നിങ്ങളുടെ ഭാര്യ മാത്രമേ അവസാന കാലത്തു നിങ്ങളുടെ കൂടെ ഉണ്ടാവുകയുള്ളു എന്ന് കൂടി ഓർത്തു കൊള്ളൂ.
ഇതിനു മുൻപും പല സന്ദർഭങ്ങളിൽ, എന്റെ കഥകളിൽ ഒക്കെ അച്ഛന്റെ കാര്യം, ഞങ്ങളുടെ ഇത്തരം അനുഭവങ്ങൾ ഞാൻ പറഞ്ഞിട്ടുണ്ട്, അപ്പോഴെല്ലാം, "എത്രയായാലും അച്ഛനല്ലേ, ഇങ്ങനെ ഒക്കെ പറയാമോ, ചിന്തിക്കാമോ, പാവമല്ലേ, കഷ്ടമല്ലേ..." എന്നൊക്കെ ചോദിച്ചവർ, പരിതപിച്ചവർ അനവധിയാണ്, ആ ചോദിച്ചവർക്കൊക്കെയും ഒന്നുകിൽ മദ്യം കൈ കൊണ്ടേ തൊടാത്ത സ്നേഹമയനായ അച്ഛനോ അല്ലെങ്കിൽ മദ്യപിച്ചാലും തന്റെ കുടുംബം ഭംഗിയായി നോക്കുന്ന അച്ഛനോ ആയിരിക്കണം ഉള്ളത്, അല്ലാതെ ഞങ്ങളുടെ അനുഭവമുള്ളവർ ആരും "അയ്യോ..പാവം.." പറഞ്ഞു വരില്ല, എനിക്കതുറപ്പാണ്.
കുടിയന്റെ ഭാര്യ, കുടിയന്റെ മക്കൾ - ഇവർക്ക് സമൂഹത്തിൽ, ബന്ധുക്കളുടെ ഇടയിൽ ഒക്കെ കിട്ടുന്ന പരിഗണന അത്രക്കെ ഉണ്ടാവുകയുള്ളു, അവൻ ചെയ്യുന്ന തെറ്റ് അനുഭവിക്കുന്നത് അവന്റെ കുടുംബമാണ്, അതറിഞ്ഞവർക്കറിയാം അതിന്റെ ഭീകരത എത്രയാണെന്ന്.