Image

കാലഘട്ടം സാക്ഷി; ശബ്ദസാഗരം ബാക്കിയാക്കി ഭാവഗായകന്‍

Published on 09 January, 2025
കാലഘട്ടം സാക്ഷി;  ശബ്ദസാഗരം ബാക്കിയാക്കി ഭാവഗായകന്‍

തൃശ്ശൂര്‍: ഒരു കാലഘട്ടം സാക്ഷി, പാട്ടിന്റെ വസന്തം തീര്‍ത്ത ഭാവഗായകന്‍ വിടപറഞ്ഞു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രി 7.45-ഓടെയായിരുന്നു അന്ത്യം. അഞ്ച് പതിറ്റാണ്ടിനിടെ ആയിരക്കണക്കിന് ലളിതസുന്ദര ഗാനങ്ങള്‍ പാടിത്തീര്‍ത്ത് 81-ാം വയസ്സില്‍ അദ്ദേഹം വിടപറഞ്ഞു. സിനിമാഗാനങ്ങളായും ലളിതഗാനങ്ങളായും ഭക്തിഗാനങ്ങളായും മലയാളത്തിന്റെ ഒരു കാലഘട്ടത്തെ മധുരമോഹനമാക്കിയ ആ അഗാധ ശബ്ദസാഗരം ഇനി ബാക്കി.

'രാസാത്തി ഉന്നൈ കാണാതെ നെഞ്ചം' എന്ന ഒറ്റഗാനത്തിലൂടെ തമിഴകവും കീഴടക്കിയ ജയചന്ദ്രനോളം തമിഴില്‍ ശോഭിച്ച മറ്റൊരു മലയാളി ഗായകനുമില്ല. മലയാളത്തിനും തമിഴിനും പുറമെ തെലുങ്കിലും കന്നഡത്തിലും ഹിന്ദിയിലും ആ സ്വരം ഭാഷാതിര്‍ത്തി ലംഘിച്ച് ആരാധകരെ സൃഷ്ടിച്ചു. മലയാളിക്ക് എന്നും എപ്പോഴും പ്രണയത്തിനും വിരഹത്തിനും സന്തോഷത്തിനും സന്താപത്തിനും കൂട്ടായി ആ ശബ്ദമുണ്ടായിരുന്നു. മലയാളിയുടെ ഗൃഹാതുരശബ്ദമായിരുന്നു പി. ജയചന്ദ്രന്റെ പാട്ടുകള്‍. മികച്ച ഗായകനുള്ള സംസ്ഥാനപുരസ്‌കാരം അഞ്ച് തവണയും ദേശീയ പുരസ്‌കാരം ഒരുതവണയും അദ്ദേഹത്തെ തേടിയെത്തി. തമിഴില്‍ കിഴക്ക് ചീമയിലെ എന്ന സിനിമയിലെ ഗാനത്തിന് 1994-ലെ മികച്ച ഗായകനുള്ള അവാര്‍ഡ് ലഭിച്ചു.

1944 മാര്‍ച്ച് മൂന്നിന് എറണാകുളം ജില്ലയിലെ രവിപുരത്തായിരുന്നു രവിവര്‍മ്മ കൊച്ചനിയന്‍ തമ്പുരന്റേയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും അഞ്ച് മക്കളില്‍ മൂന്നാമനായി ജയചന്ദ്രന്റെ ജനനം. 1958-ലെ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ യേശുദാസ് ശാസ്ത്രീയ സംഗീതത്തില്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍ ജയചന്ദ്രന് മൃദംഗത്തിലായിരുന്നു ഒന്നാം സ്ഥാനം.

ഇരങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ നിന്ന് സുവോളജിയില്‍ ബിരുദം നേടി,1966-ല്‍ ചെന്നൈയില്‍ പ്യാരി കമ്പനിയില്‍ കെമിസ്റ്റായി. അതേവര്‍ഷം കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചിത്രത്തിനുവേണ്ടി പി. ഭാസ്‌കരന്‍-ചിദംബരനാഥ് ടീമിന്റെ ഗാനമാണ് ആദ്യമായി പാടിയതെങ്കിലും കളിത്തോഴനിലെ മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി എന്ന ഗാനമായിരുന്നു ആദ്യം പുറത്തുവന്നത്. ആ ഒരൊറ്റ ഗാനത്തോടെ ജയചന്ദ്രന് പിന്തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ഹൃദയഹാരിയായ നിരവധി ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ മനസുകളില്‍ കുടിയേറിയ ജയചന്ദ്രനെ മലയാളികള്‍ ഭാവഗായകനായി ഹൃദയത്തില്‍ ഏറ്റെടുത്തു. ചിദംബരനാഥില്‍ തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക സംഗീതസംവിധായകരുടെയും ഗാനങ്ങള്‍ ആലപിക്കാന്‍ ഭാഗ്യമുണ്ടായി. പി.ഭാസ്‌കരനും വയലാറും മുതല്‍ പുതിയതലമുറയിലെ ബി.കെ ഹരിനാരായണന്‍ വരെയുള്ള കവികളുടെ വരികള്‍ക്ക് ആ ശബ്ദത്തിലൂടെ ജീവന്‍തുടിച്ചു. രാസാത്തി ഉന്നൈ കാണാതെ നെഞ്ചം... എന്ന ഗാനം ശബ്ദതരംഗമായി തമിഴ്സിനിമയെ കീഴടക്കി.

ഉദ്യോഗസ്ഥയിലെ അനുരാഗ ഗാനം പോലെ, സി.ഐ.ഡി നസീറിലെ നിന്‍ മണിയറയിലെ, പ്രേതങ്ങളുടെ താഴ് വരയിലെ മലയാള ഭാഷതന്‍ മാദകഭംഗി, ഉമ്മാച്ചുവിലെ ഏകാന്ത പഥികന്‍ ഞാന്‍, മായയിലെ സന്ധ്യക്കെന്തിന് സിന്തൂരം, ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു എന്ന ചിത്രത്തിലെ ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു അങ്ങനെ മലയാളികള്‍ ഒരിക്കലും മറക്കാത്ത നൂറുകണക്കിന് ഗാനങ്ങള്‍ ജയചന്ദ്രന്റെ സ്വരമാധുരിയില്‍ പുറത്തുവന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക