ന്യൂയോര്‍ക്ക് : ജനുവരി 10, 2025, സംഗീത ആസ്വാദകരുടെ പ്രിയങ്കരനായ ഗാനഗന്ധര്‍വ്വന്‍ ദാസേട്ടന്റെ 85-ാം ജന്മദിനം.
നവംബര്‍ 14, 1961 ല്‍ സംഗീത സംവിധായകന്‍ എം.ബി.ശ്രീനിവാസന്‍ ചിട്ട്പപെടുത്തി ദാസേട്ടന്‍ പാടിത്തുടങ്ങിയ
'ജാതിഭേദം, മതദ്വേഷം
ഏതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന
മാതൃകകാസ്ഥാനമാണിത്'
ആ ശബ്ദ മധുരിമയുടെ ജൈത്രയാത്രയില്‍ 50,000 ലേറെ ഗാനങ്ങള്‍ വ്യത്യസ്ത ഭാഷകളില്‍ മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക്, ബംഗാളി, ഗുജറാത്തി, ഒറിയ, മറാത്തി, പഞ്ചാബി, സംസ്‌കൃതം, തുളു, മലായ്, റഷ്യന്‍, അറബിക്, ലാറ്റിന്‍, ഇംഗ്ലീഷ് തുടങ്ങി നിരവധി ഭാഷകളില്‍ ആലപിച്ച് മുദ്രവച്ചത് ഏതൊരു ശ്രോതാവിന്റെയും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.
2003 ൽ ജോജൊ തോമസ് പദ്മവിഭുഷൻ ഡോ. കെ. ജെ. യേശുദാസിന് മില്ലേനിയം സരസ്വതി അവാർഡ് സമ്മാനിക്കുന്നു
ആയിരം പാദസരങ്ങള്‍ കിലുങ്ങി...
സാഗരമെ ശാന്തമാക നീ....
പ്രണയ സരോവര തീരം....
സന്യാസിനി നിന്‍ പുണ്യാശ്രമത്തില്‍....
മജ്ഞു ഭാഷിണി നിന്‍ മണിയറ വീണയില്‍....
പ്രേമഭിക്ഷുകി ഭിക്ഷുകി ഭിക്ഷുകീ....
ചന്ത്രകാന്തം കൊണ്ട് നാലുകെട്ട്....
തുടങ്ങി ആയിരക്കണക്കിനു ഗാനങ്ങള്‍ സംഗീത പ്രേമികളുടെ ഹൃദയത്തെ തൊട്ടുണര്‍ത്തിയ അനശ്വര ഗാനഗന്ധര്‍വ്വനാണ് ദാസേട്ടന്‍.
സംഗീതാസ്വാദനം എന്നൊന്ന് ഇ്ല്ലാതിരുന്നവരില്‍ പോലും ദാസേട്ടന്റെ ശബ്ദതരംഗങ്ങള്‍ ദൈവീകനാദ വീചികളായി ഇറങ്ങിചെന്ന് സംഗീതവാസനയെ തൊട്ടുണര്‍ത്തിയിട്ടുണ്ട് എന്നതില്‍ സംശയമില്ലാ.
ശബ്ദസൗകുമാര്യവും, ഉച്ചാരണ ശുദ്ധിയോടെ അനായാസമായി പാടാനുള്ള ദൈവീക സിദ്ധിയും ദാസേട്ടന്‍ എന്ന് സ്‌നേഹപൂര്‍വ്വം നാം വിളിക്കുന്ന ഈ ഗാനഗന്ധര്‍വ്വനില്‍ സംഗമിക്കുന്നു.
'പ്രളയവയോധിയില്‍ ഉറങ്ങിയുണര്‍ന്നൊരു
പ്രഭാ മയൂഖമെ കാലമെ' എന്ന് പാടിയ ആ ശബ്ദം ഇന്ന് കാലത്തെ അതിജീവിച്ചു നില്‍ക്കുന്നു.
'രാത്രി പകലിനോടെന്ന പോലെ
യാത്ര ചോദിപ്പൂ ഞാന്‍' എന്ന് ദാസേട്ടന്‍ പാടികേള്‍ക്കുമ്പോള്‍ സംഗീത സാന്ദ്രതയില്‍ മൂര്‍ച്ചിക്കാത്ത വരുണ്ടോ?
ഒരു ദിവസം വിവിധ ഭാഷകളിലായി 11 ഗാനങ്ങള്‍ ആലപിച്ചതിന്റെ റെക്കോര്‍ഡ് ദാസേട്ടന്റെ പേരില്‍ ഇന്നും നിലനില്‍ക്കുന്നു.
2008 ൽ ജോജൊ തോമസ് പദ്മവിഭുഷൻ ഡോ. കെ. ജെ. യേശുദാസിന് സരസ്വതി അവാർഡ് പൊന്നാട അണിയിക്കുന്നു
ലോകത്തിലെ ഏതൊരു ഗായകനും ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ ഔദ്യോഗീകമായി റെക്കോര്‍ഡ് ചെയ്യപ്പെട്ട ഗാനങ്ങള്‍ ആലപിച്ചതിന്റെ ബഹുമതി ദാസേട്ടനുണ്ട്.
മികച്ച പിന്നണിഗായകനുള്ള 7 ദേശീയ അവാര്‍ഡുകള്‍, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന മികച്ച പിന്നണി ഗായകനുള്ള 43 സംസ്ഥാന അവാര്‍ഡുകള്‍ ദാസേട്ടന് ലഭിച്ചിട്ടുണ്ട്.
1975 ല്‍ പത്മശ്രീ പുരസ്‌ക്കാരവും 2002ല്‍ പത്മഭൂഷണന്‍ പുരസ്‌ക്കാരവും 2017 ല്‍ പത്മവിഭൂഷണ്‍ പുരസ്‌ക്കാരവും നല്‍കി ഇന്ത്യാ ഗവണ്‍മെന്റ് ആദരിച്ചു.
അഞ്ചു ദശാബ്ദകാലത്തെ സംഗീത സപര്യയില്‍ 50,000 ല്‍ അധികം ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്ത 'ഇന്ത്യയുടെ ആകാശ ഗായകന്‍' എന്ന നിലയില്‍ 2011ല്‍ CNN-IBN മികച്ച നേട്ടത്തിനുള്ള പുരസ്‌ക്കാരം നല്‍കി ആദരിച്ചു.
എല്ലാ മതവിഭാഗത്തിലും ഏകദൈവത്തെ മനസ്സില്‍ ഉണര്‍ത്തുന്ന ഹൃദയസ്പര്‍ശിയായ എണ്ണമറ്റ ഗാനങ്ങള്‍....
ഒരിക്കല്‍ കേട്ടാല്‍ വീണ്ടുമൊന്നു കൂടി കേള്‍ക്കാന്‍ മനസ്സു വെമ്പുന്ന, മനുഷ്യ മനസ്സിനെ തലോടുന്ന, ആലാപന ശൈലി ദാസേട്ടനു മാത്രം കഴിയുന്ന ഒരു ദൈവീക സിദ്ധിയാണ്.
പ്രഭ ചേച്ചിയുടെ പ്രഭാവലയത്തിലും, ലോകമെങ്ങുമുള്ള സംഗീതപ്രേമികളുടെ സ്‌നേഹാദരവിലും, പ്രാര്‍ത്ഥനയിലും വിളങ്ങി നില്‍ക്കുന്ന നമ്മുടെ പ്രിയപ്പെട്ട ദാസേട്ടന് ആയുസ്സും ആരോഗ്യവും ജഗദീശ്വരന്‍ നല്‍കി അനുഗ്രഹിക്കട്ടെ.
ദാസേട്ടാ, പിറന്നാള്‍ ആശംകള്‍ സ്‌നേഹപൂര്‍വ്വം നേരുന്നു.