Image

ചരിത്രത്തിൽ ഇടം നേടിയ 'പ്രഭാതം' : ഡോ. ജോർജ്ജ് മരങ്ങോലി

-മീട്ടു റഹ്മത്ത് കലാം Published on 10 January, 2025
ചരിത്രത്തിൽ ഇടം നേടിയ 'പ്രഭാതം' : ഡോ. ജോർജ്ജ് മരങ്ങോലി

ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയത് നീൽ ആംസ്ട്രോങ് ആണെന്ന് ഏത്
സാധാരണക്കാരനും അറിയാം. ചരിത്രത്താളുകളിൽ തങ്കലിപികളിൽ എന്നും
കുറിക്കപ്പെടുന്നത് അതാത് രംഗങ്ങളിൽ ആദ്യചുവടുവയ്‌പ്പ് നടത്തിയവരുടെ
പേരുകളാണ്. മുന്നിലെ വെല്ലുവിളികളും തടസ്സങ്ങളും സധൈര്യം നേരിടുകയും
പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്ത് സ്വന്തമായി വഴിവെട്ടി മുന്നോട്ടുവരിക
എന്ന ദൗത്യം ഏറ്റെടുക്കുന്നവർ ആ ആദരവ് അർഹിക്കുന്നുണ്ട്. സാങ്കേതികമായി
ഏറെ പരിമിതികളുണ്ടായിരുന്ന എഴുപതുകളിൽ അമേരിക്ക പോലൊരു രാജ്യത്ത്
മലയാളത്തിൽ ആദ്യമായി ഒരു പത്രം തുടങ്ങാൻ ധൈര്യം കാണിച്ച ഡോ.ജോർജ്ജ്
മരങ്ങോലി ഇത്തരത്തിൽ വേറിട്ട വ്യക്തിത്വമാണ്.  പ്രഭാതം എന്ന പേരിൽ ഒരു
പതിറ്റാണ്ടുകാലം അമേരിക്കൻ മലയാളികളുടെ വാരാന്ത്യങ്ങൾ നാട്ടിലെ
വാർത്തകളാൽ സമ്പന്നമാക്കിയ അദ്ദേഹം, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത്
അമേരിക്കയുടെ 'പയനീർസ് ഇൻ മീഡിയ 2025' പുരസ്‌കാരത്തിന്
അർഹനായിരിക്കുകയാണ്. കൊച്ചിയിലെ 'വിശ്രമജീവിതം' വിശ്രമമില്ലാതെ
എഴുത്തിനും വായനയ്ക്കും നീക്കിവച്ചിരിക്കുന്ന ജോർജ്ജ് മരങ്ങോലിയുടെ
വിശേഷങ്ങളിലേക്ക്...

കഥ ഇതുവരെ?


ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദവും പഞ്ചാബ്
യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദവും
നേടിയ ശേഷം 74 - ലാണ് അമേരിക്കയിലെത്തുന്നത്. അഡ്വർടൈസിംഗ്
കമ്പനിയിലായിരുന്നു ആദ്യത്തെ ജോലി. മലയാളഭാഷയോട് ചെറുപ്പം മുതലൊരു
മമതയുണ്ട്. ഇംഗ്ലീഷ് പത്രമായ 'ഓവർസീസ് ടൈംസ്' നടത്തിയിരുന്ന പ്രകാശ്
വ്യാസുമായുള്ള സംസർഗ്ഗമാണ് അമേരിക്കയിൽ ഒരു മലയാളപത്രം തുടങ്ങുക എന്ന
ആഗ്രഹം ജനിക്കാൻ നിമിത്തമായത്. 79 ൽ പത്രം തുടങ്ങി. 84 വരെ
നടത്തിക്കൊണ്ടുപോയി. മാസ്റ്റേഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫോർമേഷൻ സയൻസ്
പാസായി. കുറച്ചുകാലം അഡ്മിനിസ്ട്രേറ്ററായി ജോലി ചെയ്തു. പിന്നീട്
ബിസിനസിൽ ഡോക്ടറേറ്റ് നേടി.തുടർന്ന് യുഎസ് നേവിയിൽ ജോലി ലഭിച്ചു.
ജപ്പാനിൽ ആറുവർഷം സേവനമനുഷ്ഠിച്ചു.യുഎസ് നേവിയുടെ ഏഷ്യ-പസിഫിക് റീജിയണൽ
ഡയറക്ടറായും യുഎസ് എയർഫോഴ്സിലും ജോലി ചെയ്തു.കോവിഡിനെത്തുടർന്ന്
കുറച്ചുകാലം വർക്ക് ഫ്രം ഹോം ചെയ്തു.ഔട്സോഴ്സിങ് പോലെ ഏതാനും മാസങ്ങൾ
കൂടി ഓൺലൈനായി ജോലി തുടരുകയാണ്.സെമി-റിട്ടയർമെന്റ് എന്നുപറയാം.പൂർണമായി
വിരമിച്ച ശേഷം എഴുത്തിനുവേണ്ടി കൂടുതൽ സമയം നീക്കിവയ്ക്കണം.
43 പുസ്തകങ്ങൾ രചിച്ചു.ജപ്പാന്റെ കാണാപ്പുറങ്ങൾ എന്ന യാത്രാവിവരണത്തിനും
സെന്റ് ഫ്രാൻസിസ് ക്സേവിയർ എന്ന ഇംഗ്ലീഷ് പുസ്തകത്തിനുമാണ് വായനക്കാരിൽ
നിന്ന് ഏറ്റവും മികച്ച പ്രതികരണം ലഭിച്ചിട്ടുള്ളത്. എന്റെ ഹാസ്യകഥകൾ
ക്രോഡീകരിച്ച് 'മരങ്ങോലി കഥകൾ' എന്ന മൂന്നുവാല്യങ്ങളുള്ള പുസ്തകത്തിന്റെ
പ്രകാശനത്തിനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണ്.

പ്രഭാതത്തിന്റെ തുടക്കം?

ജപ്പാനിലെ പതാകയിലെ ഉദയസൂര്യനാണ് പ്രഭാതം എന്ന പേര് നൽകാൻ പ്രേരണയായത്.
അക്കാലത്ത് ആ പേരിൽ നാട്ടിൽ നിന്നൊരു പത്രം ഇറങ്ങിയിരുന്നു. കൊല്ലംകാരനായ
അന്നത്തെ മന്ത്രി എ.എ.റഹീമായിരുന്നു ആ പത്രം നടത്തിയിരുന്നത്.
അമേരിക്കയിൽ ഒരു മലയാള പത്രം തുടങ്ങാൻ ആലോചിക്കുന്നുണ്ടെന്നും അതിന്
പ്രഭാതം എന്ന് പേര് നൽകാൻ ആഗ്രഹിക്കുന്നതായും അദ്ദേഹത്തെ ഫോണിൽ വിളിച്ച്
അറിയിച്ചു.  നിറഞ്ഞ മനസ്സോടെയാണ് അദ്ദേഹം ആ പേരിൽ പത്രം ആരംഭിക്കാൻ
അനുവാദം തന്നത്.

ആ സമയത്ത്  അമേരിക്കയിലെ മലയാളി കമ്മ്യൂണിറ്റി എത്രത്തോളം വളർന്നിരുന്നു?

നോർത്ത് അമേരിക്കയിലും ക്യാനഡയിലുമായി പരമാവധി 25,000 മലയാളികൾ
ഉണ്ടായിരുന്നിരിക്കണം. എണ്ണായിരത്തി അറുനൂറ് പത്രങ്ങൾ ഞാൻ മെയിൽ
ചെയ്യുന്നുണ്ടായിരുന്നു. ന്യൂയോർക്കിലെ കേരള സമാജം പോലെ വിരലിലെണ്ണാവുന്ന
മലയാളി സംഘടനകളേ അന്നുള്ളു.അത്തരം അസോസിയേഷനുകളും പള്ളികളുമായും
ബന്ധപ്പെട്ടുകൊണ്ടാണ് ആളുകളുടെ വിലാസം കണ്ടെത്തി പത്രം എത്തിച്ചിരുന്നത്.
പ്രഭാതത്തിന്റെ വരിക്കാരാകാൻ സന്മനസ്സ് കാണിച്ച ഒരുപാടുപേരുണ്ട്.
സൗജന്യമായി ലഭിക്കണമെന്ന് കരുതിയവരുമുണ്ട്.

സാങ്കേതികമായി ഏറെ പരിമിതിയുള്ള ആ കാലഘട്ടം ഒന്നോർത്തെടുക്കാമോ?

അച്ചുനിരത്തിയാണ് വാർത്ത തയ്യാറാക്കിയിരുന്നത്.കംപ്യൂട്ടർ ടൈപ്പ്
സെറ്റിങ് പ്രചാരം നേടിയിരുന്നില്ല. ഫാക്സ് മെഷീനില്ല,ട്രങ്ക് കോൾ ബുക്ക്
ചെയ്‌താൽ മൂന്ന് ദിവസം കാത്തിരിക്കണം.എയർമെയിലിൽ ഒരു പത്രമെത്താൻ ഒരു
മാസം പിടിച്ചിരുന്ന സമയമാണ്.കേരളത്തിലെ എല്ലാപത്രങ്ങളും മൂന്നാം നാൾ
ബോംബെയിലെത്തുമെന്ന് മനസ്സിലാക്കിയ ഞാൻ,അവിടെനിന്ന് ആ പത്രങ്ങൾ എയർ
ഇന്ത്യ കാർഗോയിൽ പിറ്റേദിവസം ന്യൂയോർക്കിൽ കിട്ടാൻ ഒരു കമ്പനിയുമായി
കരാറുണ്ടാക്കി.കേരളത്തിലെ വാർത്തകൾ അങ്ങനെ നാലാംനാൾ എന്റെകയ്യിൽ
എത്തും.മലയാള മനോരമ,മാതൃഭൂമി,ചന്ദ്രിക,കൗമുദി തുടങ്ങി അക്കാലത്തെ പ്രമുഖ
പത്രങ്ങളെല്ലാം ലഭിച്ചിരുന്നു.മഞ്ഞും വെയിലും വകവയ്ക്കാതെ രാവിലെ
എഴുന്നേറ്റ് കാർഗോയിൽ വന്നുകിടക്കുന്ന സാധനങ്ങൾക്കിടയിൽ നിന്ന്
പത്രക്കെട്ടുകൾ വേർതിരിച്ചെടുക്കുന്നതൊക്കെ വലിയ
കഷ്ടപ്പാടായിരുന്നു.തിങ്കളാഴ്ച വരെയുള്ള പത്രങ്ങൾ വ്യാഴാഴ്‌ച എത്തും.ആ
രാത്രി തന്നെ പ്രധാന വാർത്തകൾ വെട്ടിയെടുത്ത് പത്രത്തിന്റെ ടാബ്ലോയിഡ്
സൈസ് നിർമ്മിച്ച്  ചൈനക്കാരന്റെ ന്യൂയോർക്കിലെ പ്രസ്സിൽ പ്രിന്റ് ചെയ്ത്
വെള്ളിയാഴ്‌ച മെയിൽ ചെയ്യാൻ തയ്യാറായിരിക്കും.

പത്രം നടത്തിയതിന്റെ പേരിൽ ശത്രുക്കളെ സമ്പാദിച്ചിട്ടുണ്ടോ?

മൂന്നുകിലോ കഞ്ചാവുമായി ഒരു ഇന്ത്യക്കാരൻ ചിക്കാഗോയിൽ പിടിയിലായ
ഇംഗ്ലീഷ് വാർത്ത ലഭിച്ചപ്പോൾ ഞാനത് എന്റെ പത്രത്തിൽ കൊടുത്തു.
കുറച്ചുകാലം കഴിഞ്ഞ്,  എൻഎസ്എസ് ജനറൽ സെക്രട്ടറി കിടങ്ങൂർ ഗോപാലകൃഷ്ണൻ
മുഖ്യാതിഥിയായ ചിക്കാഗോ മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടിയിൽ എന്നെ
പ്രസംഗിക്കാൻ ക്ഷണിച്ചിരുന്നു. പ്രസംഗം കഴിഞ്ഞ് എന്റെ അടുത്തുവന്ന് ഒരാൾ
എന്നെ അറിയുമോ എന്നുചോദിച്ചു. ഞാനാണ് നിങ്ങൾ പത്രത്തിൽ കൊടുത്ത പ്രതിയോഗി
എന്നയാൾ പറഞ്ഞപ്പോൾ അവിടിരുന്ന് ഉരുകിപ്പോയത് മറക്കാനാവില്ല. വാർത്ത
സത്യമായിരുന്നു, അയാൾ ജയിൽശിക്ഷ അനുഭവിക്കുകയും ചെയ്തതാണ്. എന്നാൽ,
ഇംഗ്ലീഷ് പത്രത്തിൽ ഒരു വാർത്ത വരുന്നതുപോലെ ആയിരുന്നില്ല, പ്രഭാതത്തിലെ
ന്യൂസ് കൂടുതൽ അമേരിക്കൻ മലയാളികൾ വായിച്ചിരുന്നതുകൊണ്ട് ഇത്തരത്തിൽ
പലരുടെയും ശത്രുതയ്ക്ക് പാത്രമാകേണ്ടി വന്നിട്ടുണ്ട്.അവരൊക്കെയും
പിന്നീട് എന്നെക്കാണുമ്പോൾ ചെകുത്താൻ കുരിശുകാണുന്നതുപോലെ മാറിക്കളയും.


അമേരിക്കയിലെ വാർത്തകൾ തർജ്ജമ ചെയ്യുന്നതിനായിരുന്നോ നാട്ടിലെ വാർത്തകൾ
അറിയിക്കുന്നതിനായിരുന്നോ വായനക്കാരിൽ നിന്ന് കൂടുതൽ സ്വീകാര്യത
ലഭിച്ചത്?

നാട്ടിലെ വാർത്തകൾ അറിയാൻ മറ്റൊരു മാർഗ്ഗവും ഇല്ലാതിരുന്നതുകൊണ്ട്
അതറിയാനാണ് വായനക്കാർ താല്പര്യപ്പെട്ടിരുന്നത്.
എല്ലാ ജില്ലകളിലെയും വാർത്തകൾ ഉൾപ്പെടുത്തിയിരുന്നു. രാഷ്ട്രീയം അധികമായി
കൊടുത്തിരുന്നില്ല.ഏത് പത്രത്തിലെ വാർത്തകൊടുത്താലും അവരാരും രാഷ്ട്രീയ
ചായ്‌വോടെ കുത്തിക്കുറിച്ചവയായിരുന്നില്ല അന്നത്തെ വാർത്തകൾ. ജനസമക്ഷം
സത്യം എത്തിക്കാൻ അന്ന് മാധ്യമങ്ങൾ ശ്രദ്ധിച്ചിരുന്നു. തുടക്കത്തിൽ ഏറെ
കഷ്ടനഷ്ടങ്ങളും ക്ലേശങ്ങളും നേരിട്ടു.35 സെന്റായിരുന്നു പത്രത്തിന്റെ
മുഖവില.രണ്ടുവർഷത്തെ പത്രത്തിനുള്ള പണം മുൻകൂറായി തന്ന് പിന്തുണച്ച
ഒട്ടേറെപ്പേരുണ്ട്.തോമസ് എന്ന മലയാളി നടത്തിയിരുന്ന  അന്നപൂർണ സ്റ്റോറിൽ
പത്രങ്ങൾ കൊണ്ടുവയ്ക്കും.ഗ്രോസറി വാങ്ങുന്നവർ മലയാളപത്രം കണ്ട് അത്
വാങ്ങിയിരുന്നു.മലയാളി കമ്മ്യൂണിറ്റിക്കിടയിൽ ഒരു കാര്യം അറിയിക്കാൻ
ഏറ്റവും എളുപ്പമുള്ള മാർഗം എന്ന നിലയിൽ പ്രഭാതം പ്രചാരം നേടിയതോടെ
പരസ്യങ്ങൾ ലഭിച്ചുതുടങ്ങി. പത്തുവർഷത്തോളം വിജയകരമായി മുന്നോട്ട് പോയി.

സാമ്പത്തികമായി ലാഭത്തിൽ ആയിരിക്കെ എന്തുകൊണ്ടാണ് പ്രഭാതം പാതിവഴിയിൽ
നിർത്തിയത്? ഇപ്പോഴും മുൻതലമുറയിലെ അമേരിക്കൻ മലയാളികൾ ആ
പത്രത്തെക്കുറിച്ച് ഓർക്കുന്നുണ്ടെങ്കിൽ എന്തായിരിക്കും അതിന് കാരണം?


ഇന്ത്യ എബ്രോഡ് എന്ന ഇന്ത്യക്കാരുടെ ഇംഗ്ലീഷ് പത്രത്തിന് തത്തുല്യമായ
പരസ്യങ്ങൾ പ്രഭാതത്തിനും കിട്ടി.ഫ്രണ്ട് പേജിൽ ബോംബെ പാലസിന്റെ വലിയ
അഡ്വർടൈസ്‌മെന്റ് ലഭിച്ചിരുന്നു. സിവിൽ സർവീസ് ജോലിക്കൊപ്പം പത്രം
ശ്രദ്ധിക്കാൻ കഴിയാതെ വന്നതോടെയാണ് നിർത്തിയത്.വാഷിംഗ്ടൺ ഡിസിയിലെ
പരിപാടികളുടെ ഫോട്ടോ എടുത്തിരുന്നത് രാജനാണ്. എല്ലാ പ്രമുഖ
പ്രോഗ്രാമുകളും ഇവന്റുകളും കവർ ചെയ്തിരുന്നു.  ന്യൂയോർക്കിലെ
പരിപാടികൾക്ക്  ഫോട്ടോ എടുത്ത് സഹായിച്ചിരുന്ന  സുഹൃത്ത് സേതു നരിക്കോട്
പ്രഭാതം ഏറ്റെടുത്ത് നടത്താമെന്ന് പറഞ്ഞെങ്കിലും
ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് അത് നടക്കാതെ വന്നു. സേതു ഇന്ന്
ജീവിച്ചിരിപ്പില്ല.പ്രഭാതത്തിന്റെ കൃത്യനിഷ്ഠയെക്കുറിച്ച് പഴയ വരിക്കാർ
ഇന്നും കാണുമ്പോൾ പറയും. ശനിയാഴ്‌ച വീടുകളിൽ ഒരു മുടക്കവുംകൂടാതെ
അവർക്കത് കിട്ടിയിരുന്നു.


നാട്ടിൽ നിന്ന് പ്രഭാതത്തിന് സഹായങ്ങൾ ലഭിച്ചിരുന്നോ?

മനോരമയുടെ ഡൽഹി ബ്യൂറോ ചീഫായിരുന്നു വി.എം.മരങ്ങോലി എന്റെ
അങ്കിളാണ്.അദ്ദേഹവും  പ്രൊഫ.ഓംചേരി,മാതൃഭൂമിയിലെ മാധവൻകുട്ടി, ജോസഫ്
കാച്ചംപള്ളി എന്നിങ്ങനെ പലരും എഡിറ്റോറിയൽ തയ്യാറാക്കുന്നതിനും ലേഖനങ്ങൾ
ലഭിക്കുന്നതിനും സഹായിച്ചിരുന്നു. കഥകളും മറ്റും മൂന്ന് മാസം മുൻപേ തന്നെ
എത്തിച്ചിരുന്നു.

കേരളത്തിൽ വച്ചുള്ള ആദ്യകാല കലാ-സാംസ്കാരിക പ്രവർത്തനങ്ങൾ?

കേരളത്തിൽ പത്താം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളു. മലയാളത്തോട് ഇത്രയേറെ
അടുപ്പിച്ചത് വായനയാണ്.സേക്രഡ് ഹാർട്ട് കോളജിൽ നിന്ന് മലയാള സാഹിത്യത്തിൽ
ബിരുദാനന്തരബിരുദം നേടിയ എന്റെ അങ്കിളിന്റെ പുസ്തകങ്ങൾ ഞങ്ങളുടെ
തറവാടിന്റെ മച്ചിൽ കൂട്ടിയിട്ടിരിക്കുന്നതുകൊണ്ടാണ് വായനയിൽ താല്പര്യം
ജനിച്ചത്.പഞ്ചായത്ത് ലൈബ്രറിയിലെ ചേട്ടന് ചായയ്ക്ക് പൈസ കൊടുത്താണ് പുതിയ
പുസ്തകങ്ങൾ ആദ്യവായനയ്ക്ക് ലഭിച്ചിരുന്നത്. പി.അയ്യനേത്തിന്റെ ക്രിസ്ത്യൻ
സഭ വിലക്കിയ പുസ്തകം പോലും രഹസ്യമായി വായിച്ചിരുന്നു.അയൽവാസിയായിരുന്ന
വൈക്കം മുഹമ്മദ് ബഷീർ, ബഷീറിന്റെ പുസ്തകങ്ങൾ ഞാൻ ലൈബ്രറിയിൽ നിന്നെടുത്ത്
വായിക്കുന്നത് അദ്ദേഹം നേരിൽ കണ്ടിട്ടുണ്ട്.അദ്ദേഹം  നാലുപുസ്തകം മാത്രം
എഴുതിയിരുന്ന സമയത്തെ കാര്യമാണ് പറയുന്നത്. അന്ന് ബഷീർ  ബേപ്പൂർ
സുൽത്താനായി അറിയപ്പെട്ടിരുന്നില്ലെങ്കിലും ആ ഭാഷ എനിക്ക് ഹൃദ്യമായി
തോന്നിയിരുന്നു.ഞങ്ങൾ സ്‌കൂളിലേക്ക് പോകുന്ന വഴിക്കായിരുന്നു
അദ്ദേഹത്തിന്റെ വീട്. എന്റെ പിതാവ് എക്‌സൈസിൽ നിന്ന് ഡിവൈഎസ്പി ആയി
വിരമിച്ചയാളാണ്. വഴിയിൽവച്ച് കാണുമ്പോൾ അദ്ദേഹം പിതാവിനെക്കുറിച്ചൊക്കെ
കുശലം ചോദിച്ചിരുന്നു.കലാഭവന്റെ സ്ഥാപകനായ ആബേലച്ചനുമായി അടുത്ത
ബന്ധമായിരുന്നു. കലാഭവന്റെ ട്രൂപ്പിന് അമേരിക്കയിൽ പരിപാടി
അവതരിപ്പിക്കാൻ ആദ്യമായി അവസരം ഒരുക്കിക്കൊടുക്കാൻ സാധിച്ചു. 45 ദിവസം
അവർ ഞങ്ങളുടെ വീട്ടിലായിരുന്നു തങ്ങിയത്.

പത്രാധിപർ എന്ന നിലയിൽ  സംതൃപ്തി തോന്നിയ അനുഭവം?

പത്രത്തിന് ലഭിച്ച സ്വീകാര്യത തന്നെയാണ് ഏറ്റവും കൂടുതൽ സംതൃപ്തി
നൽകിയത്. റീഗന്റെ പ്രസിഡന്റായുള്ള സത്യപ്രതിജ്ഞയ്ക്ക് എനിക്ക് ക്ഷണം
ലഭിച്ചത് പത്രം നടത്തിയിരുന്നതുകൊണ്ടാണ്. പ്രഭാതം പത്രത്തിന്റെ മൂന്നാം
വാർഷികത്തിൽ അന്നത്തെ അംബാസഡർ കെ.ആർ.നാരായണനായിരുന്നു മുഖ്യാതിഥി.
പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ഐക്യരാഷ്ട്രസഭയിൽ നടത്തുന്ന പ്രസംഗത്തിന്റെ
കോപ്പി മുൻപേ തന്നെ എന്റെ പ്രസ്സിൽ എത്തിക്കുകയും പ്രിന്റ് ചെയ്യാൻ
സാധിച്ചതും വലിയൊരു ഭാഗ്യമാണ്. പത്രാധിപർ എന്നനിലയിൽ അമേരിക്കയിലെ എല്ലാ
സ്റ്റേറ്റുകളിലും പ്രധാന ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിച്ചു.പ്രസ്
പാസുണ്ടായിരുന്നു.ന്യൂജേഴ്സിയിലെ നോട്ടറി പബ്ലിക്കാകാനും സ്പെഷ്യൽ
ഡെപ്യൂട്ടി ഷെറീഫായി പ്രവർത്തിക്കാനും കഴിഞ്ഞു. ഫോമായുടെയും
ഫൊക്കാനയുടേയുമൊക്കെ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.ഇന്ത്യ പ്രസ് ക്ലബ് ഓഫ്
നോർത്ത് അമേരിക്കയുടെ പയനീർസ് ഇൻ മീഡിയ പുരസ്കാരം എനിക്ക്
ലഭിക്കുന്നതറിഞ്ഞപ്പോൾ ഏറെ സന്തോഷം തോന്നി.


അമേരിക്കയുടെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് ഇന്നത്തെപ്പോലെ മലയാളി
സാന്നിധ്യം ഉണ്ടാകുമെന്ന് മുൻകൂട്ടി കാണാൻ സാധിച്ചിരുന്നോ?

തീർച്ചയായും.ജേഴ്സി സിറ്റിയിലെ കൗൺസിലർ സ്ഥാനത്തേക്ക് എന്റെ പേര്
പരിഗണിച്ച സമയത്തുതന്നെ കാലാന്തരത്തിൽ മലയാളി കമ്മ്യൂണിറ്റി അമേരിക്കൻ
രാഷ്ട്രീയത്തിൽ ശക്തമായ സാന്നിധ്യമാകുമെന്ന് തോന്നിയിരുന്നു.എനിക്ക്
ലഭിച്ച അവസരം എന്നെക്കാൾ മുതിർന്ന ഒരു ബംഗാളിക്ക് ഒഴിഞ്ഞുകൊടുക്കുകയാണ്
ചെയ്തത്.

പത്രമാധ്യമ രംഗത്തേക്ക് ഒരു തിരിച്ചുവരവ് ആഗ്രഹിക്കുന്നുണ്ടോ?

മലയാളപത്രം പോലുള്ളവ ആരംഭിക്കുന്നതിന് മുൻപ് എന്നോട് അഭിപ്രായവും
അനുവാദവും ചോദിച്ചതാണ്. മറ്റു പത്രങ്ങളുടെ വരവ് ഒരിക്കലും
എതിർത്തിട്ടില്ല.ഞാൻ കളംവിട്ട് പത്ത് വർഷമായപ്പോൾ ഒരു ഡസനോളം പത്രങ്ങൾ
അമേരിക്കയിൽ ഇറങ്ങി.ഓൺലൈൻ പത്രങ്ങളും വന്നതോടെ മലയാള പത്രങ്ങൾക്ക്
അമേരിക്കയിൽ പഞ്ഞമില്ലാതെയായി. വീണ്ടും ഈ രംഗത്തേക്ക് കടന്നുവരണമെന്ന്
അതുകൊണ്ടുതന്നെ താൽപര്യം തോന്നിയിട്ടില്ല.പുസ്തകങ്ങൾ എഴുതണമെന്നാണ്
ആഗ്രഹം.

കുടുംബം?

ഭാര്യ വത്സ മരങ്ങോലി കേരള ഹൈകോടതി അഭിഭാഷകയാണ്.
മൂന്നുമക്കളും  അമേരിക്കയിൽ ഐടി രംഗത്ത് പ്രവർത്തിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക