പണിതിട്ടും പണിതിട്ടും പണിതീരാത്ത സംഗീതമെന്ന പ്രപഞ്ച മന്ദിരത്തിനുമുന്നിൽ സ്വന്തമായി ഒരു മുറിപണിയിച്ച അതിൽ സ്ഥിരവാസക്കാരനായി മാറിയ ഭാവഗായകനാണ് പി ജയചന്ദ്രൻ. വസന്തവും ശിശിരവും കുളിക്കാനിറങ്ങിയ വനസരോവരത്തിന്റെ നീല വാർമുടി ചുരുളിൻ്റെ അറ്റത്ത് എന്ത് ലാഘവത്തോടെയാണ് ഗായകൻ തൻ്റെ പൂകൂടി ചൂടിക്കുന്നത്. മഞ്ഞലയിൽ മുങ്ങിത്തോർത്ത ധനുമാസ ചന്ദ്രികയിൽ, കണ്മണിയേയും അന്വേഷിച്ച്, കല്പനയുടെ താലവും എടുത്ത്, കാമുക ഹൃദയങ്ങൾ വ്യാകുലതയോടെ കണ്മണിയേയും അന്വേഷിച്ച് ഗായകനോടൊപ്പം നടന്നുനീങ്ങി. മലയാള ഭാഷതൻ മാദക ഭംഗി ആവാഹിച്ചെടുത്ത ശബ്ദ മാധുര്യം അറുപതുവർഷത്തിലേറെയായി നമ്മൾ ആവോളം നുകർന്നു വന്നിരുന്നു. പരിഭവം പറഞ്ഞു പിണങ്ങുമ്പോൾ കേൾക്കുന്നതോ, കുരുവിയുടെ പളുങ്കണി ശബ്ദമാണത്രെ. മുറ്റത്തു മുട്ടുന്ന മുടിഅഴിച്ചിട്ട്, നായിക ചുറ്റും പ്രദിക്ഷണം വക്കുമ്പോൾ, നായികയോടൊപ്പം അറിയാതെ ശ്രോതാക്കളെയും പ്രദിക്ഷണം വപ്പിക്കുവാനുള്ള തന്ത്രം ജയചന്ദ്രന്റെ ശബ്ദമാധുര്യത്തിൽ ഒളിപ്പിച്ചു വച്ചിരിക്കുന്നു. സന്ധ്യക്കെന്തിന് സിന്ദൂരം എന്ന ഗാനത്തിലെ, "ഭൂമിയിൽ സ്വർഗ്ഗത്തിൻ ചിത്രം വരക്കുന്നു കാമുകനായ വസന്തം" എന്നവരികളിലെ കാമുകൻ എന്ന വാക്കിന്റെ ആലാപനം അവ്യാച്യമായ അനുഭൂതിയാണ് ശ്രോതാക്കൾക്ക് പകർന്നുനൽകുന്നത്.
ജയചന്ദ്രനും വയലാറും, എൽ പി ആർ വർമ്മയും ഒരുമിച്ചപ്പോൾ കൈരളിക്ക് ലഭിച്ച അർത്ഥ സമ്പുഷ്ടമായ മനോഹര ഗാനമാണ് ഉപാസന എന്ന് തുടങ്ങുന്ന കാവ്യം. വയലാർ എന്ന പ്രതിഭാധനൻ രചിച്ച വരികളുടെ ഗഹനത ഒട്ടും ചോർന്നുപോകാതെ ആലപിക്കുവാൻ ജയചന്ദ്രന് കഴിഞ്ഞിരിക്കുന്നു.
" സത്യം മയക്കുമരുന്നിൻറെ ചിറകിൽ സ്വർഗത്ത് പറക്കുമീ നാട്ടിൽ, ഇല്ലാത്ത സ്വർഗത്ത് പറക്കുമീ നാട്ടിൽ-------
സർഗ്ഗ സ്വരൂപിയാം ശാസ്ത്രം നിർമ്മി ക്കും അഗ്നികുണ്ഡങ്ങൾക്കുള്ളിൽ മനുഷ്യാ ഹേ മനുഷ്യാ വലിച്ചെറിയൂ നിൻറെ മുഖം മൂടി"
പരമസത്യം ശാസ്ത്ര സത്യങ്ങളാണെന്നും, ശാസ്ത്രീയത വളർത്തിയെടുക്കുന്ന അഗ്നിയിൽ, ജാതി, മത, വർണ്ണ, വർഗ്ഗ, ലിംഗ, പാണ്ഡിത്യ, പാമര മുഖം മൂടികൾ ഹോമിച്ച് മനുഷ്യനായി ജീവിക്കുവാൻ ആഹ്വാനം ചെയ്യുന്ന ഈ ഗാനം ഓരോ പ്രാവശ്യം മനനം ചെയ്യുമ്പോഴും ഓരോരോ അർത്ഥ തലങ്ങൾ കണ്ടെത്തുവാൻ സാധിക്കും.
തിരുവാഭരണം ചാർത്തിവിടർന്നു, തിരുവാതിര നക്ഷത്രംഎന്ന ഗാനത്തിലെ വരികളെ പോലെ, മധുര മനോഹര മാധവ ലഹരിയിൽ, ശ്രുതിമധുരമായ ഗാനങ്ങളിലൂടെ ശ്രോതാക്കളെ, മഴവിൽ ചിറകിലേറ്റി മായിക പ്രപഞ്ചത്തിന്റെ മറുകര കാട്ടിത്തന്ന അനുഗ്രഹീത ഗായകന് ആയിരം അശ്രുകുസുമ ചുംബനങ്ങൾ അർപ്പിക്കുന്നു.