Image

രാജ്യാന്തര ബാസ്ക്കറ്റ്ബോൾ ലീഗിൽ നഷ്ടങ്ങളുടെ കഥയുമായി ഗീതു (സനിൽ പി.തോമസ്)

Published on 12 January, 2025
രാജ്യാന്തര ബാസ്ക്കറ്റ്ബോൾ ലീഗിൽ നഷ്ടങ്ങളുടെ കഥയുമായി ഗീതു (സനിൽ പി.തോമസ്)

ഇന്ത്യയിൽ പ്രോ ഇൻറർനാഷനൽ ബാസ്ക്കറ്റ് ബോൾ ലീഗ് 15നു തുടങ്ങാനിരിക്കെ ഓസ്ട്രേലിയയിൽ  വനിതാ ചാംപ്യൻസ് ലീഗിൽ കളിക്കാൻ ലഭിച്ച ക്ഷണം നിരസിക്കേണ്ടിവന്ന അനുഭവവുമായി ഒരു മലയാളി വനിത.ഒപ്പം ആഗോള സാമ്പത്തിക മാന്ദ്യം മൂലം കളിക്കാരുടെ എണ്ണം കുറയ്ക്കാൻ ക്ലബുകൾ നിർബന്ധിതരായപ്പോൾ അമേരിക്കൻ വനിതാ ദേശീയ ബാസ്ക്കറ്റ് ബോൾ ലീഗിൽ അവസരം നഷ്ടപ്പെട്ട കഥയും മുൻ ഇന്ത്യൻ നായിക ഗീതു അന്ന രാഹുൽ (ജോസ് ) ഓർക്കുന്നു.

2008-09 ൽ ഓസ്ടേലിയൻ വിമൻസ് നാഷനൽ ബാസ്ക്കറ്റ്ബോൾ ചാംപ്യൻസ് ലീഗിൽ (മൂന്ന് ,രണ്ട്, ഒന്ന് ഡിവിഷൻ ,പിന്നെ  ചാംപ്യൻസ് ലീഗ് )കളിക്കാൻ ഡാൻഡനോങ് റേഞ്ചേഴ്സ് ക്ഷണിച്ചു.ഓസ്ട്രേലിയയിൽ സ്ഥിരതാമസവും ഉറപ്പു നൽകി. പക്ഷേ, റയിൽവേസിലെ ജോലി ഉപേക്ഷിച്ചു പോയിട്ട് രക്ഷപ്പെടാത വന്നാലോ എന്ന ആശങ്ക.പിൻതിരിപ്പിക്കാൻ ഒട്ടേറെ പേരുണ്ടായിരുന്നു. സുവർണാവസരം പാഴാക്കരുതെന്ന് പറയാൻ അധികമാരുമില്ലായിരുന്നു. അതുവരെ നിഴൽ പോലെ കൂടെയുണ്ടായിരുന്ന അപ്പ ജോസ്, തലേവർഷം അന്തരിച്ചു.ഇരുപത്തിമൂന്നു തികയാത്ത വനിതാ താരത്തിന് സ്വന്തമായൊരു തീരുമാനമെടുക്കുവാൻ കഴിയില്ലായിരുന്നു.

" അപ്പ ജീവിച്ചിരുന്നെങ്കിൽ തീർച്ചയായും അനുമതി നൽകിയേനെ. അപ്പയുടെ ആകസ്മിക വേർപാട് വീട്ടിൽ സൃഷ്ടിച്ച പ്രതിസന്ധിയും പ്രശ്നമായി ". ഗീതു പറഞ്ഞു.

പിന്നീട്, 2011 ൽ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ബാസ്ക്കറ്റ്ബോൾ  ലീഗ് ആയ എൻ.ബി.എ.യുടെ വനിതാ വിഭാഗത്തിൽ (ഡബ്ളിയു.എൻ.ബി.എ.) കളിക്കാൻ ട്രയൽസിൽ പങ്കെടുത്തു. സാൻ അൻ്റോണിയോ സിൽവർ സ്റ്റാർസ്, ലൊസാഞ്ചലസ് സ്പാർക്സ്, ഷിക്കാഗോ സകൈസ് ടീമുകളുടെ ട്രൈ ഔട്സിൽ മികച്ച പ്രകടനം കാഴ്ചവച്ചു. പക്ഷേ, നിർഭാഗ്യം തുടർക്കഥയായി. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ക്ളബുകൾ കളിക്കാരുടെ എണ്ണം കുറയ്ക്കുവാൻ നിർബന്ധിതരായി. ഗീതുവിന് അവസരം നഷ്ടമായി.

രാജ്യാന്തര ബാസ്ക്കറ്റ്ബോൾ സംഘടന ഫിബയുടെ ഏഷ്യയിലെ ടോപ് സ്കോറർ എന്ന ലേബലിൽ ആണ് ഗീതുവിനെ യു.എസ്.ക്ളബുകൾ ട്രൈ ഔട്ടിന് ക്ഷണിച്ചത്.

ലൊസാഞ്ചലസിൽ ട്രൈ ഔട്ടിൽ ഗീതുവിൻ്റെ പ്രകടനം ഇഷ്ടപ്പെട്ട്, ബാസ്ക്കറ്റ്ബോൾ ഇതിഹാസം കോബേ ബ്രയൻറിൻ്റെ പിതാവ് ജോ ബ്രയൻറ് അനുമോദിച്ചത് ഓർക്കുന്നു."സ്കോളർഷിപ്പ് എടുത്ത് ഏതാനും മാസം ലൊസാഞ്ചലസിൽ നിൽക്കാൻ അദ്ദേഹം ഒത്തിരി നിർബന്ധിച്ചതാണ്.ഭാവിയിൽ അവസരം കൈവരുമെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ, എന്തോ, എനിക്കതു സാധിച്ചില്ല." ഗീതു ഓർത്തെടുത്തു.

2006 ജൂലൈൽ ഓസ്ട്രേലിയയിൽ രണ്ടാം ഡിവിഷൻ ലീഗിൽ റിങ് വുഡ് ഹോക്ക്സ് ടീമിൽ  കളിച്ചപ്പോൾ വിദേശ ബാസ്ക്കറ്റ്ബോൾ ക്ലബിനു കളിച്ച ആദ്യ ഇന്ത്യക്കാരിയായി. പ്രഫഷണൽ ലീഗ് കളിച്ച ആദ്യ ഇന്ത്യൻ വനിതാ ബാസ്ക്കറ്റ്ബോൾ താരവും. ആ മാസം തന്നെ "പ്ളെയർ ഓഫ് ദ് മന്ത്" ആയി. ജൂലൈയിൽ റിങ് വുഡ് നാലു മത്സരം ജയിച്ചപ്പോൾ ടോപ് സ്കോറർ.2008-09 സീസണിൽ  ടോപ് സ്കോററും ടോപ് റീബൗണ്ടറും.ഇതോടെ ലോകത്തിലെ മികച്ച ലീഗുകളിൽ സ്ഥാനമുള്ള ഓസ്ട്രേ ലിയൻ വിമൻസ് നാഷനൽ ബാസ്ക്കറ്റ്ബോൾ ലീഗിൽ (ഡബ്ളിയു .എൻ.ബി.എൽ) ചാംപ്യൻസ് ലീഗ് കളിക്കാൻ ഗീതു ഡാൻഡെനോങ് റേഞ്ചേഴ്സുമായി കരാർ എഴുതി. ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യൻ താരം. പക്ഷേ, അവസരം പ്രയോജനപ്പെടുത്താനായില്ല.

ഓസ്ട്രേലിയയിലെ ബിഗ് ഫൈവ് സെക്കൻഡ് ഡിവിഷൻ ലീഗിൽ റിങ് വുഡിനു കളിച്ചപ്പോൾ 2008 ലെ ഏറ്റവും മൂല്യമുള്ള താരമായി തിരഞ്ഞെടുക്കപ്പെട്ട ഗീതുവിന്  ആ സമ്മാനം സ്വീകരിക്കും മുമ്പ് മടങ്ങേണ്ടിവന്നു. എന്നാൽ ആ സമ്മാനം സൂക്ഷിച്ചുവച്ച റിങ് വുഡ്  കോച്ച് ടീം മോർട്ടിൻ , 2017-18 ൽ ടീമിനൊപ്പം കേരളത്തിൽ ഹൂപ്പത്തണിൽ പങ്കെടുക്കാനെത്തിയപ്പോൾ ഗീതുവിനു കൈമാറി. ഓസ്ട്രേട്രേലിയൻ ക്ലബ് ഗീതു അന്ന ജോസ് എന്ന കളിക്കാരിയുടെ മൂല്യം എത്രയെന്ന് അറിഞ്ഞുവെന്നതിൻ്റെ ഏറ്റവും വലിയ തെളിവ്. പക്ഷേ, ഇന്ത്യ, എന്തിന് കേരളം ഈ സൂപ്പർ താരത്തിന് ഇനിയും വേണ്ട അംഗീകാരമോ ആദരമോ നൽകിയിട്ടില്ല. ഈ കളിക്കാരിയുടെ അനുഭവസമ്പത്തും പ്രതിഭയും രാജ്യാന്തര ബാസ്ക്കറ്റ് ബോൾ ലീഗ് ഇന്ത്യയിൽ തുടങ്ങുന്ന അവസരത്തിലെങ്കിലും നമ്മൾ തിരിച്ചറിയണം. ഇല്ലെങ്കിലും ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബാസ്ക്കറ്റ് ബോൾ കളിക്കാരിയെന്നു ചരിത്രം രേഖപ്പെടുത്തും. (കടപ്പാട്: www.twentyfournews.com)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക