Image

മഞ്ഞണിപ്പൂനിലാവ്...നീരാട്ടുകടവിങ്കല്‍ (സുധീര്‍ പണിക്കവീട്ടില്‍)

Published on 12 January, 2025
മഞ്ഞണിപ്പൂനിലാവ്...നീരാട്ടുകടവിങ്കല്‍ (സുധീര്‍ പണിക്കവീട്ടില്‍)

മഞ്ഞണിപ്പൂനിലാവ്..മാനത്തെ പാല്‍ക്കുടമൊക്കെ ആരോ തട്ടിമറിച്ചപ്പോള്‍ നിലാവ്‌പോലെ ഭൂമിയില്‍ പാല്‍പ്പുഴ ഒഴുകി.  നിലാവിന്റെ മ്രുദുത്വം ഏറ്റുവാങ്ങി കന്യകമാര്‍ നീരാട്ടിനിറങ്ങുന്ന രാവിന്റെ കല്‍പ്പടവുകളില്‍ ഒരു കാലത്ത് എള്ളെണ്ണയുടെ, മഞ്ഞളിന്റെ കന്യാമനസ്സുകളിലെ വശ്യമോഹങ്ങളുടെ ഗന്ധമുണ്ടായിരുന്നു.  പ്രക്രുതി ഒരുക്കുന്ന അത്തരം  ഹ്രുദയഹാരിയായ  രംഗങ്ങള്‍ മനുഷ്യമനസ്സുകളെ ഉന്മാദം കൊള്ളിച്ചു.  ചുറ്റിലും അഭൗമമായ സൗന്ദര്യം ഓളം വെട്ടുമ്പോള്‍ 'ധനുമാസ രാവുകള്‍ പൂക്കൈത മലര്‍ ചൂടുന്നു' എന്നു ഒരു കവി. അപ്പോള്‍ മറ്റൊരു കവി പറയുന്നു. 'മഞ്ഞില്‍ വിടര്‍ന്ന നിലാവ് ചൂടിക്കൊണ്ട് മജ്ഞുനിശകളിങ്ങൂയലാടുന്ന നാള്‍'. ധനുമാസത്തിലെ തിരുവാതിരനാളില്‍ കന്യകമാരുടെ സ്വപ്നങ്ങള്‍ ഊഞ്ഞാല്‍ കെട്ടി ആടുന്നു. അവരുടെ കരള്‍ത്തുടിപ്പിന്റെ സംഗീതം നിറഞ്ഞൊഴുകുന്നു.  കുളിരലകള്‍ ചുറ്റിയുടുത്ത് കൊച്ചു കൊച്ചു മോഹങ്ങള്‍ ചൂട്ടും കത്തിച്ച് കുളക്കടവിലേക്ക് നടന്നടുക്കുന്നു. അവിടെ മഞ്ഞള്‍ അരച്ചുവച്ച് നീരാടുവാന്‍ വെമ്പല്‍ കൊള്ളുന്ന കന്യകമാരുടെ തിരക്ക്. മൂടുപടമില്ലാത്ത ശാലീന സൗന്ദര്യങ്ങള്‍ കാമദേവനെ ഉണര്‍ത്താന്‍ അനുരാഗലോലരാകുന്ന ദിവസം. ധനുമാസത്തിലെ തിരുവാതിര.

മലയാളികളെ സംബന്ധിച്ചേടത്തോളം  പുണ്യവ്രുതാനുഷ്ഠാനങ്ങളുടെ ശ്രുതിതാളങ്ങള്‍ വര്‍ഷാരംഭത്തിലും അവര്‍ കേള്‍ക്കുന്നു.  നൂപുരധ്വനികളുടെ, വളകിലുക്കങ്ങളുടെ, ന്രുത്തചുവടുകളുടെ മോഹിപ്പിക്കുന്ന ശബ്ദം. ജനുവരി പതിമൂന്നു  ധനുമാസത്തിലെ തിരുവാതിര കേരളം കൊണ്ടാടുന്ന ദിവസം. പരമശിവന്റെ തിരുനാളായി സങ്കല്‍പ്പിക്കുന്ന ഈ ദിവസത്തെ അംഗനമാരുടെ ഉത്സവമായി മലയാളികള്‍ കണക്കാക്കുന്നു.  അംഗനമാരുടെ ഉത്സവമെന്ന് പറയുമെങ്കിലും ഈ ആഘോഷത്തിന്റെ തംബുരുകള്‍ മീട്ടപ്പെടുന്നത്  പുരുഷഹ്രുദയങ്ങളിലാണു ധനുമാസത്തിലെ  ശിശിരകുളിരില്‍ ആതിരനിലാവിന്റെ നേര്‍മ്മയില്‍ ഏഴരവെളുപ്പിനു തുടിച്ചുകുളിക്കുന്ന അംഗനമാരുടെ പാട്ടിന്റെ താളം  ഒരുന്മാദപരിവേഷത്തോടെ  മലയാളികളുടെ മനസ്സില്‍  അനുഭൂതി പകര്‍ന്ന്‌കൊണ്ട് എന്നും പ്രതിദ്ധ്വനിക്കുന്നു.

കുളിച്ചീറനുടുത്ത് ഉടലാകെ കുളിരും മുഗ്ദ്ധസങ്കല്‍പ്പങ്ങളുടെ മ്രുദുമന്ദഹാസവുമായി നറുനിലാവിലൂടെ നടന്നുപോകുന്ന ഗ്രാമീണസൗന്ദര്യങ്ങളെ കൊതിയോടെ നോക്കി നില്‍ക്കുന്ന  കാമദേവന്മാര്‍.  അങ്ങനെ ഒരിക്കല്‍ നോക്കി നിന്നപ്പോഴാണു (ആ കഥ വേറെയെങ്കിലും) കാമദേവന്‍ ഭസ്മമായിപോയത്. തീപ്പൊരി നിറമുള്ള ആതിരതാരം ശിവന്റെ മൂന്നാം കണ്ണിനെ ഓര്‍മ്മിപ്പിക്കുന്നു. കാമദേവനെ മുക്കണ്ണു കൊണ്ട് ദഹിപ്പിച്ച് കളഞ്ഞതിനു ശേഷം വീണ്ടും പുനര്‍ജ്ജീവിപ്പിച്ച ദിവസമത്രെ തിരുവാതിര. കാമദേവനും രതിദേവിയും പുനര്‍ജ്ജനിച്ചു ഒന്നിച്ച ഈ ദിവസത്തിന്റെ  സന്തോഷം പങ്കിടാന്‍  കന്യകമാരും സുമംഗലിമാരും  വ്രുതമനുഷ്ഠിക്കുന്നു. നിഴലും നിലാവും ആലിംഗനബദ്ധരായി മനുഷ്യമനസ്സുകളെ മോഹിപ്പിക്കുമ്പോള്‍ കുളകടവുകളില്‍ നിന്നും  തുടിച്ചുകുളി പാട്ടിന്റെ മായിക നിര്‍ഝരി കാതില്‍ വന്നലക്കുകയായി.

ധനുമാസത്തിലെ തിരുവാതിര
ഭഗവാന്‍ തന്റെ തിരുനാളല്ലോ
ഭഗവതിക്കും തിരുനൊയമ്പ്
ഉണ്ണരുത്, ഉറങ്ങരുത്
തുടിക്കണം പോല്‍,
കുളിക്കണം പോല്‍
ആടണം പോല്‍, പാടണം പോല്‍
പൊന്നൂഞ്ഞാലിലാടണം പോല്‍

മകയിരം നാള്‍ നാലുമണിക്ക് കിഴങ്ങുവര്‍ഗ്ഗങ്ങള്‍  മുതലായവ ശ്രീപാര്‍വ്വതിക്ക് നിവേദിച്ചതിനുശേഷം  ആചരിക്കുന്നതാണു ആര്‍ദ്രവ്രുതം. ആദ്രവ്രുതം തുടങ്ങി ഏഴുനാളുകള്‍ രാത്രികാലങ്ങളില്‍ കത്തിച്ച് വച്ച നിലവിളക്കിനു ചുറ്റുമായ് സ്ര്തീകള്‍  കൈക്കൊട്ടികളി കളിക്കുക പതിവാണു്.

തിരുവാതിര തലേന്ന് (മകയിരം നാള്‍) ദശപുഷ്പങ്ങള്‍(കറുക, ചെറുള, വിഷ്ണുകാന്തി,  നിലപ്പന്‍, മുയല്‍ചെവി,  ഉഴിഞ്ഞ, തിരുതാളി, പൂവ്വാംകുറുന്നില, മുക്കുറ്റി, കയ്യോന്ന) പാലുള്ള ഏതെങ്കിലും വ്രുക്ഷത്തിന്റെ  ചുവട്ടില്‍ നിക്ഷേപിച്ച് തിരുവാതിര പുലരുമ്പോള്‍ പുതുതായി വിവാഹം കഴിഞ്ഞ സ്ര്തീയെകൊണ്ട് എടുപ്പിക്കുന്നു. ഭര്‍ത്താവിന്റെ ആയുരാരൊഗ്യത്തിനും, ഐശ്വര്യത്തിനും വേണ്ടി സ്ര്തീകള്‍ ദശപുഷ്പങ്ങള്‍ ചൂടുന്നു. വ്രുതാനുഷ്ഠാനത്തിലൂടെ പാര്‍വതി ദേവി പരമശിവനെ വരനായി നേടിയത് തിരുവാതിര ദിവസമാണെന്ന് വിശ്വസിച്ച് വരുന്നു. ശിവനെ ലഭിക്കാന്‍ പാര്‍വതി കഠിനതപസ്സ് ചെയ്തു. തപസ്സില്‍ സംപ്രീതനായ ശിവന്‍ ഒരു ബ്രഹ്‌മചാരിയുടെ വേഷത്തില്‍ എത്തി ശിവനെ പരിഹസിച്ച് സംസാരിച്ചു. അയാളുടെ ആക്ഷേപങ്ങള്‍ ശിവനിലുള്ള പാര്‍വതിയുടെ പ്രണയത്തെ ബാധിച്ചില്ല. പാര്‍വതി നല്ല മറുപടി കൊടുത്ത് പോകാനൊരുങ്ങവെ ശിവന്‍ സ്വന്തം രൂപത്തില്‍ പാര്‍വതിക്ക് മുന്നില്‍ പ്രത്യക്ഷനായി. ശിവനെ നേരില്‍ കണ്ട് ദേഹമാകെ വിയര്‍ത്ത് പിന്‍തിരിഞ്ഞു നടക്കാന്‍ ഉയര്‍ത്തിയ കാല്‍ ആ നിലയില്‍ തന്നെ പിടിച്ചുകൊണ്ട്  പാര്‍വതി  നിന്നതിനെ കാളിദാസന്‍ ഉപമിച്ചിരിക്കുന്നത് വഴിമധ്യേ കുന്നില്‍ തടഞ്ഞ പുഴപോലെ എന്നാണു. അവിടെ നിന്നില്ല എന്നാല്‍ അവിടന്നു നീങ്ങിയുമില്ല.

ശിവനെ ഭര്‍ത്താവായി കിട്ടാന്‍ വേണ്ടി പാര്‍വതി ഉഗ്രതപസ്സനുഷ്ഠിക്കുമ്പോള്‍ മഴപെയ്യുന്ന ഒരു രംഗമുണ്ട്. മഴത്തുള്ളികള്‍ അവരുടെ കണ്‍പീലികളില്‍ തങ്ങി താഴോട്ട് വീഴുന്നത്. അതെപ്പറ്റിയുള്ള കാളിദാസന്റെ വര്‍ണ്ണന കുമാരസംഭവത്തില്‍ പ്രശസ്തമാണു. സംസ്‌ക്രുതത്തിലുള്ള ആ ശ്ലോകം വയലാറിന്റെ ഒരു ഗാനത്തില്‍ ലളിതസുന്ദരമായ മലയാളത്തില്‍ വിവരിക്കുന്നത് ഇങ്ങനെ 'കണ്‍പ്പീലികളില്‍ തങ്ങി,ചുണ്ടിലെ കമലകൂമ്പുകള്‍ നുള്ളി,മാറില്‍ പൊട്ടിതകര്‍ന്നു ചിതറി, മ്രുദുരോമങ്ങളില്‍ ഇടറി, പൊക്കിള്‍ക്കുഴിയൊരുതടാകമാക്കിയ പവിഴമഴത്തുള്ളി.' ശിവനുമായുള്ള വിവാഹവസരത്തില്‍ പാര്‍വതി അധോമുിയായി താമരയിതളുകള്‍ എണ്ണിക്കൊണ്ട് നില്‍ക്കുന്നപോലെ നിന്നുവെന്നും കാളിദാസന്‍ ഉപമിക്കുന്നുണ്ടു. അവരുടെ മധുവിധു നാളുകളില്‍ പാര്‍വതി ശിവന്റെ നെറ്റിയില്‍ ഉമ്മവച്ചപ്പോള്‍ നെറ്റിയിലെ ഭസ്മം അദേഹത്തിന്റെ കണ്ണിലേക്ക് വീണു കണ്ണില്‍ നിന്നും വെള്ളം ഒഴുകി. കണ്ണില്‍പ്പെട്ടുപോയ ഭസ്മം പാര്‍വതി ഊതി ഊതി കളഞ്ഞു. അപ്പോള്‍ പാര്‍വതിയുടെ ഉ'ാസവായുവിനു വിടരുന്ന താമരപൂവിന്റെ ഗന്ധമായിരുന്നുവെന്നും കവി എഴുതുന്നു. അതു വായിക്കുമ്പോള്‍ ഇന്നത്തെ വായനക്കാരന്‍ പാര്‍വതിയുടെ ദന്തവൈദ്യന്‍ ആരായിരുന്നുവെന്നു ആലോചിക്കുക സ്വാഭാവികം. പാര്‍വതി-പരമേശ്വരന്മരെപോലെ പ്രണയജോഡികളായി ഭര്‍ത്താക്കന്മാരോടൊപ്പം ജീവിക്കാന്‍ കാമനെ ഉണര്‍ത്തുന്ന കാമിനിമാരുടെ മനസ്സും തുടിക്കുന്നു. താമരപൂക്കളുടെ ശോഭ പൊലിഞ്ഞുപോകാതിരിക്കാന്‍ അസ്തമയ സൂര്യന്‍ അവയെ പാര്‍വതിയുടെ കണ്ണുകളില്‍ സൂക്ഷിച്ചുവത്രെ.പ്രഭാതത്തില്‍ താന്‍ എത്തുന്നവരെ അവ ഭദ്രമായിരിക്കുമെന്ന് സൂര്യനു അറിയാമായിരുന്നു. പാര്‍വതിയെപോലെ സുന്ദരിയാകാനും പെണ്‍ക്കുട്ടികള്‍ മോഹിക്കുന്നു.

നൂറ്റിയെട്ട് വെറ്റില നിവേദിച്ച് മൂന്നും കൂട്ടി മുറുക്കി മുടിയില്‍ പാതിരാപൂവ്വ് ചൂടുകയും  അര്‍ദ്ധരാത്രി മുതല്‍ ആര്‍ദ്രജാഗരണം ആചരിക്കുകയും ചെയ്യുന്നു തിരുവാതിര ദിവസം നേരം പുലരുംവരെ തിരുവാതിരക്കളിയും  ഊഞ്ഞാലാട്ടവുമായി തിരുവാതിരാഘോഷം തിമിര്‍ക്കുന്നു. കുളിരണഞ്ഞ് നില്‍ക്കുന്ന  ധനുമാസചന്ദ്രിക, ഈറനുടുത്ത്, വരള്‍മഞ്ഞക്കുറിയിട്ട്, ദശപുഷപ്ം ചൂടി, ഭര്‍ത്താക്കന്മാരുടെ ആയുരാരോഗ്യത്തിനു വേണ്ടി പ്രാര്‍ഥിക്കുന്ന സുമംഗലിമാര്‍. ഇഷ്ടമംഗല്യത്തിനുവേണ്ടി വ്രുതാനുഷ്ഠാനങ്ങള്‍ ആചരിക്കുന്ന കന്യകമാര്‍.  ഈ വര്‍ഷാരംഭത്തില്‍ അനുഭൂതികളുടെ ശ്രുതിതാളം കേള്‍പ്പിക്കുന്ന പുണ്യവ്രുതങ്ങളുടെ അരങ്ങേറ്റം.

കാമനെ ഉണര്‍ത്താന്‍ വേണ്ടി കേരളത്തിലെ വനിതകളെ ആരു ഏല്‍പ്പിച്ചുവെന്ന് അറിയില്ല. വടക്കെ ഇന്ത്യക്കരുടെ കഥയില്‍ കാമദേവന്റെ ഭാര്യ രതിദേവി പാര്‍വതിയോട് ദ്വേഷ്യപ്പെടുന്നതും ശിവന്‍ ഇടപ്പെട്ട് കാമദേവനെ പുനര്‍ജീവിപ്പിക്കാമെന്നുമാണു പറയുന്നത്. ഒരു പക്ഷെ കേരളത്തിലെ ബ്രഹ്‌മണമേധാവിത്വം സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി മെനഞ്ഞ കഥയായിരിക്കാം. ഇതിനു ഒരു 'എ' പടത്തിന്റെ പരിവേഷമാണു നമുക്ക് കാണാന്‍ കഴിയുക. കുളിരു, കുളി, പാട്ട്, കൈക്കൊട്ടിക്കളി, (ഇതവതരിപ്പിക്കുമ്പോള്‍ ഉപയോഗിക്കുന്ന കാമോദീപകമായ വസ്ര്തരീതി ശ്രദ്ധിക്കുക.) ഊഞ്ഞാലാട്ടം, മുറുക്കി ചുവപ്പിച്ച ചുണ്ടുകള്‍, മുടിയില്‍ ചൂടുന്ന മുല്ലപ്പൂക്കള്‍, നീരാട്ടു കഴിഞ്ഞു നനഞ്ഞൊട്ടിയ വസ്ര്തങ്ങളുമായി ചൂട്ടും കത്തിച്ച് നടന്നുവരുന്ന സുന്ദരിമാര്‍.

സ്ര്തീകള്‍ കൂട്ടമായി കളിക്കുന്ന കുമ്മിക്കളികളിലെ വരികള്‍ പുരുഷ മനസ്സുകളിലെക്കുള്ള കാമസായകങ്ങളാണു. ഈ വരികള്‍ ശ്രദ്ധിക്കുക.

പാണിവളകള്‍ കിലുങ്ങീടവേ, പാരം
ചേണുറ്റ കൊങ്ക കുലുങ്ങീടവേ
വേണിയഴിഞ്ഞും നവസുമശ്രെണി പൊഴിഞ്ഞും
കളമ്രുദുവാണി മൊഴിഞ്ഞും സി ഹേ!
കല്യാണി, ഘനവേണീ, ശുക്രവാണീ, സുശ്രോണീ 
നാമിണങ്ങിക്കുമ്മിയടിച്ചിടേണം
നന്നായ് വണങ്ങിക്കുമ്മിയടിച്ചിടേണം

കൈവളകള്‍ കുലുങ്ങീടവേ, മനോഹരമായ മാര്‍വിടങ്ങള്‍ കുലുങ്ങീടവേ, കെട്ടിവച്ച മുടിയഴിഞ്ഞ് അതിലെ പുതുപൂക്കള്‍ പൊഴിഞ്ഞുവീണീടവേ, മജ്ഞുഭാഷിണികളായി, കല്യാണി, കാര്‍വേണി, കിളിമൊഴി, നിതംബഭാരമുള്ളവള്‍ നമ്മള്‍ ഇങ്ങനെ ഇണങ്ങി കുമ്മിയടിക്കേണം, നന്നായി വണങ്ങി കുമ്മിയടിക്കേണം.

കേരളത്തിലെ സ്ര്തീകള്‍ അങ്ങനെ കാമനെ പാട്ടുപാടിയും, ന്രുത്തം ചവുട്ടിയും, നിവേദ്യങ്ങള്‍ ഒരുക്കിയും ഉണര്‍ത്തി ഉണര്‍ത്തി ഇപ്പോള്‍ കാമന്‍കാമസ്‌ക്തനായി അംഗനമാരെ ശല്യം ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. അതുകൊണ്ട് ഇനിയുള്ള കാലങ്ങളില്‍ ഈ കാമോത്സവം വേണ്ടന്നുവയ്ക്കുകയാണു ബുദ്ധി.

രതിയും ഭക്തിയും ഒത്തുചേരുന്ന ആഘോഷങ്ങളില്‍ വളരെ ആനന്ദകരമായ ഒന്നായിരുന്നു തിരുവാതിര.പ്രണയിക്കാന്‍ പ്രക്രുതി നല്‍കുന്ന എല്ലാ ആനുകൂല്യങ്ങളും നിറഞ്ഞ മാസമാണു ധനു. പൂര്‍വികര്‍ അതു മനസ്സിലാക്കി അതിനെ ആസ്വദിച്ചു. പക്ഷെ കാലം ഇപ്പോള്‍ കാമത്തില്‍ മാത്രം അമിതാവേശം കാട്ടുന്നത്‌കൊണ്ട് ഈ വിശേഷദിനത്തിന്റെ പ്രസക്തി നഷ്ടപ്പെടുന്നു.

എല്ലാ വായനകാര്‍ക്കും അനുഭൂതിദായകമായ തിരുവാതിര നേരുന്നു. അമേരിക്കയിലെ പ്രക്രുതിയും മഞ്ഞലയില്‍ മുങ്ങിതോര്‍ത്തി മന്ദഹാസം തൂകി നില്‍ക്കുന്നു.

ശുഭം

Join WhatsApp News
ആനന്ദവല്ലി ചന്ദ്രൻ 2025-01-13 13:46:14
നന്നായിട്ടുണ്ട്. ഉചിതവും, സുന്ദരവും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക