Image

മൂന്ന് പതിറ്റാണ്ടിന്റെ പാരമ്പര്യവുമായി ഇ മലയാളിയുടെ പ്രവര്‍ത്തനം ഇന്ത്യയിലേയ്ക്കും

എ.എസ് ശ്രീകുമാര്‍ Published on 13 January, 2025
മൂന്ന് പതിറ്റാണ്ടിന്റെ പാരമ്പര്യവുമായി ഇ മലയാളിയുടെ പ്രവര്‍ത്തനം ഇന്ത്യയിലേയ്ക്കും

കൊച്ചി: വാര്‍ത്തകളും വിശേഷങ്ങളും വേഗത്തില്‍ അറിയാനുള്ള അമേരിക്കന്‍ മലയാളികളുടെ ആഗ്രഹം സഫലമാക്കിക്കൊണ്ട് ജനപ്രിയ ഓണ്‍ലൈന്‍ പോര്‍ട്ടലായ ഇ മലയാളിയുടെ ജൈത്രയാത്ര മൂന്നാം പതിറ്റാണ്ടിലേയ്ക്ക് പ്രവേശിക്കുകയാണ്. കരിയര്‍ ഗ്രാഫില്‍  വളര്‍ച്ചയുടെ രേഖകള്‍ അടയാളപ്പെടുത്തുന്ന ഇ മലയാളിയുടെ ഇന്ത്യാ പ്രവര്‍ത്തന ഉദ്ഘാടനവും ചെറുകഥാ-കവിതാ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങളും ഇക്കഴിഞ്ഞ ദിവസം കൊച്ചി ഗോകുലം പാര്‍ക്ക് കണ്‍വന്‍ഷന്‍ സെന്ററില്‍ വിശിഷ്ട വ്യക്തികളുടെയും പ്രൗഢഗംഭീരമായ സദസിന്റെയും സാന്നിധ്യത്തില്‍ നടന്നു.

കര്‍മഭൂമിയിലും ജന്‍മഭൂമിയിലും മലയാള ഭാഷയെ നെഞ്ചോടു ചേര്‍ത്തു നിര്‍ത്താനുള്ള ഉള്‍ക്കടമായ ആഗ്രഹത്തിന്റെയും കടമയുടെയും ഭാഗമായി ആഗോള മലയാളികള്‍ക്കായി ഇ മലയാളി നടത്തിയ ചെറുകഥാ-കവിതാ മത്സര വിജയികള്‍ക്കുള്ള ട്രോഫിയും പ്രശസ്തി പത്രവും ക്യാഷ് അവാര്‍ഡുമാണ് കൊച്ചിയില്‍ വിതരണം ചെയ്യപ്പെട്ടത്. വായന കുറയുന്നു എന്നു മുറവിളി കുട്ടുന്ന സാഹചര്യത്തില്‍ ഇ മലയാളി ചെയ്യുന്ന സേവനങ്ങള്‍ മഹത്തരമാണെന്ന് യോഗം ഉദ്ഘാടനം ചെയ്തതിന് ശേഷം പുരസ്‌കാരങ്ങള്‍ സമ്മാനിച്ചുകൊണ്ട് എം.കെ രാഘവന്‍ എം.പി പറഞ്ഞു. 

''പ്രവാസ ജീവിത കാലത്തിനിടയില്‍ മലയാളത്തെ ഓര്‍ക്കുന്നതിനെ അഭിനന്ദിക്കുന്നു. നാടിനെയും ഭാഷയെയും സ്‌നേഹിക്കാന്‍ മനസും സമയവും കണ്ടെത്തുന്ന നിങ്ങളാണ് യഥാര്‍ത്ഥ മലയാളികള്‍.  ഭാഷ നിലര്‍ത്താന്‍ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇ മലയാളി ചെയ്യുന്നത്. അത് അനസ്യൂതം തുടരട്ടെ...'' കോഴിക്കോടിന്റെ എം.പിയായ എം.കെ രാഘവന്‍ ആശംസിച്ചു.

അഞ്ച് മില്യണ്‍ വ്യൂവര്‍ഷിപ്പുള്ള മീഡിയ ലോജിസ്റ്റിക്‌സ്, ഇ മലയാളി, ഇന്ത്യ ലൈഫ് ആന്റ് ടൈംസ്, പ്രവാസി ചാനല്‍, മീഡിയ ആപ്പ് യു.എസ്.എ ഒ.റ്റി.റ്റി മാനേജിങ് എഡിറ്ററും മാനേജിങ് ഡയറക്ടറും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാഷണല്‍ പ്രസിഡന്റുമായ സുനില്‍ ട്രൈസ്റ്റാര്‍ സമ്മേളനത്തില്‍ സ്വാഗതമാശംസിച്ചു. പരസ്യങ്ങളിലൂടെയുള്ള ബിസിനസ് പ്രൊമോഷന്റെയും നാടുമായുള്ള തൂലിക ബന്ധം കൂടുതല്‍ സജീവമാക്കുന്നതിന്റെയും ഭാഗമായാണ് ഇ മലയാളിയുടെ ഇന്ത്യാ പ്രവര്‍ത്തനത്തിന് തുടക്കമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

മലയാളം പൊറ്റമ്മയാണെങ്കില്‍ ഇംഗ്ലീഷ് നമുക്ക് പോറ്റമ്മയാണ്. അതുകൊണ്ടാണ് തങ്ങള്‍ അമേരിക്കയില്‍ ജീവിച്ചുപോകുന്നതെന്ന് ആമുഖ പ്രസംഗത്തില്‍ ഇ മലയാളി എഡിറ്റര്‍ ഇന്‍ ചീഫ് ജോര്‍ജ് ജോസഫ് പറഞ്ഞു. ''കലയും സാഹിത്യവുമാണ് നമ്മെ നിലനിര്‍ത്തുന്നത്. വിക്രമാദിത്യ സദസിലെ കാളിദാസനെയാണ് നമ്മള്‍ക്ക് ഏറെ പരിചിതം. എസിസബത്ത് രാജ്ഞിയേക്കാള്‍ ലോകം അറിഞ്ഞത് ഷേക്‌സ്പിയറിനെയാണ്. ഹോമറിന്റെ കാലത്തെ രാജാവ് അരായിരുന്നുവെന്ന് അധികമാര്‍ക്കുമറിയില്ല. വിശ്വസാഹിത്യ പ്രതിഭകളിലൂടെയാണ് ഭാഷകള്‍ നിലനില്‍ക്കുന്നത്. ഭാഷയാക്കുവേണ്ടിയാണ് ഇ മലയാളിയും നിലകൊള്ളുന്നത്...'' ജോര്‍ജ് ജോസഫ് കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ മുന്‍ വിദ്യാഭ്യാസ ഡയറക്റ്ററും എഴുത്തുകാരനുമായ കെ.വി മോഹന്‍ കുമാര്‍, എഴുത്തുകാരികളായ കെ രേഖ, ദീപ നിശാന്ത് എന്നിവര്‍ പ്രഭാഷണം നടത്തി. പോള്‍ കറുകപ്പള്ളിക്ക് ബെസ്റ്റ് സോഷ്യോ-കള്‍ച്ചറല്‍ ഐക്കണ്‍ അവാര്‍ഡ് മാനേജിങ് ഡയറക്ടര്‍ സുനില്‍ ട്രൈസ്റ്റാര്‍ നല്‍കി. മത്സര വിജയികള്‍ക്ക് എം.കെ രാഘവന്‍ എം.പി, മുന്‍ ദൂരദര്‍ശന്‍ പ്രോഗ്രാം മേധാവി ജി സാജന്‍, കെ.വി മോഹന്‍ കുമാര്‍, കെ രേഖ, ദീപ നിശാന്ത്, കുര്യന്‍ പാമ്പാടി. സുനില്‍ ട്രൈസ്റ്റാര്‍, ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി, നേര്‍കാഴ്ച ചീഫ് എഡിറ്റര്‍ സൈമണ്‍ വളാച്ചേരില്‍ എന്നിവര്‍ മൊമെന്റോകളും കാഷ് അവാര്‍ഡുകളും വിതരണം ചെയ്തു. 

ചെറുകഥ മത്സരത്തിന് ഒന്നാം സമ്മാനം 50,000 രൂപയും ഫലകവും സുരേന്ദ്രന്‍ മങ്ങാട്ട് (കാകവൃത്താന്തം), ജെസ്‌മോള്‍ ജോസ് (ഒറ്റപ്രാവുകളുടെ വീട്) എന്നിവര്‍ പങ്കിട്ടു. രണ്ടാം സമ്മാനം (25,000 രൂപ) രാജീവ് ഇടവ (വീട്), സിന്ധു ടി.ജി (ഓതം) എന്നിവര്‍ക്കാണ്. മൂന്നാം സമ്മാനം (15,000 രൂപ) ദിവ്യാഞ്ജലി പിക്ക് ലഭിച്ചു (നോട്ട്‌റോക്കറ്റുകള്‍). അമേരിക്കന്‍ മലയാളി എഴുത്തുകാരന്‍ അബ്ദുള്‍ പുന്നയൂര്‍ക്കുളവും ജോസഫ് എബ്രഹാമും (നാരായണീയം) സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്  ഏറ്റുവാങ്ങി.

അമ്പിളി കൃഷ്ണകുമാര്‍-ഒറ്റമന്ദാരം, രേഖ ആനന്ദ്-മുല്ലപെരിയാര്‍ തീരത്തെ മുല്ലപ്പൂക്കാരി, ആന്‍സി സാജന്‍-അയത്‌നലളിതം, സിമ്പിള്‍ ചന്ദ്രന്‍-ആകാശം തൊട്ട ചെറുമരങ്ങള്‍, രാജ തിലകന്‍-ബദ്‌റൂല്‍ മുനീര്‍, ഷാജുബുദീന്‍-ഇലച്ചാര്‍ത്തുകള്‍ക്കിടയിലെ ഇലഞ്ഞി മരങ്ങള്‍, പാര്‍വതി ചന്ദ്രന്‍-പിശാചിനി, ഹസ്‌ന വി.പി-നോവ് പടര്‍ന്നൊരു നോമ്പോര്‍മ്മ, സജിത ചന്ദ്രന്‍-രഹസ്യ കുടുക്ക, ശ്രീകണ്ഠന്‍ കരിക്കകം-കുണ്ടമണ്‍കടവിലെ പാലം, ശ്രീവത്സന്‍ പി.കെ-ഗോളാന്തരയാത്ര, സ്വാതി ആര്‍ കൃഷ്ണ എന്നിവരും ജൂറി അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

കവിതാമല്‍സരത്തിനു ഒന്നാം സമ്മാനം (10,000 രൂപ) രാധാകൃഷ്ണന്‍ കാര്യക്കുളവും (നിന്നോടെനിക്കിഷ്ടമാണ്), ഷിനില്‍ പൂനൂരും (മുഖംമൂടി) പങ്കിട്ടു. രണ്ടാം സമ്മാനം രമ പ്രസന്ന പിഷാരടി-കോവഡ ഇരിയ'യിലെ ഇടയക്കുട്ടികള്‍ എന്നിവര്‍ സ്വീകരിച്ചു. ജൂറി അവാര്‍ഡ് വിജയികള്‍ ശ്രീലേഖ-വീട്ടിലേക്കുള്ള വഴി, ആനന്ദവല്ലി ചന്ദ്രന്‍-വൈഡൂര്യമാലകള്‍, രാജരാജേശ്വരി-ഉഷസെ, സ്വസ്തി എന്നിവരും ഏറ്റുവാങ്ങി.



എക്‌സിക്യൂട്ടീവ് എഡിറ്റര്‍ പി.എസ് ജോസഫ്, സീനിയര്‍ എഡിറ്റര്‍ ആന്റണി കണിയാംപ്ലാക്കല്‍ എന്നിവരും ചുക്കാന്‍ പിടിക്കുന്ന ഇ മലയാളിയുടെ 'ഇ.എം ദ വീക്കിലി' വാര്‍ത്തകള്‍ക്കൊപ്പം സാഹിത്യ രചനകള്‍ക്കും മുന്‍തൂക്കം നല്‍കുന്നു. ഇ മലയാളിയുടെ ഡെയ്‌ലി ന്യൂസ് ലെറ്റര്‍ ഒരു ലക്ഷം മലയാളികളിലെത്തുന്നു. സുബോധ് മാണിക്കോത്ത്, സുധീഷ് മാത്യു എന്നിവര്‍ക്കാണ് ഇന്ത്യാ ഓപ്പറേഷന്റെ ചുമതല.

 

മൂന്ന് പതിറ്റാണ്ടിന്റെ പാരമ്പര്യവുമായി ഇ മലയാളിയുടെ പ്രവര്‍ത്തനം ഇന്ത്യയിലേയ്ക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക