നിയമസഭാ തിരഞ്ഞെടുപ്പ് 2026 മെയ് മാസത്തില്‍ നടക്കാനിരിക്കെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി അരായിരിക്കുമെന്ന കാര്യത്തില്‍ മുന്നണികളുടെ ഇടനാഴികളില്‍ ഒറ്റ തിരിഞ്ഞുള്ള ചര്‍ച്ചകള്‍ക്ക് ആക്കം കൂടിയിട്ടുണ്ട്. ഊഹാപോഹങ്ങളും അനുമാനങ്ങളും വിലയിരുത്തലുകളും മുഖ്യമന്ത്രിക്കസേരയ്ക്കു വേണ്ടി ഒളിഞ്ഞും തെളിഞ്ഞുമുള്ള ആഗ്രഹ പ്രകടനങ്ങളും തുലനം ചെയ്യലുമൊക്കെ കേട്ടുതുടങ്ങിയിട്ടുണ്ട്.
ബംബര്‍ ലോട്ടറി ഫലം പോലെയാണ് 2026 മുതല്‍ 2031 വരെ കേരളം ഭരിക്കാനുള്ള ഭാഗ്യകടാക്ഷം. ഈ സാഹചര്യത്തില്‍ പ്രമുഖ എഴുത്തുകാരന്‍ എം മുകുന്ദന്‍ വരികള്‍ക്കിടയിലൂടെ വായിക്കാന്‍ പാകത്തില്‍ നടത്തിയ പരിഹാസ പരാമര്‍ശം രസകരമായിരുന്നു. 2026-ല്‍ ഇടതുപക്ഷം ജയിക്കുമോയെന്ന് താന്‍, 16-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഫ്രഞ്ച് ജ്യോതിഷനും തത്വചിന്തകനുമായിരുന്ന നോസ്ട്രഡാമസിനോട് ചോദിച്ചുവെന്നും അദ്ദേഹം അവ്യക്തമായി മറുപടി നല്‍കിയെന്നുമാണ് മുകുന്ദന്‍ പറയുന്നത്.
നൂറ് സീറ്റുനേടി യു.ഡി.എഫ്. വമ്പിച്ച ജയം നേടുമെന്ന മറുപടിയാണ് താന്‍ പ്രതീക്ഷിച്ചതെന്നും എന്നാല്‍, ഇടതുപക്ഷം ജയിക്കുമെന്ന മറുപടിയാണ് നോസ്ട്രഡാമസ് നല്‍കിയതെന്നുമാണ് മുകുന്ദന്‍ പറഞ്ഞത്. തുടര്‍ന്ന് ആരായിരിക്കും ഇടതുസര്‍ക്കാരിന്റെ മുഖ്യമന്ത്രിയെന്ന് താന്‍ ചോദിച്ചു. 'മു' എന്നായിരുന്നു മറുപടി. ആതാരാണെന്ന് ചോദിച്ചപ്പോള്‍ മ... മ... എന്ന് വീണ്ടും മറുപടി. തെളിച്ചുപറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഉത്തരമിങ്ങനെ: ''രു... രു... മ... മ... മു...'' താന്‍ ചോദ്യം ആവര്‍ത്തിച്ചെങ്കിലം തൊണ്ടയില്‍നിന്ന് ശബ്ദം പുറത്തുവന്നില്ലെന്നും അദ്ദേഹം നിശബ്ദനായെന്നും മുകുന്ദന്‍ പറഞ്ഞു.
ചുരുക്കാതെ പറഞ്ഞാല്‍ 'മു'ഖ്യമന്ത്രിയുടെ 'മ''രു'മകന്‍ 'മു'ഹമ്മദ് റിയാസ് ആയിരിക്കും അടുത്ത മുഖ്യമന്ത്രയെന്നാണ് നോസ്ട്രഡാമസ് ഉദ്ദേശിച്ചത്. ശരിയാണ് നോസ്ട്രഡാമസിനെപ്പോലെ പലരും അപ്രകാരം ചിന്തിക്കുന്നുമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍, മുഹമ്മദിനെ മന്ത്രിയാക്കിയതും മകള്‍ വീണയെ അദ്ദേഹത്തിന് വിവാഹം ചെയ്തുകൊടുത്ത് താക്കോല്‍ സ്ഥാനത്തിരുത്തിയതും തന്റെ പിന്‍ഗാമിയാക്കാന്‍ വേണ്ടിയാണെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്.
എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ല സംഭവിക്കാന്‍ പോകുന്നതെന്നാണ് സി.പി.എമ്മിന്റെ രാഷ്ട്രീയ കാലാവസ്ഥാ പ്രവചനം വ്യക്തമാക്കുന്നത്. അടുത്ത തിരഞ്ഞെടുപ്പുലും ഇടതുമുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ പിണറായി വിജയന്‍ മൂന്നാം വട്ടവും മുഖ്യമന്ത്രിയാവുമെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ സി.പി.എമ്മിലും ഇടതുമുന്നണിക്കുള്ളിലും വ്യത്യസ്ഥ അഭിപ്രായങ്ങള്‍ ഉണ്ട്. അത് സ്വാഭാവികവുമാണ്. നിലവിലുള്ള സി.പി.എം മന്ത്രിമാരെ ഒഴിവാക്കിയാണ് രണ്ടാം വട്ടവും പിണറായി മുഖ്യമന്ത്രിയായത്. ഇതിലുള്ള പിണറായി വിരുദ്ധവികാരം സര്‍ക്കാര്‍-മുന്നണി വിരുദ്ധ വികാരമായി പരിണമിച്ചു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പുകളിലും ആ പൊതു വികാരം പ്രകടമാവുകയും ചെയ്തു. ആ നിലയ്ക്ക് 2026-ല്‍ പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിക്കൊണ്ട് തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ അത് സി.പി.എമ്മിനെയും ഇടതുമുന്നണിയെയും സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായിരിക്കും. ഈ പ്രതിസന്ധി തരണം ചെയ്യുന്നതിനായി പാര്‍ട്ടി ചില മുന്നൊരുക്കങ്ങള്‍ നടത്തുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
പിണറായി വിജയന്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനങ്ങളില്‍ നിന്ന് ഒഴിവാകാന്‍ തീരുമാനിച്ചിരിക്കുകയാണത്രേ. കേരളത്തിലെ സി.പി.എം ജില്ലാ സമ്മേളനങ്ങള്‍ക്കും സംസ്ഥാന സമ്മേളനത്തിനും മധുരയില്‍ നടക്കുന്ന ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസിനും ശേഷമായിരിക്കും അദ്ദേഹം സ്ഥാനം ഒഴിയുക. 2022-ല്‍ കണ്ണൂരില്‍ നടന്ന 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് 75 വയസ് കഴിഞ്ഞവരെ പാര്‍ട്ടിയുടെ നേതൃസമിതികളില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു.
പോളിറ്റ് ബ്യൂറോ മെമ്പര്‍ എസ് രാമചന്ദ്രന്‍ പിളള ഉള്‍പ്പെടെയുളള നേതാക്കള്‍ പ്രായപരിധിയുടെ മാനദണ്ഡത്തില്‍ പുറത്ത് പോയപ്പോഴാണ് പാര്‍ട്ടിയുടെ ഏക മുഖ്യമന്ത്രി എന്ന പരിഗണനയില്‍ 2022-ല്‍ 78 വയസ് പിന്നിട്ട പിണറായിക്ക് ഇളവ് അനുവദിച്ചത്. എന്നാല്‍ വീണ്ടുമൊരു ഇളവ് കൂടി നേടുന്നത് വ്യക്തിപരമായി ക്ഷീണമുണ്ടാക്കുമെന്ന സ്വയം വിലയിരുത്തല്‍ നടത്തിയാണ് പിണറായി നേതൃപദങ്ങളൊഴിയുന്നത്. ഇല്ലെങ്കില്‍ പിണറായി പടുത്തുയര്‍ത്തിയിരിക്കുന്ന 'ഇരട്ടച്ചങ്കന്‍' എന്ന കരുത്തിന്റെ പ്രതിച്ഛായ തകര്‍ന്ന് വീഴും. സി.പി.എം സംസ്ഥാന സെക്രട്ടറിയായിരിക്കെ 80 വയസ് പിന്നിട്ടവരെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കാന്‍ പിണറായി വിജയന്‍ കര്‍ശന നടപടി എടുത്തിരുന്നുവെന്നോര്‍ക്കുക.
അതേസമയം, ഈ സര്‍ക്കാരിന്റെ കാലാവധി വരെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്ന പിണറായി വിജയന്‍ 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും സാധ്യതയില്ലത്രേ. സി.പി.എം നേതൃത്വം നല്‍കുന്ന ഇടതുമുന്നണിയെ വീണ്ടും അധികാരത്തിലെത്തിക്കുകയാണ് പിണറായിയുടെ ലക്ഷ്യം. അതിനായി അദ്ദേഹം പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച് മുന്നില്‍ത്തന്നെയുണ്ടാവും. ഹാട്രിക് വിജയം നേടിയാല്‍ അത് പിണറായി വിജയന്റെ മാത്രം മികവായി ഉയര്‍ത്തിക്കാട്ടി തുടര്‍ച്ചയായ മൂന്നാം വട്ടവും മുഖ്യമന്ത്രിക്കസേരയിലിരിക്കാം. അല്ലെങ്കില്‍ മരുമകന് ബാറ്റണ്‍ കൈമാറാം. ഇടതു മുന്നണി തോറ്റാല്‍ അദ്ദേഹം മല്‍സരിക്കാത്തതു കൊണ്ടാണെന്ന് സി.പി.എമ്മിന് ന്യായീകരിക്കാനുമാവും.
യു.ഡി.എഫിലാണെങ്കില്‍ കോണ്‍ഗ്രസിനായിരിക്കുമല്ലോ മുഖ്യമന്ത്രി സ്ഥാനം. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ച അനവസരത്തിലുള്ളതാണെന്ന് രമേശ് ചെന്നിത്തല എം.എല്‍.എയുടെ അഭിപ്രായം. തദ്ദേശ തിരഞ്ഞെടുപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാവേണ്ടതെന്നും മുഖ്യമന്ത്രി സ്ഥാനം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും ചെന്നിത്തല പറയുന്നു. എങ്കിലും മുഖ്യമന്ത്രി പദത്തെച്ചാല്ലി കേണ്‍ഗ്രസില്‍ വാക്ക്പോര് തുടങ്ങിയിട്ടുണ്ട്.
എല്‍.എസ്.എസിന്റെയും എസ്.എന്‍.ഡി.പിയുടെയും പരിപാടികളില്‍ മുഖ്യാതിഥിയായി പങ്കെടുത്ത രമേശ് ചെന്നിത്തല കേരളത്തിലെ ഈ രണ്ട് സമുദായങ്ങളുടെ ആശീര്‍വാദം പ്രതീക്ഷിക്കുന്നുണ്ട്. മാരാമണ്‍ കണ്‍വന്‍ഷനില്‍ പ്രസംഗിക്കാന്‍ ക്ഷണം ലഭിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശനും തന്റെ വഴികള്‍ സുഗമമാക്കുന്നുണ്ട്. ഇതിനിടെ ശശി തരൂരിന്റെ പേരും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പറഞ്ഞു കേള്‍ക്കുന്നുണ്ട്. കെ മുരളീധരന്‍, കെ സുധാകരന്‍, കെ.സി വേണുഗോപാല്‍ തുടങ്ങിവരും കളത്തിലുണ്ട്.
2024 ഏപ്രിലില്‍ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പിലെ അനുകൂല തരംഗം നിയമസഭാ തിരഞ്ഞെടുപ്പിലും യു.ഡി.എഫ് പ്രതീക്ഷിക്കുന്നുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നൂറിലേറെ നിയമസഭാ മണ്ഡലങ്ങളില്‍ യു.ഡി.എഫ് മുന്നിലെത്തിയിരുന്നു. 140 നിയമസഭാ സീറ്റുകളില്‍ 110 മണ്ഡലങ്ങളില്‍ യു.ഡി.എഫ് മുന്‍തൂക്കം നേടിയപ്പോള്‍ 19 മണ്ഡലങ്ങളില്‍ മാത്രമാണ് എല്‍.ഡി.എഫിന് നേട്ടമുണ്ടാക്കാനായത്. ബി.ജെ.പിയും മിന്നും പ്രകടനമാണ് നടത്തിയത്. കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറന്ന ബി.ജെ.പി 11 നിയമസഭാ സീറ്റുകളില്‍ ഒന്നാമതെത്തി. 2026-ല്‍ ഇതാവര്‍ത്തിച്ചാല്‍ യു.ഡു.എഫ് ഭരണം നേടുകയും ബി.ജെ.പി കൂടുതല്‍ സീറ്റുകളില്‍ വിജയിച്ച് സംസ്ഥാനത്ത് നിര്‍ണായക ശക്തിയായി മാറുകയും ചെയ്യും.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ (2021) എല്‍.ഡി.എഫ് 99 സീറ്റുകള്‍ നേടിയപ്പോള്‍ യു.ഡി.എഫിന് ലഭിച്ചത് 41 മാത്രമാണ്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 91 സീറ്റുകള്‍ നേടിയ ഇടതുപക്ഷത്തിന് 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 16 നിയമസഭാ മണ്ഡലങ്ങളിലാണ് ലീഡ് നേടാന്‍ കഴിഞ്ഞത്. 140 നിയമസഭാ മണ്ഡലങ്ങളില്‍ 123-ലും യു.ഡി.എഫാണ് ഒന്നാമതെത്തിയത്. കേരളത്തില്‍ പൊതുവെ നിയമസഭ തിരഞ്ഞെടുപ്പുകളില്‍, വോട്ടര്‍മാര്‍ കൂടുതലും ഇടതുപക്ഷത്തെ അധികാരത്തിലേറ്റുമ്പോള്‍ പൊതുതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മുന്നണിക്ക് അനുകൂലമായാണ് വോട്ട് ചെയ്യുന്നത്.
ഇത്തവണ ലോക്സഭാ ഇലക്ഷനില്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെയും മന്ത്രിമാരുടെയും പ്രകടനവും വിലയിരുത്തിയാണ് മലയാളികള്‍ വോട്ട് ചെയ്തതെന്നും സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരം കോണ്‍ഗ്രസിന് അനുകൂലമായിട്ടുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ പശ്ചാത്തലത്തിലാണ് ജനവിധി അംഗീകരിച്ചും ആഴത്തില്‍ പരിശോധിച്ചും ആവശ്യമായ തിരുത്തലുകള്‍ വരുത്തിയും സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികവോടെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരിക്കുന്നത്.