സ്ത്രീയും പുരുഷനും തമ്മിൽ ഏതു പ്രായത്തിലും സൗഹൃദം ഉണ്ടാകാം. ചിലപ്പോൾ ചില സാഹചര്യങ്ങളിൽ അത് സെക്സിലേക്ക് വഴി മാറുമ്പോൾ ആണ് അതിന്റെ കാലാവധി ചുരുങ്ങുന്നതും ഒരാൾ മിണ്ടാതായാൽ ന്യൂജെൻ ഭാഷയിൽ അതു തേപ്പ് ആയി മാറുന്നതും മറ്റേ ആൾ കരഞ്ഞും ഉറങ്ങാതെയും കാലം കഴിച്ചു കൂട്ടുന്നതും. ഇങ്ങനെ സംഭവിക്കാതിരിക്കാൻ സൗ ഹൃദത്തിൽ സെക്സിന്റെ അതിപ്രസരം അല്പം ഒന്ന് കുറച്ചാൽ പോരേ? അല്ലാതെയും നല്ല സുഹൃത്തുക്കൾ ആയി തുടർന്നു കൂടെ? അത്ര പെട്ടെന്നൊന്നും ആർക്കും കണക്കു കൂട്ടാൻ ആകാത്ത ചില നിഗൂഢതകൾ ഉള്ളിൽ സൂക്ഷിച്ചാൽ എളുപ്പം ആർക്കും പിടി കൊടുക്കാതിരുന്നാൽ ചിലപ്പോൾ ബന്ധങ്ങൾ സുദീർഘമായെന്നു വരാം. അതിൽ അറിയപ്പെടാത്ത അന്വേഷണമുണ്ട് അറിഞ്ഞാൽ ഓ ഇതായിരുന്നോ നീ എന്ന വിരസമായ നിരാസമോ ഇഷ്ടക്കേടോ ഉണ്ടായെന്നും വരാം.. അതിനാൽ കൊതിപ്പിക്കുന്ന ചിലതെങ്കിലും ഇരുവർക്കും ഇടയിൽ സഫലമാകാതെ നില നിർത്തുക. എന്നെങ്കിലും അതു ലഭിക്കുമെന്ന് സ്വപ്നം കാണുക. അവിടെ പ്രണയം ആകാശത്തോളം അനന്തമാകുന്നു. അവസാനമേയില്ലാത്ത ഒരു കാത്തിരിപ്പിന്റെ പടിവാതിൽ ഒരാൾ മറ്റൊരാൾക്കായ് തുറന്നിടുന്നു.. ഓരോ ഋതുവിലും ഒരു മഴപ്പക്ഷിയോ, വെയിൽപ്രാവോ മഞ്ഞുകാറ്റോ ആയി അവനോ അവളോ മടുക്കാത്ത പ്രണയമായി നിങ്ങളിലേക്ക് ചേക്കേറുന്നു.
എത്ര തവണ വായിച്ചിട്ടും നിങ്ങളുടെ മനസ്സിന്റെ താളുകൾ മറിച്ചു നോക്കാൻ ഒരാൾ വീണ്ടും വീണ്ടും നിങ്ങളെ തേടി വരുന്നു എങ്കിൽ അതാണ് ഹൃദയത്തിൽ തൊടുന്ന പ്രണയം. അതു സെക്സിനു വേണ്ടിയോ മറ്റെന്തിനെങ്കിലും വേണ്ടിയോ മാത്രം ആയിരിക്കില്ല.. അതാണ് മരണത്തോളം നീളുന്ന പ്രണയം. ആ മടുപ്പില്ലായ്മയാണ് യഥാർത്ഥ സ്നേഹം. വളരെ അപൂർവ്വമാണത്. ഏതു തകർച്ചയിലും ചേർത്തു പിടിയ്ക്കുന്ന വർ, ഏതു നഷ്ടത്തിലും വിട്ടു പോകാതെ കൂടെ നിൽക്കുന്നവർ ആയിരിക്കും അത്തരം കൂട്ടുകാർ. ആരിലേക്ക് അടുക്കുമ്പോഴും തന്നിലേക്ക് എത്തിച്ചേരാൻ ഇത്തിരി ദൂരം എങ്കിലും ഇരുവർക്കുമിടയിൽ അവശേഷിപ്പിക്കുക. ഒന്ന് തൊട്ടാൽ പൂക്കുന്ന വെറും പെണ്ണുടൽ മാത്രം ആകാതിരിക്കുക. കാര്യസാധ്യത്തിനായി ആർക്കും സ്വയം കാഴ്ചവെച്ചു പിന്നീട് മി ടൂ നായികയാകാതിരിക്കുക.
ആരുടെ കണ്ണിലേയും കരടാകാതെ സ്വന്തം കണ്ണുകളെ ശുദ്ധീകരിക്കുക എന്നോ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഒരാൾ പിന്നീട് അകന്നു പോയാൽ അവരെ അവരുടെ വഴിയേ വിടുക..നമ്മൾ നമ്മളായി തുടരുക. മറ്റൊരാൾ മാറിയാൽ അതിനൊപ്പം മാറാത്ത സ്വതന്ത്രമായ കാഴ്ചപ്പാടുകൾ അല്ലേ നമുക്ക് വേണ്ടത്? നിങ്ങൾ നിങ്ങളായി മാത്രം തുടരുക. ഞാൻ ഞാനായും നീ നീയായും തുടരുക. ചുറ്റിനും സ്നേഹത്തിന്റെ വിത്തുകൾ വാരി വിതറുക.. പൊടിക്കുന്ന പുതുനാ മ്പുകൾക്കിടയിൽ പകയുടെ കളകൾ മുളയ്ക്കാൻ അനുവദിക്കാതിരിക്കുക ഒരു ശ്വാസക്കാറ്റോ ഒരു ഹൃദയസ്പന്ദനമോ എപ്പോൾ വേണമെങ്കിലും നിലയ്ക്കാവുന്ന ഈ ജീവിതത്തിൽ നാളെ എന്തെന്ന് അറിയാത്ത എപ്പോൾ വേണമെങ്കിലും മരണം വന്നു കീഴടക്കാവുന്ന ഈ മനുഷ്യജന്മത്തിൽ ഇത്രയുമെങ്കിലും ചെയ്‌താൽ മർത്യജന്മം മനോഹരം...ജന്മം ധന്യം.