എഫ് ബി ഐ ഡയറക്റ്ററായി നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാമനിർേദശം ചെയ്ത ഇന്ത്യൻ അമേരിക്കൻ കാഷ് പട്ടേലിനെ ശക്തമായി ന്യായീകരിച്ചു അറ്റോണി ജനറൽ നോമിനി പാം ബോണ്ടി. പട്ടേലിനെതിരെ ശക്തമായ വിമർശനം ഉയരുന്നതിനിടെയാണ് സെനറ്റ് പാനൽ മുന്പാകെ ബോണ്ടി തന്റെ പിന്തുണ വ്യക്തമാക്കിയത്.
പട്ടേലിന്റെ യോഗ്യത പല സെനറ്റർമാരും ചോദ്യം ചെയ്തപ്പോൾ ബോണ്ടി പറഞ്ഞു: "എനിക്ക് കാഷിനെ അറിയാം. ഈ ജോലിക്കു ഇപ്പോൾ ഏറ്റവും യോഗ്യൻ അദ്ദേഹമാണെന്നു ഞാൻ കരുതുന്നു.
"പട്ടേൽ പ്രോസിക്യൂട്ടറാണ്. അദ്ദേഹത്തിനു ഇന്റലിജൻസ് സമൂഹത്തിലും ഏറെ അനുഭവ സമ്പത്തുണ്ട്."
അറ്റോണി ജനറൽ സ്ഥാനത്തേക്കുള്ള വിചാരണയ്ക്കാണ് ബോണ്ടി സെനറ്റ് ജുഡീഷ്യറി കമ്മിറ്റിക്കു മുൻപേ ഹാജരായത്. എന്നാൽ അറ്റോണി ജനറലിന്റെ കീഴിൽ വരുന്ന പട്ടേലിന്റെ വിവാദ പ്രസ്‌താവനകൾ കമ്മിറ്റി അംഗങ്ങൾ ഉയർത്തി. അദ്ദേഹത്തെ സെനറ്റ് കമ്മിറ്റി പിന്നീട് വിചാരണ ചെയ്യും.
റിപ്പബ്ലിക്കൻ തീവ്രവാദിയായ പട്ടേൽ ശത്രുക്കളായ ഗവൺമെന്റ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും പട്ടിക തയാറാക്കിയിട്ടുണ്ടെന്നു അവകാശപ്പെട്ടിരുന്നു. സ്ഥാനമേറ്റാൽ ആദ്യ ദിവസം തന്നെ എഫ് ബി ഐ അടച്ചു പൂട്ടുമെന്നും പ്രഖ്യാപിച്ചു.
വിചിത്രമായ ഗൂഢാലോചന സിദ്ധാന്തങ്ങൾ പ്രചരിപ്പിക്കുന്ന ക്യൂ ആവൺ വലതു തീവ്രവാദി സംഘടനയെ അദ്ദേഹം ന്യായീകരിച്ചു.
പട്ടേൽ നിയമം അനുസരിക്കുമെന്നു അറ്റോണി ജനറൽ എന്ന നിലയ്ക്കു താൻ ഉറപ്പു വരുത്തുമെന്നു ബോണ്ടി പറഞ്ഞു.
ക്യൂ ആവൺ പറയുന്ന ഗൂഢാലോചന സിദ്ധാന്തങ്ങൾ സംബന്ധിച്ച് പട്ടേൽ എന്താണ് കമ്മിറ്റിയോട് പറയുക എന്നതു കേൾക്കാൻ താൻ കാത്തിരിക്കുന്നുവെന്നു ബോണ്ടി വ്യക്തമാക്കി.
പട്ടേൽ ശത്രുക്കളുടെ പട്ടിക തയാറാക്കിയിട്ടുണ്ടെന്നു താൻ കരുതുന്നില്ല എന്നും ഫ്ലോറിഡ അറ്റോണി ജനറൽ ആയിരുന്ന ബോണ്ടി പറഞ്ഞു.
പട്ടേൽ കടുത്ത എതിർപ്പു നേരിടുമെന്ന് ഇതോടെ സൂചനയായി.
Bondi expresses confidence in Patel