Image

കാട് (ചെറുകഥ: ദീപ ബിബീഷ് നായർ)

Published on 16 January, 2025
കാട് (ചെറുകഥ: ദീപ ബിബീഷ് നായർ)

കാടെന്ന് വച്ചാൽ കൊടുങ്കാട്. പറഞ്ഞറിവുകളിൽ ഉള്ളതല്ലാതെ മുന്നിലേയ്ക്ക് നടക്കുന്തോറും അന്ധകാരമേറി വരുന്ന കാട്. അത്ഭുതങ്ങളുടെ ആലയമാണ് ആ കാടെന്ന് തോന്നും വിധം പ്രകൃതിയുടെ പലതരം വികൃതികളുടെ പ്രതിഫലനമായിരുന്നു അവിടം. 

ചെറു പുല്ലുകൾ മുതൽ മാനംമുട്ടെയെന്ന് തോന്നിപ്പിക്കും വിധം ഇടതൂർന്ന വൃക്ഷങ്ങളുടെ സഞ്ചയങ്ങൾ. പെരുമ്പാമ്പുകളും, വന്യമൃഗങ്ങളും എന്നു വേണ്ട ആകെ പേടിപ്പിക്കുന്ന അന്തരീക്ഷം. വാവലുകളും, അണ്ണാനും, കിളികളും, ആനക്കൂട്ടങ്ങളും അവരുടെ ഭാഷയിൽ സല്ലപിക്കുന്ന ഗേഹം. പകൽപോലും സൂര്യകിരണങ്ങൾ കടന്നു ചെല്ലാൻ മടിക്കുന്ന ആ വഴികളിലൂടെ മുന്നിലേയ്ക്ക് നടക്കുമ്പോൾ എനിക്ക് തെല്ലും ഭയം തോന്നിയിരുന്നില്ല. ഇഴഞ്ഞു നടക്കുന്ന ഉരഗങ്ങളെക്കാൾ, ഇരയെ കാത്തിരിക്കുന്ന മൃഗങ്ങളെക്കാൾ വിഷമേറിയ മനുഷ്യർക്കു മുന്നിൽ ജീവിക്കുമ്പോൾ എന്തിനാണ് ഭയം?

അല്ലെങ്കിലും ജീവിതത്തെ മടുത്തവർക്ക് പിന്നീട് ഒന്നിലും ഭയം തോന്നാറില്ല.

ആ കാട് മൂകമായിരുന്നില്ല, വല്ലാത്തൊരു സംഗീതമായിരുന്നു അതിനുള്ളിൽ മുഴങ്ങിയിരുന്നത്. ഞാനും അവിടെ തനിച്ചായിരുന്നില്ല, എനിക്ക് കൂട്ടിനവിടെ പല തരത്തിലുള്ള ജീവജാലങ്ങളുണ്ടായിരുന്നു. പല നിറത്തിലുള്ള പൂവുകളും പൂമ്പാറ്റകളുമുണ്ടായിരുന്നു. കല്ലുകളിൽ തട്ടിക്കളിച്ചുകൊണ്ടൊഴുകുന്ന കുഞ്ഞു കൈത്തോടുകൾ എവിടെ നിന്നൊക്കെയോ ഒഴുകി വരുന്നുണ്ടായിരുന്നു. കരിങ്കൽ കൂട്ടങ്ങളും പാറക്കഷണങ്ങളും എൻ്റെ യാത്രയെ ദുർഘടം പിടിച്ചതാക്കുന്നുണ്ടായിരുന്നു. അങ്ങനെ മുന്നിലേയ്ക്ക് നടന്നപ്പോൾ അകലെയായൊരു ചെറിയ പ്രകാശം പോലെ തോന്നി. അതെ, ഒരു കുഞ്ഞ് ജലാശയം, അതിൽ സൂര്യപ്രകാശം പതിക്കുന്നതിൻ്റെ കാഴ്ചയായിരുന്നു മനോഹരം.കണ്ണുനീർ പോലെ തെളിഞ്ഞ ജലം. രണ്ടു കൈക്കുമ്പിളിലായി ആവോളം വെള്ളം കുടിച്ചു, ആ വെള്ളത്തിനും ഒരു പ്രത്യേക സ്വാദുണ്ടായിരുന്നു. പൊടുന്നനെ ചെറുതായിട്ടുരുണ്ട അന്തരീക്ഷത്തിൽ നിന്ന് പതിച്ച കുഞ്ഞുതുള്ളികൾ കണ്ടപ്പോഴാണ് മഴ പെയ്യുന്നു എന്ന് തിരിച്ചറിഞ്ഞത്. ഭൂമിയിലെ ഏറ്റവും മികവാർന്ന സൗന്ദര്യം ഈ കാനന ഭൂവിലാണെന്നത് തിരിച്ചറിയാൻ

വൈകിയതായി എനിയ്ക്കു തോന്നി. 

 ക്ഷീണം കാരണം തൊട്ടടുത്തു കണ്ട വൃക്ഷച്ചുവട്ടിലേയ്ക്ക് തളർന്നിരുന്ന ഞാനുറക്കമായി. എന്നെയെന്തോ വലിഞ്ഞു മുറുക്കുന്നതായി  തോന്നി. എല്ലുകൾ ഒടിയുന്ന ശബ്ദം, ശ്വാസം മുട്ടുന്നുണ്ട്.ഞാൻ കണ്ണുകളിറുക്കി അടച്ചു. പിന്നെ ഒന്നും ഓർമ്മയില്ല.  വളരെ സമയത്തിനു ശേഷം കണ്ണു തുറന്ന എനിക്കു ചുറ്റും കൂരിരുട്ടായിരുന്നു, കുറ്റാക്കുറ്റിരുട്ട്........

 

Join WhatsApp News
ഒരു വായനക്കാരി 2025-01-17 19:36:00
കൊടുംകാട്ടിലൂടെ സഞ്ചരിച്ചു ജലാശയത്തിനടുത്തു വന്നു; വെള്ളം കുടിച്ചു. മഴ പെയ്തതറിഞ്ഞു - അതിനർത്ഥം കാട്ടിനുള്ളില് അല്ല. ക്ഷീണം കാരണം മരത്തിനു കീഴെ ഉറങിപ്പോയി. ഉണർന്നപ്പൊള് ഇരുട്ടായിരുന്നു. ഭാവന അൽപ്പം കൂടി ഉപയോഗിച്ചിരുന്നെങ്കില് ഒരു പക്ഷെ കഥ മെച്ചപ്പെടുത്താമായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക