അര്‍ദ്ധരാത്രി വീട്ടില്‍ കയറിയ അക്രമിയെ ചെറുക്കുന്നതിനിടെ ബോളിവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റ വാര്‍ത്ത ആരാധകരൊന്നാകെ അമ്പരപ്പോടെയാണ് കേട്ടത്. ഉടനെ ആശുപത്രിയില്‍ എത്തിയ താരം അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തു. കുട്ടികളുടെ മുറിയില്‍ വച്ചാണ് അക്രമം നടന്നതെന്നും കുട്ടികളെ സുരക്ഷിതരാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് താരത്തിന് കുത്തേറ്റതെന്ന് പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നു. ഇതോടെ സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും സെയ്ഫ് അലിഖാന് ഒരു നായക പരിവേഷം ലഭിച്ചിരിക്കുകയാണ്. ഇതോടെ താരത്തിന്റെ ധൈര്യത്തെയും ആര്‍ജ്ജവത്തെയും പ്രശംസിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുള്ളത്.
പുലര്‍ച്ചെ രണ്ടരയോടെയാണ് വീട്ടില്‍ അക്രമി കയറിയ വിവരം അറിയുന്നത്. അസ്വാഭാവിക ശബ്ദം കേട്ട് കുട്ടികളെ നോക്കുന്ന ആയയാണ് ആദ്യം ഉണര്‍ന്നത്. പിന്നാലെ സെയ്ഫ് അലിഖാന്‍ വീട്ടില്‍ അക്രമി കയറിയതായി തിരിച്ചറിഞ്ഞു. തനിക്ക് നേരെ ആക്രമണമുണ്ടായപ്പോള്‍ സെയ്ഫ് പ്രതിരോധിച്ചു കൊണ്ട് അക്രമിയുടെ തലയ്ക്കടിച്ചു. ആക്രമണത്തില്‍ സെയ്ഫിന് ആറിടത്ത് മുറിവേറ്റു. അതില്‍ രണ്ടെണ്ണം ഗുരുതരമാണ്.
ആക്രമണത്തിനു ശേഷം അക്രമി ഓടി രക്ഷപെട്ടു. ഇയാള്‍ എങ്ങനെ വീട്ടിനുളളില്‍ കയറിയെന്ന് വ്യക്തമല്ല. വീടിനുള്ളിലേക്ക് ആരും പോകുന്നത് കണ്ടിട്ടില്ല എന്നാണ് സെക്യൂരിറ്റി പറഞ്ഞത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. മോഷണശ്രമത്തിനിടയില്‍ സെയ്ഫിന് കുത്തേറ്റു എന്നാണ് കരീനയുടെ പ്രസ്താവന. നിലവില്‍ സെയ്ഫ് ചികിത്സയിലാണ്. പോലീസ് അന്വേഷണം നടക്കുന്നുണ്ട്. മാധ്യമങ്ങളും ആരാധകരും വിഷയത്തില്‍ സംയമനം പാലിക്കണം എന്നും കരീന പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു. സംഭവത്തില്‍ മൂന്നു ജോലിക്കാരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
അക്രമിയെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെയിലും കുട്ടികളെ സുരക്ഷിതരാക്കാന്‍ ശ്രമിച്ച താരത്തിന്റെ പ്രവൃത്തിയെ ഒട്ടേറെ പേര്‍ അഭിനന്ദിച്ചു. കുത്തേറ്റ് വീണപ്പോഴും മക്കള്‍ക്ക് ഒരു പോറല്‍ പോലുമേല്‍ക്കാതെ നോക്കി. മക്കളെ മാത്രമല്ല. വീട്ടിലുണ്ടായിരുന്ന ജോലിക്കാര്‍ക്കും ഒരു പോറുമേല്‍ക്കാതിരിക്കാന്‍ അദ്ദേഹം ശക്തമായി പ്രതിരോധിച്ചു. എല്ലാവരെയും 'സെയ്ഫ്' ആക്കിയ താരം വലിയൊരു കൈയ്യടി അര്‍ഹിക്കുന്നുണ്ടെന്നാണ് ആരാധകരുടെ പ്രതികരണം. അക്രമിയോട് പൊരുതിയത് ആയുധമില്ലാതെയാണെന്നും വിവരമുണ്ട്.
സെയ്ഫ് അലി ഖാന് കുത്തേറ്റത് നട്ടെല്ലിന്; കത്തിയൊടിഞ്ഞ് ഉള്ളില്‍ കയറി
അക്രമിയുടെ കുത്തേറ്റ് ചികിത്സയില്‍ കഴിയുന്ന സെയ്ഫ് അലിഖാന്‍ അപകട നില തരണം ചെയ്‌തെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. മുംബൈയിലെ ലീലാവതി ആശുപത്രി ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് താരം ശസ്ത്രക്രിയയ്ക്ക് വിധേയനായെന്നും സുഖം പ്രാപിച്ചു വരികയാണെന്നും വ്യക്തമാക്കിയത്. ആക്രമണത്തില്‍ സെയ്ഫിന് ആറ് മുറിവുകളേറ്റിട്ടുണ്ടെന്നും ഇതില്‍ രണ്ടെണ്ണം ഗുരുതരമാണെന്നും നടന്‍ ചികിത്സയിലുള്ള ലീലാവതി ആശുപത്രിയിലെ സി.ഇ.ഓ ഡോ. നീരജ് ഉറ്റാമനി നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അക്രമി വീടിനകത്ത് പ്രവേശിച്ചു എന്നറിഞ്ഞപ്പോള്‍ കുട്ടികളുടെ മുറിയിലേക്ക് ഓടിയെത്തുകയായിരുന്നു സെയ്ഫ്. തുടര്‍ന്ന് കുട്ടികളെയും ജോലിക്കാരെയും രക്ഷിക്കാനായി അക്രമിയോട് ഏറ്റുമുട്ടുമ്പോഴായിരുന്നു താരത്തിന് കുത്തേറ്റത്. നട്ടെല്ലിന് സമീപത്തായി ആറ് കുത്തുകളാണ് ഏറ്റത്. അതില്‍ രണ്ടെണ്ണം ഗുരുതരമായിരുന്നു. മുറിവില്‍ നിന്നും കത്തിയുടെ രണ്ടര ഇഞ്ചുള്ള കഷ്ണം പുറത്തെടുത്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നട്ടെല്ലിന്റെ ആവരണം തുളച്ചു സ്രവം പുറത്തു വന്ന നിലയിലായിരുന്നു.
പുലര്‍ച്ചെ മൂന്നരയോടെയാണ് സെയ്ഫിനെ ആശുപത്രിയില്‍ എത്തിക്കുന്നത്. അഞ്ചരയോടെ തുടങ്ങിയ ശസ്ത്രക്രിയ രണ്ടര മണിക്കൂര്‍ നീണ്ടു. ന്യൂറോ സര്‍ജനും കോസ്‌മെറ്റിക് സര്‍ജനും ഉള്‍പ്പെടെയുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. നടന്‍ ഇപ്പോള്‍ സുഖം പ്രാപിച്ചു വരികയാണെന്നും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും താരവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.