മുംബൈ: മുംബൈയിലെ വസതിയില്‍ വെച്ച് ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് മോഷ്ടാക്കളുടെ കുത്തേറ്റ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നടനുനേരെ മോഷ്ടാക്കളുടെ ആക്രമണമുണ്ടാകുന്നത് മകന്‍ ജെഹിന്റെ യുടെ മുറിയില്‍ വെച്ചാണെന്നും കുടുംബത്തെ സംരക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് കുത്തേല്‍ക്കുന്നതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. നടന്റെ വസതിയിലെ ഒരു നേഴ്‌സാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മോഷ്ടാക്കള്‍ ഒരു കോടി രൂപ ആവശ്യപ്പെട്ടതായും അവര്‍ പറയുന്നു.
30 വയസ് പ്രായം തോന്നിക്കുന്ന മെലിഞ്ഞ ശരീരമുള്ള ഒരാളാണ് മുറിയില്‍ പ്രവേശിച്ചതെന്നാണ് നേഴ്‌സ് പറയുന്നത്. സെയ്ഫ് അലി ഖാന്റെ മകന്‍ ജെഹ് ഉറങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് ഇയാള്‍ മുറിയില്‍ കടന്നുകയറുന്നത്. ആക്രമിയുടെ കയ്യില്‍ വടിയും മൂര്‍ച്ചയുള്ള ഒരായുധവും ഉണ്ടായിരുന്നു. ഇയാള്‍ തന്നോട് ഒരു കോടി രൂപ ആവശ്യപ്പെട്ടതായും അത് നിരസിച്ചപ്പോള്‍ ആക്രമിച്ചതായും അവര്‍ പറയുന്നു. ഈ ബഹളത്തെ തുടര്‍ന്നാണ് സെയ്ഫും ഭാര്യ കരീനയും മുറിയിലേക്കെത്തുന്നതെന്നും ആക്രമിയെ നേരിടുന്നതിനിടെയാണ് നടന് കുത്തേറ്റതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയാണ് ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ച് കയറിയ മോഷ്ടാവ് സെയ്ഫ് അലി ഖാനെ ആക്രമിച്ചത്. കുടുംബത്തിലെ മറ്റംഗങ്ങള്‍ക്കാര്‍ക്കും പരിക്കില്ല. ആക്രമണത്തിന് രണ്ടു മണിക്കൂര്‍ മുമ്പ് വീട്ടിലേക്ക് ആരും പ്രവേശിക്കുന്നതായി സിസിടിവി ദൃശ്യങ്ങളില്ല. അതിനാല്‍ തന്നെ അക്രമി നേരത്തെ വീടിനുള്ളില്‍ ഒളിച്ചിരിക്കുകയായിരുന്നു എന്ന നിഗമനത്തിലാണ് പോലീസ്.
2012ല്‍ വിവാഹിതരായ കരീന കപൂറും സെയ്ഫ് അലി ഖാനും മുംബൈ ബാന്ദ്ര വെസ്റ്റിലെ സത്ഗുരു ശരണ്‍ കെട്ടിടത്തിലാണു താമസം. മക്കളായ തൈമൂര്‍ (8), ജെഹ് (4) എന്നിവരും കൂടെയുണ്ട്.