ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ വീട്ടിൽ കവർച്ചയ്ക്കു കയറിയ ആൾ ആക്രമിച്ചതിനെ കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യയും നടൻ രൺധീർ കപൂറിന്റെ പുത്രിയുമായ കരീന കപൂർ ഖാൻ നൽകിയ പ്രസ്താവനയിൽ നടനെ നിരന്തരം പിന്തുടരുന്നത് ഒഴിവാക്കണമെന്നു മാധ്യമങ്ങളോട് അഭ്യർഥിച്ചു.
ക്രിക്കറ്റ് ഇതിഹാസം പട്ടോഡി നവാബിന്റെയും നടി ഷർമിള ടാഗോറിന്റെയും പുത്രനായ സെയ്ഫ് വാർത്തകളിൽ നിറയുന്നത് സ്വന്തമായ ആരാധക വൃന്ദം കൂടി ഉള്ളതു കൊണ്ടാണ്. അദ്ദേഹത്തിന്റെ ആരോഗ്യ നില ഭദ്രമാണെന്നു ലീലാവതി ഹോസ്പിറ്റലിലെ ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും മാധ്യമങ്ങൾ സ്വന്തമായ നിലയ്ക്ക് വാർത്തകൾ പടച്ചു വിടുകയാണ്.
"ദയവായി ഇത് ഒഴിവാക്കുക," കരീന ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. "ഇത് ഞങ്ങളുടെ സുരക്ഷയെ കൂടി ബാധിക്കുന്ന വിഷയമാണ്."
രണ്ടു മക്കളാണ് ഖാൻ-കരീന ദമ്പതിമാർക്കുള്ളത്: തൈമൂറും ജേയും. അവരുടെ രക്ഷയ്ക്കു വേണ്ടിയാണു ഖാൻ അക്രമിയുമായി ഏറ്റുമുട്ടിയത്. ആറു കുത്തേറ്റെങ്കിലും നടന്റെ ആ ധീരത ഏറെ പ്രശംസ പിടിച്ചുപറ്റി.
"ഞങ്ങളുടെ കുടുംബത്തിൽ അവിശ്വസനീയമായ വെല്ലുവിളിയുടെ ദിവസമായിരുന്നു ഇത്. സംഭവിച്ചതെല്ലാം ഞങ്ങൾ വിശകലനം ചെയ്യാണ് ശ്രമിക്കയാണ്. ഈ കഠിനമായ ദിവസങ്ങളിലൂടെ കടന്നു പോകുമ്പോൾ മാധ്യമങ്ങളോട് ആദരവോടും വിനയത്തോടെയും എനിക്ക് അപേക്ഷിക്കാനുള്ളത് ദയവായി ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത് എന്നാണ്.
"നിങ്ങളുടെ കരുതലും പിന്തുണയും ഞങ്ങൾക്ക് സന്തോഷം നൽകുന്നു. എന്നാൽ അമിതമായ ശ്രദ്ധ അപകടം വിളിച്ചു വരുത്തും എന്ന ആശങ്ക ഞങ്ങൾക്കുണ്ട്. ദയവായി ഈ മുറിവുകൾ ഉണക്കാൻ ഞങ്ങളെ വെറുതെ വിട്ടേക്കുക."
Kareena pleads for privacy