Image

വെറുമൊരു സമാധി....മഹാസമാധിയാക്കി (രാജു മൈലപ്രാ)

രാജു മൈലപ്രാ Published on 17 January, 2025
വെറുമൊരു സമാധി....മഹാസമാധിയാക്കി (രാജു മൈലപ്രാ)

തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ ഒരു സാധാരണ ചുമട്ടു തൊഴിലാളി ആയിരുന്ന മണിയന്‍ എന്ന് വിളിപ്പേരുള്ള ഗോപന്‍, എന്തോ ഉള്‍പ്രേരണയില്‍ ഒന്ന് ഉറക്കമുണര്‍ന്ന് എഴുന്നേറ്റപ്പോള്‍ ഗോപന്‍ സ്വാമി എന്ന നാമധേയം സ്വീകരിച്ച്, സ്വയം ഒരു ദൈവീക പരിവേഷം നല്‍കുന്നു.

ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാതെ, പൂജാദി കര്‍മ്മങ്ങളൊക്കെ നടത്തി, തന്റെ ഭാര്യയുടേയും സന്താനങ്ങളുടേയും സപ്പോര്‍ട്ടോടു കൂടി കാലം കഴിച്ചു കൂട്ടുന്നു.

താന്‍ ഒരിക്കലും മരിക്കുകയില്ല, പകരം സമാധിയടയുവാനാണു പോകുന്നതെന്ന് അദ്ദേഹം മുന്‍കൂട്ടി തന്നെ തന്റെ ഭാര്യയേയും, മക്കളേയും മറ്റു ചില അടുത്ത പരിചയക്കാരേയും അറിയിച്ചിരുന്നു. അതിനുള്ള മുന്നൊരുക്കങ്ങളും നടത്തിയിരുന്നു.

സമാധി അടയുവാനുള്ള സമയം അടുത്തപ്പോള്‍ അദ്ദേഹം സീമന്തപുത്രനെ അരികില്‍ വിളിച്ചിട്ടു പറഞ്ഞു.
വത്സാ! എനിക്കു സമാധി സ്വീകരിക്കുവാനുള്ള സമയമായി. ഈ ബ്രഹ്‌മമൂര്‍ത്തം തെറ്റിക്കുവാന്‍ പാടില്ല. മറ്റാരും ഈ കര്‍മ്മം ദര്‍ശിക്കുവാന്‍ അനുവദിക്കരുത്. അങ്ങിനെ സംഭവിച്ചാല്‍ സമാധി അശുദ്ധമാകും, ഈശ്വര കോപം ഉണ്ടാകും. ഭസ്മം, കര്‍പ്പൂരം, മറ്റു സുഗന്ധദ്രവ്യങ്ങള്‍ എന്നിവ കൊണ്ടുവേണം എന്റെ ഭൗതീക ശരീരം മറവു ചെയ്യുവാന്‍.

അങ്ങിനെ ആ ദിവസം സമാഗതമായി. ഗോപന്‍ സ്വാമി അതിരാവിലെ ഉണര്‍ന്നു. പതിവുപോലെ സ്‌നാനം കഴിഞ്ഞിട്ട്, പൂജാദി കര്‍മ്മങ്ങളൊക്കെ നടത്തി. പിന്നീടു പ്രിയതമ സ്‌നേഹം കലര്‍ത്തി വിളമ്പി കൊടുത്ത കഞ്ഞി കുടിച്ചു.
അതിനു ശേഷം, രക്തസമ്മര്‍ദ്ദത്തിനും, ഡയബറ്റീസിനും മറ്റുമുള്ള മരുന്നുകള്‍ കഴിച്ചു.

ബ്രഹ്‌മമുഹൂര്‍ത്തത്തില്‍, ചിന്നസ്വാമിയായ മൂത്ത മകനേയും കൂട്ടി അവിടെ സജീകരിച്ചിരുന്ന പീഠത്തില്‍ പത്മാസനത്തില്‍ ഉപവിഷ്ഠനായി. ധ്യാനനിമഗനനായി, മകന്റെ മന്ത്രോചരണങ്ങള്‍ ശ്രവിച്ചുകൊണ്ടു ഗോപാന്‍ സ്വാമി സമാധാനത്തോടെ സമാധി വരിച്ചു.

മുന്‍കൂട്ടി തയ്യാറാക്കി വെച്ചിരുന്ന 'ആചാര്യ ഗുരു ബ്രഹ്‌മശ്രീ ഗോപന്‍ സ്വാമി സമാധിയായി' എന്ന പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ചു, സമാധി വാര്‍ത്ത വിളംബരം ചെയ്തു.

വലിയ കോലഹലമൊന്നുമില്ലാതെ ആദ്യദിനം കടന്നു പോയി. പിന്നീടാണ് ജനവികാരം ആളികത്തിയത്-അല്ലെങ്കില്‍ ആരോ കത്തിച്ചത്.

'ചുമട്ടുകാരന്‍ എങ്ങിനെ സ്വാമിയായി? ഇയാള്‍ക്കു വല്ല വിവരമോ വിദ്യാഭ്യാസവുമുണ്ടോ? ആരോടു ചോദിച്ചിട്ടാണു ഇവനെ പീഠത്തിലിരുത്തി കര്‍പ്പൂരം ഇട്ടു മൂടണമെന്ന്? തള്ളയും മക്കളും കൂടി തല്ലിക്കൊന്ന ഇയാള്‍ സമാധിയായി എന്നു പറയുന്നത് എന്തിനാണ്?' -അങ്ങിനെ അനേകം ചോദ്യശരങ്ങള്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്നു.
ചത്തു, മരിച്ചു, ചരിഞ്ഞു, നാടുനീങ്ങി, നിര്യാതനായി, ദിവംഗതനായി, സമാധിയായി, കാലം ചെയ്തു-തുടങ്ങിയ ഏതു പദമുപയോഗിച്ച് മരണത്തെ അടയാളപ്പെടുത്തിയാലും, ഒരാളുടെ കാറ്റു പോയാല്‍, അയാള്‍ വടിയായി എന്നാണതിന്റെ പച്ചമലയാളം.

ഗോപന്‍ സ്വാമിയെ മാത്രമല്ലല്ലോ പീഠത്തിലിരുത്തി സുഗന്ധദ്രവ്യങ്ങള്‍ കൊണ്ടു മൂടുന്നത്? ചില മഹാപുരോഹിതന്മാരെ, മരണശേഷം കൈയ്യും കാലും തല്ലിയൊടിച്ചു, ഒടിച്ചു മടക്കി സിംഹാസനത്തിലിരുത്തി കുന്തിരിക്കമിട്ടു മൂടിയല്ലേ സംസ്‌കരിക്കുന്നത്? ഇതൊന്നും ആരും ഇതുവരെ ചോദ്യം ചെയ്തിട്ടില്ലല്ലോ!
അക്ഷരാഭ്യാസമില്ലാത്ത പലരും ഇവിടെ ആള്‍ദൈവങ്ങളായി വിലസുന്നുണ്ടല്ലോ! സകലമാന കൊള്ളരുതായ്മകളും കാണിച്ചിട്ട്, ഒരു സുപ്രഭാതത്തില്‍, ദൈവം രോഗശാന്തി വരം നല്‍കിയെന്ന് അവകാശപ്പെട്ട്, ഒരു യൂട്യൂബ് ചാനല്‍ തുടങ്ങി മറുഭാഷയും പറഞ്ഞ് പാവങ്ങളെ പറ്റിച്ചു ജീവിക്കുന്ന എത്രയോ ദൈവദാസന്മാര്‍ ഇവിടെ വിളവെടുക്കുന്നു!
ഏതായാലും ചാനലുകാരും, പോലീസും, സര്‍ക്കാരുമെല്ലാം ഉണര്‍ന്നു പ്രവര്‍ത്തിച്ച്, സമാധി പൊളിച്ചു. സംശയിച്ചതു പോലെയുള്ള അസ്വഭാവികതയൊന്നും ആ മരണത്തിനുണ്ടായിരുന്നില്ല.

ഏതായാലും കുടുംബക്കാരും കൂട്ടരും ബംബറടിച്ചെന്നു വേണം അനുമാനിക്കാന്‍-സമാധി ഇപ്പോള്‍ മഹാസമാധിയായി.
ഋഷി പീഠത്തിലിരുത്തി, ചന്ദനതൈലം പൂശിയാണ് ഇനി ആ സന്യാസിവര്യന്റെ ശരീരം മറവു ചെയ്യുന്നത്.
ഇനി അവിടെ ഒരു സ്മാരക മണ്ഡപം!
പിന്നാലെ ഒരു ക്ഷേത്രം!!
തീര്‍ത്ഥാടന കേന്ദ്രം!!
നെയ്യാറ്റിന്‍കരയില്‍ മാത്രം അറിയപ്പെട്ടിരുന്ന ഗോപന്‍സ്വാമി ആഗോളതലത്തില്‍ അറിയപ്പെടുന്ന ആചാര്യഗുരു ബ്രഹ്‌മശ്രീ ഗോപന്‍ പെരിയ സ്വാമിയായി പുനരവധരിച്ചു. 
ഭഗവാന്റെ ഓരോ ലീലാവിലാസങ്ങളേ!

Join WhatsApp News
David De'Susa 2025-01-17 13:04:31
ഗോപൻ സ്വമിയുടെ കുടുംബം കാണിച്ചതിനേക്കാൾ എത്രയോ വലിയ ഉഡായിപ്പുകളും അനാചാരങ്ങളും നമ്മുടെ 'പരിഷ്‌കൃത' സമൂഹത്തിൽ നിൻലനിൽക്കുന്നു എന്ന് ഒരിക്കൽ കൂടി ചൂണ്ടി കാണിക്കുന്ന ഒരു ലേഖനം. കള്ളസ്വാമിമാരും, ചില രോഗശാന്തി ദൈവദാസൻമ്മാരും, പാതിരിമാരും, ബിക്ഷ്പ്പൻമ്മാരും കൂടി എന്തല്ലാം നീച പ്രവർത്തികളാണു നടത്തുന്നത്. അങ്കമാലി അതിരൂപതയിൽ എകീകൃത കുർബാനയെച്ചൊല്ലി കഴിഞ്ഞ ദിവസങ്ങളിൽ പുരോഹിതനമ്മമാര് ഉൾപ്പെടെ നടത്തിയ കൂട്ടത്തല്ല് എത്ര നാണം കെട്ടാതായിരുന്നു. ചില മഹാപുരോഹിതന്മ്മാരെ പ്രാകൃത രീതിയിൽ കസേരയിൽ ഇരുത്തി മൂടുന്നതിന്റെ പാരമ്പര്യം എവിടെ നിന്ന് കിട്ടി എന്ന് ആരും വ്യക്മാക്കിയിട്ടില്ല. ബൈബിളിൽ ഒരിടത്തും ഇങ്ങനെ ഒരു ആചാരത്തെപ്പറ്റി പറയുന്നില്ല. ഗോപൻ സ്വാമി ഇവരെക്കാളൊക്കെ എത്രയോ ഭേദം.
Dr. Jacob Thomas 2025-01-17 14:45:25
Let us hold a vigil on the Mahasamadhi and forget the whole scenario.
Mathew Thomas, NH 2025-01-17 16:03:45
സ്വാമിജിയെ എങ്ങനെ സാസംസ്കരിക്കണമെന്നുള്ളത് അയാളുടെ തീരുമാനം... മണ്ണിട്ട് മൂടണമോ, ചിതയിൽ വെയ്ക്കണമോ, കെട്ടിത്തൂക്കണമോ എന്തെങ്കിലും ആകട്ടെ, അതു സമൂഹത്തെ മൊത്തത്തിൽ ബാധിക്കുന്നില്ല. ---ണ്ടി കുർബാന വേണോ, അതോ -- ണ്ടി കുർബാനോ വേണോ എന്ന തർക്കത്തിൽ സീറോ മലബാർ അങ്കമാലി അതിരൂപത ഏതാണ്ടു സീറോ ആകുന്ന ലക്ഷണമാണ്. അവരുടെ പ്രവർത്തി കണ്ടു 'ഇനിയും എന്നെ ക്രൂശിക്കരുതേ' എന്ന് വിലപിച്ചു കൊണ്ട് ക്രിസ്തു അവിടെ നിന്നും ജീവനും കൊണ്ട് ഓടി. പള്ളി പിടുത്തക്കാരായ പരിശുദ്ധ പിതാക്കൻമ്മാരെ കസേരയിൽ ഇരുത്തി അടക്കുന്നത്, സ്വർഗത്തിൽ ചെല്ലുമ്പോൾ അവരുടെ പ്രവർത്തി കൊണ്ട് അവർക്കവിടെ ഒരു കസേര ലഭിക്കില്ല എന്ന് ഉറപ്പുള്ളത് കൊണ്ടാണ്.
Nainaan Mathullah 2025-01-17 18:34:43
The news is about a Hindu ritual in Hindu religion. Those who do propaganda with false names use it for criticism of Christian Church. Any news is a tool for them for propaganda.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക