ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനു നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ടു ഒരാളെ വെള്ളിയാഴ്ച്ച മുംബൈ പോലീസ് കസ്റ്റഡിയിൽ എടുത്തു. ബാന്ദ്ര റയിൽവേ സ്റ്റേഷനു സമീപത്തു നിന്നു പിടികൂടിയ ആളെ ചോദ്യം ചെയ്തു വരികയാണ്. കൂടുതൽ വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
വ്യാഴാഴ്ച്ച മൂന്നു പേരെ കസ്റ്റഡിയിൽ എടുത്തിരുന്നു.
ബാന്ദ്രയിൽ ഖാന്റെ വസതിയിൽ പാതിരയ്ക്കു കവർച്ച നടത്താൻ കയറിയ ആളെ സി സി ടി വി ക്യാമറകൾ പിടിച്ചെടുത്തിരുന്നു. നടനുമായി ഉണ്ടായ ഏറ്റുമുട്ടലിനു ശേഷം ഓടിപ്പോയ അയാളെ ബാന്ദ്ര റയിൽവേ സ്റ്റേഷനിലെ ക്യാമറയിലും കണ്ടു.
പ്രതി വസ്ത്രം മാറിയെന്നു പോലീസ് കരുതുന്നു. 20 പോലീസ് ടീമുകളാണ് അയാളെ തിരയുന്നത്.
സിംഹത്തെപ്പോലെ കയറി വന്നു
കുത്തേറ്റ ആറു മുറിവുകളുമായി ഖാൻ ലീലാവതി ഹോസ്പിറ്റലിൽ എത്തിയത് സിംഹത്തെ പോലെ ധീരനായാണെന്നു ശസ്ത്രക്രിയ നടത്തിയ ഡോക്ടർ നിതിൻ നാരായൺ ഡാങ്കെ മാധ്യമങ്ങളോട് പറഞ്ഞു. മകൻ തൈമൂർ ആണ് കൂടെ ഉണ്ടായിരുന്നത്.
ഖാൻ അപകട നില തരണം ചെയ്‌തിട്ടുണ്ട്. "അദ്ദേഹത്തെ ഞങ്ങൾ ഐ സി യുവിൽ നിന്ന് മറ്റൊരു മുറിയിലേക്ക് മാറ്റി. അദ്ദേഹം മുറിയിൽ നടന്നു. എവിടെയെങ്കിലും തളർച്ച ബാധിച്ച ലക്ഷണങ്ങൾ ഒന്നുമില്ല."
സന്ദർശകരെ അനുവദിച്ചിട്ടില്ല. ഖാൻ പൂർണ വിശ്രമം എടുക്കണം.
രണ്ടര ഇഞ്ചു നീളമുള്ള കത്തിയാണ് ഖാന്റെ നട്ടെല്ലിൽ നിന്നെടുത്തത്. അതിനു രണ്ടു മില്ലിമീറ്റർ കൂടി ആഴം ഉണ്ടായിരുന്നെങ്കിൽ മുറിവ് അതീവ ഗുരുതരം ആകുമായിരുന്നുവെന്ന് ഡാങ്കെ പറഞ്ഞു.
അക്രമി ഒരു കോടി രൂപ ആവശ്യപ്പെട്ടെന്നു ഖാന്റെ ജോലിക്കാരി ഏലിയാമ്മ പറഞ്ഞു.
Saif assault suspect in police custody