തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. മൂന്നാം പ്രതി അമ്മാവൻ നിർമ്മലകുമാർ നായരും കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. നെയ്യാറ്റിൻകര കോടതിയാണ് വിധി പറഞ്ഞത്. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെതിരായ കുറ്റം തെളിയിക്കാനായില്ല. ശിക്ഷാവിധി നാളെ പ്രസ്താവിക്കും. ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാന്‍ വേണ്ടി കാമുകിയായ ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.
ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഗൂഢാലോചന കേസില്‍ പ്രതിയാണ്. മറ്റൊരു വിവാഹം നിശ്ചയിച്ചപ്പോള്‍ ഗ്രീഷ്മ ജ്യൂസ് ചലഞ്ച് നടത്തി വിദ്ഗദമായി പാരാസെറ്റാമോള്‍ കലര്‍ത്തിയ ജൂസ് ഷാരോണിനെ കൊണ്ട് കുടിപ്പിച്ചു. എന്നാല്‍ ദേഹാസ്വാസ്ഥ്യമുണ്ടായെങ്കിലും ഷാരോണ്‍ രക്ഷപ്പെടുകയായിരുന്നു. പിന്നീടാണ് വീട്ടിലേക്ക് വിളിച്ചു വരുത്തി കഷായത്തില്‍ കീടനാശിനി കലര്‍ത്തി കൊടുത്ത് കൊലപ്പെടുത്തിയത്.