ഗാസയിൽ ബന്ദികളാക്കിയവരെ തിരിച്ചയക്കാൻ ഹമാസുമായി ധാരണയിലെത്തിയതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വെടിനിർത്തലിന് അന്തിമരൂപം നൽകുന്നതിൽ അവസാന നിമിഷം തടസ്സങ്ങളുണ്ടെന്ന് അദ്ദേഹത്തിൻ്റെ ഓഫീസ് അറിയിച്ചതിനു പിന്നാലെയാണ് സുപ്രധാന തീരുമാനം വരുന്നത്. തടസങ്ങള്‍ പരിഹരിച്ചെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
വെള്ളിയാഴ്ച ക്യാബിനറ്റ് വിളിക്കും. അതിനു ശേഷം ദീർഘകാലമായി കാത്തിരുന്ന കരാറിന് സർക്കാർ അംഗീകാരം നൽകുമെന്ന് നെതന്യാഹു പറഞ്ഞു. പതിനഞ്ച് മാസം നീണ്ട യുദ്ധത്തിനാണ് കരാർ താത്കാലിക അന്ത്യം കുറിക്കുന്നത്. കരാർ പ്രകാരം, ഇസ്രയേൽ ജയിലുകളിൽ കഴിയുന്ന പലസ്തീൻ തടവുകാരെ വിട്ടയക്കും. ഇതിനു പകരമായി ഹമാസും ബന്ദികളെ മോചിപ്പിക്കുമെന്നാണ് വിവരം. പലയാനം ചെയ്യപ്പെട്ട പലസ്‌തീനികള്‍ക്ക് ഗാസയിലെ വീടുകളിലേക്ക് മടങ്ങി വരാനും കരാറിൽ അവസരമുണ്ട്.
അതിനിടെ, വ്യാഴാഴ്ചയും ഇസ്രയേൽ വ്യോമാക്രമണം തുടർന്നു. ആക്രമണത്തിൽ 72 പലസ്തീനികൾ കൊല്ലപ്പെട്ടതായാണ് വിവരം. കൊല്ലപ്പെട്ടവരിൽ നിരവധി സ്ത്രീകളും കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് പ്രാദേശിക ആരോഗ്യ പ്രവർത്തകർ പറഞ്ഞു.