കാനഡയിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവച്ച ഒഴിവിൽ ഭരണ ലിബറൽ പാർട്ടിയുടെ നേതൃസ്ഥാനത്തേക്കു മത്സരിക്കാൻ ഇന്ത്യൻ വംശജനായ ചന്ദ്ര ആര്യ പത്രിക സമർപ്പിച്ചു. നേപ്പിയനിൽ നിന്നുള്ള എം പി പത്രിക സമർപ്പിച്ച ശേഷം കന്നഡയിലാണ് പാർലമെന്റിൽ സംസാരിച്ചത്.
കർണാടകയിലെ തുംകൂർ ജില്ലയിൽ നിന്നുള്ള ആര്യ ധാർവാഡിൽ നിന്നു എം ബി എ എടുത്ത ശേഷമാണു കാനഡയിൽ കുടിയേറിയത്. മത്സര രംഗത്ത് ഗൗരവമായി നിൽക്കുന്ന ആദ്യ സ്ഥാനാർഥിയാണ് ചന്ദ്ര. ഇന്ത്യൻ വംശജയായ ഗതാഗത മന്ത്രി അനിത ആനന്ദ് ഉൾപ്പെടെ മറ്റു പല പ്രമുഖരും മത്സരിക്കാനില്ല എന്നു പറഞ്ഞു മാറിനിൽപ്പാണ്.
മാർച്ചിനു മുൻപ് നേതൃസ്ഥാനത്തേക്കു തിരഞ്ഞെടുപ്പുണ്ടാവും.
ഇന്ദിരാ ഗാന്ധിയുടെ മരണം ആഘോഷിക്കയും ഹിന്ദു ക്ഷേത്രങ്ങൾ ആക്രമിക്കയും ചെയ്യുന്ന ഖാലിസ്ഥാനികളെ ആര്യ വിമർശിച്ചിട്ടുണ്ട്. ധീരമായ രാഷ്ട്രീയ തീരുമാനങ്ങൾ എടുത്തു രാജ്യത്തിൻറെ പരമാധികാരം കാത്തു സൂക്ഷിക്കും എന്നാണ് അദ്ദേഹത്തിന്റെ വാഗ്ദാനം.
കാനഡ ശക്തമായ കൊടുംകാറ്റിന്റെ നടുവിലാണെന്നു ആര്യ പറയുന്നു. ഒട്ടേറെ കാനഡക്കാർ, പ്രത്യേകിച്ച് ചെറുപ്പക്കാർ, ജീവിതച്ചെലവ് താങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്. ഇടത്തരക്കാർക്കു ജീവിതം അസഹ്യമായി. അവർ ദരിദ്ര്യത്തിലേക്കാണ് റിട്ടയർ ചെയ്യുന്നത്.
ഇന്ത്യ കാനഡയുടെ നിക്ഷേപത്തിനും കയറ്റുമതിക്കും യോജിച്ച വിപണിയാണെന്നു ഓഗസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട ആര്യ പറയുന്നു.
Chandra Arya files for Canada PM race