ജയിലിൽ കഴിയുന്ന 2,500 തടവുകാർക്ക് ശിക്ഷ ഇളവ് അനുവദിക്കുന്നുവെന്നു പ്രസിഡന്റ് ജോ ബൈഡൻ വെള്ളിയാഴ്ച്ച പ്രഖ്യാപിച്ചു. ഇവരെല്ലാം അക്രമം ഇല്ലാത്ത കുറ്റകൃത്യങ്ങൾക്കു ശിക്ഷിക്കപ്പെട്ടവരാണ്.
ഇവർ എല്ലാവരും ആനുപാതികമല്ലാത്ത ദീർഘ ശിക്ഷയിൽ കഴിയുന്നവർ ആണെന്നു ബൈഡൻ പറഞ്ഞു. ഇന്നത്തെ നിയമങ്ങൾ അനുസരിച്ചാണെങ്കിൽ ഇത്ര നീണ്ട ജയിൽ ശിക്ഷ ഇവർക്കു ലഭിക്കില്ല.
ശിക്ഷ നൽകുന്നതിൽ ഉണ്ടായിട്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഇപ്പോഴാണ് അവസരം. 2010 ഫെയർ സെന്റെൻസിങ് ആക്ട്, 2018 ഫസ്റ്റ് സ്റ്റെപ് ആക്ട് എന്നിവ അനുസരിച്ചു അവ തിരുത്തണം.
"ചരിത്രപരമായ തെറ്റുകൾ, ശിക്ഷ നൽകുന്നതിൽ വന്ന പിഴവുകൾ എന്നിവ കണക്കിലെടുത്തു അർഹിക്കുന്നവർക്ക് കുടുംബങ്ങളിലേക്കും സമൂഹങ്ങളിലേക്കും തിരിച്ചു പോകാനുള്ള അവസരം നൽകണം," ബൈഡൻ പറഞ്ഞു.
മറ്റു പ്രസിഡന്റുമാർ നൽകിയ ദയവിനേക്കാൾ ആയിരക്കണക്കിനു കൂടുതൽ ആളുകൾക്ക് ഈ ആനുകൂല്യങ്ങൾ ബൈഡൻ നൽകുന്നു. "യുഎസ് ചരിത്രത്തിൽ ഏതു പ്രസിഡന്റിനേക്കാളും അധികം മാപ്പും ശിക്ഷയിളവും ഞാൻ നൽകി."
ഡിസംബറിൽ വധശിക്ഷ കാത്തു കഴിയുന്ന 40 പേരിൽ 37 പേർക്ക് ബൈഡൻ ശിക്ഷ കുറച്ചു നൽകി. വധശിക്ഷയ്ക്കു പകരം പരോൾ ഇല്ലാത്ത ജീവപര്യന്തമാണ് അവർക്കു നൽകിയത്.
പുത്രൻ ഹണ്ടർ ബൈഡനു മാപ്പു നൽകി കേസ് അവസാനിപ്പിച്ചതിനും ബൈഡൻ കടുത്ത വിമർശനം നേരിട്ടു.
Biden commutes jail sentences for 2,500 people