തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ 13-ാം സമ്മേളനത്തിന് തുടക്കമായി. നവകേരള നിര്‍മ്മാണത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. നവകേരളം എന്ന ലക്ഷ്യത്തിലേക്കാണ് മുന്നേറുന്നത്. ഭൂരഹിതരില്ലാത്ത കേരളമാക്കി മാറ്റുകയാണ് ലക്ഷ്യം. വികസന നേട്ടങ്ങളില്‍ കേരളം മാതൃകയാണ്. വിദ്യാഭ്യാസം ആരോഗ്യം, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം തുടങ്ങിയവയ്ക്ക് മുന്‍ഗണന. സാമൂഹിക സുരക്ഷ ശക്തമാണെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.
ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട് പുനരധിവാസം സര്‍ക്കാരിന്റെ കടമയാണ്. ഒരു വര്‍ഷത്തിനകം ടൗണ്‍ഷിപ്പ് നിര്‍മ്മിക്കും. കഴിഞ്ഞ 10 വര്‍ഷത്തിനിടെ സംസ്ഥാനം വലിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് ഇരയായി. കാലാവസ്ഥ വ്യതിയാനം നേരിടാന്‍ കേന്ദ്രസഹായത്തോടെ പദ്ധതി ആവിഷ്കരിക്കും. എല്ലാവര്ക്കും പാര്‍പ്പിടം ഉറപ്പാക്കും. 64,006 അതിദരിദ്രരെ കണ്ടെത്തി. ഇവരുടെ പ്രശ്നം പരിഹരിക്കാന്‍ നടപടി തുടങ്ങി. ദേശീയപാത വികസനം പുരോഗമിക്കുന്നു. ആരോഗ്യവിദ്യാഭ്യാസ മേഖലകളില്‍ സംസ്ഥാനം വന്‍ പുരോഗതി നേടി. ഉന്നത വിദ്യാഭ്യാസമേഖലയിലെ നേട്ടം എടുത്തു പറയേണ്ടതാണ് എന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി.
ഇതേസമയം ആദ്യ നയപ്രഖ്യാപനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എഴുതി നല്കിയ നയപ്രഖ്യാപനം അതുപോലെ വായിച്ച ഗവര്ണര്ആര്ലേക്കര് കേന്ദ്രസര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളും ഒഴിവാക്കിയില്ല. സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായാണ് കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിച്ചത്. ജിഎസ്ടി നഷ്ടപരിഹാരം ഇല്ലാത്തതും ഗ്രാന്റുകള്‍ കുറഞ്ഞതും പ്രതിസന്ധിയായി. ധനസമാഹരണത്തിനുള്ള ശ്രമം സംസ്ഥാന സര്‍ക്കാര്‍ നടത്തുമ്പോഴും കേന്ദ്രവിഹിതം ലഭിക്കാത്തതിനാല്‍ സര്‍ക്കാര്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നു എന്നാണ് വിമര്‍ശനം
രാവിലെ നിയമസഭയിലെത്തിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എഎന്‍ ഷംസീറും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് നിയമസഭയിലേക്ക് ആനയിച്ചു. ഗവര്‍ണറായി രാജേന്ദ്ര ആര്‍ലേക്കര്‍ ചുമതലയേറ്റ ശേഷമുള്ള ആദ്യ നയപ്രഖ്യാപന പ്രസംഗമായിരുന്നു ഇന്നത്തേത്.