Image

പ്രണബിനെ കൂട്ടുപിടിച്ച് മോഹന്‍ ഭാഗവതിന്റെ 'ഘര്‍വാപ്പസി' സി.ബി.സി.ഐ തള്ളി

എ.എസ് ശ്രീകുമാര്‍ Published on 17 January, 2025
പ്രണബിനെ കൂട്ടുപിടിച്ച് മോഹന്‍ ഭാഗവതിന്റെ 'ഘര്‍വാപ്പസി' സി.ബി.സി.ഐ തള്ളി

കേരളത്തിലെ ബി.ജെ.പി ഘടകം ക്രൈസ്തവ സഭകളുമായി ചങ്ങാത്തംകൂടാനുള്ള പദ്ധതികള്‍ നടപ്പാക്കിക്കൊണ്ടിരിക്കെ, ഘര്‍വാപ്പസി ശ്രമങ്ങളെ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പിന്തുണച്ചിരുന്നെന്ന ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്റെ അവകാശവാദം കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് (സി.ബി.സി.ഐ) തള്ളിയിരിക്കുന്നു. ഘര്‍വാപസി ഇല്ലെങ്കില്‍ ആദിവാസികള്‍ ദേശവിരുദ്ധരായി മാറുമെന്ന്, അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് വേതാവ് പ്രണബ് മുഖര്‍ജി പറഞ്ഞുവെന്ന പേരില്‍ മോഹന്‍ ഭാഗവത് നടത്തിയ അവകാശവാദം ഞെട്ടിക്കുന്നതും സംശയാസ്പദവുമാണന്നും സ്വകാര്യ സംഭാഷണത്തെ വളച്ചൊടിച്ച് മുന്‍ രാഷ്ട്രപതിയുടെ പേരില്‍ പ്രചരിപ്പിക്കുന്നത് ഗുരുതര പ്രശ്‌നമാണെന്നുമാണ് മെത്രാന്‍ സമിതി പ്രതികരിച്ചിരിക്കുന്നത്. ആര്‍.എസ്.എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മോഹന്‍ ഭാഗവത് കേരളത്തിലെത്തുന്ന സമയത്തായിരുന്നു സി.ബി.സി.ഐയുടെ പ്രതികരണം.

''ഡോ. പ്രണബ് മുഖര്‍ജി രാഷ്ട്രപതിയായിരിക്കെ ഞാന്‍ ആദ്യമായി അദ്ദേഹത്തെ കാണാന്‍ പോയിരുന്നു. ഘര്‍വാപസി വിഷയത്തില്‍ പാര്‍ലമെന്റില്‍ അന്ന് ബഹളമുണ്ടായി. കുറച്ച് ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടിവരുമെന്ന് കരുതിയാണ് പോയത്. അങ്ങനെ തയാറെടുത്തു. നിങ്ങളുടെ ആളുകള്‍ എന്താണു ചെയ്യുന്നത് ചിലരെ തിരികെ കൊണ്ടുവന്നു. ഇതു വിവാദം സൃഷ്ടിക്കുന്നതാണ്. വിവാദത്തിന് പിന്നില്‍ രാഷ്ട്രീയമാണ്. രാഷ്ട്രപതിസ്ഥാനം വഹിക്കാതെ കോണ്‍ഗ്രസില്‍ ആയിരുന്നെങ്കില്‍ ഞാനും ഇത് തന്നെ പറയുമായിരുന്നു. 30 ശതമാനം ആദിവാസികള്‍ തിരിച്ചുവന്നതില്‍ സന്തോഷമുണ്ട്. അല്ലെങ്കില്‍ അവര്‍ ദേശവിരുദ്ധരായി മാറുമായിരുന്നു...'' പ്രണബിനെ ഉദ്ധരിച്ചുകൊണ്ടുള്ള മോഹന്‍ ഭാഗവതിന്റെ ഈ പ്രസ്താവനയ്‌ക്കെതിരെയാണ് സി.ബി.സി.ഐ രംഗത്ത് വന്നത്.

മതം മാറിയവരെ ഹിന്ദു മതത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങളെ പ്രണബ് മുഖര്‍ജി പിന്തുണച്ചിരുന്നതായി കഴിഞ്ഞ ദിവസം ഇന്‍ഡോറില്‍ നടന്ന പരിപാടിയിലാണ് മോഹന്‍ ഭാഗവത് പറഞ്ഞത്. ക്രൈസ്തവ മിഷനറിമാരെ പരാമര്‍ശിച്ചായിരുന്നു പ്രസംഗം. ഡോ. പ്രണബ് മുഖര്‍ജി ജീവിച്ചിരുന്നപ്പോള്‍ മോഹന്‍ ഭാഗവത് ഇക്കാര്യം പറയാതിരുന്നത് എന്തുകൊണ്ടെന്ന് സി.ബി.സി.ഐ ചോദിച്ചു. മോഹന്‍ ഭാഗവത് പറയുന്നത് സത്യമാണെന്ന് വിശ്വസിക്കുന്നില്ല. രാജ്യത്തിന്റെ മതേതര മൂല്യം സംരക്ഷിക്കാന്‍ ഒട്ടേറെ സംഭാവന നല്‍കിയിട്ടുള്ള വ്യക്തിയാണ് പ്രണബ് മുഖര്‍ജിയെന്നും ഭരണഘടനാപരമായ അവകാശങ്ങള്‍ വിനിയോഗിക്കുന്ന ആദിവാസികളെ ഘര്‍വാപ്പസി എന്ന പേരില്‍ ആക്രമിക്കുന്നതല്ലേ ദേശദ്രോഹമെന്നും സി.ബി.സി.ഐ ചോദിച്ചു. രാജ്യത്തിന്റെ ബഹുസ്വരതയെയും മതേതരത്വത്തെയും തകര്‍ക്കുന്നതും വിദ്വേഷവും അക്രമവും നിലനിര്‍ത്തുന്നതുമായ വിഭജന രാഷ്ട്രീയത്തിനെതിരേ ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയനേതൃത്വവും പാര്‍ലമെന്റംഗങ്ങളും മാധ്യമങ്ങളും പ്രതികരിക്കണമെന്ന് സി.ബി.സി.ഐ ആവശ്യപ്പെട്ടു.

ഇക്കഴിഞ്ഞ ക്രിസ്മസ് കാലത്ത് ക്രൈസ്തവരുടെ വീടുകളില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ 'സ്‌നേഹയാത്ര' എന്ന പേരില്‍ കേക്ക് മുറിക്കുന്ന പരിപാടി നടത്തിയിരുന്നു. ഇതിനിടയില്‍ പാലക്കാട് നല്ലേപ്പള്ളി ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് നടത്തിയ ക്രിസ്മസ് ആഘോഷങ്ങള്‍ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ തടഞ്ഞതും പാലക്കാട് തത്തമംഗലം ജി.ബി.യു.പി സ്‌കൂളില്‍ സ്ഥാപിച്ച പുല്‍ക്കൂട് തകര്‍ത്തതും കടുത്ത പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരിക്കുന്നു. ഒരു വശത്ത് ബി.ജെ.പിക്കാര്‍ ക്രൈസ്തവ ഭവനങ്ങളിലേക്ക് ക്രിസ്മസ് കാര്‍ഡും കേക്കുമായി പോകുമ്പോള്‍ മറുവശത്ത് നോര്‍ത്ത് ഇന്ത്യന്‍ മോഡലില്‍ ക്രൈസ്തവരെ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത് ഇരക്കൊപ്പം നില്‍ക്കുകയും വേട്ടക്കാരാകുകയും ചെയ്യുന്ന ഇരട്ടത്താപ്പാണെന്ന് ആരോപണമുയര്‍ന്നിരുന്നു.

ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലെ സ്‌കൂളുകളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങളും വിലക്കുകളും ഏര്‍പ്പെടുത്തി വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മധ്യപ്രദേശിലെ ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്‌കൂളുകളെയാണ് ഈ നിയന്ത്രണങ്ങള്‍ ഏറെയും ബാധിക്കുന്നത്. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കുട്ടികള്‍ സാന്താ ക്ലോസ്, കന്യാമറിയം, ജോസഫ്, ആട്ടിടയന്മാര്‍ തുടങ്ങിയ വേഷങ്ങള്‍ ധരിക്കുന്നതിന് മാതാപിതാക്കളുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റേയും ബാലാവകാശ കമ്മിഷന്റെയും ഉത്തരവ്.

ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, ചത്തീസ്ഗഡ്, മധ്യപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ക്രിസ്ത്യാനികള്‍ക്കും അവരുടെ സ്ഥാപനങ്ങള്‍ക്കുമെതിരെ ഹിന്ദുത്വ ശക്തികളില്‍ നിന്ന് അക്രമങ്ങളും വിവേചനങ്ങളും അരങ്ങേറുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഛത്തീസ്ഗഡിലെ ഗോത്രവര്‍ഗ ക്രൈസ്തവര്‍ താമസിക്കുന്ന ബസ്തര്‍ ജില്ലയില്‍  ക്രിസ്മസ് ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ ക്രൈസ്തവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയ സംഘപരിവാര്‍ സംഘടനകള്‍, ക്രൈസ്തവ വിശ്വാസത്തില്‍ നിന്ന് ഹിന്ദു വിശ്വാസത്തിലേക്ക് ഗോത്രവര്‍ഗക്കാര്‍ മടങ്ങി വരണമെന്ന് ആവശ്യപ്പെട്ടുന്നുമുണ്ട്. 2024-ല്‍ ഇന്ത്യയില്‍  ക്രൈസ്തവര്‍ക്കെതിരെ 834 അതിക്രമങ്ങള്‍ നടന്നതായി യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

രാജ്യത്തിന്റെ മതേതര സങ്കല്‍പ്പത്തിന് കളങ്കം ചാര്‍ത്തുന്നതും വലിയ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതുമാണ് സംഘപരിവാര്‍ സംഘടനകളായ വിശ്വ ഹിന്ദു പരിഷത്ത്, ആര്‍.എസ്.എസ്. തുടങ്ങിയ ഹിന്ദുത്വ സംഘടനകള്‍ നേതൃത്വം നല്‍കുന്ന ഘര്‍വാപ്പസി. ഹിന്ദു മതത്തില്‍ നിന്ന് മതം മാറി മറ്റ് മതങ്ങള്‍ സ്വീകരിച്ചവരെ വീണ്ടും ഹിന്ദു മതത്തിലേക്ക് കൂട്ട മതപരിവര്‍ത്തനം നടത്തുന്ന ചടങ്ങാണ് ഘര്‍വാപസി. ഇതിന്റെ മലയാള അര്‍ത്ഥം 'വീട്ടിലേക്കുള്ള മടക്കം' എന്നാണ്.  

ഹിന്ദു ധര്‍മ ജാഗരണ്‍ സമാജ്, ബജ്‌റംഗ് ദള്‍ എന്നിവര്‍ ചേര്‍ന്ന് 57 മുസ്ലീം കുടുംബങ്ങളെ അഗ്രയില്‍ വെച്ച് ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിച്ചുവെന്ന ആര്‍.എസ്.എസിന്റെ അവകാശവാദത്തോടെയാണ് ഇന്ത്യയില്‍ ഘര്‍വാപ്പസി  കോളിളക്കമുണ്ടാക്കിയത്. ആഗ്രയിലെ മതപരിവര്‍ത്തനത്തിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹിന്ദുത്വ സംഘടനകള്‍ ക്രിസ്ത്യന്‍ മതത്തില്‍ നിന്നും മുസ്ലീം മതത്തില്‍ നിന്നും നിരവധി പേരെ ഘര്‍വാപ്പസിയിലുടെ മതം മാറ്റി ഹിന്ദുമതത്തില്‍ ചേര്‍ക്കുന്ന ചടങ്ങുകള്‍ നടത്തുകയുണ്ടായി. ഇത് മതംമാറ്റമല്ല പകരം വീട്ടിലേക്കുള്ള തിരിച്ചുവരവ് എന്നായിരുന്നു ആര്‍.എസ്.എസിന്റെ നിലപാട്.

ഹൈന്ദവ ആചാര്യന്മാരാണ് ഘര്‍വാപ്പസി ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിക്കുന്നത്. ഗണപതിഹോമം, ശുദ്ധിഹോമം, ഗായത്രിമന്ത്രജപം എന്നീ ചടങ്ങുകളോടെയാണ് ഇവര്‍ ഹിന്ദുമതം സ്വീകരിക്കുന്നത്. ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവര്‍ക്ക് നിലവിളക്ക്, പുതുവസ്ത്രം, ഹൈന്ദവ ഗ്രന്ഥങ്ങള്‍ എന്നിവ വിതരണം ചെയ്യും. ഘര്‍വാപ്പസി ദേശീയതലത്തില്‍ വിവാദമായി മാറിയതിനെത്തുടര്‍ന്ന് 2014 ഡിസംബറില്‍ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും ബഹളമയമായിരുന്നു. ഘര്‍വാപ്പസി നിര്‍ബദ്ധിത മതപരിവര്‍ത്തനമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ പാര്‍ലമെന്റില്‍ ഉയര്‍ത്തിയ പ്രതിഷേധം പാര്‍ലമെന്റ് നടപടികളെ തടസ്സപ്പെടുത്തി.

2014 ഡിസംബറില്‍ ഗുജറാത്തിലെ വാല്‍സദ് ജില്ലയിലെ അറനൈയില്‍ 200-ലധികം ക്രിസ്ത്യാനികളെ ഹിന്ദുമതത്തിലേക്കു കൊണ്ടുവന്നെന്ന് വി.എച്ച്.പി അവകാശപ്പെട്ടിരുന്നു. ആഗ്രയിലും, ഛത്തീസ്ഗഢിലും സമാനമായ രീതിയില്‍ വി.എച്ച്.പി മതപരിവര്‍ത്തനം നടത്തിയിരുന്നു. 2014-ല്‍ ഡിസംബറില്‍ കേരളത്തിലും വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ പുനമതപരിവര്‍ത്തനം നടന്നു. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ടും കൊല്ലത്തെ അഞ്ചലിലുമായി രണ്ടിടങ്ങളിലാണ് ഘര്‍വാപ്പസി ചടങ്ങ് നടന്നത്.

ആലപ്പുഴയിലെ കണിച്ചനല്ലൂരില്‍ ചേരമാര്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെട്ട എട്ടു കുടുംബങ്ങളിലെ 32 പേരും കൊല്ലം ഇടമുളയ്ക്കല്‍ പടിഞ്ഞാറ്റിന്‍ കരയില്‍ പതിനഞ്ച് വര്‍ഷം മുമ്പ് ക്രിസ്ത്യന്‍ മതം സ്വീകരിച്ച മൂന്ന് സ്ത്രീകളുമാണ് ഹിന്ദുമതത്തില്‍ ചേര്‍ന്നത്. വിശ്വ ഹിന്ദു പരിഷത്തിന്റെ പോഷക സംഘടനയായ ഹിന്ദു ഹെല്‍പ്പ് ലൈനും കേരളത്തില്‍ ഘര്‍ വാപ്പസി നടത്തി. 2014-ലെ ക്രിസ്തുമസ് ദിനത്തില്‍ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ കോട്ടയത്ത് ഘര്‍ വാപ്പസി നടത്തി. വഞ്ചിതരായി മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരെ ബോധ്യപ്പെടുത്തി ഹിന്ദുമതത്തിലേക്ക് തിരികെക്കൊണ്ടുവരുകയാണ് ഘര്‍വാപ്പസിയുടെ ലക്ഷ്യമെന്നാണ് ഹിന്ദു ഐക്യ വേദിയുടെ നിലപാട്.

മോഹന്‍ ഭാഗവതിന്റെ പ്രസ്താനയുടെ പശ്ചാത്തലത്തില്‍ ഓര്‍ത്തഡോക്‌സ് സഭയുടെ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മീലിത്തിയോസ് നടത്തിയ പ്രസ്താവന ഇത്തരുണത്തില്‍ പ്രസക്തമാണ്... ''പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രിസ്ത്യാനികളെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നു. അതേസമയം ഉപഘടകങ്ങള്‍ ക്രിസ്ത്യാനികളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. മറ്റൊരു ശൈലിയിലേ കേരളത്തില്‍ കാര്യങ്ങള്‍ നടത്താനാകു എന്ന് അവര്‍ക്കറിയാം...''

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക