ജനുവരി 13 മകരസംക്രമത്തിൽ ആരംഭിച്ചു ഫെബ്രുവരി 26 മഹാശിവരാത്രി വരെ നാല്പത്തിയഞ്ചു ദിനരാത്രങ്ങൾ ഇന്ത്യയിലെ ഉത്തർപ്രദേശ് പ്രയാഗ്‌രാജിൽ തുടരുന്ന മഹാകുംഭമേള ലോകശ്രദ്ധ പിടിച്ചു പറ്റി പുരോഗമിക്കുകയാണ്. നൂറ്റി നാല്പത്തി നാലു വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുകയും പതിനഞ്ചു ലക്ഷം വിദേശികൾ ഉൾപ്പെടെ നാനൂറു മില്യണിലേറെ ആളുകളെ പ്രതീക്ഷിക്കുകയും ചെയ്യുന്നുവെന്നതാണ് ഈ മഹാകുംഭമേളയെ ഒരു മഹാത്ഭുതമാക്കുന്നത്.
2017 ൽ യുനെസ്കോ പകരംവെക്കാനില്ലാത്ത മാനവികതയുടെ സാംസ്കാരിക പൈതൃകം എന്ന വിശേഷണത്തോടെ രേഖപ്പെടുത്തി അംഗീകരിച്ച കുംഭമേള മതത്തിനും വിശ്വാസത്തിനും ഉപരി ആർഷഭാരത ആദ്ധ്യാത്മികതയുടെ ഒരു മഹാ വിളംബരം കൂടിയാണ്. ക്ഷണികവും നശ്വരവുമായ ഭൗതിക ജീവിതത്തിന്റെ നിരർത്ഥത തിരിച്ചറിഞ്ഞു
അനശ്വരമായതിനെ അന്വേഷിച്ചു അവിടേക്കു ഒഴുകിയെത്തുന്ന ഓരോ വിശ്വാസിയും ആത്മാനുഭൂതിയും ആത്മനിർവൃതിയും അനുഭവിക്കുന്ന അസുലഭ സന്ദർഭമാണ് കുംഭമേളയിലെ പ്രധാന ചടങ്ങായ തീർത്ഥസ്നാനം. പലപല നാട്ടുരാജ്യങ്ങളായി വിഭജിച്ചു ഭാരതം നിലനിന്നിരുന്ന കാലം മുതൽ വ്യത്യസ്ത ജനവിഭാഗങ്ങളുടെ സാംസ്കാരികവും അദ്ധ്യാത്മികവുമായ ഐക്യത്തിന്റെ പ്രതീകമായി ഭാരതത്തിന്റെ പല ഭാഗങ്ങളിൽ കുംഭമേളകൾ നടത്തി വന്നിരുന്നതായി ലോക ചരിത്രത്തിലും ചൈനീസ് സഞ്ചാരിയായ ഫാഹിയാന്റെ കുറിപ്പുകളിലും കാണാം.
അമേരിക്കയിലെ ആകെ ജനസംഖ്യയിലധികം ഹിന്ദു വിശ്വാസികൾ ഒത്തുകൂടുന്ന ലോകത്തിലെ ഏറ്റവും വലിയ ഈ ആത്മീയ സംഗമം ആഭ്യന്തരമായും അന്തര്ദേശീയമായും ഇന്ത്യക്കു എന്ത് നേട്ടമാണ് നൽകുന്നത് എന്നത് അമേരിക്കയിലെ ന്യൂയോർക്ക് ടൈംസ് മുതൽ ഇന്ത്യയിലെ വിവിധ ഭാഷ മാധ്യമ മേഖലകളുടെ വരെ ( സാക്ഷര കേരളത്തിലൊഴിച്ചു ) ചർച്ചാ വിഷയമാണ്.
രാജനൈതികമായ ഐക്യംഒരു രാജ്യത്തെയും ജനങ്ങളെ ഒന്നാക്കി നിർത്തില്ല എന്നാൽ രാഷ്ട്രീയ വീക്ഷണങ്ങൾ പലതാണെങ്ങിലും സാംകൃതികമായ സമന്വയം വ്യത്യസ്ത ജനവിഭാഗങ്ങളെ വൈകാരികമായി ഐക്യപ്പെടുത്തും. പൗരോഹിത്യ മേധാവിത്വവും ജാതി വിവേചനവും മത്സരിച്ചു ഹിന്ദു മതത്തെ ഭിന്നിപ്പിച്ചപ്പോൾ അത് മതത്തെ മാത്രമല്ല രാജ്യത്തിനെയാകെ അസ്ഥിരപ്പെടുത്തുമെന്ന തിരിച്ചറിവിനാൽ മലയാളിയായ ശങ്കരാചാര്യർ ആരംഭിച്ച ഹൈന്ദവ ധർമ്മത്തിന്റെ പുനഃസ്ഥാപനമാണ് ഭാരതത്തിൽ ഇന്നുകാണുന്ന സാംസ്കാരിക ഐക്യം സാധ്യമാക്കിയത്. ഹൈന്ദവ വിശ്വാസികൾ തന്നെ വൈഷ്ണവരെന്നും ശൈവരെന്നും ശാക്തേയരെന്നും ഭിന്നിച്ചു പൗരോഹിത്യത്തെ പ്രീണിപ്പിക്കാൻ പരസ്പരം കലഹിച്ചപ്പോൾ എല്ലാ സനാതന വിശ്വാസികൾക്കുമായി ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലായി 12 സൂര്യ ക്ഷേത്രങ്ങളും 12 ഗണപതി ക്ഷേത്രങ്ങളും 18 ജ്യോതിർലിംഗങ്ങളും 21 ശാക്തേയ ആരാധനാലയങ്ങളും നിരവധി വൈഷ്ണവ സങ്കേതങ്ങളും എല്ലാപേര്ക്കുമായി സ്ഥാപിച്ചു ഹൈന്ദവ ഏകതയുടെ സന്ദേശം ശങ്കരൻ സമർത്ഥമായി സാക്ഷാൽക്കരിച്ചു.
രാമേശ്വരം മുതൽ കൈലാസം വരെയുണ്ടായിരുന്ന ഹിന്ദുക്കളെ ദേവാസുര യുദ്ധത്തിൽ അമൃത് വീണ ഹരിദ്വാറിലും പ്രയാഗിലും ഉജ്ജയിനിയിലും നാസിക്കിലും ഓരോ മൂന്നു വർഷത്തിലും എത്തിച്ചു കുംഭമേള എന്ന അനുഷ്ടാനത്തിനു രൂപം നൽകിയതും ആദി ശങ്കരനായിരുന്നു.
വിദേശ സഹായം കൈപ്പറ്റുന്ന മത മൗലിക വാദികളും അധികാരം നഷ്ടപ്പെട്ടു സമനില തെറ്റിയ പ്രധാന പ്രതിപക്ഷവും അധികാരം ഉറപ്പിക്കാനായി കലഹരണപ്പെടേണ്ട ജാതി മതിലുകൾ പുനർസൃഷ്ടിച്ചു ഭൂരിപക്ഷ ഹിന്ദു വിഭാഗത്തെ വിഭജിക്കാൻ കൊണ്ടുപിടിച്ചു ശ്രമിക്കുമ്പോൾ ആസേതു ഹിമാചലമുള്ള കോടിക്കണക്കിനു ഹിന്ദുക്കളും ഹിമാലയ സാനുക്കളിൽ തപോനിഷ്ഠയിൽ പൂർണ്ണമായും സമർപ്പിക്കപ്പെട്ട വിവിധ ശ്രേണികളിലെ സന്യാസിമാരും ജാതിയോ ഭാഷയോ ദേശമോ ചിന്തിക്കാതെ കുംഭമേളയിൽ ഒരു മനസ്സോടെയും ഒരൊറ്റ ചിന്തയോടെയും ഒത്തുചേരുന്നത് ലോകരാഷ്ട്രങ്ങളുടെ നെറുകയിലേക്ക് നടന്നടുക്കുന്ന ഭാരതത്തിന്റെ ഭരണ നേതൃത്വത്തിന് അസാധാരണമായ ഏകതയുടെ ഊർജ്ജമാണ് നൽകുന്നത്.
ആത്മീയതയുടെ പേരിൽ ജനങ്ങളെയോജിപ്പിക്കുന്നതോടൊപ്പം ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത വൻ ജനസഞ്ചയത്തിനു അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും സുരക്ഷ ഉറപ്പാക്കുന്നതിലും ഒരു ഭരണകൂടം എങ്ങനെ ആയിരിക്കണം എന്നതിനു ഉത്തമ മാതൃകയാകുന്നു ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
സംഘാടക മികവിന്റെയും ഭരണ നൈപുണ്യത്തിന്റെയും തിളക്കമാർന്ന വെളിപ്പെടുത്തൽ. ഇന്ത്യയുടെ ഹൃദയഭൂമിയായ യൂ.പി. യുടെ വൻ സാമ്പത്തിക കുതിപ്പിന് സാക്ഷിയാകുന്ന മേളയുടെ ഒരുക്കങ്ങൾക്കായി സംസ്ഥാന സർക്കാർ 6400 കോടി രൂപ ബഡ്ജറ്റിൽ നീക്കിവെക്കുകയും കേന്ദ്ര സർക്കാരിൽ നിന്നും 2100 കോടി നേടിയെടുക്കുകയും ചെയ്തു. സംസ്ഥാനത്തെ മുഴുവൻ ജനങ്ങളുടെയും ക്ഷേമത്തിനായി മേളയുടെ ഭാഗമായി 40,000 കോടി രൂപയുടെ അധിക വരുമാനമാണ് യോഗി പ്രതീക്ഷിക്കുന്നത്. കുംഭമേളയിലൂടെ രാജ്യത്തെ തീർത്ഥാടന വിനോദ സഞ്ചാരത്തിന്റെ വൻ കുതിപ്പും രണ്ടര ലക്ഷം കോടി രൂപയുടെ അകെ വരുമാനവുമാണ് രാജ്യം ലക്ഷ്യമിടുന്നത്.
ആപ്പിൾ കമ്പനിയുടെ സഹ സ്ഥാപകയും സ്റ്റീവ് ജോബ്‌സിന്റെ ഭാര്യയുമായ ലോറൻസ് പവൽ ഉൾപ്പെടെ അറുപതില്പരം വിദേശ രാജ്യങ്ങളിൽ നിന്നുമെത്തുന്ന തീർത്ഥാടകർക്കും സ്വദേശികൾക്കുമായി പ്രയാഗ്‌രാജിൽ 5000 ഹെക്ടറിലേറെ നീളുന്ന പന്തലും ഒരു ലക്ഷത്തി അറുപതിനായിരം താത്കാലിക ടെന്റുകളും ഒന്നര ലക്ഷത്തിലേറെ ടോയ്‌ലെറ്റുകളും ആയിരത്തി മുന്നൂറു കിലോമീറ്റർ നീളത്തിൽ കുടിവെള്ള പൈപ്പുകളും നിർമ്മിത ബുദ്ധിയുടെ പിൻബലത്തിൽ പ്രവർത്തിക്കുന്ന സുരക്ഷാ നിരീക്ഷണവും അടിയന്തിര വൈദ്യസഹായാവും കൈയെത്തും ദൂരത്തായി ക്രമീകരിച്ചിരിക്കുന്ന പോലീസ് ഫയർ സംവിധാനങ്ങളും ഒരു ഒളിമ്പിക് വേദിയെ വെല്ലുന്നഅത്ഭുത കാഴ്ചകൾ തന്നെയാണ്. ആർജ്ജവമുള്ള ഭരണ നേതൃത്വവും സമർപ്പിതമായ ഉദ്യോഗസ്ഥ സഹകരണവും സമന്വയിക്കുന്ന ഈ യാഥാർഥ്യം ഭാരതത്തിന്റെ യശസ്സ് വാനോളം ഉയർത്തുന്നത് തന്നെയാണ്. ഇത്രയും വലിയൊരു ജനാവലി അവിടേക്കു ഒഴുകിയെത്തുമ്പോൾ അവരെ സ്വീകരിക്കാനും അവർക്കു വൈവിധ്യമുള്ള ഭക്ഷണങ്ങൾ നൽകാനും ഗതാഗതമൊരുക്കാനുംജാതിമത ഭേദമില്ലാതെ സ്റ്റാർ ഹോട്ടലുകൾ മുതൽ തട്ടുകടകൾ വരെയും ചാർട്ടേർഡ് വിമാനങ്ങൾ തുടങ്ങി സൈക്കിൾ റിക്ഷകൾ വരെ ഒത്തുചേർന്നു മഹാകുംഭമേള വൻ ആഘോഷമാക്കി ചരിത്രം കുറിക്കുന്നു. ഓരോ ഭാരതീയനും ഇത് അഭിമാനത്തിന്റെ മുഹൂർത്തം തന്നെയാണ്.