കേരളത്തിലെ കോണ്‍ഗ്രസ് ഘടകത്തെ സംബന്ധിച്ചിടത്തോളം ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളും പരസ്യമായ വിഴുപ്പലക്കലുകളും പോര്‍വിളികളും പുത്തരിയല്ല. അത് പാര്‍ട്ടിയുടെ കൂടപ്പിറപ്പാണ്. കെ കരുണാകരനും എ.കെ ആന്റണിയും തമ്മില്‍ ചേരിതിരിഞ്ഞ പോരാട്ടം നിത്യ സംഭവമായിരുന്നു. ഉമ്മന്‍ ചാണ്ടിയും വി.എം സുധീരനും രമേശ് ചെന്നിത്തലയും തമ്മില്‍ കൊമ്പുകോര്‍ത്ത ഉള്‍പ്പാട്ടി കലഹ ചരിത്രവും നമുക്കറിയാം. പക്ഷേ അത്തരം ആഭിപ്രായ വ്യത്യാസങ്ങള്‍ ജനാധിപത്യ തീതിയില്‍ പരിഹരിച്ചുകൊണ്ടാണ് അവര്‍ തിരഞ്ഞെടുപ്പുകളെ നേരിട്ടിരുന്നത്. അതിന് ഗുണഫലവുമുണ്ടായിട്ടുണ്ട്. ഫലപ്രാപ്തിക്കുശേഷം കാര്യങ്ങള്‍ പണ്ടത്തേതിന്റെ പിന്നത്തേതാവുകയും ചെയ്യും.
കേരളത്തില്‍ അടുത്ത എട്ട്, ഒന്‍പത് മാസങ്ങള്‍ക്കുള്ളില്‍ തദ്ദേശ തിരഞ്ഞെടുപ്പും ഒന്നര വര്‍ഷത്തിനുള്ളില്‍ നിയമസഭാ തിരഞ്ഞെടുപ്പും നടക്കും. അതിനായി കോണ്‍ഗ്രസിന്റെ വിവിധ തലങ്ങലിലുള്ള നേതാക്കളെയും അണികളെയും സജ്ജരാക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. എന്നാല്‍ അവശ്യം വേണ്ട അത്തരം പ്രവര്‍ത്തനങ്ങല്‍ നടത്താതെ മുഖ്യമന്ത്രിക്കസേരയ്ക്കുവേണ്ടി സംസ്ഥാന നേതാക്കള്‍ നടത്തുന്ന തമ്മിലടി എല്ലാ സീമകളും ലംഘിച്ച് മുന്നേറുന്ന കാഴ്ച അത്യന്തം പരിതാപകരമാണ്. ഇത് തുടര്‍ന്നാല്‍ 2026-ലെ നിയമലഭാ തിരഞ്ഞെടുപ്പില്‍ കേണ്‍ഗ്രസ് വട്ടപ്പൂജ്യമാവുമെന്നും തുടര്‍ച്ചയായ മൂന്നാം തവണയും പ്രതിപക്ഷത്തിരുന്ന് തുരുമ്പെടുത്ത് സമാധിയടയയുകയും ചെയ്യുമെന്ന തിരിച്ചറിവില്‍ ഹൈക്കമാന്‍ഡ് നിലപാട് കടുപ്പിച്ചു.
കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവി വി.ഡി സതീശനും തമ്മിലുള്ള പോര് മൂര്‍ധന്യാവസ്ഥയിലെത്തി നില്‍ക്കുന്നു. അതിന് വീര്യം കൂട്ടാന്‍ ചില നേതാക്കളെ ഉപയോഗിച്ച് ചരടുവലിക്കുന്ന മുഖ്യമന്ത്രി സ്ഥാന മോഹികളും പിന്നണിയില്‍ നിന്ന് ആഞ്ഞ് ചരടുവലിക്കുന്നുണ്ട്. ഏതാനും ദിവസം മുമ്പ് നടന്ന കോണ്‍ഗ്രസ് പൊളിറ്റിക്കല്‍ അഫയേഴ്സ് കമ്മിറ്റി, അഥവാ രാഷ്ട്രീയ കാര്യ സമിതിയില്‍ വി.ഡി സതീശന്‍ തന്റെ 'പ്ലാന്‍ 63' അവതരിപ്പിച്ചപ്പോള്‍ അദ്ദേഹം രാഷ്ട്രീയമായും വ്യക്തിപരമായും ആക്രമിക്കപ്പെട്ടത് വലിയ വാര്‍ത്തയായി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ (2021), 93 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 21 സീറ്റിലാണ് ജയിച്ചത്. ഇതുള്‍പ്പെടെ 63 സീറ്റുകളില്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്നായിരുന്നു സതീശന്റെ നിര്‍ദേശം. പട്ടികയും കയ്യിലുണ്ട്. ഇപ്പോള്‍ ജയിച്ച മണ്ഡലങ്ങള്‍ ഏതു പ്രതികൂല കാലാവസ്ഥയിലും കോണ്‍ഗ്രസ് ജയിക്കുന്നവയാണ്. മറ്റു 42 മണ്ഡലങ്ങള്‍ ഓരോ പ്രധാന നേതാവും ഏറ്റെടുക്കണമെന്ന ആശയമാണ് സതീശന്റേത്. കോണ്‍ഗ്രസ് മത്സരിക്കുന്ന 90-ലേറെ സീറ്റുകളില്‍ നിന്ന് 63 സീറ്റുകള്‍ പ്രത്യേകമായി തിരഞ്ഞെടുത്ത് ചിട്ടയായി പ്രവര്‍ത്തിച്ച് ഭരണമുറപ്പിക്കുക എന്നതാണ് കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതിയില്‍ വി.ഡി സതീശന്‍ മുന്നോട്ടുവച്ച പ്ലാന്‍ 63.
എന്നാല്‍ ഈ ആശയത്തെ മുന്‍ മന്ത്രിയും പൊതുവെ ശാന്ത സ്വഭാവക്കാരനുമായ എ.പി അനില്‍കുമാര്‍ കണ്ണടച്ച് എതിര്‍ക്കുകയായിരുന്നു. എവിടെ നിന്നാണ് ഈ വിവരം..? ആരു പറഞ്ഞിട്ടാണ് സര്‍വേ നടത്തിയത്..? ഏതൊക്കെയാണ് സീറ്റുകള്‍..? ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ആരാണ് ചുമതലപ്പെടുത്തിയത്..? തുടങ്ങിയ ചോദ്യങ്ങളാണ് കടുത്ത ഭാഷയില്‍ അദ്ദേഹം ഉന്നയിച്ചത്. ഇത്രയും നാള്‍ ഒരു മിണ്ടാട്ടവുമില്ലാതിരുന്ന അനില്‍കുമാര്‍ ഇതോടെ ജീവിച്ചിരിപ്പുണ്ടെന്ന് മനസിലായത് അപ്പോഴാണ്. സതീശന്‍ ധിക്കാരിയാണെന്ന രീതിയില്‍ ശൂനാട് രാജശേഖരനും അദ്ദേഹത്തെ വിമര്‍ശിച്ചു. എന്നാല്‍ രാഷ്ട്രീയമായി അനില്‍കുമാറും വ്യക്തിപരമായി ശൂരനാടും സ്വന്തം നിലയ്ക്കല്ല, പരപ്രേരണയാലാണ് സതീശനെ വിമര്‍ശിച്ചതെന്നും പറയപ്പെടുന്നു.
മുഖ്യമന്ത്രിയാവാന്‍ ഉടുപ്പിട്ട് കാത്ത്കെട്ടി നില്‍ക്കുന്നവരുടെ കൂട്ടത്തില്‍ ഈയടുത്ത കാലത്ത് ജീവന്‍വച്ച രമേശ് ചെന്നിത്തലയും ഹൈക്കമാന്റിന്റെ പവറുള്ള കെ.സി വേണുഗോപാലുമുണ്ട്. മേല്‍പ്പറഞ്ഞ വ്യക്തികള്‍ അവരുടെ കരുക്കളാണെന്ന് അഭ്യൂഹമുണ്ട്. കെ.സി വേണുഗോപാല്‍ പക്ഷക്കാരനാണ് അനില്‍ കുമാര്‍. ശൂരനാടിനിപ്പോള്‍ ചെന്നിത്തല ചായ്വുമുണ്ടത്രേ. രാഷ്ട്രീയ കാര്യ സമിതിയിലെ വിമര്‍ശനം കേട്ട് സതീശന്‍ പൊട്ടിത്തെറിച്ചു. എ.പി അനില്‍കുമാറിന്റെ വിമര്‍ശനങ്ങള്‍ക്ക് ആസൂത്രിത സ്വഭാവം ഉണ്ടെന്നാണ് സതീശന്റെ സംശയം. ഇത്തരമൊരു ആശയം രാഷ്ട്രീയ കാര്യ സമിതിയില്‍ അല്ലാതെ മറ്റ് എവിടെയാണ് അവതരിപ്പിക്കുകയെന്ന് സതീശന്‍ അനുകൂലികള്‍ ചോദിക്കുന്നു.
അതേസമയം കോണ്‍ഗ്രസിനുള്ളില്‍ അടുത്ത മുഖ്യമന്ത്രി ആരാകുമെന്നത് സംബന്ധിച്ച് ഹൈക്കമാന്‍ഡ് ഒരു തീരുമാനത്തിലെത്തിയിട്ടില്ല. പ്രതിപക്ഷ നേതാവെന്ന നിലയ്ക്ക് സതീശന്‍ സര്‍വേയോ പഠനമോ എന്ത് കുന്ത്രാണ്ടമോ നടത്തി ഇന്നയിന്ന മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ശ്രദ്ധയൂന്നി പ്രവര്‍ത്തിച്ചാന്‍ ഭരണം പിടിക്കാമെന്ന് പറഞ്ഞത് ഒരു മഹാ അപരാധമായി ചിത്രീകരിക്കപ്പെടുകയായിരുന്നു. കാര്യം പറയുന്നവന്‍ കമ്മൂണിസ്റ്റ് എന്നാണല്ലോ വയ്പ്പ്. ഇപ്പോഴത് വി.ഡി സതീശന്‍ എന്നായിട്ടുണ്ട്.
ഇതില്‍ നിന്നും മനസിലാക്കേണ്ടത് നേതാക്കള്‍ തമ്മില്‍ ഇഴയടുപ്പമില്ലെന്നും പരസ്പരം ഉള്‍ക്കൊള്ളാന്‍ കഴിയാത്ത മനസിനുടമകളാണെന്നുമാണ്. രാഷ്ട്രീയ കാര്യ സമിതി എന്നു പറയുന്നത് കേരളത്തില്‍ മാത്രമുള്ള പാര്‍ട്ടി സംവിധാനമാണ്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഇങ്ങനെയൊരു ഏര്‍പ്പാടില്ല. കെ.പി.സി.സി ഒരു ജംബോ കമ്മിറ്റയാണ്. ഒരു വലിയ പെരുന്നാളിനുള്ള ആള്‍ക്കാര്‍ അതിനകത്തുണ്ട്. ആ ജനപ്പെരുപ്പം കണക്കിലെടുത്താണ് കോണ്‍ഗ്രസിലെ ആഭ്യന്തര കാര്യങ്ങള്‍ പരിശേധിക്കാന്‍ 30-35 അംഗങ്ങള്‍ ഉള്ള രാഷ്ട്രീയ കാര്യ സമിതി രൂപീകരിച്ചത്.
ഒന്നര വര്‍ഷത്തിന് ശേഷമാണ് രാഷ്ട്രീയ കാര്യ സമിതി ചേര്‍ന്നത് തന്നെ. പലരും ഇങ്ങനെയൊരു സംഭവമുണ്ടെന്നോര്‍ക്കുന്നത് അന്നാണ്. നേതാക്കള്‍ തമ്മിലുള്ള ഐക്യം ഊട്ടിയുറപ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഐക്യനീക്കമെല്ലാം ഗംഭീരമായി പാളി. നേതാക്കള്‍ പരസ്പരം കൈകൊടുത്ത് കുശലപ്രശ്നം നടത്തി ചായയും കുടിച്ച് പിരിഞ്ഞത് മാത്രം മിച്ചം. ഐക്യമുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസിലെ ഐക്യമില്ലായ്മമൂലം സുധാകരനും സതീശനും ഒന്നിച്ച് നടത്താനിരുന്ന വാര്‍ത്താ സമ്മേളനവും 'സ്വാഹ'. സംഗതി 'മാറ്റിവെച്ചു' എന്ന് പറഞ്ഞ് ഖദര്‍ധാരികള്‍ തടിയൂരി.
വാസ്തവത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം അണികള്‍ക്ക് ഭാരമാവുകയാണ്. പ്രിയങ്കാ ഗാന്ധി, കെ.സി വേണുഗോപാല്‍, ശശി തരൂര്‍ തുടങ്ങി ഹൈക്കമാന്‍ഡ് തലത്തില്‍ നേതാക്കളുള്ള കേരളത്തിലാണ് ഈ തമ്മിലടിയെന്നത് ഖേദകരമാണ്. പിണറായി സര്‍ക്കാര്‍ വിരുദ്ധ വികാരം മുതലെടുത്ത് മുന്നേറാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ല. കഴിഞ്ഞ 9 വര്‍ഷമായി കോണ്‍ഗ്രസ് പ്രതിപക്ഷത്താണ്. അവിടെയിരുന്നുകൊണ്ടും ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ നടത്താം.
പുലിയും കടുവയും കാട്ടാനയും നാട്ടിലിറങ്ങി മനുഷ്യരെയും വളര്‍ത്തുമൃഗങ്ങളെയും നിത്യേന കൊല്ലുന്നു. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇപ്പോള്‍ ആവശ്യത്തിന് മരുന്നുകളില്ലാതെ രോഗികള്‍ നെട്ടോട്ടമോടുന്നു. ഇത്തരത്തില്‍ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങള്‍ ഏറ്റെടുക്കാനാവാതെ പാര്‍ട്ടി സംവിധാനം നിഷ്‌ക്രിയമായിരിക്കുന്നു. പടലപ്പിണക്കങ്ങല്‍ തന്നെയാണിതിന് കാരണം.
ഒരാള്‍ ഒരു വിഷയം പൊക്കിക്കൊണ്ടു വന്നാല്‍ അതിന് കൈകൊടുക്കാന്‍ കൈപ്പത്തി ചിഹ്നക്കാര്‍ക്ക് വുമുഖതയാണ്. കാരണം ക്രെഡിറ്റ് അയാള്‍ക്ക് കിട്ടുമല്ലോ. അങ്ങനെ ആളാവേണ്ട. അതുകൊണ്ട് കൂടെനില്‍ക്കേണ്ടവന്റെ കാലില്‍ത്തന്നെ ചവിട്ടണം. കേരളത്തില്‍ ഒരു ഭരണ മാറ്റം പൊതുജനം ആഗ്രഹിക്കുന്നുണ്ട്. അതിനൊത്ത് ഉയരാന്‍ തടസം ഈ തൊഴുത്തില്‍ക്കുത്ത് തന്നെ. അതെന്നവസാനിപ്പിക്കുന്നുവോ അന്ന് വാഴാം സെക്രട്ടേറിയറ്റില്‍.