അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി സ്ഥാനമേറ്റ ഡൊണാള്‍ഡ് ട്രംപ് തന്റെ കടുത്ത തീരുമാനങ്ങള്‍ ഉത്തരവുകളായി ഇറക്കിക്കൊണ്ട് മുന്നോട്ടുപോവുകയാണ്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതും വിമര്‍ശനാത്മകവുമായ പ്രഖ്യാപനം ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ അവകാശങ്ങളെടുത്ത് മാറ്റുക എന്നതാണ്. ഇനി മുതല്‍ സര്‍ക്കാര്‍ രണ്ട് ലിംഗഭേദങ്ങളെ മാത്രമേ അംഗീകരിക്കൂവെന്നും യു.എസില്‍ ആണും പെണ്ണുമായി രണ്ട് ലൈംഗികവിഭാഗങ്ങളെയുള്ളൂവെന്നുമാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതനുസരിച്ച് ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകളെ വനിതാ കായിക വിഭാഗങ്ങളില്‍ നിന്നു പുറത്താക്കും. 2022 മുതല്‍ ഇന്റര്‍സെക്സ് വ്യക്തികളുടെയും ബൈനറി സെക്സ് അല്ലാത്തവരുടെയും പുരോഗതിക്ക് വേണ്ടി പാസ്‌പോര്‍ട്ടുകളില്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഒരു മൂന്നാം ലിംഗ മാര്‍ക്കര്‍ (എക്സ്) ഉള്‍പ്പെടുത്തിയിരുന്നു. ഈ നയത്തിന് മെഡിക്കല്‍ ഡോക്യുമെന്റേഷന്‍ ആവശ്യമില്ല. എന്നാല്‍ ഈ നയത്തെയാണ് ട്രംപിന്റെ ഭരണകൂടം ലക്ഷ്യമിടുന്നത്. സമൂഹത്തില്‍ നിന്നുള്ള ഒറ്റപ്പെടുത്തല്‍ ഉത്കണ്ഠ, വിഷാദം, ആത്മഹത്യ പ്രേരണ എന്നിവയിലേക്ക് ട്രംപിന്റെ നയം ട്രാന്‍സ്ജെന്‍ഡറുകളെ നയിക്കുമെന്നും അസമത്വങ്ങള്‍ വര്‍ദ്ധിക്കുന്നത് ദുര്‍ബലരായ ഒരു ജനതയ്ക്ക് മാനസികാരോഗ്യ പ്രതിസന്ധി സൃഷ്ടിക്കുമെന്നും ആക്ഷേപങ്ങളുയര്‍ന്നിട്ടുണ്ട്.
അതേസമയം, ട്രംപ് ടു ജെന്‍ഡര്‍ പോളിസി പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കിപ്പുറം സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്ന തെക്കുകിഴക്കന്‍ ഏഷ്യയിലെ ആദ്യ രാജ്യമായി തായ്ലന്‍ഡ്. എല്‍.ജി.ബി.റ്റി.ക്യു (ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ്ജെന്റെര്‍ ആന്റ് ക്വിയര്‍ ഓര്‍ ക്വസ്റ്റ്യനിങ്) കമ്മ്യൂണിറ്റിയുടെ ഒരു പ്രധാന നാഴികക്കല്ലായി അടയാളപ്പെടുത്തിക്കൊണ്ട് നൂറുകണക്കിന് സ്വവര്‍ഗ പ്രേമികള്‍ തായ്‌ലന്‍ഡില്‍ വിവാഹിതരായി. സ്വവര്‍ഗ ദമ്പതികള്‍ക്ക് ദത്തെടുക്കലും അനന്തരാവകാശവും ഉള്‍പ്പെടെയുള്ള നിയമപരമായ അവകാശങ്ങള്‍ നല്‍കുന്നതാണ് പുതിയ നിയമം.
തായ്വാനും നേപ്പാളിനും ശേഷം സ്വവര്‍ഗവിവാഹം അംഗീകരിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ രാജ്യമാണ് തായ്‌ലന്‍ഡ്. പുരുഷന്മാര്‍, സ്ത്രീകള്‍, ഭര്‍ത്താക്കന്മാര്‍, ഭാര്യമാര്‍ എന്നതിന് പകരം ഇനിമുതല്‍ ലിംഗ-നിഷ്പക്ഷ പദങ്ങള്‍ ആയിരിക്കും തായ്ലന്‍ഡില്‍ ഉപയോഗിക്കുക. ഒരു ദശാബ്ദത്തിലേറെ നീണ്ട നിരന്തര പോരാട്ടത്തിന് ശേഷമാണ് നിയമം പ്രാബല്യത്തില്‍ വരുന്നത്. അതേസമയം, ട്രാന്‍സ് ജെന്‍ഡര്‍ എന്നതിന് കൃത്യമായ ഒരു മലയാളം പദം ഇതുവരെ ഇല്ല. ഭിന്ന ലിംഗക്കാര്‍ എന്നോ ഉഭയലിംഗക്കാര്‍ എന്നോ ഒക്കെ അവരെ വിളിക്കുന്നു.
പുരുഷ ശരീര പ്രകൃതിയുള്ള ഒരു സ്ത്രീയേയോ, സ്ത്രീരൂപമുള്ള ഒരു പുരുഷനേയോ നമുക്ക് ട്രാന്‍സ് ജെന്‍ഡര്‍ എന്ന് പൊതുവേ വിളിക്കാം. ലിംഗമാറ്റ ശസ്ത്രക്രിയ വഴി ആണ്‍ ട്രാന്‍സ് ജെന്‍ഡറിന് ഒരു സ്ത്രീ ആകാം. തിരിച്ചും ഇത് സാധ്യമാണ്. ഇത്തരത്തില്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവരെ ആണ് ട്രാന്‍സ് സെക്ഷ്വല്‍സ് എന്ന് വിശേഷിപ്പിക്കുന്നത്. ഇവര്‍ക്ക് ആണ്‍പെണ്‍ വിഭാഗങ്ങളില്‍ ഉള്ളതുപോലെയുള്ള ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനും സാധിക്കും. എന്നാല്‍ പ്രത്യുത്പാദനം സാധ്യമാവില്ല. കാഴ്ചയില്‍ സ്ത്രീയുടെ ശരീരഘടന തന്നെ ആയിരിക്കും ഷീമെയിലുകള്‍ക്ക്. എന്നാല്‍ അവരുടെ ലൈംഗികാവയവും പുരുഷന്റേതായിരിക്കും. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിലാണ് ഇവരെ പൊതുവെ ഉള്‍പ്പെടുത്താറുള്ളത്.
ലൈംഗികാവയവങ്ങളുടെ കാര്യത്തില്‍ അസ്വാഭാവികതയുള്ളവരെ പൊതുവെ ഇന്റര്‍സെക്സ് എന്ന് വിശേഷിപ്പിക്കും. പുരുഷ ലൈംഗികാവയവം ഉള്ള സ്ത്രീയും സ്ത്രീ ലൈംഗികാവയവം ഉള്ള പുരുഷനും ഈ വിഭാഗത്തില്‍ തന്നെയാണ് പെടുന്നത്. ഒരുപക്ഷേ, സമൂഹത്തില്‍ ഏറ്റവും അധികം വിവേചനവും അപമാനവും എല്ലാം നേരിടേണ്ടി വന്നിട്ടുള്ളത്, അല്ലെങ്കില്‍ നേരിട്ടുകൊണ്ടിരിക്കുന്നത് ഇന്റര്‍സെക്സ് വിഭാഗത്തില്‍ പെടുന്നവരാണ്. പൗരന്മാര്‍ക്കിടയില്‍ ജാതി, മതം, വര്‍ഗം, രാഷ്ട്രീയം, പ്രാദേശികം, ഭാഷ തുടങ്ങിയ വിവേചനങ്ങളൊന്നും ഭരണഘടനാപരമായി അംഗീകരിക്കാത്ത ഒരു രാജ്യത്ത് ലൈംഗികതയുടെ പേരിലുള്ള ന്യൂനപക്ഷ താത്പര്യങ്ങളും സംരക്ഷിക്കപ്പെടണം എന്ന് ഈ വിഷയത്തില്‍ ഇന്ത്യന്‍ സുപ്രീം കോടതി നിരീക്ഷിച്ചിട്ടുണ്ട്.
സമൂഹത്തിലും സര്‍ക്കാര്‍ സംവിധാനത്തിലും ട്രാന്‍സ്ജെന്‍ഡര്‍ ആളുകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുക, ഇതര ലിംഗവിഭാഗങ്ങള്‍ക്കുള്ള പോലെ തുല്യത ഉറപ്പു വരുത്തുക, ഭയ രഹിതമായി ജീവിക്കുക, വിവേചനം അവസാനിപ്പിക്കുക എന്നീ ഉദ്ദേശ്യത്തോടെ കേരള സര്‍ക്കാര്‍ ട്രാന്‍സ്ജെന്‍ഡര്‍ നയം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാന ട്രാന്‍സ്ജെന്‍ഡര്‍ സെല്‍, ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് എന്നിവ രൂപീകരിക്കുകയും ചെയ്തു. മൂന്നാം ലിംഗം, ഹിജഡ, ഭിന്നലിംഗര്‍ തുടങ്ങിയ പദങ്ങള്‍ വിവേചനപരമാണെന്ന് ഇവര്‍ വാദിക്കുന്നു. അതിനാല്‍ ട്രാന്‍സ്ജെന്‍ഡര്‍ എന്ന വാക്കാണ് ഇന്ന് സാര്‍വത്രികമായി ഉപയോഗിച്ചു വരുന്നത്.
ട്രാന്‍സ്ജെന്‍ഡറുകളെ ട്രാന്‍സ് പുരുഷന്‍, ട്രാന്‍സ് സ്ത്രീ എന്നീ രണ്ട് വിഭാഗങ്ങളായി തിരിക്കാം. ഇവരില്‍ ചിലര്‍ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യാറുണ്ട്. അതുവഴി ട്രാന്‍സ് സെക്ഷ്വല്‍ ആയി മാറാറുണ്ട്. പൊതുവേ പല രാജ്യങ്ങളിലും ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടവരോ മുഖ്യധാരയില്‍ നിന്ന് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോ ആണ്. എന്നാല്‍ ചില രാഷ്ട്രങ്ങള്‍ ഇവര്‍ക്ക് മറ്റ് പൗരന്മാര്‍ക്ക് തുല്യമായ അവകാശങ്ങള്‍ അനുവദിച്ചു നല്‍കിയിട്ടുണ്ട്.
കേരളത്തില്‍ കവയിത്രിയും എല്‍.ജി.ബി.റ്റി.ക്യൂ ആക്റ്റിവ്സ്റ്റുമായ ട്രാന്‍സ്വുമണ്‍ വിജയരാജ മല്ലികയും തൃശ്ശൂര്‍ മണ്ണുത്തി സ്വദേശി ജാസ് ജാഷിമുമായുള്ള വിവാഹം വലിയ വാര്‍ത്തയായിരുന്നു. പല രാജ്യങ്ങളിലും ലിംഗ-ലൈംഗിക ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന മനുഷ്യര്‍ വ്യാപകമായി ശിക്ഷിക്കപ്പെടുന്നുണ്ട്. പ്രത്യേകിച്ച് മതപരമായ നിയമങ്ങള്‍ ഉള്ള രാജ്യങ്ങളില്‍. ഐ.പി.സി. 377 നിലനില്‍ക്കേ ഇന്ത്യയിലും 2018 വരെ സ്വവര്‍ഗ്ഗ ലൈംഗികത ശിക്ഷിക്കപ്പെടാവുന്ന കുറ്റമായാണ് പരിഗണിച്ചിരുന്നത്.
എന്നാല്‍ നൂറ്റാണ്ടിന്റെ പഴക്കമുള്ള ഐ.പി.സി 377-ാം വകുപ്പ് സുപ്രീം കോടതി ഡിക്രിമിനലൈസ് ചെയ്തതോടെ ഇതിന് മാറ്റമുണ്ടായി. പല യാഥാസ്ഥിതിക ചിന്താഗതിക്കാരും പരമോന്നത കോടതി വിധിക്കെതിരെ രംഗത്തുവന്നിരുന്നു. ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൗണ്‍സിലില്‍ ലൈംഗികന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുവാനും വധിക്കുവാനും ഉള്ള അവകാശങ്ങള്‍ക്കു വേണ്ടി വാദിക്കുകയുണ്ടായി.
ഐ.പി.സി 377-ാം വകുപ്പിന്റെ നിയമപരമായ വിലക്ക് ഒഴിവാക്കിയതോടെയാണ് വിജയരാജ മല്ലികയും ജാസ് ജാഷിമും 2029 സെപ്റ്റംബര്‍ 7-ന് വിവാഹിതയത്. ഇത് പ്രണയ സാഫല്യമല്ല, ജന്മ സാഫല്യമാണെന്നാണ് വിജയരാജ മല്ലിക അന്ന് ഫെയ്സ്ബുക്കില്‍ കുറിച്ചത്. എല്ലാ എതിര്‍പ്പുകളെയും മറികടന്നാണ് അവര്‍ വിവാഹജീവിതത്തിലേക്ക് കടന്നത്. ആ വിവാഹനിമിഷങ്ങള്‍ വെറും പ്രണയസാഫല്യത്തിന്റേത് മാത്രമല്ല, വിജയരാജ മല്ലികയുടെ ജന്മസാഫല്യത്തിന്റേത് കൂടിയാണ്. പ്രണയം അറിഞ്ഞതോടെ ജാഷിമിന്റെ വീട്ടുകാരുടെ ഭാഗത്തുനിന്നടക്കം ശക്തമായ എതിര്‍പ്പുണ്ടായി. നിരവധി ഭീഷണികളെയും എതിര്‍പ്പുകളെയും മറികടന്നാണ് അവര്‍ വിവാഹിതരായത്.
തീക്ഷണമായ ജീവിതത്തെ തന്റെ തൂലികത്തുമ്പിലൂടെ വരച്ചിട്ട ട്രാന്‍സ്‌ജെന്‍ഡര്‍ കവയത്രിയാണ് വിജയരാജമല്ലിക. എഴുത്തിലൂടെയുള്ള മല്ലികയുടെ പോരാട്ടം ട്രാന്‍സ് സമൂഹത്തിന് വേണ്ടി കൂടിയാണ്. വസന്തസേനന്‍ എന്ന് മല്ലിക സ്‌നേഹത്തോടെ വിളിക്കുന്ന ഭര്‍ത്താവ് ജാഷിമിനെ ഇരുകൈയും നീട്ടിയാണ് സാംസ്‌ക്കാരിക കേരളം വരവേറ്റത്. എന്നാല്‍ ട്രാന്‍ജെന്‍ഡര്‍ സ്ത്രീയെ വിവാഹം ചെയ്ത ജാഷിമിന് നേരിടേണ്ടി വന്ന സൈബര്‍ ബുള്ളിയിംഗും ഒളിഞ്ഞുനോട്ടവും ചെറുതായിരുന്നില്ല. ഒന്നിനും പ്രതികരിക്കാത, തങ്ങളുടെ പ്രണയമാണ് ഏറ്റവും വലുതെന്ന് അടിയുറച്ച് വിശ്വസിച്ചുകൊണ്ട് അവര്‍ സ്വസ്ഥമായി ഇന്നും ജീവിക്കുന്നു.