ഏകമാം ദർപ്പണം
ശുദ്ധ ശൂന്യമെങ്കിൽ
നിഴലിപ്പതെങ്ങനെ
സർവ്വചരാചരങ്ങളുമതിൽ!
ഇല്ലാത്തതുള്ളതാണേൽ
ഉള്ളതില്ലാത്തതാകേണ്ടേ
ഉണ്മയെ തൊട്ടറിയുവാൻ
നിസ്സംഗം വാരിപ്പുണരുവാൻ
പൊളിച്ചു കാട്ടിടാം
ഉള്ളിപ്പോള പോലെൻ മാനസം
നിൻ കൺമുന്നിലീക്ഷണം.
ഞാനൊരു പൊള്ളവാക്ക്
നീയൊരു മറുപൊള്ളവാക്ക്
പൊള്ളവാക്കിന് പൊയ് വേഷങ്ങൾ
പച്ച കത്തി വേഷങ്ങൾ
ഉള്ള് തുരന്നു നോക്കേണ്ട
പൊള്ളയാണെന്നറിയുവാൻ
മതി പുറമേയൊന്നു മേടിയാൽ.
പള്ളയിലൊന്നുമില്ലേലും
ജനിമൃതി പിള്ള
പൊളളയാണെന്നറിയേണം
കതിരിലും മുലയിലും
പാൽ നിറപ്പതു
ആരുവാനെന്നറിയേണം.
ശൂന്യമെന്നു ജപിക്കവെ
ഓർമ്മയിലെത്തിടും പൂർണ്ണത
നിറവെന്നു മന്ത്രിക്കവെ
ശൂന്യവും പയ്യെ സ്മൃതിയിലെത്തിടും
ഇടത്തിനും ത്രികാലത്തിനും
ഓർമ്മയ്ക്കും ഉരിയാട്ടത്തിനും
ഇടക്കാലയവധി കൊടുക്കുകിൽ,
ദർശിച്ചിടാം ഉള്ളങ്കയ്യിലെ
നെല്ലിക്ക പോൽ നിത്യതയെ നിത്യജീവിതത്തിൽത്തന്നെ!
പൊള്ളയെ നിറപ്പതാര്
നിറവിനെയൊഴിപ്പതാര്
പൊള്ളയിൽ മുഴങ്ങീടും
വേണുഗാനം സതതം
തുടിക്കട്ടെ പ്രാണനിൽ!