കുട്ടികൾക്കൊപ്പം നടക്കുന്ന ആശയുടെ ഫോണിലേക്കു വിളിച്ചെങ്കിലും എടുത്തില്ല. ഫോൺ ബെല്ലടിച്ചതു ശ്രദ്ധിച്ചിട്ടുണ്ടാവില്ല. സുമേദ് സാധാരണ വേദന ഒന്നും പുറത്തു കാണിക്കാത്ത പയ്യനാണ് . വേദന സഹിക്കാനുള്ള സഹിഷ്ണുത അവന് കുറച്ചു കൂടുതലാണ്. എന്താണെങ്കിലും ഈ സെഷൻ കഴിയട്ടെ താഴെപ്പോയി നോക്കാം , എന്താണ് കാലിനു സംഭവിച്ചതെന്ന് .
പുതിയതായി വന്ന ആയയാണ് ആശ . മുപ്പതു വയസ്സിനു താഴെ പ്രായം കാണും . സ്പെഷ്യൽ എഡ്യൂക്കേഷനിൽ ഡിപ്ലോമ ഉണ്ട് .
ഒരു വർഷം സ്വന്തം നാട്ടിൽ ഒരു സ്കൂളിൽ ജോലി ചെയ്തിരുന്നു . ഇവിടെ ബോർഡിങ് സ്കൂളിൽ മുഴുവൻ സമയത്തേക്ക് ആളെ ആവശ്യമുണ്ടെന്നറിഞ്ഞു വന്നതാണ് . താൻ ഏർപ്പെട്ടിരിക്കുന്ന പ്രവൃത്തിയിൽ ആശക്കു വേണ്ടുവോളം പ്രതിബദ്ധതയുണ്ട്.
എല്ലാവരും ഈ ജോലി ഇഷ്ടപ്പെട്ടു തന്നെ വരുന്നവരാണ് . താമസം , ഭക്ഷണം .. മാസാവസാന വേതനം , അത് മാത്രമല്ല , ഈ ജോലിക്ക് മനസ്സിനെ പാകപ്പെടുത്തണം. ഇവിടെ പ്രവർത്തിക്കുന്ന അമ്മമാർ , ഒന്ന് രണ്ടു ആയമാർ സ്വന്തം കുഞ്ഞുങ്ങളുടെ പ്രത്യേക അവസ്ഥ തിരിച്ചറിഞ്ഞപ്പോൾ അവർക്കായി ഇതിനുവേണ്ട കോഴ്സ് പഠിച്ചു ഇവിടെ ചേർന്നതാണ് .
കുട്ടികളുടെ ജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ സാധിക്കില്ല എന്ന തിരിച്ചറിവ് , അത് അംഗീകരിക്കാൻ മനസ്സിനെ ശക്തിപ്പെടുത്തുക അത്ര എളുപ്പമല്ല . അതിനു മുൻപിൽ പകച്ചു നിൽക്കാതെ , അവർക്കായി മുൻപോട്ടു വന്നവർ. മക്കൾക്കൊപ്പം മുഴുവൻ സമയവും ചിലവഴിക്കാൻ ആഗ്രഹിച്ചു വന്നു ചേർന്ന ഒരു കൂട്ടം അമ്മമാർ .
ഇതൊരു പ്രത്യേക ലോകമാണ് ഓട്ടിസം ബാധിച്ച കുട്ടികൾ കൂടാതെ കടുത്ത സെറിബ്രല്‍ പാള്‍സി ബാധിച്ചവരുമുണ്ട് . ഏഴു വയസ്സുമുതൽ മുപ്പതു വയസ്സുവരെയുള്ളവർ . സ്വന്തമായി ഒന്നും ചെയ്യാൻ സാധിക്കാത്തവർ .. എല്ലാത്തിനും പരസഹായം വേണം . സാധാരണ പഠന പ്രവര്‍ത്തനങ്ങള്‍ അവർക്കു പ്രയാസകരമാണ് . ചിലര്‍ക്കെങ്കിലും തീർത്തും അസാധ്യ വുമാണ്. വ്യക്തി കേന്ദ്രീകൃത ബോധനവും പരിപാലനവും സംരക്ഷണവുമാണ് ഇവർക്ക് ആവശ്യം . പാഠ്യവിഷയങ്ങള്‍ പഠിക്കാനല്ല, സ്വഭാവത്തെ ചിട്ടപ്പെടുത്താനാണ് അവര്‍ക്ക് മുഖ്യമായും വിദ്യാഭ്യാസം ആവശ്യം . സ്വന്തം കാര്യങ്ങൾ ചെയ്യാൻ അവരെ പര്യാപ്തമാക്കുകയാണ് ഈ സ്കൂളിന്റെ ലക്ഷ്യം. കുട്ടികളിൽ ചിലരാകട്ടെ വല്ലാത്ത വിധം ഊര്‍ജ്ജസ്വലര്‍ . മറ്റുചിലർ തീരെ നിശ്ശബ്ദര്‍... അവര്‍ക്ക് സ്‌കൂള്‍ പഠന ഇടമല്ല, മാതാപിതാക്കൾക്കും കുട്ടികൾക്കും ഈ സ്കൂൾ ഒരു ആശ്വാസത്തുരുത്താണ് .
ദിവസവും വന്നുപോകുന്ന കുട്ടികളുടെ മാതാപിതാക്കൾക്കു അവര്‍ സ്‌കൂളില്‍ പോകുന്നതാകട്ടെ, ഒരാശ്വാസമാണ്. വീടിന്റെ അന്തരീക്ഷത്തില്‍ അസ്വസ്ഥതയുണ്ടാക്കുന്ന കുട്ടികള്‍ ചിലപ്പോൾ സ്‌കൂളിന്റെ അന്തരീക്ഷത്തില്‍ സാധാരണ രീതിയില്‍ പെരുമാറാറുണ്ട്.
എന്നാലും മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ആശങ്കയും വിഷമവും എപ്പോഴും നിലനിൽക്കും ..
മാതാപിതാക്കൾക്കു ശേഷം ആര് ഈ കുട്ടികൾക്ക് തണലാകുമെന്ന ചിന്തയിൽ നിന്നും ഉടലെടുത്ത ഒരു സ്വപനമാണ് ഈ "ഗോഡ്സ് ഹോം ".
ഈ വിധം എന്തെല്ലാമൊക്കെയോ ആലോചിച്ചു നിന്നു പോയി സംഘമിത്ര .
പദ്മക്ക അപ്പോഴേക്കും ദിവാകറിനേയും കൂട്ടി ക്‌ളാസ്സിലേക്കു കയറിവന്നു .
മുഖം കണ്ടാലറിയാം വല്ലാത്ത മാനസിക വിഷമം ആണെന്ന് .
" എന്താ അക്കാ എന്ത് പറ്റി ? " എന്ത് പറയാൻ , രാത്രി മുഴുവനും ഛർദിക്കുകയായിരുന്നു, സുഖമില്ലാതെ വന്നാൽ പിന്നെ വല്ലാത്ത പിടിവാശിയല്ലേ?
" ഇന്ന് ലീവ് എടുത്തു കൂടായിരുന്നോ ?"
" അവിടെ ഇരുന്നിട്ട് എന്ത് ചെയ്യാൻ , രാവിലെ കുറച്ചു കുറവുണ്ടെന്നു തോന്നി , ഒരു ഓട്ടോ പിടിച്ചു ഞാനിങ്ങു പോന്നു."
ആർട് റൂമിന്റെ ചുമതല അക്കയെ ഏല്പിച്ചിട്ട് മിത്ര താഴേക്കു പോയി .
കുട്ടികൾ പാർക്കിൽ ഇൻഫിനിറ്റി സൈനിന്റെ മുകളിലൂടെ നടക്കുകയാണ്. ( എട്ടിന്റെ മാതൃകയിൽ ആണ് ഇൻഫിനിറ്റി സൈൻ , ക്രമാനുഗതമായി ഏകോപനം വികസിപ്പിക്കുന്നതിനുള്ള ഒരു ചികിത്സാ രീതിയാണ് ഇൻഫിനിറ്റി നടത്തം . മസ്തിഷ്ക ക്ഷതങ്ങളോ പഠന വൈകല്യങ്ങളോ ഉള്ളവരിലാണ് ഇത് സാധാരണയായി ഉപയോഗിക്കുന്നത്.)
സംഘമിത്ര സുമേദിന്റെ അടുത്തേക്ക് ചെന്ന് , കൈപിടിക്കാൻ നോക്കിയപ്പോൾ അവനതു തട്ടിമാറ്റി നടത്തം തുടർന്നു .
ബലമായി അവനെ പിടിച്ചു നിലത്തിരുത്തി , കാലിൽ എന്താണെന്ന് നോക്കിയപ്പോൾ അവൻ പിന്നെയും കൈ തട്ടിമാറ്റി . സംസാര ശേഷിയില്ല , ആ മനസ്സിൽ കൂടി എന്താണ് കടന്നു പോകുന്നതെന്ന് നമ്മൾ മനസ്സിലാക്കണം.
സുമേദിന് ദേഷ്യമാണോ ?
“ഇന്നലെ ഞായർ അല്ലായിരുന്നോ , വീട്ടിൽ എനിക്ക് കുറച്ചു ജോലികളൊക്കെ ഇല്ലേ , അതല്ലേ വരാഞ്ഞത് “.
അവൾ കൊച്ചു കുഞ്ഞിനോട് സംസാരിക്കുന്നത് പോലെ അവനോടു കൊഞ്ചിപ്പറഞ്ഞുകൊണ്ടിരുന്നു .
അവളുടെ ശബ്ദത്തിലെ ക്ഷമാപണം കേട്ടിട്ടാണെന്ന് തോന്നുന്നു , അവൻ കൈതട്ടി മാറ്റുന്നതു നിർത്തി .
സംഘമിത്ര കാൽ പരിശോധിച്ചപ്പോൾ എന്തോ കാലിൽ തറച്ചിരിക്കുന്നു .
രക്തം പൊടിഞ്ഞിട്ടുണ്ട് .
അവൾ അവൻ്റെ കൈയ്യിൽ പിടിച്ചുകൊണ്ടു ഡിസ്‌പെൻസറിയിൽ പോയി , കാലിന്റെ അടിഭാഗം വൃത്തിയാക്കി . തറച്ചിരുന്ന ചെറിയ ആണി , പതുക്കെ പുറത്തെടുത്തു , മരുന്ന് പുരട്ടി . ടെറ്റനസ് കുത്തിവെയ്പ്പ് എടുത്തതിനാൽ ഭയപ്പെടേണ്ട .
പ്ലെയ് ഗ്രൗണ്ടിൽ തിരികെ കൊണ്ടുപോകാതെ , ഒക്യൂപെഷണൽ തെറാപ്പി മുറിയിലേക്കു കൊണ്ടുപോയി .അവൻ ഒരു മൂലയിൽ വെച്ചിരുന്ന തൻ്റെ സൈലോഫോൺ എടുത്തു .
ആ സംഗീതോപകരണം അവൻ്റെ എല്ലാമാണ് . അതിൽ സംഘമിത്രയല്ലാതെ ആരും കൈവെക്കാൻ അവൻ അനുവദിക്കില്ല .
മെറ്റൽ കട്ടകൾ ഉള്ള സൈലോഫോൺ മാറ്റി , തടിക്കട്ടകൾ ഉള്ളത്.. അടുത്തയിടെയാണ് മിത്ര അവനത് സമ്മാനിച്ചത് . കട്ടകളിൽകൂടി കൈയ്യോടിച്ചു , മലറ്റ് കൈയ്യിലെടുത്തു കട്ടകളിൽ തട്ടാൻ തുടങ്ങി .. അവന്റേത് മാത്രമായ ഒരു ഈണം പുറപ്പെടുവിച്ചു . അതൊരു സ്വർഗീയ ഈണമായി മിത്രക്ക് തോന്നി . ദൈവം അറിഞ്ഞു നൽകിയ ഒരു സിദ്ധി , അവൻ അത് വായിക്കുന്നത് കേൾക്കുമ്പോൾ നോവിന്റെ പിടച്ചിൽ ഉള്ളിലുണർന്ന് കണ്ണുനീരായി പുറത്തേക്ക് ഒഴുകും ...
അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി .
( സംഘമിത്രാ കാണ്ഡം തുടരും .... )
Read More: https://emalayalee.com/writer/186