അമേരിക്കയെ കുറിച്ച് പറയുമ്പോൾ, TINA ഫാക്റ്റർ - 'There is no Alternative' ആണ് എല്ലാവരും പറയുന്നത്. അമേരിക്കയെ പോലെ ശാസ്ത്ര- സാങ്കേതിക രംഗത്ത് മികച്ച മറ്റൊരു രാജ്യം ഈ ലോകത്ത് വേറെയില്ല. 'ഐവി ലീഗ് ഇൻസ്റ്റിറ്റ്യുഷൻസ്' ആയ ബ്രൗൺ യൂണിവേഴ്സിറ്റി, കൊളംബിയ യൂണിവേഴ്സിറ്റി, കോർണൽ യൂണിവേഴ്സിറ്റി, ഡാർട്മൗത് കോളേജ്, ഹാർവാർഡ് യൂണിവേഴ്സിറ്റി, പ്രിൻസ്ടൺ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയ, യെയിൽ യൂണിവേഴ്സിറ്റി - ഈ എട്ടെണ്ണമാണ് 'ഐവി ലീഗ് ഇൻസ്റ്റിറ്റ്യുഷൻസ്' എന്നു പറയുന്നത്. ഇതിനൊക്കെ പകരം വെക്കാവുന്ന ഇൻസ്റ്റിറ്റ്യുഷൻസ് ലോകത്ത് വേറൊരിടത്തുമില്ല എന്നാണ് പലരും പറയുന്നത്.
ഫോർബ്‌സ്, ബ്ലൂംബെർഗ്, ഫോർച്യൂൺ - ഇങ്ങനെ കുറെ ധനകാര്യ മാഗസിനുകൾ ലോകത്തെ ഏറ്റവും വലിയ ധനവാന്മാർ ആരെന്ന് ലിസ്റ്റ് ചെയ്യാറുണ്ട്. ആ ലിസ്റ്റിലും എപ്പോഴും 'ടോപ്' ആയി വരുന്നത് അമേരിക്കയിലെ ടെക്നോളജി ഫീൽഡിൽ നിന്നുള്ള ധനവാന്മാർ ആണ്. ആമസോണിൻറ്റെ ജെഫ് ബെസോസ്, മൈക്രോസോഫ്റ്റിൻറ്റെ ബിൽ ഗേറ്റ്സ്, ടെസ്ലയുടെ ഇലോൺ മസ്ക് തുടങ്ങിയവർ. ഇങ്ങനെയൊക്കെയുള്ള സമ്പത് ഒക്കെ ഉണ്ടെങ്കിലും, അമേരിക്കൻ ഡോളർ എന്ന ഇൻറ്റർനാഷണൽ കറൻസിയുടെ അമിതമായ പ്രിൻറ്റിംഗ് അവിടെ പണപ്പെരുപ്പം ഉണ്ടാക്കി. അമേരിക്കയിൽ എന്തുകൊണ്ട് വീണ്ടും ട്രംമ്പ് ഭരണത്തിൽ വന്നു എന്നു ചോദിച്ചാൽ അമേരിക്കയിലുള്ളവർ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത് ഭീകരമായ വിലക്കയറ്റവും, നിയമവിരുദ്ധ കുടിയേറ്റവുമാണ്. രണ്ടിനും എതിരേ ശക്തമായ നിലപാടെടുത്തതുകൊണ്ട് ട്രംപ് അമേരിക്കൻ ജനതക്ക് പ്രിയങ്കരനായി മാറി.
ഇന്നിപ്പോൾ ലോകത്തിലുള്ള റിസേർവ് കറൻസിയായ അമേരിക്കൻ ഡോളറിൻറ്റ പ്രിൻറ്റിംഗിനേയും, അമേരിക്കൻ സാമ്പത്തിക ഉപരോധത്തേയും 'വെപ്പനൈസേഷൻ ഓഫ് ഡോളർ' എന്നാണ് റഷ്യ അടക്കമുള്ള രാജ്യങ്ങൾ വിളിക്കുന്നത്. അമേരിക്കൻ ഡോളർ ഇൻറ്റർനാഷണൽ റിസേർവ് കറൻസിയായി ഇരിക്കുന്നിടത്തോളം കാലം മറ്റു രാജ്യങ്ങളുടെ ചെലവിൽ അമേരിക്കക്ക് ജീവിച്ചു പോകാം.
അമേരിക്കൻ ആധിപത്യം എന്നു പറയുന്നത് പ്രധാനമായും 'കട്ടിംഗ് എഡ്ജ് ടെക്നോളജി'-യുടെ കാര്യത്തിലാണ്. ലോകമാകെ 'പേറ്റൻറ്റ്' വിൽക്കുന്നതാണ് അവരുടെ മെയിൻ വരുമാനങ്ങളിൽ ഒന്ന്. 'കട്ടിംഗ് എഡ്ജ് ടെക്നോളജി'-യിൽ അധിഷ്ഠിതമായ സൈനികോപകരണങ്ങൾ, വ്യവസായിക ഉൽപ്പന്നങ്ങൾ - ഇവയൊക്കെയാണ് അമേരിക്കയുടെ കരുത്ത്.
നമ്മുടെ ഇടതുപക്ഷക്കാർ സ്ഥിരം അടിച്ചു വിടുന്ന ഒരു കാര്യമുണ്ട്. അമേരിക്ക ഡോളർ വെറുതെ അടിച്ചിറക്കുന്നൂ; പഴയ 'ഗോൾഡ് സ്റ്റാൻഡേർഡിലേക്ക്' കറൻസി മൂല്യം മാറ്റിയാൽ അമേരിക്കൻ ഡോളർ തകരും' എന്ന്. ഇത്തരക്കാർക്ക് അമേരിക്കയുടെ കയ്യിലുള്ള 'സ്വർണ ഇഷ്ടികകളെ' കുറിച്ച് വലിയ വിവരമുണ്ടെന്ന് തോന്നുന്നില്ല. ലോകം ഡോളറിൽ നിന്ന് 'ഗോൾഡ് സ്റ്റാൻഡേർഡിലേക്ക്' കറൻസി മൂല്യത്തെ മാറ്റിയാലും അമേരിക്കക്ക് തന്നെയാണ് ഗുണം. കാരണം അമേരിക്കയുടെ കയ്യിൽ ഉള്ളതുപോലെ സ്വർണ നിക്ഷേപം വേറെ ഒരു രാജ്യത്തിനും ഇല്ലാ. അമേരിക്കൻ സർക്കാർ ഖജനാവിൻറ്റെ സ്വർണ്ണശേഖരം സൂക്ഷിച്ചിരിക്കുന്ന ഒരു ഇടമാണ് ഫോർട്ട് നോക്സ്. അമേരിക്കയുടെ സ്വർണ്ണശേഖരത്തിൻറ്റെ വലിയൊരു അളവ് 'സ്വർണ ഇഷ്ടികകൾ' ആയി ഫോർട്ട് നോക് സിൽ സൂക്ഷിക്കുന്നു. ഏതാണ്ട് 4580 ടൺ സൂക്ഷിച്ചിരിക്കുന്നത് ഇവിടെയാണ്.
മൻഹാട്ടനിലെ ഫിനാൻഷ്യൽ ഡിസ്ട്രിക്ടിലുള്ള ഫെഡറൽ റിസേർവ് ബാങ്കിലാണ് അമേരിക്കയുടെ മറ്റൊരു വമ്പൻ സ്വർണ നിക്ഷേപമുള്ളത്. 4,90,000 'സ്വർണ ഇഷ്ടികകൾ' ആണ് അവിടുള്ളത്. 130 അറകളിലായി അവിടെ 5,620 മെട്രിക്ക് ടൺ സ്വർണ്ണം സൂക്ഷിക്കപ്പെടുന്നൂ. ഒരു ബ്ലോക്കു മുഴുവൻ നിറഞ്ഞുനിൽക്കുന്ന ഈ കോട്ടക്കുള്ളിൽ 80 അടി താഴ്ചയിൽ, മൂന്നു നിലയിലുള്ള നിലവറകൾക്കുള്ളിലായി സ്വർണം ഭദ്രമായി സൂക്ഷിച്ചിരിക്കുന്നു. ഏതാണ്ട് 50 അടിയോളം കടൽ നിരപ്പിൽ നിന്നും താഴെയാണ് നിലവറകൾ . ലോകത്തിലെ ഏറ്റവും വലിയ കരുതൽ സ്വർണ്ണ നിക്ഷേപം ആണിത്. ചുരുക്കം പറഞ്ഞാൽ ലോകത്തുള്ള സ്വർണ നിക്ഷേപത്തിൻറ്റെ കണക്ക് എടുത്താലും അമേരിക്കക്ക് തന്നെയാണ് വലിയ മുൻതൂക്കമുള്ളത്. കേരളത്തിലെ 'അമേരിക്കൻ വിരോധികൾക്ക്' സ്വർണത്തിൻറ്റെ പേരും പറഞ്ഞു അമേരിക്കയെ കുറ്റപ്പെടുത്തി, ആ വകുപ്പിൽ ആശ്വാസം കണ്ടെത്താനും ആവില്ലാ. (അമേരിക്കൻ സ്വർണ നിക്ഷേപത്തിൻറ്റെ കണക്കുകൾക്ക് ഗൂഗിളിനോടും, ഇതിനെ കുറിച്ച് എഴുതിയിട്ടുള്ള എഴുത്തുകാരോടും കടപ്പാട്)
അതുപോലെ തന്നെ അമേരിക്കയുടെ സൈനികോപകരണങ്ങൾ. മുഗൾ വംശത്തിലെ ബാബർ ഇന്ത്യ ആക്രമിച്ചപ്പോൾ ബാബറിന് മുൻതൂക്കം കിട്ടിയത് പേർഷ്യൻ തോക്കുകൾ മൂലം ആയിരുന്നു. ഇത്തരത്തിലുള്ള ഗൺ പൗഡർ ആണ് പല മധ്യകാല യുദ്ധങ്ങളുടേയും ഗതി നിർണയിച്ചത്. പക്ഷെ 18, 19 നൂറ്റാണ്ടുകളിൽ ശക്തമായ കപ്പൽപട ഗൺ പൗഡറിൻറ്റെ റോളിന് പകരം വന്നൂ. "Those who control the seas control the world" എന്നാണ് പറയുന്നത്. ബ്രട്ടീഷുകാർ ഇന്ത്യ ആക്രമിച്ചു കീഴടക്കിയത് അവരുടെ ശക്തമായ നേവി മൂലം ആയിരുന്നു. ബ്രട്ടീഷ് ഈസ്റ്റ് ഇൻഡ്യാ കമ്പനിക്ക് പതിനെട്ടാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ആധിപത്യം സ്ഥാപിക്കാൻ സാധിച്ചത് ബ്രട്ടീഷ് നേവിയുടെ കരുത്ത് മൂലമായിരുന്നു. ഇൻഡ്യാക്കാർ സമുദ്ര ദേവനെ പേടിച്ചു പണ്ട് നേവി വികസിപ്പിച്ചില്ലാ. അതായിരുന്നു പലപ്പോഴും അന്നത്തെ ഇന്ത്യൻ സൈന്യം പിന്നോക്കം പോകാനുള്ള ഒരു പ്രധാന കാരണം.
ഇന്നിപ്പോൾ സമുദ്രങ്ങൾ അടക്കി വാഴുന്നത് അമേരിക്കൻ നേവിയാണ്. അമേരിക്കൻ വിമാനവാഹിനി കപ്പലുകളുടെ 'സ്പെസിഫിക്കേഷൻസ്' ശരിക്കും അതിശയിപ്പിക്കുന്ന ഒന്നാണ്. ലോകത്ത് എവിടെ ഇടപെടുന്നതിനു മുൻപും അമേരിക്ക അങ്ങോട്ട് വിമാനവാഹിനി കപ്പലുകൾ അയക്കാറാണ് പതിവ്. സ്വന്തമായി അമേരിക്കൻ വിമാനവാഹിനി കപ്പലുകളിലുള്ള പോലത്തെ 'സൊഫിസ്റ്റിക്കേഷൻ' ഡെവലപ്പ് ചെയ്യാൻ ഇന്നും ലോകത്തിലെ മറ്റൊരു രാജ്യത്തിനും സാധിച്ചിട്ടില്ല. അമേരിക്കൻ നേവിയുടെ വിമാനവാഹിനിയായ 'USS ജെറാൾഡ് ആർ ഫോർഡ്' കപ്പലിൻറ്റെ വില കണക്കാക്കിയിരിക്കുന്നത് തന്നെ 13 ബില്യൺ ഡോളർ ആണ്. ആ തുകയുടെ വലിപ്പം മനസിലാക്കിയാൽ തന്നെ അമേരിക്കൻ നേവിയുടെ കരുത്തിനെ കുറിച്ചും കുറേയൊക്കെ മനസിലാക്കാം. ഇന്നിപ്പോൾ അത്തരത്തിൽ 11 വിമാനവാഹിനി കപ്പലുകളുള്ള അമേരിക്കയോട് കടലിൽ മുട്ടാൻ സുബോധമുള്ള ആരും തയ്യാറാകില്ല. "Those who rule the seas rule the world" എന്നുള്ളത് ഇവിടെ അന്വർധമാകുന്നു.
പക്ഷെ അമേരിക്കയെ സംബന്ധിച്ചിടത്തോളം എല്ലാ കാര്യങ്ങളും ശരിയല്ല. അമേരിക്കയുടെ പൊതുകടം 33 ട്രില്യൻ ഡോളറോളം ഉണ്ട്. അതുകൊണ്ട് അമേരിക്കയെ കാത്തിരിക്കുന്നത് 2008 പോലെ വീണ്ടും ഒരു ഫിനാൻഷ്യൽ ക്രൈസിസ് ആണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. 'അമേരിക്കൻ പബ്ലിക് ഡെബ്റ്റ്' മറികടക്കാൻ ഇപ്പോൾ ട്രംമ്പ് ഒരു 'മാജിക് ഫോർമുല' മുന്നോട്ടു വെക്കുന്നുണ്ട്. ട്രംപിൻറ്റെ ബിറ്റ്കോയിൻ, ക്രിപ്റ്റോ കറൻസി ഭ്രമത്തിൽ അധിഷ്ഠിതമാണ് ആ 'മാജിക് ഫോർമുല'. അമേരിക്കയുടെ ഫെഡറൽ കടം മറികടക്കാൻ ട്രംപ് ഇടുന്ന പദ്ധതി എന്താണെന്നു വെച്ചാൽ, ഫോർട് നോക്‌സിൽ ഇരിക്കുന്ന സ്വർണം വിറ്റ് ബിറ്റ് കോയിൻ ആക്കി മാറ്റണം; പിന്നീട് ബിറ്റ് കോയിനിൻറ്റെ വില 5 ലക്ഷം ഡോളറിൽ എത്തുമ്പോൾ വിറ്റഴിച്ച് അമേരിക്കയുടെ ഫെഡറൽ കടം അഞ്ചിലൊന്നാക്കും എന്നൊക്കെയാണ് ട്രംപ് ഒരു പ്രസംഗത്തിൽ പറഞ്ഞത്.
ട്രംമ്പിൻറ്റെ ഈ വാചകമടി പോലെ കാര്യങ്ങൾ നടക്കണമെന്നില്ല. കാരണമെന്തെന്നുവെച്ചാൽ, ഈ ബിറ്റ്കോയിൻ, ക്രിപ്റ്റോ കറൻസികൾക്ക് ഒരു അരാജക സ്വഭാവമുണ്ട്. സെൻട്രൽ ബാങ്കുകൾ അംഗീകരിക്കാത്ത കറൻസിയിൽ രാജ്യങ്ങൾക്ക് നിയന്ത്രണമില്ലാ. അതുകൊണ്ട് അത്തരം കറൻസികൾ ഉപയോഗിച്ച് ഗവൺമെൻറ്റുകളെ മറിച്ചിടുകയോ, തീവ്രവാദം വളർത്തുകയോ ഒക്കെ ചെയ്യാം. രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കുന്ന ഒന്നിനെ ഒരു രാജ്യവും അംഗീകരിക്കണമെന്നില്ലാ. സ്ഥിരം തീവ്രവാദ ഭീഷണിയുള്ള ഇന്ത്യയെ പോലൊരു രാജ്യം ഒരിക്കലും ബിറ്റ്കോയിൻ, ക്രിപ്റ്റോ കറൻസികളെ അംഗീകരിക്കണമെന്നില്ല. ലോകമെങ്ങുമുള്ള വിപണികളും ബിറ്റ്കോയിൻ, ക്രിപ്റ്റോ കറൻസികളെ അംഗീകരിക്കണമെന്നില്ല. അതുകൊണ്ടു തന്നെ ട്രംമ്പിൻറ്റെ അതിമോഹം പ്രാക്റ്റിക്കലായി വരാനുള്ള ചാൻസ് വളരെ കുറവാണ്.
അമേരിക്കൻ വിപണി തിരിച്ചടികൾ നേരിടുന്നതിൽ ചൈനയെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ചൈനയുമായുള്ള 'ട്രെയിഡ് സർപ്ലസ്' കുറയ്ക്കാൻ ട്രംമ്പിൻറ്റെ രീതിയിൽ വാചകമടിച്ചിട്ട് കാര്യമില്ല. ഉൽപ്പാദനം തിരിച്ച് അമേരിക്കയിലേക്ക് എത്തിക്കാൻ സാധിക്കുന്ന നയങ്ങളും, അമേരിക്കൻ ജനതയുടെ ഭാഗത്തുനിന്നുള്ള അധ്വാന ശേഷിയും ഉണ്ടാകണം. 1990-കളിൽ സീനിയർ ബുഷ് പ്രസിഡൻറ്റ് ആയിരുന്നപ്പോൾ ഇത്തരത്തിൽ അമേരിക്കൻ വിപണി തിരിച്ചടികൾ നേരിട്ടത് ജപ്പാനിൽ നിന്നായിരുന്നു. അന്ന് ഈ കാര്യം പറഞ്ഞു വളരെ അസ്വസ്ഥനായി പ്രസിഡൻറ്റ് ബുഷ് ജപ്പാൻ പ്രധാനമന്ത്രിയുമായി സംസാരിക്കുന്നത് ടി. വി. വാർത്തകളിൽ കാണിച്ചിരുന്നു. ഇപ്പോൾ ചൈനയിൽ നിന്ന് അത്തരത്തിലുള്ള വെല്ലുവിളി വരുന്നു എന്ന ഒറ്റ വിത്യാസം മാത്രമേയുള്ളൂ.
2014-ൽ ചൈനയുടെ 'ട്രെയിഡ് സർപ്ലസ്' ഒരു ട്രില്യൺ അമേരിക്കൻ ഡോളർ കടന്നതായുള്ള വാർത്തയുണ്ട്. 3.6 ട്രില്യൺ ഡോളറിൻറ്റെ മൂല്യമുള്ള സാധനങ്ങൾ ചൈന കഴിഞ്ഞ വർഷം കയറ്റുമതി ചെയ്തപ്പോൾ, 2.6 ട്രില്യൺ ഡോളറിൻറ്റെ മൂല്യമുള്ള സാധനങ്ങൾ മാത്രമേ ഇറക്കുമതി ചെയ്തുള്ളൂ. അങ്ങനെയാണ് ചൈനയുടെ 'ട്രെയിഡ് സർപ്ലസ്' ഒരു ട്രില്യൺ അമേരിക്കൻ ഡോളർ കടന്നത്. ഈ ഒരു ട്രില്യൺ അമേരിക്കൻ ഡോളർ എന്നുള്ളത് ഇന്ത്യൻ ബഡ്‌ജറ്റിനേക്കാൾ വലിയ തുകയാണ്. ചൈന 6 മില്യൺ കാറുകൾ എക്സ്പോർട്ട് ചെയ്തതായുള്ള വിവരവും കൂടി 2014-ലെ സ്റ്റാറ്റിറ്റിക്സുകളിലുണ്ട്. ഇത്തരം വസ്തുതകൾ വെച്ചു വേണം രാജ്യങ്ങളുടെ സമ്പന്നത അളക്കാൻ. 'മാഗ്നെറ്റിക് ലേവിയേഷൻ' സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഹൈ സ്പീഡ് ട്രെയിനുകളെ കുറിച്ചുള്ള വിവരവും കൂടി ചൈനയിൽ നിന്ന് വരുന്നുണ്ട്. രണ്ട് ഇരുമ്പ് പാളങ്ങളിൽ കൂടി ഓടുന്ന ട്രെയിൻഎന്ന സങ്കൽപം തന്നെ മാറ്റുന്ന സാങ്കേതികവിദ്യയാണ് മാഗ്നെറ്റിക് ലെവിയേഷൻ അഥവാ 'മാഗ്ലേവ് റെയിൽവേ'. 'മാഗ്ലേവ് ട്രെയിൻ' എന്നാൽ, മാഗ്നെറ്റിക് റീപൽഷൻ ഉപയോഗിച്ചു ട്രെയിൻ പാളത്തിൽ നിന്നും കുറച്ചു ഉയർന്നു പോകുന്ന പരിപാടിയാണ് - ഏതാണ്ട് പറന്ന്. എന്നാൽ പോലും ആ 'പറക്കൽ' പ്രതലത്തിനോട് ചേർന്നാണ്. ചുരുക്കത്തിൽ പറഞ്ഞാൽ ചക്രങ്ങൾ ഇല്ല - 'പറക്കുന്നതിനാൽ' എയർ റെസിസ്റ്റൻസ് മാത്രമേ ഉള്ളു. അതുകൊണ്ട് ട്രെയിനിന് വളരെ വേഗത്തിൽ പോകാം.
2021-ൽ ചൈന 600 കിലോമീറ്റർ പരമാവധി വേഗതയുള്ള മാഗ്ലേവ് ട്രെയിനിൻറ്റെ പ്രവർത്തനം ആരംഭിച്ചു. ഷാങ്ഹായി ട്രാൻസ് റാപ്പിഡ് എയർപോർട്ട് എക്സ്പ്രസിൻറ്റെ ഈ ട്രെയിൻ ലോകത്തിൽ ഏറ്റവും സ്പീഡിൽ ഓടുന്ന ട്രെയിനാണ്. 2024 അവസാനത്തോടെ ചൈനയുടെ ഹൈ സ്പീഡ് റെയിൽവേ ട്രാക്കുകളുടെ ആകെ ദൈർഘ്യം 46,000 കിലോമീറ്ററിലെത്തി.
ചൈനയിലെ ഇൻഫ്രാസ്ട്രക്ച്ചർ ഇന്ന് ലോകോത്തരമാണ്. 55 കിലോമീറ്റർ കടൽപ്പാല നിർമാണം കഴിഞ്ഞു ചൈന ലോകത്തെ ഏറ്റവും വലിയ ഡബിൾഡക്കർ സസ്പെൻഷൻ ബ്രിഡ്ജുമായി ലോകത്തെ അത്ഭുതപ്പെടുത്തി. എൻജിനീയറിങ് രംഗത്തെ അൽഭുതമായ ഈ സസ്പെൻഷൻ ബ്രിഡ്ജിൽ രണ്ട് നിരയായി ആറ് വീതം 12 ലെയ്നുകൾ ഉണ്ട്. യാംഗ്സീ നദിക്ക് മേൽ ലോകത്തിലെ ഏറ്റവും നീളമേറിയ ഡബിൾ-ഡക്കർ സസ്പെൻഷൻ പാലം പണിത് റെക്കോർഡിട്ടു ചൈന. കുറച്ചു നാൾ മുമ്പ് ചന്ദ്രനിലും ചൈനീസ് ഉപഗ്രഹം ലാൻഡ് ചെയ്തു. ചൈന ലോകത്തെ ഏറ്റവും വേഗം കൂടിയ 'ക്വാണ്ടം കംപ്യൂട്ടർ' കൂടി നിർമ്മിക്കുകയാണ്.
കാർ പ്രൊഡക്ഷൻ, സിമൻറ്റ് പ്രൊഡക്ഷൻ, മുന്തിരിയുടെ ഉൽപ്പാദനം - ഇങ്ങനെ അനേകം ഉൽപ്പാദന മേഖലകളിൽ ചൈന കുതിക്കുകയാണ്. മറ്റു പല രാജ്യങ്ങളും ചൈനയുടെ അടുത്തു പോലും വരുന്നില്ല. ഇൻഡസ്ട്രിയൽ റോബോട്ടുകളുടെ ഉൽപ്പാദനത്തിൽ രണ്ടാം സ്ഥാനത്തുള്ള ജപ്പാനെ ചൈന ബഹുദൂരം പിന്നിലാക്കി കഴിഞ്ഞു. കുറെ മാസങ്ങൾക്കു മുമ്പ് ചൈന 'അഞ്ചു നാനോമീറ്റർ' മാത്രം വലിപ്പമുള്ള 'മൈക്രോ പ്രൊസസർ' ഉണ്ടാക്കിയതായി റിപ്പോർട്ടുണ്ട്. ചൈനയിലെ ഷാങ്‌ഹായ്, ഷെൻസെൻ - ഇവയൊക്കെ ലോകത്തിലെ തന്നെ മുൻനിര ഷിപ്പിംഗ് പോർട്ടുകൾ ആയി മാറിക്കഴിഞ്ഞു.
ഷാങ്‌ഹായ്, ഷെൻസെൻ, ബെയ്‌ജിങ്, ഹോങ്കോങ്, ഗുയാങ്‌ഷു പോലുള്ള ചൈനീസ് നഗരങ്ങളുടെ 'ആകാശകാഴ്ചകളിലേക്ക്' നോക്കിയാൽ മാത്രം മതി ചൈനയുടെ ഇൻഫ്രാസ്ട്രക്ച്ചർ രംഗത്തുള്ള പുരോഗതി അറിയുവാൻ. ചൈന 'ആർട്ടിഫിഷ്യൽ ഐലൻഡുകളും', 'മറൈൻ കൾട്ടിവേഷനും' കുറെയേറെ വർഷങ്ങളായി തുടങ്ങി കഴിഞ്ഞതായും കൂടി റിപ്പോർട്ടുകൾ ഉണ്ട്. അതുകൊണ്ട് സമുദ്ര വിഭവങ്ങൾ ചൈനാക്കാരാൻറ്റെ 'തീൻ മേശയിൽ' എത്തുന്നു.
ഇൻഫ്രാസ്ട്രക്ച്ചർ വികസനം പോലെ തന്നെ ചൈനയെ ലോകശക്തിയാക്കാൻ പോകുന്ന മറ്റൊരു വൻ കണ്ടെത്തല്‍ കൂടി 2024-ൽ വന്നിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണശേഖരം ഹുനാൻ പ്രവിശ്യയില്‍ കണ്ടെത്തിയതാണ് അത്.
സ്വര്‍ണശേഖരം കൊണ്ട് സമ്പന്നരായ രാജ്യങ്ങളുടെ പട്ടികയിൽ അമേരിക്കയുണ്ട്. 'ക്യാലിഫോര്‍ണിയ ഗോൾഡ് റഷ്' എന്ന പേരിലാണ് ആ സ്വര്‍ണവേട്ടകൾ ഒരുകാലത്ത് പ്രശസ്തമായിരുന്നത്. ഇന്നു കാണുന്ന രീതിയിൽ ക്യാലിഫോര്‍ണിയയെ വളര്‍ത്തിയതിൽ സ്വര്‍ണവേട്ടക്ക് നിര്‍ണായക റോളുണ്ട്.
2024 നവംബർ 21-ന് ചൈന നടത്തിയ പ്രഖ്യാപനത്തിലൂടെ വൻ സ്വർണശേഖരം ചൈനയിൽ ഉണ്ടെന്നു തെളിഞ്ഞു. വടക്കു കിഴക്കൻ ചൈനയുടെ ഭാഗമായ ഹുനാൻ പ്രവിശ്യയിലാണ് ചൈനയുടെ അവകാശവാദ പ്രകാരമുള്ള വൻ സ്വർണശേഖരമുള്ളത്. ഈ 'നിധി ശേഖരം' അഥവാ സ്വർണശേഖരം അമേരിക്കയിൽ നിന്നുള്ള എത്ര വലിയ ഉപരോധത്തേയും മറി കടക്കാൻ ചൈനയെ സഹായിക്കും. 8280 കോടി അമേരിക്കൻ ഡോളർ അഥവാ ഏതാണ്ട് 7 ലക്ഷം കോടി ഇന്ത്യൻ രൂപ - ഇതാണ് ആ സ്വർണശേഖത്തിൻറ്റെ ഏകദേശ മൂല്യമായി കണക്കാക്കപ്പെട്ടിരിക്കുന്നത്.
2024-ലെ കണക്കുകൾ അനുസരിച്ചു തന്നെ ചൈനക്ക് 2191 ടൺ സ്വർണശേഖരമുണ്ട്. ഇപ്പോൾ കണ്ടെത്തിയ 1000 ടൺ സ്വർണശേഖരം കൂടി അതിനോട് ചേർക്കുമ്പോൾ ചൈനീസ് കരുതൽ ശേഖരം 3000 ടൺ കടക്കും. അമേരിക്കൻ ഡോളറിനെ നേരിടാൻ ചൈനീസ് കറൻസിയായ യുവാന് സ്വർണശേഖരം വലിയൊരു അനുഗ്രഹമാണ്. അന്താരാഷ്ട്ര ഭീഷണികളും, ഉപരോധങ്ങളും വരുന്ന സമയത്തെല്ലാം സ്വർണം രാജ്യങ്ങൾക്ക് ഒരു സുരക്ഷിത നിക്ഷേപമാണ്. പണ്ട് ഇന്ത്യയും ഫോറിൻ എക്സ്ചേൻജ് ക്രൈസിസ് ഉണ്ടായപ്പോൾ അതിൽ നിന്ന് രക്ഷപെട്ടത് സ്വർണം പണയം വെച്ചായിരുന്നല്ലോ.
ഇന്നിപ്പോൾ അമേരിക്ക, ജപ്പാൻ, ഓസ്‌ട്രേലിയ, ഇന്ത്യ തുടങ്ങിയ 'ക്വാഡ്' അംഗങ്ങൾ (ക്വാഡി ലാറ്ററൽ സെക്യൂരിറ്റി ഡയലോഗ്) ചൈനയെ 'സ്ട്രാറ്റെജിക്കൽ ആയി നേരിടാൻ ഒരുങ്ങുന്നുണ്ട്. ന്യൂസീലാൻഡ്, വിയറ്റ്‌നാം, ദക്ഷിണ കൊറിയ, ഇസ്രായേൽ, ബ്രസീൽ - ഈ രാജ്യങ്ങളുടെ നേതൃത്വത്തിൽ 'ക്വാഡ് പ്ലസ്' കൂടിയുണ്ട്. ദുരന്ത നിവാരണം, സൈബർ സുരക്ഷ, ഭക്ഷ്യ സുരക്ഷ, ആരോഗ്യ പരിരക്ഷ, ഇൻഫ്രാസ്ട്രക്ച്ചർ വികസനം - ഇവയൊക്കെ ക്വാഡ് പ്ലസിൻറ്റെ നേതൃത്വത്തിൽ ലക്ഷ്യമിടുന്നു. ക്വാഡ് പ്ലസിൻറ്റെ നേതൃത്വത്തിൽ ധനകാര്യ സ്ഥാപനവും ലക്ഷ്യം വെക്കുന്നുണ്ട്.
ചൈന തങ്ങളുടെ കറൻസിയുടെ മൂല്യം കൃത്രിമമായി കുറച്ചു കാണിക്കുന്നു എന്നുള്ളത് പണ്ടേയുള്ളൊരു ആരോപണമാണ്. അതുപോലെ ഇൻഫ്രാസ്ട്രക്ച്ചറിൽ ഉള്ള ചൈനയുടെ കൂറ്റൻ നിക്ഷേപം ഒടുവിൽ ചൈനക്ക് തന്നെ പാരയാകും എന്ന് പണ്ട് സ്വാമിനാഥൻ അയ്യർ ടൈമ്സ് ഓഫ് ഇന്ത്യയിൽ എഴുതിയിരുന്നു. 'ഏവർഗ്രാൻഡ്' എന്ന ചൈനയുടെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് കമ്പനി 2021-ൽ 'ബാങ്ക്റപ്റ്റ്' ആയതോടെ സ്വാമിനാഥൻ അയ്യരുടെ ആ പ്രവചനം ശരിയാകുമെന്ന് പലരും ആശിച്ചു.
ലക്ഷങ്ങൾ പണിയെടുക്കുന്ന റിയൽ എസ്റ്റേറ്റ് കമ്പനി പടുത്തുയർത്തിയ അപ്പാർട്ട്മെൻറ്റുകളിൽ താമസിക്കാൻ ആളില്ലാതിരുന്ന അവസ്ഥയാണ് 2021-ൽ സംജാതമായത്. ലക്ഷകണക്കിന് അപ്പാർട്ട്മെൻറ്റുകൾ വിറ്റുപോകാതെ കെട്ടിക്കിടക്കുമ്പോൾ, കമ്പനി തകരാൻ നല്ല സാധ്യത ഉണ്ടായിരുന്നു. പക്ഷെ ഏവർഗ്രാൻഡിൻറ്റെ' 300 ബില്യൺ ഡോളർ കടം എന്നൊന്നുള്ളത് ചൈനയുടെ മൊത്തം കടത്തിലെ 0.6 ശതമാനം മാത്രമേ ആയിരുന്നുള്ളൂ. ചൈനക്കാണെങ്കിൽ ഇഷ്ടം പോലെ 'ഫോറിൻ റിസേർവ് കറൻസിയും' ഉണ്ടായിരുന്നു. അതുകൊണ്ട് ചൈനീസ് ഗവണ്മെൻറ്റ് കമ്പനിക്കു വേണ്ടി നേരിൽ ഇടപെട്ട് ആ 'ഏവർഗ്രാൻഡ് ക്രൈസിസ്' ഇല്ലാതാക്കി.
ലോകത്തിലെ ഏറ്റവും നീളം കൂടിയ 'സസ്പെൻഷൻ ബ്രിഡ്ജും', 55 കിലോമീറ്റർ ഏറെ നീളമുള്ള കടൽപ്പാലവും, 'ഹൈ സ്പീഡ് ട്രെയിനുകളും' ഒക്കെ നിർമിച്ചു ലോകത്തെ അത്ഭുതപ്പെടുത്തിയ രാജ്യമാണ് ചൈന. ലോകത്തിൻറ്റെ തന്നെ 'പ്രൊഡക്ഷൻ ഫാക്റ്ററി' ആയിട്ടുള്ള ചൈനയിലെ സാമ്പത്തിക തകർച്ച കോവിഡ് -19 പ്രതിസന്ധിയിൽ പെട്ടപ്പോൾ പോലും ഉണ്ടായില്ല. എല്ലാ ലോക രാജ്യങ്ങളേയും കോവിഡ് - 19 മൂലമുള്ള സാമ്പത്തിക പ്രതിസന്ധി ബാധിച്ചപ്പോഴും ചൈന പിടിച്ചുനിന്നിരുന്നു. ഇന്നിപ്പോൾ 'അഞ്ചാം തലമുറ ഫൈറ്റർ പ്ലെയിൻ' വരെ ഉണ്ടാക്കി ലോകത്തെ സമീപകാലത്ത് ചൈന ഞെട്ടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് പുതിയ ട്രംമ്പ് യുഗത്തിലെ താരിഫ് ഭീഷണികളും ചൈന മറികടക്കും എന്നു തന്നെ പ്രതീക്ഷിക്കാം. ചുരുക്കം പറഞ്ഞാൽ, പുതിയ ട്രംപ് യുഗത്തിൽ ഏറ്റുമുട്ടാൻ പോകുന്നത് ചൈനയും അമേരിക്കയും തമ്മിൽ ആയിരിക്കും. അത് എങ്ങനെയാണെന്നു വരും വർഷങ്ങൾ നമുക്ക് കാട്ടിത്തരും.
(ലേഖകൻറ്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകൻറ്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)