Image

നക്‌സല്‍ബാരി ചായ: അജിതക്ക് ശേഷം സോണിയയുടെ കടുപ്പമുള്ള വിപ്ലവം(കുര്യന്‍ പാമ്പാടി)

കുര്യന്‍ പാമ്പാടി Published on 25 January, 2025
 നക്‌സല്‍ബാരി ചായ: അജിതക്ക് ശേഷം സോണിയയുടെ കടുപ്പമുള്ള  വിപ്ലവം(കുര്യന്‍ പാമ്പാടി)

നക്‌സലിസം കേരളത്തെ പിടിച്ചുലച്ച്  അരനൂറ്റാണ്ടു  പിന്നിടുമ്പോള്‍ ആ ഗറില്ലാ വിപ്ലവത്തിന് തിരികൊളുത്തിയ ഡാര്‍ജിലിംഗ് ജില്ലയിലെ നക്സല്‍ ബാരി തേയില തോട്ടത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഓര്‍ഗാനിക് ടീ മലയാളികളുടെ പ്രിയപ്പെട്ട ചായയായി മാറുന്നു.

'നക്‌സല്‍ബാരിയില്‍  നിന്ന് ഇതാ പുതിയൊരു  വിപ്ലവം-140 വര്‍ഷത്തെ ചരിത്രം പേറുന്ന കടക് ചായ' (കടുപ്പമുള്ള ചായ) എന്നാണ് 1200 ഏക്കര്‍ വരുന്ന തേയില തോട്ടത്തിന്റെ ഉടമ സോണിയ ജബ്ബാര്‍ പരസ്യം ചെയ്യുന്നത്. തോട്ടത്തില്‍ ചവുട്ടി മദിക്കുന്ന ആനകളെ വരുതിയിലാക്കിയതിൻറെ പേരില്‍  നാരീശക്തി പുരസ്‌കാരം നല്‍കി കേന്ദ്രഗവര്‍മെന്റ്  അവരെ ആദരിച്ചു.

ചായയുടെ മധുര്യം:എസ്റ്റേറ്റ് ഉടമ സോണിയയും മില്‍വാക്കി സുഹൃത്തും

സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട നക്‌സല്‍ബാരി തേയില കോട്ടയത്ത് ഞങ്ങള്‍ വരുത്തി തുടങ്ങിയിട്ട് ആറു വര്‍ഷമായി. കിലോക്ക് 1200 രൂപ. അവര്‍ അയക്കുന്ന പാക്കറ്റിലെ സ്റ്റിക്കറില്‍ സോണിയ ജബ്ബാര്‍ എന്ന് പേരുണ്ട്. അവരുടെ മൊബൈല്‍ നമ്പറും. കാലങ്ങളായി കണ്ണന്‍ ദേവന്‍ ടീയും നീലഗിരിയിലെ നോണ്‍ സച് ടീയും ഉപയോഗിച്ചിരുന്ന ഞങ്ങള്‍  നക്‌സല്‍ബാരി ടീയിലേക്കു വീഴാന്‍ കാരണം അതിന്റെ പേരും കടുപ്പവും രുചിയും തന്നെ.

നക്‌സല്‍ബാരിഗ്രാമത്തില്‍  ചാരു മജൂംദാര്‍, കനു  സന്യാല്‍, ജംഗള്‍ സാന്താള്‍ എന്നീ മാര്‍ക്‌സിസ്‌റ്-ലെനിനിസ്റ്റ് നേതാക്കളുടെ നേതൃത്വത്തില്‍ 1967ല്‍ നടന്ന ഭൂമി പിടിച്ചെടുക്കല്‍ സമരത്തില്‍  ഒരു പോലീസ് ഇന്‍സ്‌പെക്ട്ര ഉള്‍പ്പെടടെ  പതിനൊന്നു പേര്‍ കൊല്ലപ്പെട്ടു.  അവിടെ തുടങ്ങിയ തീ കേരളം ഉള്‍പ്പെടയുള്ള തെക്കേ ഇന്ത്യയിലേക്കും  പടര്‍ന്നു കയറി.

ആനകള്‍ മദിക്കുന്ന  നക്‌സല്‍ബാരിയിലെ 1200 ഏക്കര്‍ തേയിലത്തോട്ടം

കേരളത്തില്‍ പിറ്റേ വര്‍ഷം  കുന്നിക്കല്‍ നാരായണനും ഭാര്യ മന്ദാകിനിയും മകള്‍ അജിതയും അണിനിരന്ന സായുധ സമരത്തില്‍ തലശേരി പോലീസ് സ്റ്റേഷനും പുല്‍പള്ളി വയര്‍ലെസ്സ് സ്റ്റേഷനും എംഎസ് പി കാമ്പും ഇരയായി. ഒരു ഇന്‍സ്‌പെക്റ്ററും രണ്ടു പോലീസുകാരും ഒരു വയര്‍ലെസ്സ് ഓപ്പറേറ്ററും കൊല്ലപ്പെട്ടു.

പുല്പള്ളിക്കടുത്ത് കേണിച്ചിറ എന്ന കുടിയേറ്റ ഗ്രാമത്തില്‍    കര്‍ഷകപ്രമാണി മത്തായിയുടെ തലയറുത്ത് മതിലില്‍ പ്രതിഷ്ഠിച്ചുകൊണ്ടു നക്‌സല്‍ വിപ്ലവകാരികള്‍ കേരളത്തെയും അയല്‍ നാടുകളെയും  ഞെട്ടിച്ച്ത് അക്കാലത്താണ്.  

എവിടായാലൂം ഉന്മേഷം പകരുന്ന ചായ അതൊന്നു  വേറെ!

തോക്കെടുത്ത് വിപ്ലവത്തിന് നേതൃത്വം കൊടുത്ത അരീക്കോട് വര്‍ഗീസിനെ പോലീസ് വകവരുത്തി. കോഴിക്കോട് റീജണല്‍ എന്‍ജിനീയറിങ് കോളജ് വിദ്യാത്ഥി രാജനെ  നാമാവശേഷനാക്കി. അച്ഛന്‍ ഈച്ചര വാര്യര്‍ സുപ്രീം കോടതി വരെ പയറ്റിയതിന്റെ ഫലമായി ഉന്നത പോലീസ് ഓഫീസര്‍മാര്‍ വരെ ജയിലിലായി. ..പിറവി, തലപ്പാവ് തുടങ്ങിയ   ചിത്രങ്ങള്‍ പിറന്നു.

അജിത അന്ന് പതിനെട്ടു മാത്രം പ്രായമുള്ള പ്രീഡിഗ്രി വിദ്യാര്ഥിനിയായിരുന്നു. അച്ഛനമ്മമാരില്‍ നിന്നു വിപ്ലവാവേശം കിട്ടി സായുധ സമരത്തില്‍ അണിചേര്‍ന്ന ആള്‍. ഒമ്പതു വര്‍ഷത്തെ തടവിന് ശേഷം സാധാരണ  ജീവിതത്തിലേക്ക് തിരിച്ചുവന്ന അജിത 'അന്വേഷി'  എന്ന സംഘടനയിലൂടെ മലയാളി മനസില്‍  പ്രിയങ്കരിയായി.

രാവിലത്തെ ചായയില്‍ എന്താണുള്ളത്? ഉണ്മേഷം' -നക്‌സല്‍ബാരി ചായയുടെ പരസ്യം

അജിതക്ക് ഏപ്രില്‍ 13നു 75  തികയുമെങ്കിലും അവരില്‍ വിപ്ലവവീര്യം തളരാതെ  നില്‍ക്കുന്നു. അനേക പതിപ്പുകള്‍ എത്തിയ 'ഓര്‍മ്മക്കുറിപ്പുകള്‍' എന്ന ആത്മകഥ ഉള്‍പ്പെടയുള്ള സമഗ്ര സംഭാവനക്കു അജിതക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം  ലഭിച്ചു.  

തേയില കിലോക്ക് ഒന്നരലക്ഷം രൂപ വരെ വില വാങ്ങി ലോക റിക്കാര്‍ഡ് സൃഷ്ട്ടിച്ച നാടാണല്ലോ പശ്ചിമ ബംഗാളിലെ ഡാര്‍ജീലിങ് ജില്ല. നക്‌സല്‍ബാരി, മക്കായിബാരി തുടങ്ങിയ പേരെടുത്ത  തേയില തോട്ടങ്ങള്‍ ഈ ജില്ലയുടെ അഭിമാനങ്ങളാണ്. മൂന്ന് തവണ ഞാന്‍ ഡാര്‍ജീലിംഗ് സന്ദര്‍ശിച്ചു. ഒരിക്കല്‍ നക്‌സല്‍ബാരി സന്ദര്‍ശിച്ച് വിപ്ലവാചാര്യന്‍ ചാരു മജൂംദാരുമായി സംസാരിച്ചു.  അവിടത്തെത്തെ തേയിലത്തോട്ടത്തില്‍ ഓട്ടപ്രദക്ഷിണം നടത്തി.  

കിഴക്കന്‍ ഹിമാലയന്‍  ചെരുവില്‍   കൊളുന്തു നുള്ളുന്നവര്‍

നക്‌സല്‍ ബാരി തോട്ടത്തിന്റെ ഹെഡ് ഓഫീസില്‍ ഒരു മലയാളി  ക്ലാര്‍ക്കിനെയും കണ്ടു. ഞാന്‍ കാണുമ്പോള്‍ കേരളത്തിലും ബംഗാളിലും ഇടതുപക്ഷം ഭരിക്കുന്നു. ഒന്നര നൂറ്റാണ്ടു  മുമ്പ് ഏകദേശം ഒരേ കാലയളവിലാണ് രണ്ടിടങ്ങളിലും തേയില തോട്ടങ്ങള്‍ വരുന്നത്. എന്നാല്‍ തോട്ടം തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകളില്‍ രണ്ടിടങ്ങളിലും അജഗജാന്തരമുണ്ടെന്നു മലയാളി ക്ലാര്‍ക്ക് സമര്‍ഥിച്ചു. ബംഗാളിലെ വേത ദനാനുകൂല്യങ്ങള്‍ വളരെ പിന്നില്‍.

കണ്ണന്‍ദേവന്‍  ദേവന്‍ കമ്പനിയുടെ സൈലന്റ് വാലി എസ്റ്റേറ്റില്‍ അക്കൗണ്ടന്റ് ആയിരുന്നു എന്റെ അയല്‍ക്കാരന്‍ ജോയി. ഒരിക്കല്‍ മൂന്നാര്‍സന്ദര്‍ശനത്തിനിടെ ഞാന്‍ ജോയിയെ കാണാന്‍ എത്തി. അഞ്ചും പത്തും നയാപൈസ നാണയങ്ങള്‍ എണ്ണിക്കൂട്ടുന്ന തിരക്കിലായിരുന്നു അദ്ദേഹം. ആയിടെ ഉണ്ടായ വേതന വര്‍ധനയനുസരിച്ച്‌തൊഴിലാളികള്‍ക്കു നല്‍കേണ്ട ശമ്പളത്തിനു വേണ്ടിയാണ് ബദ്ധപ്പാട്.  ഏതാനും  പൈസ കൂടിയാലും കുറഞ്ഞാലും എന്താ പ്രശ്നമെന്നു ഞാന്‍ ആരാഞ്ഞു. 'കൊള്ളാം നല്ല കാര്യമായി. എന്റെ തലപോകും,  ഇത് കേരളമാണ്!' എന്ന് ജോയി.

ഡാര്‍ജിലിംഗ് സലേഷ്യന്‍ കോളജ്  മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ജോര്‍ജ് തടത്തില്‍ വത്തിക്കാനില്‍

അങ്ങിനെ നിരന്തര സമരങ്ങള്‍ ചെയ്ത തൊഴിലാളി സമൂഹം. എന്തുപറ്റി? പീരുമേട്ടിലെയും ഏലപ്പാറയിലെയും പലതോട്ടങ്ങളും പൂട്ടി. അതിന്റെ പ്രതിഫലനമായിരിക്കണം  നക്‌സല്‍ബാരി തേയില കേരളത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നതെന്നു  ഞാന്‍ വിചാരിക്കുന്നു. പകരം മുന്നാറിലെ കണ്ണന്‍ദേവന്‍ കമ്പനിയുടെ റിപ്പിള്‍  തേയില ബംഗാളിലും എത്തുന്നുണ്ടായിരിക്കണം.

കൊല്‍ക്കൊത്തയില്‍ ജേര്‍ണലിസ്‌റ് ആയിരുന്നു നക്‌സല്‍ബാരി തോട്ടത്തിന്റെ അഞ്ചാം തലമുറ ഉടമ സോണിയ. അമ്മ ജോളിയില്‍ നിന്ന് ഭരണം ഏറ്റെടുത്തു. അമ്മയുടെ അമ്മ  നവാബ് സാദി ബദ്രുന്‍ നെസാ സയീദ ഖാട്ടൂണ്‍,  നവാബിന്റെ പര്‍ദ്ദ ധരിക്കാത്ത ഭാര്യ. ആണുങ്ങളുടെ കുത്തകയായ സിത്താര്‍ വായിക്കുന്ന ആള്‍

നേപ്പാളില്‍ നിന്ന് ആസാമിലേക്കു  പോകുന്ന കാട്ടാനകളുടെ വഴിത്താര  (ആനച്ചാല്‍)  കടന്നു പോകുന്നത് എസ്റ്റേറ്റ് വഴിയാണ്.  ആനകളെ പിണക്കാതെ  അവര്‍ക്കു വെള്ളവും തീറ്റയും ഉറപ്പാക്കുന്നതിന് വേണ്ടി   സോണിയ തോട്ടത്തിനുള്ളില്‍ നൂറേക്കറില്‍ ഒരു വനം തന്നെ നട്ടുവളര്‍ത്തി. എസ്റ്റേറ്റ് ജോലിക്കാരുടെ  (അവര്‍ അറൂനൂറ് വരും) മക്കളെ ചേര്‍ത്ത്  'ഹാഥി സാഥി'  (ആന ചങ്ങാതി) എന്നൊരു പ്രസ്ഥാനവും   ആരംഭിച്ചു.  അതിന്റെയെല്ലാം പേരില്‍ സോണിയ്ക്ക്  വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടിന്റെ അംഗീകാരം ലഭിച്ചു.

അജിതയുടെ ആത്മകഥ; വസന്തത്തിന്റെ ഇടിമുഴക്കമെന്നു ദൃക്സാക്ഷി സെബാസ്ട്യന്‍ ജോസഫ്

കന്യാ കുമാരിയില്‍ നിന്ന്  ആസാമിലെ ഗുവാഹത്തി കടന്നു ചൈനാ അതിര്‍ത്തിയിലെ  ദിബ്രുഗര്‍ വരെനീണ്ടു കിടക്കുന്ന ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയില്‍ പാതയില്‍  പ്രമുഖമായ ഒരു ജംക്ഷന്‍ ആണ് പശ്ചിമ ബംഗാളിലെ സിലിഗുരി. നേപ്പാളിലേക്കും ഭൂട്ടാനിലേക്കും സിക്കിമിലേക്കും അവിടെനിന്നു തിരിഞ്ഞു പോകണം.

സിലിഗുരിയില്‍ നിന്ന് 21  കിലോമീറ്ററേ ഉള്ളു നക്‌സല്‍ബാരിക്ക്. 38 കി മീ അകലെ  ജില്ലാ ആസ്ഥാനമായ ഡാര്ജിലിംഗിന് പോകും വഴി കുര്‍സിയോങ് ടൗണിനോട് ചേര്‍ന്ന് കിടക്കുന്നു ലോക റിക്കോര്‍ഡുകള്‍ നേടിയ  മക്കായിബാരി തേയില തോട്ടം. രണ്ടിടത്തും ഉല്‍പ്പാദിപ്പിക്കുന്നത് രാസവളവും കെമിക്കല്‍ കീടനാശിനിയും പ്രയോഗിക്കാത്ത ഓര്‍ഗാനിക് തേയില. രണ്ടും ഹിമാലയത്തിന്റെ കിഴക്കേ ചെരിവില്‍  സമുദ്രനിരപ്പില്‍ നിന്ന് 4500 അടി മുകളില്‍.  

ഒന്നരലക്ഷത്തിനു  ഒരുകിലോ തേയില വില്‍ക്കുന്ന  മക്കായിബാരി തോട്ടത്തില്‍ ചായ

മലയാള മനോരമയില്‍ എന്റെ സഹപ്രവര്‍ത്തകന്‍ ആയിരുന്ന വൈക്കം  മധുവുമൊത്ത്  ഏറ്റവും ഒടുവില്‍ ഞാന്‍ ഡാര്‍ജിലിംഗില്‍ പോയത് സിലിഗുരിക്കടുത്തുള്ള ന്യൂ ജല്‍പൈഗുരി സ്റ്റേഷനില്‍ നിന്നു പുറപ്പെടുന്ന ടോയ് ട്രെയിനില്‍.  ഊട്ടി ട്രെയിനും ഷിംല  ട്രെയിനും പോലെ ഇംഗ്‌ളീഷുകാര്‍ സ്ഥാപിച്ച തീവണ്ടി.  ഡാര്‍ജിലിംഗില്‍ സമരം ആയതിനാല്‍ ബസ് ഒന്നും ഓടാത്ത ദിവസം ട്രെയിനില്‍ പോകാതെ മാര്‍ഗമില്ല.

നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്താലേ  ട്രെയിനില്‍ പ്രവേശനം ഉള്ളു. എങ്കിലും അത് പുറപ്പെടുന്നതിനു ഒരുമണിക്കൂര്‍ മുമ്പ് ബന്ധപ്പെട്ട സ്റ്റേഷന്‍ സൂപ്രണ്ടിനെ കണ്ടുപിടിച്ച്  മുഖം കാണിച്ചു. മഹാരാജാവിനേക്കാള്‍ പവ്വറില്‍ ഇരിക്കുന്ന സൂപ്രണ്ട്. ജേര്ണലിസ്റ്റുകള്‍ ആണെന്ന മുഖവുരയോടെ ഒരു ഫോട്ടോ എടുത്തതോടെ സൂപ്രണ്ട് അയഞ്ഞു. ഞങ്ങള്‍ക്ക് ചായ വാങ്ങിത്തന്നു, സീറ്റും തന്നു.  

ബസിനെക്കാള്‍ സാവകാശമാണ് ട്രെയിന്‍ പോവുക. പക്ഷെ അത് പകര്‍ന്നു നല്‍കുന്ന മാനസികോല്ലാസം പറഞ്ഞറിയിക്കാന്‍ വയ്യ. ഡാര്‍ജിലിംഗില്‍ അഞ്ഞൂറ് രൂപയ്ക്കു ഞങ്ങള്‍ക്ക് ഡബിള്‍റൂം കിട്ടുകയും ചെയ്തു. സമരം ആയതിനാല്‍ ടൂറിസ്റ്റുകളുടെ വരവ് നന്നേ കുറഞ്ഞതാണ് കാരണം. ഡാര്‍ജിലിംഗില്‍ കോളജുകള്‍ നടത്തുന്ന ചില മലയാളി വൈദികരെയും കന്യാസ്ത്രീകളെയും ഞങ്ങള്‍ കണ്ടു. എവറസ്‌റ് കയറിയ ടെന്‍സിങ് നോര്‍ഗെയെ അനുസ്മരിച്ച് തുടങ്ങിയ ഹിമാലയ മൗണ്ടനീയറിങ് ഇന്‌സ്ടിട്യൂട്ടും സന്ദര്‍ശിച്ചു.

ശമ്പളം താമസിച്ചത്തിനു ഈയിടെ കൊടി പൊക്കിയ നക്‌സല്‍ബാരി തോട്ടം തൊഴിലാളികള്‍.  

സിലിഗുരിയിലും ഡാര്‍ജിലിംഗിന്റെ പ്രാന്തത്തിലുള്ള സൊനാഡയിലും മികച്ച സലേഷ്യന്‍ ഡോണ്‍ ബോസ്‌കോ കോളജുകള്‍ ഉണ്ട്. സൊനാഡയില്‍ കാല്‍ നൂറ്റാണ്ടോളം പ്രിന്‍സിപ്പല്‍ ആയിരുന്ന റവ. ഡോ. ജോര്‍ജ് തടത്തിലിനെ എനിക്കറിയാം. നക്‌സല്‍ബാരിചായയെപ്പറ്റി ലേഖനമെഴുതുന്ന വേളയില്‍ തടത്തിലിനു ഞാന്‍ ഒരു മെയില്‍  അയച്ചു. വാട്‌സാപ്പ് സന്ദേശവും.

കാഞ്ഞിരപ്പള്ളി കാപ്പാട് നിന്ന് കോഴിക്കോട്ടെ കുറ്റ്യാടിയിലേക്കു കുടിയേറിയ കുടുംബത്തിലെ അംഗം. ശ്രീനാരായണ ഗുരു സൂക്തങ്ങളുടെആഗോള പ്രസക്തിയെ ക്കുറിച്ച് ഗവേഷണം നടത്തി മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡോക്ട്രേറ്റ്. ഇറ്റലിലിയില്‍ നിന്ന് അദ്ദേഹം എന്നെ വിളിച്ചു.  ഡോണ്‍ബോസ്‌കോ ആഗോള ആസ്ഥാനത്തു ഉന്നത വിദ്യാഭ്യാസത്തിന്റെ  ചുമതലക്കാരനായി റോമില്‍ ആണിപ്പോള്‍.

'ഡാര്‍ജീലിങ് ചായക്ക് ആഗോള പ്രശസ്തി കിട്ടിയതില്‍ ഞാന്‍ അഭിമാനിക്കുന്നു. സിലിഗുരിയിലും നക്‌സല്‍ബാരിയിലും അരങ്ങേറിയ കര്‍ഷക സമരങ്ങളോട് എനിക്ക് സഹാനുഭൂതിയുണ്ട്. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിപ്പിക്കപ്പെട്ട അദ്ധ്വാന വര്‍ഗ്ഗത്തിന്റെ കൂടെയായിരുന്നല്ലോ ശ്രീനാരായണഗുരു,' റോമില്‍നിന്നു എനിക്കയച്ച സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.

അടുത്താഴ്ച  അദ്ദേഹം ഇന്ത്യയിലേക്കു മടങ്ങും. കേരളത്തില്‍ ഇനി വരുമ്പോള്‍ കാണാന്‍ ഞാന്‍ നോക്കിപ്പാര്‍ത്തിരിക്കുന്നു.

ചിത്രം
1  നക്‌സല്‍ ബാരിയുടെ രസതന്ത്രം-അവിടത്തെ മണ്ണിന്റെ നിറമുള്ള ഇലനുള്ളും പെണ്‍കൊടി

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക