'ഒന്നുമുണ്ടായിരുന്നില്ല.. ഞാനാദ്യം പോയാൽ ഞാനും, നീയാദ്യം പോവുന്നെങ്കി നീയും അത്തിയിലയിലൊരു കല്ലെടുത്ത് രാമൻ പാറയിൽ അടയാളം വെക്കണം,
പോയിറ്റ് ണ്ടോ.. ന്നേ അറിയേണ്ടിയിരുന്നുള്ളൂ.. മുന്നിലോ പിന്നിലോ ഒരു തലവെട്ടം കാണുന്നുണ്ടോ എന്നൊരു നോട്ടമേ ഉണ്ടായിരുന്നുള്ളൂ...
അല്ലാതെ അച്ഛനവടെ ചായക്കടയിൽ കേട്ട മാതിരി, കാത്തിരിക്കേണ്ടതായ ഒന്നും തന്നെ ഞങ്ങൾക്കിടയിൽ മുളച്ചോ മുഴച്ചോ നിന്നിരുന്നില്ല.
ന്നിട്ടും അച്ഛനും അമ്മയും ആവർത്തിച്ചാവർത്തിച്ചു ചോദിച്ചിട്ടും, ഒന്നുമില്ലെന്ന് പറയാൻ തോന്നാതെ പോയതെന്തായിരുന്നെന്നാണ് എത്ര അലോയ്ച്ചിട്ടും പിടികിട്ടാത്തത്.
മാപ്പിളസ്‌കൂളിലെ നാലാംതരം കഴിഞ്ഞ കുട്ടനെ ഒളേമ്മലെ യു പി സ്‌കൂളിൽ കൊണ്ടന്ന് ചേർത്തപ്പോ ചന്ദ്രേട്ടൻ പറഞ്ഞതാണ് പോവുമ്പളും വരുമ്പളും ഓനേംകൂടെ കൂട്ടണേ എന്നത്. അന്ന്തൊട്ട് അവൻ കൂടെ തന്നെയുണ്ടെന്നത് നേരാണ്,
പക്ഷെ.. ആൺകുട്ടികള്ടെ കൂടെ ഓടിയും കിനാലിൽ ചാടിയും മാവിന് കല്ലെറിഞ്ഞും കിളികളെ തെറ്റാലി വച്ചുമൊക്കെ പിന്നിലോ മുന്നിലോ ഒക്കെയായി രാമമ്പാറയ്ക്കടുത്തെത്തുമ്പോ മാത്രേ 'നാളെ കാണാട്ടൊ..' എന്നൊരു വാക്ക് പറയപോലും ചെയ്തിരുന്നുള്ളൂ...
എങ്ങനെയൊക്കെ കുതര കളിച്ചു നടന്നാലും കുട്ടൻ ജയിക്കും, നല്ല മാർക്കും കാണും.. എനിക്കങ്ങനെയാണോ... കണക്കൊക്കെ വല്ലോം മനസിലാവണ്ടേ,
ഏഴില് തോറ്റു.. നേരാണ്..
എന്നും വെച്ച്, അത്.. 'ഒരു ക്ലാസ് പിന്നിലായ കുട്ടനെ കൂടെ കൂട്ടാനുള്ള അടവായിരുന്നില്ലേ..?' എന്നൊക്കെ അച്ഛൻ ചോദിക്കുമ്പോ എങ്ങനെയാ ദേഷ്യം വരാതിരിക്കുന്നത്.
എനിക്ക് ദേഷ്യം വന്നിട്ടെന്ന്യ കരഞ്ഞത്..
ഉറക്കെ ഉറക്കെ കരഞ്ഞപ്പ ആളോള് കൂടി..
ഓർടെയൊക്കെ മുന്നില് വെച്ചും അമ്മേടെ വാക്കൊന്നും കേൾക്കാണ്ടെ അച്ഛൻ പിന്നേം ഓരോന്ന് നൊടിഞ്ഞപ്പഴാ ഇറങ്ങിയോടിത്.. അപ്പൊ സന്ധ്യയായിക്കഴിഞ്ഞിരുന്നോ ന്നൊന്നും നോക്കാൻ നിന്നില്ല.. ഓടി...!
ഓടിയപ്പോ കുന്ന് കയാറാനാ തോന്നിത്.. അവിടെത്തിയപ്പോ പിന്നാലെ വരുന്നോരൊന്നും കാണാതെ എവിടെലും ഒളിച്ചിരിക്കാൻ തോന്നി..
അങ്ങനെയാ കൊരങ്ങൻ കൊല്ലി കെടങ്ങിലേക്ക് ഇറങ്ങിത്.. അന്നേരം വെട്ടമൊക്കെണ്ടാർന്നു, എല്ലാരും പേടിക്കണ കെടങ്ങില് നിന്നിട്ടും പേടിയൊന്നും തോന്നീല..
അച്ഛന്റെ വാക്കുകള് തേനീച്ചേനെ പോലെ തലക്കുള്ളില് മൊരണ്ട് കൊണ്ടിരുന്നപ്പോ വാശിയും ഈർഷ്യയും ഒക്കെയായി... ഞാനവിടെ പാലം പോലെ കെടന്നിരുന്ന കാഞ്ഞിരവേരിമ്മേ ഇരുന്നു...
ഇരുട്ട്ണ വരെ ആരുടെയൊക്കെയോ എരി പൊരി സംസാരങ്ങള് കേട്ടിരുന്നു.. പതിയെ അനക്കങ്ങളില്ലാണ്ടായി.. കൊറേ നേരം കഴിഞ്ഞപ്പഴാ ഇത്തിരിപ്പോന്നൊരു തീപ്പെട്ടിട്ടോർച്ചും കൊണ്ട് നജീബും കുട്ടനും വന്നത്.. ഞാനപ്പോ ആകാശത്ത് നക്ഷത്രകുഞ്ഞുങ്ങള്ണ്ടാവണതും നോക്കിയിരിക്കാർന്നു..
അത് വരെ ആരു തിരഞ്ഞിട്ടും കണ്ടു കിട്ടാതിരുന്ന ന്നെ കുട്ടൻ തന്നെ കണ്ടു പിടിച്ചത്, ഞാൻ കുന്നുമ്മേ കയറിയാൽ എവിടെയൊക്കെ പോവും ന്ന് അവന് മാത്രേ തീർത്തും അറിയാർന്നുള്ളു ന്നത് കൊണ്ടാണ്.. അല്ലാത മീൻ നന്നാക്കിക്കൊണ്ടിരുന്ന അമ്മേടരികെ, കാറ്റ് പോലെ വന്ന് ചിരുതേച്ചി കുശുകുശുത്ത പോലൊന്നുമല്ല കാര്യങ്ങള്..
'രണ്ടും കൂടെ കെട്ടിപ്പിടിച്ചു കൊരങ്ങൻ കൊല്ലീല് കെടക്കാർന്നൂന്നാ കേട്ടത് ' പോലും...
എങ്ങന്യാണാവോ പറയാൻ തോന്നണത്. രേവൂനോടെലും ഒന്ന് ചോയ്ച്ചാ
പോരാർന്നോ അവള്ക്കറിയാലോ..
അവളെക്കൊണ്ടെങ്ങാനും ആരേലും അങ്ങനെ പറഞ്ഞാ ആയമ്മ നാടിളക്കി മറിക്കൂല്ലോ..
ന്റമ്മ പാവം... ഒന്നും മിണ്ടാതെ മീൻ ചട്ടിയും എടുത്തോണ്ട് കേറിപ്പോണത് കണ്ടപ്പോ ചിരുതേച്ചിനെ കയ്യി കിട്ടിയ കല്ലോണ്ട് ഒറ്റ ഏറ് കൊടുക്കാനാ തോന്നിത്..
എറിഞ്ഞു...
കാവിലെ കൊരങ്ങമ്മാര് പറമ്പില് വരുമ്പ എറിഞ്ഞോടിക്കാൻ ശീലിച്ച നല്ല ഉന്നം ണ്ടായിരുന്നു.. കൊണ്ടു..!! ചോര ചാടിയപ്പോ ഉള്ളൊരിച്ചിരി പിടഞ്ഞു.
"നായിന്റെ മോളെ" ന്നും "അസത്തെ".. ന്നും ഒക്കെ തള്ള അലറുമ്പഴും ചോര ചാടുന്ന മുറിവാഴത്തെക്കുറിച്ചൊരു ആധിയുണ്ടായിരുന്നു.. പക്ഷെ അടുത്ത നാക്കിന് തള്ള "തേവിടിശ്ശി.."ന്ന് വിളിച്ചപ്പോ
അടുത്തു ചെന്ന് "നന്നായിപ്പോയി".. ന്ന് കൊഞ്ഞനം കുത്തിയിങ്ങു പോന്നു.
കണ്ണിറുക്കിയൊരു ചിരീം കൊണ്ട് എവിടന്നേലും പ്രത്യക്ഷപ്പെട്ടിരുന്ന കുട്ടൻ പിന്നെ കണ്ണിലുദിക്കാണ്ടയായി..
മുന്നില് പെട്ടാലും ഒന്നു മിണ്ടാൻ പോലും നിക്കാണ്ടെ നോട്ടം കൊണ്ട് മാറി നടന്നേക്കും
ഞാനും പോവാറില്ല.. കാവിലോ കുന്നിലോ പാടത്തോ ഒന്നും പോവാൻ തോന്നിട്ടില്ല.. ചെമ്പരത്തിവേലീടെ താഴെ വന്നുള്ള കുട്ടന്റെ, "കുഞ്ഞോളേ.." എന്ന വിളിക്കൊപ്പം മഞ്ചാടിയും കുന്നിമണികളും ആഴ്ചക്കാഴ്ച്ച നിറഞ്ഞോണ്ടിരുന്ന ചെല്ലത്തിൽ, പിന്നെ വളപ്പൊട്ടുകൾ മാത്രേ കൂടിയുള്ളൂ.. വൊക്കേഷൻലെ രണ്ട് മാസോം മലയാളം ബുക്കിലെ മയിൽപ്പീലി പെറുന്നതും കാത്തിരുന്നിട്ടെ ള്ളൂ..
എന്നിട്ടും ആളോള് ന്തിനാണാവോ ഇങ്ങനെ പറഞ്ഞുണ്ടാക്കിത്..
മലമ്മലെ പള്ളീലെ പെര്ന്നാള്ന്റെ തലേന്ന് തട്ടുംപൊറത്ത് കേറിയ കള്ളുണ്ണിന്റെ പിന്നാലെ പാഞ്ഞപ്പോ അറിയാതെ താഴെ പറമ്പിലെത്തിപ്പോയതാണ് ന്ന് അവൻ പലവട്ടം പറഞ്ഞതല്ലേ, ചന്ദ്രേട്ടനും ലത്യേച്ചിയും അത് നേരാണ് ന്നും സമ്മതിച്ചതല്ലേ..
ന്നിട്ടും പത്തുമണി കഴിഞ്ഞ നേരത്തെ,നാടോട്ടുക്കും മാല ബൾബുകള് കത്തി നിക്ക്മ്പോ പാതിരാന്നും, പെണ്ണിനെ കാണാൻ വന്നു ന്നും പറഞ്ഞു ആ പാവത്തിനെ തല്ലിക്കൊല്ലാറാക്കിക്കളഞ്ഞു.. ന്റച്ഛനും കൂടെ കൂടീട്ട്...
"ന്നാലേ... ഇതുങ്ങള് രണ്ടും നടാടോന്നല്ല ഇക്കളി ട്ടാ...
നാലുപൊറോം ഉറക്കാവുമ്പഴേ ഇതിലെ ഒര് വരവ് പോക്ക്ണ്ട് ന്ന്, ഇനിക്ക് മുമ്പും തോന്നി ണ്ട്..." മൂക്കത്ത് കയ്യും വെച്ച് ചിരുത തള്ള പറഞ്ഞത് ഇപ്പഴും കാതില് ണ്ട് .
അല്ലേലും നാക്കെടുത്താ കണ്ണിക്കണ്ടോർടെ കുറ്റം മാത്രം പറെണ ആൾക്കാരെ അപ്പാടെ വിശ്വസിക്കാനാണല്ലോ നാട്ടാർക്കങ്ങനത്തെ നേരത്തൊക്കെ ഇഷ്ടം..
അതിലും പെട്ടു കളഞ്ഞു ന്റച്ഛൻ ന്നോർക്കുമ്പ ഇപ്പോളും നെഞ്ചില് കൊറേ മാല ബൾബ് ആര്ടൊക്കെയോ ചവിട്ട് കൊണ്ട് പൊട്ട്ണ് ണ്ട്..
പൂട്ടിയിട്ട് കൈ കൊഴയോളം പൊതിരേ ബെൽറ്റിന് തല്ലീതല്ല..
"ഒറ്റയ്ക്ക് കെടക്കണം ന്ന് പറഞ്ഞു വാശി പിടിച്ചത് ഇതിനായിരുന്നല്ലേ കൂത്തിച്യെ..!" എന്ന അലർച്ചയാ മേലാകെ പൊള്ളിച്ചത്..
രാത്രി രാത്രി.. ഉറക്കം വച്ചുതുടങ്ങുമ്പഴേക്ക് അമ്മേടെ അടക്കിപ്പിടിച്ച കരച്ചിലും അച്ഛന്റെ കെതപ്പും കേട്ട് കണ്ണിറുക്കിയടച്ചു കെടക്കുമ്പോ, പേടിയാവുന്നെന്ന അനീത്തിടെ സങ്കടം കേട്ടിട്ട് മാറിക്കിടക്കാൻ പോയിന്നുള്ളത് അമ്മക്കും കൂടെ അറീണ സത്യാണ്.. ന്നിട്ടും അതിലും കിട്ടി ഇനിക്കും കുട്ടനും ഒരു പങ്ക്...
ന്തായാലും.. കണ്ണീ കാണണോർക്ക് ചിരിക്കാൻ നിന്ന് കൊടുക്കാതെ ചന്ദ്രേട്ടനും കുടുംബോം, കയ്യും കാലും പൊട്ടിയ കുട്ടനേം കൊണ്ട് നാട് വിടാൻ തീരുമാനിച്ചപ്പൊ കുട്ടനാ പറഞ്ഞത് "നീയും പോര് " ന്ന്...
പുറത്തിറങ്ങിയാ കൊല്ലും ന്ന് അച്ഛൻ പറഞ്ഞിട്ടുണ്ടേലും അകത്തിരുന്നു ചാവാനിഷ്ടല്ലാത്തോണ്ട് കൂടെ കൂടിയെന്നേയുള്ളൂ.. അല്ലാണ്ടെ ഞങ്ങള് തമ്മില് ഒന്നുണ്ടായിര്ന്നില്ല.
ഇപ്പഴിക്കാണുന്ന സ്നേഹം പോലും..!!