എ ഐ സി സി വർക്കിംഗ് കമ്മിറ്റിയിലെ സ്‌ഥിരം ക്ഷണിതാവും മുൻ പ്രതിപക്ഷ നേതാവും ആഭ്യന്തിര മന്ത്രിയുമായിരുന്ന രമേശ് ചെന്നിത്തലയുടെ ജന്മനാടായ മാവേലിക്കരയ്കടുത്തുള്ള ചെന്നിത്തലയിലെ ജനങ്ങൾ കുറെ കാലമായി വളരെ ദുഖിതരും നിരാശരും ആണ്
കൃത്യമായി പറഞ്ഞാൽ ഇവർ ദുഃഖിതരും നിരാശരും ആയിട്ട് ഏതാണ്ട് മൂന്നര വർഷത്തോളമായി. അതായതു കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പിന് ശേഷം
2021 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെയും യൂ ഡി ഫ് നെയും മുന്നിൽ നിന്നും നയിച്ച തങ്ങളുടെ എല്ലാമെല്ലാമായ രമേശ്ജി തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടി യൂ ഡി ഫ് അധികാരത്തിൽ വരുമ്പോൾ കേരളത്തിന്റെ സർവാദരണീയനായ മുഖ്യമന്ത്രി ആകും എന്നാണ് അവർ പ്രതീക്ഷിച്ചത്
പക്ഷേ എല്ലാം തകിടം മറിഞ്ഞുകൊണ്ട് കോൺഗ്രസും ഒപ്പം യൂ ഡി ഫ് ഉം പരാജയത്തിന്റ പടുകുഴിയിലേക്ക് കൂപ്പു കുത്തിയപ്പോൾ തങ്ങളുടെ പ്രിയ നേതാവിന് പ്രതിപക്ഷ നേതൃസ്‌ഥാനം ഒഴിഞ്ഞു കരഞ്ഞുകൊണ്ട് കന്റോൻമെന്റ് ഹൗസിന്റെ പടി ഇറങ്ങണ്ടി വന്നത് ചെന്നിത്തലക്കാർ ഹൃദയ വേദനയോടെ കണ്ടുനിന്നു
എൺപതുകളുടെ ആരംഭത്തിൽ കരുണാകരന്റെ അനുഗ്രഹ ആശീർവാദത്തോടെ ഇന്ദിരഗാന്ധിയുടെ വിശ്വസ്‌ഥരിൽ ഒരാളായി മാറി എൻ എസ് യൂ വിന്റെയും യൂത്ത്കോൺഗ്രസിന്റെയും അഖിലേന്ത്യാ പ്രസിഡന്റ് ആയ രമേശ് ചെന്നിത്തല 86 ൽ കരുണാകരന്റെ മന്ത്രിസഭയിൽ ഇരുപത്തിഎട്ടാം വയസ്സിൽ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി ആയി
89 മുതൽ 2004 വരെ കോട്ടയത്ത് നിന്നും മാവേലിക്കരയിൽ നിന്നുമായി മാറി മാറി പാർലമെന്റിൽ എത്തിയ ചെന്നിത്തല ഇന്ദിരാഗാന്ധിക്കു ശേഷം നേതൃത്വത്തിൽ എത്തിയ രാജീവ്ഗാന്ധിയുടെയും വിശ്വസ്‌ഥരിൽ ഒരാളായിരുന്നു
92 ൽ കാറപകടത്തെ തുടർന്ന് കരുണാകരൻ ഗുരുതരാവസ്‌ഥയിൽ ഹോസ്പിറ്റലിൽ ആയപ്പോൾ ഐ ഗ്രൂപ്പിന്റ സാരഥി ആയ കെ മുരളീധരന്റെ നേതൃത്വം അംഗീകരിക്കാൻ തയ്യാറാകാതെ ജി കാർത്തികേയനോടും എം ഐ ഷാനവാസിനോടും ഒപ്പം ചേർന്ന് തിരുത്തൽവാദി ഗ്രൂപ്പ് ഉണ്ടാക്കി തന്നെ എല്ലാമാക്കിയ കരുണാകരനെ മുന്നിൽ നിന്നും കുത്തുവാനും രമേശ്ജിക്ക് മടിയുണ്ടായില്ല
ഇതിനോടകം ഡൽഹിയിൽ കരുത്തനായി മാറിയ ചെന്നിത്തല 2005 മുതൽ 2014 വരെ കെ പി സി സി പ്രസിഡന്റും ആയി
ഉള്ളിൽ മുഖ്യമന്ത്രി മോഹവുമായി നടന്ന ചെന്നിത്തല പാർലമെന്റ് ഇലക്ഷനിൽ മത്സരിക്കാതെ 2011 ൽ തന്റെ വിശ്വസ്‌ഥനായ ബാബുപ്രസാദിന് പകരം ഹരിപ്പാട് നിയമസഭ തെരഞ്ഞെടുപ്പിൽ സ്‌ഥാനാർഥിയായി
2014 ൽ കെ പി സി സി പ്രസിഡന്റെ ആയിരിക്കുമ്പോൾ തന്നെ എൻ എസ് എസ് ന്റെ പിന്തുണയോടെ തിരുവഞ്ചുരിനെ മാറ്റി ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആഭ്യന്തിരമന്ത്രി ആയി. ഉമ്മൻചാണ്ടി സർക്കാരിന്റെ അവസാന കാലത്ത് ഉമ്മൻചാണ്ടിക്കെതിരെ സോളാർ വിഷയം സി പി എം ആളിക്കത്തിച്ചപ്പോൾ അതിന് ബലം കൊടുക്കുന്ന നിലപാട് ആഭ്യന്തിരമന്ത്രി ആയിരുന്ന ചെന്നിത്തല സ്വീകരിച്ചു ഉമ്മൻചാണ്ടിയെയും പിന്നിൽ നിന്നും കുത്തി
2021 ൽ പ്രതിപക്ഷനേതാവ് സ്‌ഥാനം വി ഡി സതീശന് ഒഴിഞ്ഞു കൊടുക്കേണ്ടി വന്നെങ്കിലും പാർട്ടി നേടുന്ന വലിയ വിജയങ്ങൾ കഴിയുമ്പോൾ സതീശനെക്കാൾ മുൻപ് എത്തി പത്രസമ്മേളനങ്ങൾ നടത്തി തന്റെ ക്രെഡിറ്റ് അവകാശപ്പെടുവാൻ രമേശ്ജി പിശുക്കു കാട്ടാറില്ല
ഇരുപതു വർഷമായി സ്‌ഥിരം ക്ഷണിതാവ് സ്‌ഥാനത്തു തുടരുന്ന രമേശ്ജിയെ ഇക്കഴിഞ്ഞ അഴിച്ചുപണിയിലും തന്നെക്കാൾ വളരെ ജൂനിയർ ആയ തരുരിനെയും കെ സി വേണുഗോപാലിനെയും എ ഐ സി സി വർക്കിംഗ് കമ്മിറ്റിയിലെ സ്‌ഥിരംഗങ്ങൾ ആക്കിയപ്പോൾ തൽ സ്‌ഥാനത്തു തുടരാൻ മാത്രം ആണ് അനുവദിച്ചത്
2026 ലെ നിയമസഭ തെരെഞ്ഞെടുപ്പിൽ ചെറിയ ഒരു വിജയത്തിന്റെ മണം യൂ ഡി ഫ് നു മണത്തു തുടങ്ങിയപ്പോൾ പെരുന്നയിലും കണിച്ചുകുളങ്ങരയിലും പാണക്കാട്ടും ബിഷപ്പ് ഹൗസുകളിലും ഇപ്പോൾ കുശലം അന്യോഷിച്ചു ഓടിനടക്കുകയാണ് രമേശ്ജി
ആകെ വിഷമത്തിലും നിരാശയിലും കഴിയുന്ന ചെന്നിത്തലക്കാരുടെ വിലാപം രമേശ്ജിക്ക് അടുത്ത നിയമസഭ തെരെഞ്ഞെടുപ്പോടെ അവസാനിപ്പിക്കണമെങ്കിൽ കടുത്ത വെല്ലുവിളികൾ നേരിടേണ്ടി വരും
.