Image

പൊരുൾ (കവിത: വേണുനമ്പ്യാർ)

Published on 28 January, 2025
പൊരുൾ (കവിത: വേണുനമ്പ്യാർ)

വെളിച്ചമൊന്നെന്നാൽ
നിറങ്ങളൊയനേകം
സുഗന്ധമൊന്നെന്നാൽ
പൂക്കളൊയനേകം
ദൈവമൊന്നെന്നാൽ
മതങ്ങളൊയനേകം
അന്തിത്താവളമൊന്നെന്നാൽ
ജീവിതപ്പാതകളനേകം 
താവളം പൂകവെ  തുല്യർ
ശാന്തിതൃപ്തിയിലേവരും.

2

അകത്താണെന്നു പറഞ്ഞാൽ
നടത്താനിറങ്ങും ചിലർ അകത്തൂട്ട് 
പുറത്താണെന്നു പറഞ്ഞാൽ
നടത്താനിറങ്ങും ചിലർ പുറത്തൂട്ട് 
അകത്തും പുറത്തുമല്ലെന്നു
പറഞ്ഞാലൊ നടത്തും മറ്റു ചിലർ  സത്യത്തിനായ് പടയോട്ടം പാപരക്തപങ്കിലം.

3

മനസ്സിനക്കരെ
മനസ്സിനെയുപേക്ഷിച്ചാൽ
ജീവിതം നല്ല ചക്കര
നിത്യതയുടെ ചാകര
ഉപേക്ഷിക്കൊലായൊരിക്കലും മനസ്സിനെ മനസ്സിനിക്കരെ.

4

തൽക്കാലം മാറുന്നതു 
കൊണ്ടറിയേണം
മാറാത്തതിനെ,യല്ലെന്നുണ്ടെങ്കിൽ
മാറുമീ ജീവിതമൊരു
കീറമാറാപ്പായി നൂനം!

5

ഇതൊരു ചാവുകര
ചാകുന്നതിനു മുമ്പ്
ഇവിടെ ചത്തു ശീലിക്കുക
പിന്നെ ദീർഘായുസ്സുകൾക്കും
നിത്യേന ചാവടിയന്തിരം!

6

ശൂന്യതയിലെ വന്യതയിൽ
സത്യത്തെ
വസ്തുനിഷ്ഠമാക്കാനുള്ള
കാര്യപരിപാടിയില്ല
വീടിനെക്കാളേറെ വീട്ടിലും
വന്യതയെ കാംക്ഷിക്കുന്നവൻ
വസ്തുവാകില്ല
അസത്തുവാകില്ല
അസ്ഥിരതയെ അവൻ
പ്രതിരോധിക്കുകയില്ല
ഓരോ ക്ഷണവും അവന്
അപാരതയിലേക്കുള്ള
വിരുന്നുവിളിയാണത്രെ!

7

ഇരുളന്വേഷിച്ചെങ്ങോട്ടും
ഇറങ്ങണമെന്നില്ല
വിളക്കിൻ ചോട്ടിൽത്തന്നെ
കാണാമന്ധകാരവട്ടം
ഇരുട്ടിനെ സൃഷ്ടിക്കുന്ന
വെളിച്ചത്തിൽ ലയിച്ചാൽ
ഇരുളും മാറും  നല്ല
വെളിച്ചത്തിൻ പൊരുളായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക