ആന്റണി ചേട്ടൻ (പ്രൊഫസ്സർ എം.ടി. ആന്റണി) ഓർമ്മയായിട്ട് ജനുവരി 29 നു ഒമ്പതു വർഷങ്ങൾ തികയുന്നു. സ്നേഹസമ്പന്നനായ അദ്ദേഹം വിട്ടുപിരിഞ്ഞു എന്ന് വിശ്വസിക്കാൻ പ്രയാസമാകുമ്പോഴും ആ ദുഃഖസത്യം നമ്മെ അതുതന്നെ ഓർമ്മിപ്പിക്കുന്നു. ഓർമ്മകൾക്ക് ഒരിക്കലും വയസ്സാകുന്നില്ല, ആ സ്മരണനാളങ്ങൾ അണയുന്നില്ല. അതുകൊണ്ട് ആന്റണി ചേട്ടന്റെ സാമീപ്യം പ്രിയപ്പെട്ടവർക്ക് ചുറ്റും എപ്പോഴും അനുഭവപ്പെടുന്നു.
പ്രിയപ്പെട്ടവർ ഈ ദിവസത്തെ ഓർമ്മദിനമായി ആചരിക്കുന്നു. കേരളത്തിലെ കത്തോലിക്കാ ദേവാലയങ്ങളില്‍ നവംബർ മാസം മുഴുവൻ മരിച്ചവരെ ഓർക്കുന്ന മാസമായാണ് ആചരിക്കുന്നത്. ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കൾക്ക് സ്വർഗ്ഗരാജ്യത്തിൽ എത്തിച്ചേരാന്‍ ഭൂമിയിലുള്ളവരുടെ പ്രാർത്ഥനകളും നന്മപ്രവർത്തികളും വേണമെന്നാണ് വിശ്വാസം. ഈ വിശ്വാസം അനുസരിച്ചാണ് നവംബര്‍ മാസം മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ പ്രത്യേകം മാറ്റിവെച്ചിരിക്കുന്നത്.
എപ്പോഴും ഓർമ്മയിലുള്ളവർക്ക് എന്തിനു ഒരു ഓർമ്മദിനം എന്ന് നമുക്ക് ചിന്തിക്കാം വാസ്തവത്തിൽ നമ്മുടെ പ്രിയപ്പെട്ടവരുടെ വിയോഗം നമ്മെ ഈ ഭൂമിയിലെ ക്ഷണികമായ ജീവിതത്തെയാണ് ഓർമ്മിപ്പിക്കുന്നത്. മധ്യ കാലത്ത് മനുഷ്യനെ ഭൂമിയിലെ യാത്രക്കാരൻ എന്നർത്ഥം വരുന്ന Viator Mundi (ലാറ്റിൻ പദം) എന്നാണു വിളിച്ചിരുന്നതത്രെ. എബ്രായർ 13 :14-15 ഇങ്ങനെ പറയുന്നു.ഇവിടെ നമുക്കു നിലനില്ക്കുന്ന നഗരമില്ലല്ലോ, വരുവാനുള്ളതു അത്രേ നാം അന്വേഷിക്കുന്നതു. നമ്മൾ എല്ലാം ഈ ഭൂമിയിലെ തീർത്ഥാടകർ മാത്രം. ആന്റണി ചേട്ടൻ നമുക്ക് മുന്നേ പോയി എന്ന് സമാധാനിക്കാം. എന്റെ രാജ്യം ഇവിടെയല്ല എന്ന് യേശുദേവനും പറഞ്ഞിട്ടുണ്ട്. ഈ ലോകം മുഴുവൻ വെട്ടിപിടിച്ചുവെന്ന അഹങ്കരിച്ച നെപ്പോളിയൻ വിഷാദരോഗത്തിന് അടിമയായി കഴിയുമ്പോൾ പറഞ്ഞു. ഒരു രാജ്യവും നിലനിൽക്കുന്നില്ല നസ്രായന്റെതൊഴികെ ദൈവവിശ്വാസിയായിരുന്ന ആന്റണി ചേട്ടൻ ഇപ്പോൾ സ്വർഗ്ഗരാജ്യത്തിൽ ആയിരിക്കുമെന്ന് നമുക്ക് ആശ്വസിക്കാം.
ആന്റണി ചേട്ടൻ ജീവിച്ചിരുന്നപ്പോൾ എന്റെ വാര്യാന്തപ്രഭാതങ്ങൾ അതീവ മനോഹരങ്ങളായിരുന്നു. ആന്റണി ചേട്ടൻ ഫോൺ ചെയ്തിരുന്നത് അപ്പോഴാണ്. പിന്നെ സ്നേഹപുരസ്സരം കൈമാറുന്ന സന്ദേശങ്ങൾ. സാഹിത്യം എന്റെ പ്രിയപ്പെട്ട വിഷയമായതുകൊണ്ട് മിക്കപ്പോഴും ആന്റണി ചേട്ടൻ അതേക്കുറിച്ച് സംസാരിച്ചു. തൃശ്സൂർ സെന്റ് തോമസ് കോളേജിൽ പഠിക്കുമ്പോൾ അന്നു അവിടെ ലെക്ച്ചറർ ആയിരുന്ന മുണ്ടശ്ശേരി മാഷാണ് ആന്റണി ചേട്ടനിലെ എഴുത്തുകാരനെ കണ്ടെത്തിയത് എന്ന് അദ്ദേഹം ഓർമ്മിക്കാറുണ്ട്.
തൃശ്ശൂർകാരുടെ നർമ്മവും നന്മയും ഞങ്ങൾ പരസ്പരം പങ്കുവച്ചുകൊണ്ട് സുദീർഘമായ സൗഹൃദ സംഭാഷണങ്ങളിൽ ഏർപ്പെട്ടു. ജോലിദിവസങ്ങളിലെ സായാഹ്നങ്ങളിലും ചിലപ്പോൾ വിളിച്ച് കുശലാന്വേഷണങ്ങൾ നടത്തുക പതിവായിരുന്നു. അദ്ദേഹം ഫോൺ വിളിക്കുന്ന സമയം ഫോൺ എടുക്കാൻ കഴിയാതെവരികയും തിരിച്ചുവിളിച്ച് കാരണങ്ങൾ വിവരിക്കുകയും ചെയ്യുമ്പോൾ അദ്ദേഹം വളരെ നർമ്മത്തോടെ പറയും " വിശദീകരണം വേണ്ട". അദ്ദേഹവുമായി സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ യൗവ്വന കാലത്തേക്ക് ഒരു സൗജന്യയാത്ര നടത്താൻ കഴിയുമെന്നതാണ് കൗതുകം. കഴിഞ്ഞുപോയ കാലവും ഇപ്പോഴത്തെ സമയവും അദ്ദേഹം വിലയിരുത്തുന്നത് ശ്രദ്ധിക്കേണ്ടത് തന്നെയാണ്. വളരെ നീണ്ടുപോകുന്ന സംഭാഷണങ്ങൾ രസകരവും അറിവ് പകരുന്നതുമായിരിക്കും. അതുകൊണ്ട് അദ്ദേഹത്തിന്റെ വേർപാട് വലിയ ഒരു വിടവുണ്ടാക്കി.
ഞങ്ങൾ ഒരിക്കലും പരസ്പരം കണ്ടിട്ടില്ല. വളരെ സ്നേഹത്തോടെ അദ്ദേഹം വിളിച്ചെങ്കിലും ഏകാന്തവാസപ്രിയനായ എനിക്ക് അദ്ദേഹത്തെ കാണാൻ പോകാൻ കഴിഞ്ഞില്ല. ചില കാര്യങ്ങൾ വളരെ രസകരമായിട്ടായിരിക്കും അദ്ദേഹം പറയുക. ചിലപ്പോൾ ഔപചാരികതയോടെയും പറയും.. “പണിക്കവീട്ടിൽ” , ഞാൻ ഒരു നല്ല കൂക്കാണെന്നറിയാമോ? . അതൊക്കെ തമാശയാണെന്നാണ് ഞാൻ കരുതിയത്. എന്നാൽ അദ്ദേഹത്തിന്റെ പ്രിയ പത്നി അമ്മിണിച്ചേച്ചിയുമായി സംസാരിക്കുമ്പോൾ അവർ അത് ശരിവച്ചപ്പോൾ അത്ഭുതം തോന്നിയിരുന്നു.
പ്രിയപ്പെട്ടവരുടെ വേർപാട് കാലം ഏൽപ്പിക്കുന്ന മുറിവാണ്. ഓർമ്മകൾ അവയെ ഉണക്കാൻ ശ്രമിക്കുന്നു. മരണം നമ്മുടെ പ്രിയപ്പെട്ടവരേ അവകാശപ്പെടുത്തുമ്പോൾ നാം അവരെ മണ്ണിനെ ഏൽപ്പിച്ച് അവരെല്ലാം വിണ്ണിലേക്ക് പോയിയെന്നു സങ്കൽപ്പിക്കുന്നു. അദൃശ്യരെങ്കിലും അവർ നമുക്ക് ചുറ്റുമുണ്ടെന്നു നമ്മൾ വെറുതെ മോഹിക്കുന്നു. ഒരു പക്ഷെ ശനിയാഴ്ച്ചകളിൽ ആന്റണി ചേട്ടൻ വിളിക്കുന്നുണ്ടാകുമെന്ന് ഞാൻ ചിന്തിക്കാറുണ്ട്. പക്ഷെ എനിക്ക് കേൾക്കാൻ കഴിയുന്നില്ല. ശ്രീകുമാരൻ തമ്പിസാറിന്റെ ഒരു ഗീതം ആന്റണി ചേട്ടനെപ്പറ്റി ചിന്തിക്കുമ്പോൾ ഓർമ്മ വരുന്നു. “ഈ ലോകഗോളത്തിൽ ഒരു സിരാസന്ധിയിൽ ഇനിയും ഒരിക്കൽ നാം കണ്ടുമുട്ടും”. അതെ കണ്ടുമുട്ടും. എന്തുട്ടാ അയാൾ എഴുതിവച്ചിരിക്കുന്നതെന്നു ആരുടെയെങ്കിലും കൃതിയെപ്പറ്റി നമ്മൾ ചർച്ചചെയ്യും. മനുഷ്യജീവിതം നിത്യതയിലേക്കുള്ള ഒരു പ്രയാണമാണ്. ചിലർ മുമ്പേ എത്തുന്നു. ചിലർ എത്തിക്കൊണ്ടിരിക്കുന്നു. ആന്റണി ചേട്ടന്റെ ആത്മാവിനു നിത്യശാന്തി നേർന്നുകൊണ്ട് ഈ വാക്കുകൾ അദ്ദേഹത്തിനായി സമർപ്പിക്കുന്നു.
see also: https://emalayalee.com/vartha/105554