Image

സംഘമിത്രാ കാണ്ഡം - നോവൽ - 3 - പുഷ്പമ്മ ചാണ്ടി , ചെന്നൈ )

Published on 29 January, 2025
സംഘമിത്രാ കാണ്ഡം - നോവൽ - 3 - പുഷ്പമ്മ ചാണ്ടി , ചെന്നൈ )

അഞ്ചുമണിക്ക് പത്തു മിനിറ്റുള്ളപ്പോൾ തന്നെ സംപ്രീതി എത്തി .

സംഘമിത്രയെ കണ്ടതും പ്രീതി പറഞ്ഞു

" ഭാഗ്യം  ഇന്ന് തരക്കേടില്ലാതെ ഡ്രസ്സ് ചെയ്തല്ലോ. ഒരു പൊട്ടുകൂടെ ആകാമായിരുന്നു ഈ ഡ്രെസ്സിനു .. "

അവളുടെ ബാഗിൽ നിന്നും ഒരു ചെറിയ പൊട്ടെടുത്തു മിത്രയുടെ  നെറ്റിയിൽ തൊട്ടുകൊടുത്തു.

പ്രീതിയുടെ വസ്ത്രധാരണം വളരെ ലളിതമായി തോന്നുമെങ്കിലും അവൾ പറയുന്നതു പോലെ ക്‌ളാസ്സിയാണ്. കാതിലെ ഒറ്റക്കൽ കമ്മൽ , വിരലിലെ മോതിരം എല്ലാം വജ്രമാണ് . ഇട്ടിരിക്കുന്ന ഡ്രസ്സ് ആകട്ടെ ഡിസൈനർ വെയറും .

"നമുക്ക് എന്റെ കാറിൽ പോകാം , മുരുഗണ്ണൻ വണ്ടി ഓടിച്ചോളും. പിന്നെ പാർക്ക് ചെയ്യാൻ മെനക്കെടേണ്ട "

എന്റെ സ്കൂട്ടിയോ ?

അത് നാളെ എടുക്കാം "

കാറിലേക്ക് കയറുമ്പോൾ അവൾ ഒന്നുകൂടി ഓർമ്മിപ്പിച്ചു.

"അഭിനന്ദൻ ഒരു മൂഡി പേഴ്സൺ ആണെന്നാണ് കേട്ടത് .

അയാളുടെ കമ്പനി ഫോർബ്സ് റാങ്കിങ്ങിൽ അൻപതിനടുത്തു വരും. അതിന്റെ ഹുങ്കുണ്ടെന്നു കൂട്ടിക്കോ "

നീ ഇങ്ങനെ പറഞ്ഞെന്നെ പേടിപ്പിക്കാതെ.

ഈ ഫണ്ടിംഗ് സ്കൂളിന് ആവശ്യമാണ് . പ്രെസൻറ്റേഷൻ നന്നായി തയ്യാറാക്കിയിട്ടുണ്ട് .

" കീപ്പിങ് മൈ ഫിംഗേഴ്‌സ് ക്രോസ്സ്‌ഡ് " പ്രീതി പറഞ്ഞു .

സ്കൂളിൽനിന്നും  അധികം ദൂരമില്ല അഭിനന്ദന്റെ ഓഫീസിലേക്ക് .

പട്ടണത്തിന്റെ നടുവിൽ ഒരു  ബഹുനിലക്കെട്ടിടം . ഇംഗ്ലീഷിലെ ആദ്യ അക്ഷരമായ എ യും എൻ - ഉം ചേർത്ത ഒരു എംബ്ലം. 

എ എൻ ഗ്രൂപ്പ് ഓഫ് കമ്പനീസ് .

റിസപ്ഷനിൽ നിന്നും അഭിനന്ദന്റെ സെക്രട്ടറിയെ വിളിച്ച് എത്തിയ വിവരം പറഞ്ഞു. 

താഴേക്ക് അവരെ കൂട്ടിക്കൊണ്ടു പോകാൻ വന്ന  പെൺകുട്ടിയെ കണ്ടപ്പോൾ പ്രീതി, മിത്രയെ നോക്കി .

ഒരു മോഡൽ പോലെ തോന്നിക്കുന്ന മുപ്പതു വയസ്സിനു താഴെ പ്രായം വരുന്ന പെൺകുട്ടി .

അവൾ കൈനീട്ടി രണ്ടുപേരെയും  ഹസ്തദാനം ചെയ്തു .

ഞാൻ ഹന്നാ എലിസബത്ത് , അഭിനന്ദൻ സാറിന്റെ പ്രൈവറ്റ് സെക്രട്ടറി ..

ലിഫ്റ്റിലേക്കു കയറുമ്പോൾ അവൾ പറഞ്ഞു.

" നിങ്ങൾക്ക് ഫോർട്ടിഫൈവ് മിനിറ്റ്സ് ആണ് അനുവദിച്ചിരിക്കുന്നത്. അതിൽക്കൂടുതൽ സമയം എടുക്കരുത്.

"അത്രയും തന്നെ വേണ്ടി വരില്ല " പ്രീതിയാണ് ഉത്തരം പറഞ്ഞത് .

സംഘമിത്രയെ വിയർക്കാൻ തുടങ്ങി .

അവരെ കോൺഫറൻസ് റൂമിലേക്ക്‌ ആനയിച്ചിട്ടു ഹന്നാ പോയി .

മിത്ര ആ മുറി ശ്രദ്ധിക്കുകയായിരുന്നു , മുപ്പതു പേർക്കിരിക്കാവുന്ന മുറി , ചെയർമാൻ ഇരിക്കേണ്ട കസേര മാത്രം കുറച്ച് ഉയരത്തിൽ . ബാക്കി എല്ലാം സാധാരണ ഉയരം .

അഭിനന്ദന്റെ സ്വഭാവം അവൾക്കു മനസ്സിലായി . അയാളെ തൃപ്തിപ്പെടുത്താൻ കുറച്ചു ബുദ്ധിമുട്ടായിരിക്കും.

മിത്രയുടെ മൂകഭാവം കണ്ടു സംപ്രീതി പറഞ്ഞു..

" നീ ടെൻഷൻ അടിക്കാതെ . അയാൾ നോ പറഞ്ഞാൽ വേറെ ആരെയെങ്കിലും കണ്ടു പിടിക്കും . ഇയാളുടെ കമ്പനി  മാത്രമല്ലല്ലോ സി. എസ്സ്.  ആർ. തരുന്നത് .

പെട്ടെന്നാണ് മുറി തുറന്ന് അഭിനന്ദനും സെക്രട്ടറി ഹന്നയും കയറി വന്നത് .

സംഘമിത്രയും സംപ്രീതിയും എഴുന്നേറ്റു നിന്നു. അയാൾ അവരോട് ഇരിക്കാൻ ആംഗ്യം കാണിച്ചിട്ട് തന്റെ കസേരയിൽ ഇരുന്നു .

ഹന്നാ അവർക്ക് എതിരെയുള്ള കസേരയിലും .

അഭിനന്ദൻ ഒറ്റനോട്ടത്തിൽ, ഒട്ടും സൗഹാർദ്ദ സമീപനമുള്ള ആളെന്ന് തോന്നിയില്ല . കാഴ്ചയിൽ  സുമുഖൻ.

ഒരു നാല്പത്തിന് മേലെ പ്രായം ഉണ്ടെന്നു തോന്നുന്നു. കണ്ണാടി അയാളുടെ മുഖത്തിനു കൂടുതൽ ഗൗരവമുണ്ടാക്കി. 

സർ, ഞാൻ സംഘമിത്ര , ഗോഡ്സ് ഹോം സ്പെഷ്യൽ സ്കൂളിലെ കോർഡിനേറ്റർ ആണ് .

ഫണ്ട് സമാഹരിക്കുന്ന ചുമതല എനിക്കാണ്..

അതിനു മറുപടി പറയാതെ

സംപ്രീതിയെ നോക്കി അയാൾ ചോദിച്ചു.

ഇവർ.. ?

സുഹൃത്താണ് , കൂടാതെ സ്കൂളിന്റെ വെൽവിഷർ "

"പവർപോയൻറ് പ്രസന്റേഷൻ തുടങ്ങാമോ ?

അതിനു മുൻപേ ആ സ്കൂളിനെക്കുറിച്ചു നിങ്ങളുടെ വാക്കുകളിൽ ഒന്നു  വിശദീകരിക്കുമോ ?

സർ.. മിത്ര ആരംഭിച്ചു.

"എന്നെ സർ എന്ന് വിളിക്കേണ്ട . പേര് വിളിക്കുന്നതാണ് എനിക്ക് കംഫോർട്ടബിൾ "

ഒരു നിമിഷം ശങ്കിച്ച് അയാളുടെ മുഖത്തേക്ക് നോക്കിയിട്ടവൾ ആരംഭിച്ചു .

"ഈ സ്കൂൾ ആരംഭിച്ചിട്ട് , പതിമൂന്നു വർഷമായി .

ആദ്യ കാലത്തു ബോർഡിങ് ഇല്ലായിരുന്നു . എട്ടു വർഷമായി അത് തുടങ്ങിയിട്ട് "

ഫണ്ട് സ്വീകരിക്കാൻ ആവശ്യമായ എല്ലാ രേഖകളും ഇതിലുണ്ട് .

അവളതു മുൻപോട്ടു വെച്ചു . അത് ശ്രദ്ധിക്കാതെ അയാൾ ചോദിച്ചു ..

" നിങ്ങൾ ഒരു കമ്പ്യൂട്ടർ എഞ്ചിനീയർ ആയിരുന്നില്ലേ, പിന്നെ എങ്ങനെ ഈ സ്കൂളിൽ ...?

ഒരു നിമിഷം മിത്ര അത്ഭുതപ്പെട്ടെങ്കിലും  അത് പുറമെ പ്രകടിപ്പിക്കാതെ അവൾ പറഞ്ഞു..

അതെ കമ്പ്യൂട്ടർ എഞ്ചിനീയർ ആയിരുന്നു . ജീവിതത്തിനൊരു  പർപസ് വേണമെന്ന് തോന്നി ആലോചിച്ചു നോക്കിയപ്പോൾ ഇതാണ് എന്റെ പാഷൻ , പിന്നെ ആഗ്രഹം എന്ന് സ്വയം തിരിച്ചറിഞ്ഞു ."

പിന്നെയും അവൾ സ്കൂളിനെക്കുറിച്ച് തുടർന്നെങ്കിലും അയാൾ വാച്ചിൽ നോക്കിയിട്ടു പറഞ്ഞു .

" എനിക്ക് അടുത്ത മീറ്റിംഗിന് സമയമായി , നിങ്ങളുടെ പ്രൊപോസലിന്റെ  കോപ്പി ഹന്നയെ ഏൽപ്പിക്കൂ , ഒരു കോപ്പി എനിക്ക് മെയിൽ ചെയ്യൂ .

അയാൾ ധൃതിയിൽ നടന്നു നീങ്ങുമ്പോൾ അഹങ്കാരത്തിന്റെ പുതുവാക്കാണ് തിരക്കെന്നു തോന്നി. 

തന്നിലും താഴ്ന്നവർക്കു പരിഗണന നൽകാതെ , പണത്തിന്റെയും പദവിയുടെയും വലിമ കാണിക്കുന്നവർ പറയുന്ന വാക്ക്.

മീറ്റിംഗ് പാതിവഴിയിൽ നിർത്തി അഭിനന്ദൻ പോയപ്പോൾ മുഖത്തൊരു പ്രഹരമേറ്റപോലെ തോന്നി മിത്രക്കും പ്രീതിക്കും.

മിത്രയുടെ മിഴികൾ അറിയാതെ നിറഞ്ഞു . 

അത് പുറത്തു കാണിക്കാതെ അവൾ  ഡീറ്റെയിൽസ് എല്ലാം ഹന്നയെ ഏൽപ്പിച്ചു .

ഒരുപാട് താമസിക്കും എന്ന് കരുതിയ മീറ്റിംഗ് പത്തു മിനിറ്റിൽ തീർന്നു .

തിരികെ കാറിലേക്ക്ക യറുമ്പോൾ മിത്രക്ക് കരച്ചിൽ അടക്കാൻ സാധിച്ചില്ല .

"എനിക്ക് അയാളുടെ പെരുമാറ്റം  പിച്ചക്കാരോട് എന്ന പോലെ തോന്നി" സംഘമിത്ര പറഞ്ഞു..

" അയാൾക്ക്‌ തിരക്ക് കാണും " 

പ്രീതിയുടെ മുഖം വാടിയെങ്കിലും മിത്രയെ സമാധാനിപ്പിക്കാൻ അങ്ങനെ പറയാനാണ്  തോന്നിയത്.. 

"എന്നാലും നാൽപ്പത്തിയഞ്ച് മിനിറ്റ് അലോട്ട് ചെയ്തതല്ലേ?"

"അയാളുടെ കമ്പനിയിൽ നിന്നും നമുക്കല്ലേ പൈസ ആവശ്യം . നീ മെയിൽ അയക്കൂ , ബാക്കി പിന്നെ നമുക്ക് നോക്കാം .. "

അപ്പോഴും വിഷണ്ണയായി അവൾ തുടർന്നു.

"ഞാൻ കുറെ സ്വപ്നം കണ്ടു , പുതിയതായി ബോർഡിങ്ങിനു കുറച്ചു മുറികൾ , ചെറിയ വെജിറ്റബിൾ തോട്ടം ഒക്കെ ഉണ്ടാക്കാൻ സാധിക്കുന്നൊരിടം  . ഈ പട്ടണത്തിൽ നിന്നും മാറി ഗ്രാമാന്തരീഷത്തിൽ ഏറ്റം കുറഞ്ഞത് മൂന്നേക്കർ സ്ഥലം "

എന്തോ ഓർത്തപോലെ പ്രീതി പറഞ്ഞു

 " ഞാൻ നിനക്ക് വാക്കു തരുന്നു , അടുത്ത വർഷം ഉറപ്പായിട്ടും നമ്മൾ സ്ഥലം വാങ്ങി , അവിടെ കെട്ടിട നിർമ്മാണം തുടങ്ങും .നീ വിഷമിക്കാതെ "

സംഘമിത്രയെ വീട്ടിൽ ഡ്രോപ്പ് ചെയ്തിട്ട് സംപ്രീതി തിരികെപ്പോയി . ഇതിനിടയിൽ അവർ ഒന്നും സംസാരിച്ചിരുന്നില്ല .

വീട്ടിൽ എത്തിയതും  വിശദമായ മെയിൽ, ഫോട്ടോകൾ സഹിതം അഭിനന്ദന് അയച്ചു . 

മനസ്സിന്റെ ക്ഷീണം കൊണ്ട് , അവൾ സോഫയിൽ തന്നെ കിടന്ന് ഉറങ്ങിപ്പോയി .

തുടരും...

Read More: https://emalayalee.com/writer/186

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക